ചലച്ചിത്രരംഗത്തേയും കയറിപ്പിടിക്കുന്നു
text_fieldsപ്രതിഷേധപ്രകടനക്കാരെ വേഷം കൊണ്ടു തിരിച്ചറിയാമെന്നു പറഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ, പേരുകൊണ്ടുതന്നെ ജാതിയും മതവും മനസ്സിലാക്കാമെന്നു അനുയായികൾ കരുതുന്നതിൽ അത്ഭുതമില്ല. ഒമ്പതു വർഷം മുമ്പ് അഹ്മദാബാദിൽ സമുദായ സൗഹാർദത്തിനായി സംഘടിപ്പിക്കപ്പെട്ട സദ്ഭാവന സത്യഗ്രഹം ഒാർക്കുക. അതിൽ പെങ്കടുക്കാനെത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആണല്ലോ നരേന്ദ്ര മോദി. അന്നവിടെ ബോറാ മുസ്ലിം നേതാവായ സയ്യിദിനാ മുഫദ്ദുൽ ഖാൻ, മോദിക്ക് ധരിക്കാനായി നൽകിയ തൊപ്പിപോലും അദ്ദേഹം നിരാകരിക്കുകയായിരുന്നല്ലോ.
ഗോവധ നിരോധനത്തിനു പിന്നാലെ മുത്തലാഖ് നിരോധനവും പൗരത്വബില്ലും കശ്മീർ ഇടപെടലുമൊക്കെയായി സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന ഒാട്ടത്തിൽ, ഹിന്ദുത്വവാദികൾ മാധ്യമരംഗത്തും കൈെവച്ചുകൊണ്ടിരിക്കുന്നു. പേരുകൾക്കെതിരെ അവർ നേരത്തേ തന്നെ യുദ്ധം ആരംഭിച്ചതാണ്. ഇന്ത്യയുടെ പേര ്ഹിന്ദുസ്ഥാൻ എന്നാക്കണമെന്നു ഒരു ഡൽഹിക്കാരൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളിക്കളഞ്ഞെങ്കിലും ഉത്തർപ്രദേശിലെ ചിരപുരാതന നഗരമായ ഫൈസാബാദിനെ അവർ, അകലെ കിടക്കുന്ന അയോധ്യയാക്കി മാറ്റി. 150 വർഷം പഴക്കമുള്ള മുഗൾ സറായി റെയിൽവേ സ്റ്റേഷെൻറ പേര് മുൻ ജനസംഘം പ്രസിഡൻറിനെ ഒാർമിപ്പിക്കാനായി ദീൻദയാൽ നഗർ എന്നാക്കി. സ്വന്തമായ മതം സ്ഥാപിച്ച് മതേതരത്വം പ്രഖ്യാപിച്ച അക്ബർ ചക്രവർത്തിക്കുപോലും രക്ഷയില്ല. ഉത്തർപ്രദേശിലെ അക്ബർ കോട്ട ഇനി അറിയപ്പെടുക ആന്ധ്രഫോർട്ട് എന്നത്രെ.
ഇന്ത്യൻസിനിമയിൽ ഖാൻമാരുടെ വിളയാട്ടം കാണുേമ്പാൾ സംഘ്പരിവാറുകാർക്ക് അരിശം മൂക്കുകയാണോ? ഷാറൂഖ്ഖാൻ, സൽമാൻഖാൻ, ആമിർഖാൻ, സഞ്ജയ്ഖാൻ ഇൗയിടെ മരണപ്പെട്ട ഇർഫാൻഖാൻ എന്നീ പേരുകൾ ഒാർക്കുക. ഇവരെയൊക്കെ സമുദായത്തിെൻറ ചട്ടക്കൂട്ടിലൊതുക്കി വലിച്ചെറിയാനാണ് അധികാരിവൃന്ദങ്ങൾ ശ്രമിക്കുന്നത്. ഇവരിൽ ചിലരുടെ ജീവിതപങ്കാളികൾപോലും അന്യമതസ്ഥരാണെന്നു അവർ സാന്ദർഭികമായി മറക്കുന്നു. മുസ്ലിംചെറുപ്പക്കാർ ഹിന്ദുയുവതികളെ വിവാഹം കഴിക്കുന്നു എന്നത് ജിഹാദിനെ പ്രോത്സാഹിപ്പിക്കലാണെന്നു പ്രചരിപ്പിച്ച്, സാറാ അലി ഖാനും സുശാന്ത് സിങ് രജ്പുത്തും ചേർന്നഭിനയിച്ച 'കേദാർനാഥ്' എന്ന ചിത്രം നിരോധിക്കണമെന്നു പറഞ്ഞവരാണിവർ.
ഇറങ്ങും മുമ്പുതന്നെ ബോക്സ് ഒാഫിസ് ഹിറ്റായ 'െമർസൽ' എന്ന തമിഴ് സിനിമ നിരോധിക്കണമെന്നു പറയാനും ഇതേ കാരണമാണ് അവർ കണ്ടെത്തിയത്. ആദിവാസികളെ വനവാസികളായി കരുതിപ്പോരുന്ന ആഢ്യന്മാരെ തുറന്നുകാണിക്കുന്ന മണിരത്നത്തിെൻറ ചിത്രവും ഇവർക്ക് സഹിക്കുന്നില്ല.
രാത്രി ഇറങ്ങി നടക്കുന്ന പെൺകുട്ടികളെയെല്ലാം മാനഭംഗപ്പെടുത്തുന്ന ഒരു മുകേശ് സിങ്ങിെൻറ കഥവെച്ച്, ബെസ്ലി ഉദ്വിൻ നിർമിച്ച ഡോക്യുമെൻററിക്കുവരെ ഇന്ത്യ ഗവൺമെൻറ് വിലക്ക് ഏർപ്പെടുത്തിയത് ഒാർക്കുന്നു. ഒാരോ 20 മിനിറ്റിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാത്സംഗത്തിന് വിധേയയാവുന്നു എന്ന് ഒരു നടൻ പറയുന്നതാണ് കേന്ദ്രമന്ത്രാലയത്തെ ചൊടിപ്പിച്ചത്. അതേസമയം, ലോക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നവരെ കൈയിലെടുക്കാനെന്നോണം 78 എപ്പിസോഡുകളുള്ള 'രാമായണം' എന്ന സീരിയൽ ദേശീയ ടി.വി ചാനലിൽ പുനഃസംപ്രേഷണം ചെയ്യുന്നതിൽ അവർ അപാകത കാണുന്നുമില്ല. ബാഹുബലിയെപ്പറ്റി ഫിലിം നിർമിക്കാൻ 180 കോടി രൂപ നൽകുന്ന ആർ.എസ്.എസ് തങ്ങൾക്ക് എതിരാണെന്നു തോന്നുന്ന ഏതു പ്രവർത്തനങ്ങളെയും എന്തിെൻറയൊക്കെയോ പേരുപറഞ്ഞ് എതിർക്കുകയാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഒരു ചലച്ചിത്രം ഉണ്ടാക്കാൻ മൗറീഷ്യസിൽ ക്രിമിനൽ കേസിൽപെട്ട സന്ദീപ് സിങ് എന്ന മയക്കുമരുന്നു വ്യാപാരിക്ക് 177 കോടി രൂപ നൽകാനും ബി.െജ.പി ഭരണത്തിനു മടിയില്ല.
ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്ന തരംഗങ്ങളുടെ വേലിയേറ്റത്തിലാണ് തമിഴ്നാടും ബംഗാളും കേരളവും പോലുള്ള സംസ്ഥാനങ്ങളിൽ തങ്ങൾക്ക് പിടിച്ചുകയറാൻ സാധിക്കാത്തതെന്നു വിശ്വസിക്കുന്ന ഏറെപേർ ബി.ജെ.പിയിലുണ്ട്. പന്ത്രണ്ടു ചലച്ചിത്രങ്ങളെങ്കിലും തമിഴ്നാട് ബി.ജെ.പി എണ്ണിപ്പറഞ്ഞു. രാജുമുരുകൻ നിർമിച്ച 'ജോക്കർ' എന്ന സിനിമക്കു നാഷണൽ അവാർഡ് നൽകിയതിൽ പ്രതിഷേധിച്ച് തമിഴ്നാട് ബി.െജ.പി അവരുടെ കേന്ദ്ര നേതൃത്വത്തിന് നിവേദനം നൽകുകപോലുമുണ്ടായി.
സിനിമ മാത്രമല്ല, ടി.വി സീരിയൽപോലും തങ്ങൾക്ക് ഗുണചെയ്യില്ലെന്നു കാണുേമ്പാൾ ചന്ദ്രഹാസം ഇളക്കുന്നവരാണ് ഇൗ സംഘികൾ. 1990ൽ ദൂരദർശൻ ദേശവ്യാപകമായി പ്രസാരണം ചെയ്ത 'ടിപ്പുവിെൻറ വാൾ' എന്ന പരമ്പര ഒാർക്കുക. സഞ്ജയ്ഖാനും മാളവികയും ഒക്കെ ചേർന്നഭിനയിച്ച ആ പരമ്പരയുടെ രചന ഭഗവാൻ എസ്. ഗിദ്വാനി എന്ന ആർ.എസ്.എസ് അനുകൂല ചരിത്രകാരേൻറതാണെന്നു ഒാർക്കാൻപോലും അവർ മറന്നുപോയി.
തങ്ങൾക്ക് എതിരാവുമെന്നു തോന്നുന്ന ഏത് സാംസ്കാരിക പ്രവർത്തനത്തെയും എതിർക്കലാണ് സംഘ്പരിവാർ നയമെന്നു തോന്നുന്നു. എ. ബി. വാജ്പേയിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന, പഴയകാല ബി.ജെ.പി നേതാവായ പ്രമുഖ നടൻ ശത്രുഘ്നൻ സിൻഹക്കെതിരെയും ഇങ്ങനെയൊരു ചിന്തയിലാണ് അവർ വാളെടുത്തത്. ബിഹാറിൽ ജനിച്ച്, പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദംനേടി ഇറങ്ങിയ ശത്രുഘ്നൻ, ബോളിവുഡിൽ 40 വർഷത്തോളം ചലച്ചിത്രരംഗത്ത് തിളങ്ങിനിന്ന മുഖ്യനടനാണ്. മിസ് യങ് ഇന്ത്യ പട്ടം നേടിയ നടി പൂനം എന്ന കോമളിനെ വിവാഹം ചെയ്ത് മുന്നേറിയ അദ്ദേഹം 74 വയസ്സ് തികയുന്നതിനിടയിൽ ഫിലിം ഫെയറിേൻറതടക്കം സമഗ്രസംഭാവനക്കുള്ള അവാർഡ് നേടിയ സൂപ്പർസ്റ്റാറുമത്രെ.
ഭാരതീയ ജനതാപാർട്ടിയിൽ ചേർന്നു രാജ്യസഭയിലും തുടർന്ന് ലോക്സഭയിലും അംഗത്വംനേടിയ അദ്ദേഹത്തെ, വാജ്പേയി ആരോഗ്യവകുപ്പിെൻറ ചുമതല നൽകിയാണ് കേന്ദ്രമന്ത്രിസഭയിലും എടുത്തത്. ബി.ജെ.പി അവരുടെ സാംസ്കാരിക വിഭാഗത്തിെൻറ നേതാവായും തെരെഞ്ഞടുത്ത ശത്രുഘ്നൻ, പക്ഷേ, നരേന്ദ്ര മോദിയുടെ ഏകാധിപത്യ രീതിയിൽ പ്രതിഷേധിച്ചപ്പോൾ കടുംവെട്ടായി.
ഇപ്പോഴിതാ സംഘ് പരിവാർ മറ്റൊരു പ്രമുഖ നടനായ ആമിർ ഖാനെയും വേട്ടയാടുന്നു. നടെനന്നതിനു പുറമെ പ്രൊഡ്യൂസറായും ഡയറക്ടറായും മേൽവിലാസമുറപ്പിച്ച ഇൗ 55കാരെൻറ മുഴുവൻപേര് മുഹമ്മദ് ആമിർ ഹുസൈൻ ഖാൻ എന്നു വായിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ആർ.എസ്.എസ് അദ്ദേഹത്തിനെതിരെ വാളെടുത്തിരിക്കുന്നു. രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച ഇൗ മുംബൈക്കാരൻ ഒരു ദേശീയവാദിയേ അല്ല എന്നാണ് ആർ.എസ്.എസ് മുഖപത്രമായ 'പാഞ്ചജന്യ' വിശേഷിപ്പിക്കുന്നത്. ഇന്ത്യൻദേശീയതയെ പ്രകീർത്തിക്കുന്ന 'ലഗാൻ', '1857' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ആമിർ ഖാൻ, ലാൽസിങ് ഛദ്ദ എന്ന പേരിൽ തുർക്കിയിൽ നിർമിക്കുന്ന തെൻറ ചിത്രവുമായി ബന്ധപ്പെട്ട് തുർക്കി സുൽത്താെൻറ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയെന്നതാണ് ആരോപണമായി ഉയർത്തിയിരിക്കുന്നത്. നേരത്തെ പത്തുവർഷം പ്രധാനമന്ത്രിപദം വഹിച്ചശേഷം ഇപ്പോൾ തുർക്കിയുടെ പ്രസിഡൻറായി വാഴുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ത്യയുടെ കശ്മീർ നയത്തെ വിമർശിച്ചിരിക്കുന്നു എന്നത് അവർ ഒരു കാരണമായി പറഞ്ഞു. ചില ചൈനീസ് ഉൽപന്നങ്ങളുടെ പ്രചാരകനായി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ആമിർ 'ചൈനീസ് നീരാളിയുടെ പ്രിയതാരം' എന്നു വിശേഷിപ്പിക്കാനും 'പാഞ്ചജന്യ' മടിക്കുന്നില്ല. ഹിന്ദുമതവിശ്വാസി ആയിട്ടും തെൻറ ഭാര്യക്ക് ഇന്ത്യയിൽ അരക്ഷിതബോധം തോന്നുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ആമിർ ഖാൻ നടത്തിയ പ്രസ്താവനയും ആർ.എസ്.എസ്കാരുടെ മനസ്സിലുണ്ടായിരിക്കണം.
'ഞാനൊരു മുസ്ലിം, എെൻറ ഭാര്യ ഹിന്ദു, മക്കൾ ഹിന്ദുസ്ഥാനികളും' എന്നുവിളിച്ചു പറയുന്ന 'കിങ്ഖാൻ' എന്ന ഷാറൂഖ്ഖാനും സംഘ്പരിവാറിനു നോട്ടപ്പുള്ളിയാകുന്നു. നരേന്ദ്ര മോദിയെ വെള്ളപൂശാൻ സിനിമ ഉണ്ടാക്കാൻ ശ്രമിച്ചത് വിജയിക്കാതെ പോയതിെൻറ അരിശം അവർക്കു തീർന്നിട്ടില്ലെന്നു തോന്നുന്നു.'മിന്നൽ മുരളി' എന്ന ഒരു സിനിമ എടുത്തതിനു സംവിധായകൻ കമലിനെതിരെയും മലബാർ ലഹളയെ ആസ്പദമാക്കി എടുത്ത ഒരു ചലച്ചിത്രത്തിൽ ധീരരക്തസാക്ഷിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോൾ എടുത്ത പ്രസിദ്ധ നടൻ പൃഥ്വീരാജിനെതിരെയും കേരളത്തിലും അവർ അടുത്ത കാലത്താണേല്ലാ കലാപക്കൊടി ഉയർത്തിയത്. ഷൂട്ടിങ്ങിനായി നിർമാതാക്കൾ തയാറാക്കിയ സെറ്റ്പോലും തകർത്തു.
'മാറ്റിനി െഎഡൾ' എന്നു വിശേഷിപ്പിക്കപ്പെട്ട നമ്മുടെ എക്കാലത്തെയും വലിയ നടന്മാരിലൊരാളായ ദിലീപ് കുമാറിലേക്ക് വരുക. ഇപ്പോൾ പാകിസ്താനിൽപെട്ട പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ പെഷാവറിൽ ജനിച്ച മുഹമ്മദ് യൂസുഫ് ഖാൻ ആണത്. മുംബൈയിൽ 97ാം വയസ്സിലും അദ്ദേഹം ജീവിതത്തോട് പൊരുതിനിൽക്കുന്നു. 22 വർഷം മുമ്പുവരെ സെല്ലുലോയ്ഡിൽ തിളങ്ങിനിന്ന അദ്ദേഹത്തിനുകൂട്ടായി ഭാര്യ പഴയകാല ചലച്ചിത്രനടി സൈറാബാനു മാത്രം. മുംബൈയിൽ ബാന്ദ്രയിൽ താമസിക്കുന്ന ഇൗ ദമ്പതികൾക്ക് കുട്ടികളില്ല. അങ്ങനെയൊരു യൂസുഫ് ഖാനെ ആരും അറിയുമെന്നുതോന്നുന്നില്ല. എന്നാൽ, ദിലീപ്കുമാർ എന്ന പേരിൽ പ്രസിദ്ധനായ സൂപ്പർ ആക്ടറാണിത്.
ആ പേരു മാറ്റത്തിനു സന്നദ്ധനാവാതെ സിനിമാരംഗത്തേക്ക് യൂസുഫ് ഖാൻ കടന്നുവന്നിരുന്നെങ്കിൽ ഇൗ അംഗീകാരമൊക്കെ ദിലീപ്കുമാറിനു ലഭിക്കുമോ എന്നു സംശയിക്കുന്നവർ ഏറെക്കാണും. പേരുമാറ്റി തിളങ്ങിനിന്നിട്ടും പത്മ അവാർഡുകൾക്കപ്പുറം പരിഗണിക്കപ്പെടാതിരുന്ന ഒരു നാമമാണ് ദിലീപ് കുമാറിേൻറത്. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിനുപോലും ഭാരതരത്ന ബഹുമതി താലത്തിൽ െവച്ചു നൽകിയ രാഷ്ട്രം ദിലീപ്കുമാർ എന്ന യൂസുഫ് ഖാനെയോ ആഗോള ഖ്യാതി നേടിയ മുഹമ്മദ് റഫി എന്ന ഗായകനെയോ അതിനായി പരിഗണിച്ചില്ല.
ഖാൻ അബ്ദുൽ ഗഫാർ ഖാനും മൗലാനാ ആസാദിനും ഡോ. സാക്കിർ ഹുസൈനും ഡോ. എ.പി.ജെ. അബ്ദുൽ കലാമിനും ഉസ്താദ് ബിസ്മില്ലാ ഖാനും ഒക്കെ ഇൗ ബഹുമതി നൽകിയിരുന്നുവെന്നു മറക്കുന്നില്ല. എന്നാൽ, ചലച്ചിത്രരംഗത്ത് തന്നെ സത്യജിത്് റേ മുതൽ ലതാമേങ്കഷ്കർ വരെ പരിഗണിക്കപ്പെട്ടിടത്ത് റഫിയും ദിലീപ് കുമാറും പട്ടികയിൽ കയറാതെപോയി. പുതിയ സാഹചര്യത്തിൽ ഇവർ ആ ലിസ്റ്റിൽ വരുമെന്ന് ആരും പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. ഖാൻ എന്ന പേര് കേൾക്കുേമ്പാൾതന്നെ വിറളിപിടിക്കുന്ന ഭരണ നേതൃത്വം ആണല്ലോ അധികാരത്തിലിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.