വിവരാവകാശനിയമം ഒരു നോക്കുകുത്തിയോ?
text_fieldsപി.എം. കെയേഴ്സ് ഫണ്ട് സംബന്ധിച്ച വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണത്തിെൻറ അപേക്ഷ കാരണമൊന്നും കാണിക്കാതെ മോദിസർക്കാർ അടുത്തകാലത്ത് അട്ടത്തുവെച്ചു. കോടിക്കണക്കിന് രൂപ സംഭാവനയായി ഇതിനകം ലഭ്യമായ ഈ കൊറോണ കെയർ ഫണ്ട് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും കാണുന്നില്ലത്രെ. പി.എം. കെയേഴ്സ് ഫണ്ട് പബ്ലിക് ട്രസ്റ്റ് എന്ന നിലയിലാണല്ലോ നിലവിൽവന്നത്. അനൗദ്യോഗികവൃത്തങ്ങളിൽനിന്നു ലഭ്യമാകുന്ന വിവരങ്ങൾ നൽകുന്ന സൂചന, വിദേശസ്രോതസ്സുകളടക്കം സംഭാവനയായി ഒരു ബില്യണിലേറെ ഡോളറിെൻറ തുക ഈ ഫണ്ടിൽ വന്നെത്തിയിട്ടുണ്ടെന്നാണ്. ഇത്ര വലിയൊരു തുക, ഹ്രസ്വമായൊരു കാലയളവിൽ രാജ്യത്തിനുള്ളിലേക്ക് ഒഴുകിയെത്തിയിട്ടുെണ്ടങ്കിൽ അതിൽ എന്തോ പന്തികേടുണ്ടെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അതിൽ അതിശയിക്കേണ്ടതില്ല.
സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജനശ്രദ്ധയിൽ കൊണ്ടുവരേണ്ടതെന്ന പ്രത്യേകതയും ഈ ആർ.ടി.ഐ അപേക്ഷക്കുണ്ട്. മണിക്കൂറുകൾക്കകം തൊഴിലും വരുമാനവും ഭക്ഷണവും പാർപ്പിടവുമില്ലാതെ തെരുവുകളിൽ അലയേണ്ടിവന്ന ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ പണമെന്ന നിലയിൽ വേണം ഈ ഫണ്ടിെൻറ ആസ്തി വിലയിരുത്തപ്പെടാൻ. സ്വാഭാവികമായും ഇതിലേക്കായി കേന്ദ്രഭരണകൂടം പ്രഖ്യാപിച്ച കോടികൾ ചെലവുവരുന്ന സമാശ്വാസ പദ്ധതികളുടെ ഭാഗമാക്കാനെന്നപേരിൽ സമാഹരിക്കപ്പെടുന്ന ഈ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ അറിയാൻ അവർക്ക് അവകാശമുണ്ട്. മാത്രമല്ല, ആർ.ടി.ഐ നിയമത്തിെൻറ ലക്ഷ്യംതന്നെ സർക്കാർ നടത്തുന്ന ഇടപാടുകൾക്കെല്ലാം സുതാര്യത ഉറപ്പാക്കണമെന്നാണ്. ഈ ലക്ഷ്യം പി.എം. കെയേഴ്സ് ഫണ്ടിനും ബാധകമാക്കേണ്ടതാണ്. എന്നാൽ, ഇന്ത്യയിൽ ഇന്നത്തെ സ്ഥിതി ഇതല്ല. പി.എം. കെേയഴ്സ് ഫണ്ട് സി.എ.ജി ഓഡിറ്റിെൻറ പരിധിയിലാക്കണമെന്ന ആവശ്യവും മോദി സർക്കാർ തള്ളിക്കളഞ്ഞിരിക്കുന്നു. കേരളത്തിലാണെങ്കിൽ 'കിഫ്ബി' അക്കൗണ്ടും സി.എ.ജി ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല.
വിധിവൈപരീത്യം എന്നുതന്നെ പറയട്ടെ, ഇന്ത്യയിൽ ഇപ്പോൾ നടന്നുവരുന്നത് വിവരാവകാശ നിയമം അനുശാസിക്കുന്ന വ്യവസ്ഥകളുടെ പ്രസക്തിതന്നെ നശിപ്പിക്കപ്പെടുന്ന വാദപ്രതിവാദങ്ങളാണ്. ഇതിലേക്കായി കോവിഡ്-19 ഒരു നിമിത്തമായി മാറ്റാൻ കുത്സിതശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഗുരുതരമായ മഹാമാരിക്കെതിരായി പ്രതിരോധം ശക്തമാക്കാൻ േകന്ദ്ര മോദി സർക്കാറിനു മാത്രമല്ല, സംസ്ഥാന സർക്കാറുകൾക്കും സകലവിധ പിന്തുണയും നൽകുകയും വേണം. ഇതിെൻറ അർഥം ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിെൻറ പേരിൽ അധികാരത്തിലിരിക്കുന്ന ഭരണകൂടങ്ങൾ അതിെൻറ മറവിൽ ഏതുതരം അഴിമതി സംബന്ധമായ സംശയമുണ്ടായാൽപോലും ജനം അതിനുനേരെ കണ്ണടക്കുകയും നിശ്ശബ്ദരായി ഇരിക്കുകയും ചെയ്യണം എന്നുതന്നെയല്ലേ? ഈ വിധത്തിലൊരു ഭരണസംവിധാനം ജനാധിപത്യമോ ഫാഷിസമോ? വ്യക്തമാക്കേണ്ടത് ഇവിടത്തെ നീതിന്യായ കോടതികളാണ്.
രോഗമുക്തിക്കായി സർക്കാറുകൾ നടപ്പാക്കിവരുന്ന പരിപാടികൾ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ, സംരക്ഷണം നൽകേണ്ടത് കേന്ദ്രസർക്കാറാണോ, സംസ്ഥാന സർക്കാറുകളാണോ എന്ന തർക്കങ്ങൾ പലപ്പോഴും ഈ നിരാലംബരുടെ പട്ടിണിമരണങ്ങൾക്കുപോലും വഴിവെച്ചതായ അനുഭവം നമ്മുടെ രാജ്യത്തുണ്ട്. ഇതേപ്പറ്റിയെല്ലാം മനുഷ്യാവകാശ പ്രവർത്തകർ ആർ.ടി.ഐ അധികാരികളെ വിശദാംശങ്ങൾക്കായി സമീപിക്കുേമ്പാൾ പുറംതിരിഞ്ഞുനിൽക്കുന്ന അവസ്ഥാവിശേഷമാണ് പലപ്പോഴും ഉണ്ടായിരിക്കുന്നത്.
സൗജന്യ റേഷൻ വിതരണം നടന്നുവരുന്നുണ്ടെന്ന അവകാശവാദം അംഗീകരിക്കണമെങ്കിൽ ഗുണഭോക്താക്കളുടെ പട്ടികയെങ്കിലും ലഭ്യമാക്കാൻ ആർ.ടി.ഐ അന്വേഷണങ്ങൾവഴി അസാധ്യമാണെന്ന സ്ഥിതിയുണ്ടായി. സൗജന്യമായി വിതരണം ചെയ്യപ്പെടുന്നത് എന്തുതന്നെയായിരുന്നാലും അവ സംബന്ധമായ മുഴുവൻ വിവരങ്ങളും സുതാര്യമായിരിക്കണം. മറിച്ചാണെങ്കിൽ അഴിമതിയിലേക്കായിരിക്കും സർക്കാർസംവിധാനങ്ങൾ വിനിയോഗിക്കപ്പെടുക. അഴിമതിക്ക് പട്ടിണി എന്നോ കോവിഡ് എന്നോ വിവേചനമൊന്നുമില്ല. മോദി സർക്കാർ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പാക്കേജിെൻറ ഭാഗമായി അവശ്യ ഉൽപന്നനിയമത്തിൽ വരുത്തിയ ഭേദഗതി കർഷകരെ മറയാക്കിയാണെങ്കിലും അതിെൻറ യഥാർഥ ഗുണഭോക്താക്കൾ വൻകിട സ്വകാര്യ വ്യാപാരികളും കോർപറേറ്റുകളുമായിരിക്കും.
കോവിഡ്-19 ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ, ഇത്തരം മേഖലകളിലെല്ലാംതന്നെ സുതാര്യതയുടെ അഭാവം വൻതോതിലാണ് അനുഭവപ്പെട്ടുവരുന്നത്. ആരോഗ്യമേഖലയും ഇതിന് അപവാദമല്ല. ന്യൂനതകളേറെയുള്ള ടെസ്റ്റിങ് കിറ്റുകൾ, വ്യാജ ലേബലുകളോടെയുള്ള വെൻറിലേറ്ററുകൾ പരക്കെ പ്രചാരത്തിലിരിക്കുന്നുണ്ട്. ചൈനയിൽനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്തിരുന്ന കോവിഡ്-19 ടെസ്റ്റ് കിറ്റുകൾ വിനിയോഗിക്കപ്പെട്ടുവരുന്നുണ്ടെന്ന വിവിധ സംഘടനകളിൽനിന്ന് പരാതി കിട്ടിയതിനെ തുടർന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അവയുടെമേൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഈ അനുഭവവും വെളിച്ചം വീശുന്നത് ഭരണപരമായ നടപടിക്രമങ്ങൾ അവ എന്തിനുവേണ്ടിയായിരുന്നാലും സുതാര്യമായിരിക്കണമെന്ന വസ്തുതയിലേക്കാണ്. ഇത് ഉറപ്പാക്കാനാണ് ആർ.ടി.ഐ നിയമം ലക്ഷ്യമിടുന്നതും.
കോവിഡ്-19 എന്ന മഹാമാരി വ്യാപകമായി വരുന്ന സാഹചര്യത്തിൽ നിലവിലുള്ള ആരോഗ്യസൗകര്യങ്ങൾ അടിയന്തരാവശ്യമുള്ളവർക്കെങ്കിലും ലഭ്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യതയാണ്. ആർ.ടി.ഐ നിയമത്തിലെ സെക്ഷൻ നാലിൽ ഇക്കാര്യം നിയമപരമായൊരു ബാധ്യതയാണെന്ന് കൃത്യമായി പറയുന്നുമുണ്ട്. കോവിഡ്-19െൻറ കാലഘട്ടത്തിൽ ഈ വ്യവസ്ഥയുടെ പ്രസക്തിയും പ്രാധാന്യവും മുന്തിയ പരിഗണന അർഹിക്കുന്നതുമാണ്. എന്നാൽ, എന്തുകാര്യം?
കോവിഡ്-19 സൃഷ്ടിച്ചിരിക്കുന്നത് അസാധാരണമായൊരു സാഹചര്യമാണെന്നതിെൻറ പേരിൽ ഒരുപരിധിക്കപ്പുറം വിവരങ്ങൾ ലഭ്യമാക്കുന്ന നടപടി നിഷേധിക്കുക എന്നത് ഒരു നീതീകരണമായി കാണാൻ സാധ്യമല്ല. അത് അനുവദനീയവുമല്ല. ആർ.ടി.ഐയുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി പ്രയോഗത്തിലിരിക്കുന്ന 'ട്രാൻസ്പരൻസി' വാച്ച്ഡോഗുകൾ കണ്ടെത്തിയത് രാജ്യത്താകെയുള്ള 29 കമീഷനുകളിൽ 21 എണ്ണവും ലോക്ഡൗൺ തുടങ്ങി മൂന്നു ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ഒരു സിറ്റിങ്പോലും നടത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ്. കേന്ദ്ര വിവരാവകാശ കമീഷനും ഏതാനും ചില സംസ്ഥാന കമീഷനുകളും അവയുടെ സിറ്റിങ്ങുകൾക്കായി ഓഡിയോ വിഡിയോ കോൺഫറൻസുകൾ, പരാതികൾ പരിശോധിക്കുന്നതിനും തീർപ്പുകൽപിക്കുന്നതിനും പ്രയോജനപ്പെടുത്തുകയാണ് ചെയ്തിരുന്നതെങ്കിൽ ബഹുഭൂരിഭാഗം കമീഷനുകളും അടിയന്തര സ്വഭാവമുള്ള പരാതികൾ പരിശോധിക്കാൻപോലും സന്നദ്ധരായില്ല എന്നതാണ് യാഥാർഥ്യം. ഇതിനാവശ്യമായ സംവിധാനങ്ങളും വിവിധ സംസ്ഥാനങ്ങൾ വേണ്ടത്ര സജ്ജമാക്കിയിട്ടുമില്ല. പ്രത്യേകിച്ച്, ഗ്രാമീണ മേഖലയിൽ.
കൊറോണ പോലുള്ളൊരു മാരകവ്യാധി അതിവേഗം വ്യാപിച്ചുവരുന്ന കാലഘട്ടത്തിൽ സുതാര്യത പരമാവധി ഉറപ്പാക്കുകയാണ് അനിവാര്യമായ നടപടി. ഔദ്യോഗികതലത്തിൽ നടന്നുവരുന്ന നീക്കങ്ങളിലേറെയും ഗോപ്യമായി സൂക്ഷിക്കാനുള്ള പ്രവണത സ്വാഭാവികമായും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ സ്വന്തം ജീവനും ജീവിതമാർഗങ്ങൾക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാനുള്ള അവകാശമെങ്കിലും ജനങ്ങൾക്ക് അനുവദിക്കപ്പെടേണ്ടതല്ലേ? അവർക്കുകൂടി ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ, ആർക്കെല്ലാം വേണ്ടി, ഏതെല്ലാം വിധത്തിൽ ലഭ്യമാകുന്നു എന്ന് ബന്ധപ്പെട്ടവർ അറിഞ്ഞിരിക്കുകതന്നെ വേണം. വിഭവങ്ങളുടെ ദുരുപയോഗവും അതുവഴിക്കുള്ള അഴിമതിയും ഒഴിവാക്കാൻ സഹായങ്ങൾ എത്തുന്നത് അർഹിക്കുന്ന ഗുണഭോക്താക്കളുടെ ൈകകളിൽ തന്നെയാണെന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പാക്കുകയും വേണം. രഹസ്യ ഇടപാടുകളുടെ മറവിലാണ് വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്. അതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാവുകയും പൊതുസ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ഏതു പ്രതിസന്ധിയുടെ പേരിലായാലും ഈ നയസമീപനം നീതീകരിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ വിവരാവകാശ നിയമം ഒരിക്കലും ഒരു നോക്കുകുത്തിയായിരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.