Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംഘ്പരിവാർ എന്നും...

സംഘ്പരിവാർ എന്നും ദലിത്​ ശത്ര​ു

text_fields
bookmark_border
സംഘ്പരിവാർ എന്നും ദലിത്​ ശത്ര​ു
cancel

"ഇവിടെ മുസ്​ലിംകളും ക്രിസ്ത്യാനികളും ഉള്ളതുകൊണ്ട് നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ. അവരെ ഇവിടെനിന്ന് പറഞ്ഞയച്ചാൽ പിന്നെ ഇവിടെ ഹിന്ദുവില്ല. പകരം, ബ്രാഹ്മണനാണ്, ശൂദ്രനാണ്, തൊട്ടുകൂടാത്തവനാണ്''. പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി ലോക്​സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്. എത്രമേൽ കൃത്യമായ നിരീക്ഷണമാണിത്.

അധികാരം കൈയാളാനും നിലനിർത്താനും സംഘ്​പരിവാറി​െൻറ സവർണ നേതൃത്വം കണ്ടെത്തിയ ചാവേറുകളാണ് ബി.ജെ.പിയിലും ആർ.എസ്​.എസിലും പ്രവർത്തിക്കുന്ന ദലിതുകൾ. നൂറ്റാണ്ടുകളായി ഭാരതീയ സാമൂഹിക സാഹചര്യത്തിൽ രൂഢമായി നിലനിൽക്കുന്ന ജാതീയ ഉച്ചനീചത്വങ്ങൾ ദുസ്സഹമാക്കിയതാണ് ദലിതുകളുടെ ജീവിതം. എന്നാൽ, മുസ്​ലിംകളെ അപരവത്കരിച്ച് ദലിതുകളുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങൾക്ക് കാരണം മുസ്​ലിംകളാണെന്ന് അവരെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ സംഘ്പരിവാറിന് കഴിഞ്ഞു.

ഗുജറാത്ത് കലാപത്തിൽ തെരുവുകൾ തോറും കൊള്ളയും കൊലയും കൊള്ളിവെപ്പും നടത്താൻ ദലിത് സമുദായത്തിലെ പ്രവർത്തകരെയാണ് വ്യാപകമായി ഉപയോഗിച്ചത്. കലാപത്തി​െൻറ ട്രോമയും ഭീകരതയും ഇരകളുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രത്യാക്രമണങ്ങളുടെ കെടുതികളുമെല്ലാം തന്നെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി ഇവർ. എന്നിട്ടും മുഖ്യധാരയിലേക്ക് അവരിലാരും ക്ഷണിക്കപ്പെട്ടില്ല. പേരിനെങ്കിലും കലാപത്തി​െൻറ അന്വേഷണത്തിൽ നിയമത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കപ്പെട്ടത് ഈ 'ചട്ടുകങ്ങൾ' മാത്രമായിരുന്നല്ലോ. എന്നിട്ടും, ഗുജറാത്തിൽ ജാതീയ മേൽക്കോയ്മയുടെ അടിമകൾ മാത്രമാണ് തങ്ങളെന്ന് ദലിത്​സമുദായങ്ങൾ തിരിച്ചറിയുന്നത് ഉനാ സംഭവത്തോടെയാണ്.

ഉനായിൽ ജിഗ്നേഷ് മേവാനിയുടെ കീഴിൽ നടന്ന സ്വാഭിമാനപ്രക്ഷോഭങ്ങൾ സംസ്ഥാനത്തുടനീളം വലിയ ചലനങ്ങൾ ഉണ്ടാക്കിയെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. എന്നാൽ, ദലിത് സമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം കൊണ്ടോ അധികാരംകൊണ്ടോ സമ്പത്ത് കൊണ്ടോ ശാക്തീകരിക്കപ്പെട്ടവർ വളരെ വിരളമായതിനാൽ സംഘ്​പരിവാറി​െൻറ ജാതീയ മേൽക്കോയ്മയിൽനിന്ന്​ ഊരിപ്പോരാൻ അവർക്കിനിയും സമയം വേണ്ടിവരും. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പോലും വിശാലഹിന്ദു താൽപര്യത്തി​െൻറ മറവിൽ ദലിത് സമുദായങ്ങൾക്കിടയിൽ ബി.ജെ.പി വലിയ സ്വാധീനശ്രമം നടത്തിവരുന്നുണ്ട്.

ഇന്ത്യയിൽ ഹിന്ദു എന്ന ശീർഷകത്തിൽ അറിയപ്പെടുന്നവരുടെ ഭൂരിപക്ഷത്തെയും സംഘ്​പരിവാർ ഹിന്ദു എന്നതുപോയിട്ട് മനുഷ്യനായിപോലും പരിഗണിക്കുന്നില്ല. ന്യൂനപക്ഷങ്ങൾക്കെന്നപോലെ ദലിതുകൾക്കും ഇന്ത്യയിൽ ജീവിക്കാൻ പറ്റാതാകുന്നു എന്നു കണക്കുകൾ പറയുന്നു​. 2014ൽ ദലിതുകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ 40,401 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 2018ലെത്തുമ്പോഴേക്കും അത്​ 42,793 കേസുകളിലെത്തി.

രാജ്യംകണ്ട ഏറ്റവും വലിയ ദലിത് വിരുദ്ധകലാപമായ ഭീമ കൊറേഗാവ്​ അക്രമത്തിന് ആഹ്വാനംചെയ്ത സാംബാജി ഭിഡെ ത​െൻറ ഗുരുവാണെന്ന്​ മോദി പറയുന്നു. യെദിയൂരപ്പ ദലിതരുടെ വീട്ടിലെ ഭക്ഷണം ഒഴിവാക്കി ഹോട്ടലിൽനിന്ന് വരുത്തി കഴിച്ചതും, മോദി വാരാണസിയിലെ തൂപ്പുകാരുടെ കാൽ കഴുകിയ നാടകത്തിന് ചുവന്ന പരവതാനിയും മൾട്ടി കാമറ സംവിധാനവും ഒരുക്കിയതും യോഗിയെ കാണാൻ വരുന്ന ദലിതുകളോട് കുളിച്ചുനിൽക്കാൻ പറഞ്ഞതും തുടങ്ങി ബി.ജെ.പി-ആർ.എസ്​.എസ് രാഷ്​ട്രീയത്തി​െൻറ ദലിത്‌ വിരുദ്ധത എണ്ണിയാൽ തീരില്ല.

കേന്ദ്രം മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ദലിതുകൾക്ക് നരകതുല്യമായ ഇടങ്ങളായി മാറുന്നുണ്ട് എന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ദലിതുകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018-2019 കാലഘട്ടത്തിൽ ദേശീയ മനുഷ്യാവകാശ കമീഷ​െൻറ അടുത്തുചെന്ന പരാതികളിൽ 44 ശതമാനവും യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽനിന്നു മാത്രമാണ്. യോഗിക്ക് കീഴിൽ ദലിത് വിരുദ്ധ കുറ്റകൃത്യങ്ങളിൽ 14 ശതമാനത്തി​െൻറ വളർച്ചയാണുണ്ടായത്. ഓരോ ദിവസവും 32 കേസുകളെങ്കിലും ഉത്തർപ്രദേശിൽ രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിൽ യഥാർഥ കണക്കുകൾ എത്രയായിരിക്കും!

കഴിഞ്ഞ ദിവസങ്ങളിലായി ഉത്തർപ്രദേശിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ ഒരു അധീശത്വ പ്രകടനം കൂടിയാണ്​. സ്ത്രീകളെ മാനഭംഗപ്പെടുത്തി ആ ഇരയുടെയും ഇര പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയും സാമൂഹികമായും രാഷ്​ട്രീയമായും കീഴ്‌പ്പെടുത്താനുള്ള ആക്രമികളുടെയും അധിനിവേശക്കാരുടെയും ചരിത്രാതീത കാലം മുതൽക്കേയുള്ള ഒരു ഹിംസയായിട്ട് വേണം ഇതിനെ കാണാൻ. ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ജാതികോടതികളും ഖാപ്​ പഞ്ചായത്തുകളും പലപ്പോഴും താഴ്ന്ന ജാതിക്കാർക്കെതിരെ കൂട്ട മാനഭംഗം ശിക്ഷയായി വിധിക്കാറുണ്ടത്രെ. കുടുംബത്തിൽ ആരെങ്കിലും ചെയ്ത ഏതെങ്കിലും നിസ്സാര കുറ്റത്തി​െൻറ പേരിലോ മേൽജാതിക്കാർ ആരോപിക്കുന്ന കുറ്റകൃത്യങ്ങളുടെ പേരിലോ ആരോപിത​െൻറ കുടുംബത്തിലെ ഏതെങ്കിലും സ്ത്രീ ഈ കിരാതശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ആലോചിച്ചു നോക്കൂ.

യു.പിയിലെ ഹാഥറസിലെ മനീഷ വാൽമീകി എന്ന പെൺകുട്ടിയെ ആക്രമിച്ച ആ സവർണജാതിയിൽപെട്ട ചെറുപ്പക്കാർ നിരന്തരം അവളുടെ കുടുംബത്തെ ഉപദ്രവിച്ചവരായിരുന്നു. അതിക്രൂരമായ പീഡനത്തിനിരയായിട്ടും സഹോദര​െൻറ പരാതി കണക്കിലെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല എന്നുമാത്രമല്ല പീഡനം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. നാവ് അറുത്തുമാറ്റി, നട്ടെല്ല് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടി ഒടുവിൽ മരണത്താൽ ഈ കെട്ടകാലത്തുനിന്ന് രക്ഷപ്പെടുമ്പോൾ പോലും പൊലീസ് ഇനിയുമിനും അവളെ പീഡിപ്പിക്കാനും ദ്രോഹിക്കാനുമാണ് മുതിർന്നത്. അതിനാലാണല്ലോ രാത്രിക്ക് രാത്രി അവളുടെ മൃതശരീരം വീട്ടുകാർക്കുപോലും കൊടുക്കാതെ കൊണ്ടുപോയി കത്തിച്ചത്. എന്നിട്ടിപ്പോൾ അവൾ പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് ഫോറൻസിക് പറയുന്നു, വീട്ടിലെത്തി ജില്ലാ കലക്ടർ പിതാവിനെ ഭീഷണിപ്പെടുത്തുന്നു. അവൾക്ക് നീതി ചോദിച്ചു ചെന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്​റ്റ്​ ചെയ്യുന്നു.

ഇതുപോലെ നടക്കുന്ന അനേകം അതിക്രമങ്ങൾക്ക് പുറമെ കേന്ദ്രസർക്കാർ ആവും വിധമുള്ള എല്ലാ ദ്രോഹങ്ങളും മുറതെറ്റാതെ ചെയ്യുന്നുണ്ട്. പട്ടികജാതി- വർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ മെട്രിക് സ്കോളർഷിപ്പി​െൻറ ഫണ്ട്​ ഒാരോ വർഷവും വെട്ടിക്കുറക്കുകയാണ് സർക്കാർ. 2017 -2018ൽ 6083 കോടിരൂപ ഈ ഇനത്തിൽ നീക്കിവെച്ചിരുന്നത്​ 2018-2019ൽ 3100 കോടി രൂപയായി കുറച്ചു. ദലിതുകളുടെയും ആദിവാസികളുടെയും വിദ്യാഭ്യാസശാക്തീകരണം തടയുകയാണ് സർക്കാർ ലക്ഷ്യം.

ഓരോ വർഷവും ദലിത്-ആദിവാസിക്ഷേമത്തിനായി ചെലവാക്കുന്ന ഫണ്ട് കുറക്കുകയാണെന്നത് കേന്ദ്രസർക്കാറിെൻറ ജാതി ബോധം എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദലിതരെ തുല്യരായി കണക്കാക്കുന്ന ഒരു പദ്ധതി ആർ.എസ്.എസി​െൻറ വിദൂരപദ്ധതിയായിപോലും ഇവിടെയില്ല. നൂറ്റാണ്ട് പിന്നിടുന്ന ഈ ഭീകരവാദ പ്രസ്ഥാനത്തിന് ഇതുവരെ ദലിതനായ ഒരു മുഖ്യനുണ്ടായിട്ടില്ലല്ലോ. മനുസ്മൃതിക്കാലത്തെ ജാതി വ്യവസ്ഥയിലെന്നപോലെ ജാതിശ്രേണിയിൽതന്നെ മേൽത്തട്ടിലും താഴ്ത്തട്ടിലുമായി വിതാനിക്കപ്പെട്ടവരും എന്നാൽ, ഒരു ശ്രേണിയിലും പെടാത്തവരും ഉള്ള ഒരു സാമൂഹിക ഘടനയാണ് സ്ഥാപിക്കപ്പെടുക. മുസ്​ലിംകളോ ക്രിസ്ത്യാനികളോ അല്ല, ജാതീയതയാണ് ദലിതുകളുടെ ജീവിതം ദുരിതത്തിലാക്കിയത്. സംഘ്​പരിവാറാണ് പ്രാകൃതമായ ആ കാലത്തെ തിരികെ കൊണ്ടുവരുന്നത്. അതിനാൽ ശത്രു സംഘ്​പരിവാറും അവരുടെ ജാതീയ ബോധവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitRSS
News Summary - RSS are Dalits Enemy
Next Story