സാമ്പത്തികരോഗം മൂര്‍ച്ഛിച്ച ശേഷം ചികിത്സാ പ്രഹസനം
text_fieldsവ്രണം പഴുത്തുകയറി ഒടുവില്‍ കാല്‍ മുറിച്ചുകളയേണ്ടിവന്ന അവസ്ഥയിലായ രോഗിയുടെ സ്ഥിതിയിലാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. കള്ളപ്പണവും കള്ളനോട്ടും പെരുകി സമ്പദ്വ്യവസ്ഥ തകരും എന്ന അവസ്ഥ വന്നപ്പോള്‍ ശസ്ത്രക്രിയതന്നെ നടത്തേണ്ടിവന്നു മോദി ഭരണത്തിന്. താല്‍ക്കാലികമായാണെങ്കിലും, ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇത്തരം ഒരു പിഴക്ക് ഇരയാകാന്‍ ഇന്ത്യയിലെ സാധാരണ ജനം എന്തുപിഴച്ചു? സര്‍ക്കാര്‍തന്നെ ഇറക്കിയ നോട്ടുകള്‍ക്ക് വിലയില്ല എന്ന് സര്‍ക്കാര്‍തന്നെ പറയുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തവും മോദിക്കുണ്ട്. അത്തരം ബോധ്യപ്പെടുത്തല്‍ ഉണ്ടായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇന്ത്യയില്‍ കള്ളപ്പണവും കള്ളനോട്ടും വ്യാപകമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ പ്രവണത ശക്തമായത് ഇന്നോ ഇന്നലയോ അല്ല. ഇന്ത്യ ഉദാരീകരിക്കപ്പെട്ട ഒരു സമ്പദ്ഘടനയായി മാറിയതു മുതലാണ് കള്ളപ്പണ മേഖല കൂടുതല്‍ ശക്തമായത്. ബോളിവുഡ് സിനിമയെ നിയന്ത്രിക്കുന്നത് കള്ളപ്പണക്കാരും കള്ളക്കടത്തുകാരുമാണെന്നത് അറുപതുകളിലും എഴുപതുകളിലും വലിയ വാര്‍ത്തകളായിരുന്നു. ഇന്ത്യന്‍ സിനിമയുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്കപൂര്‍ അധോലോക നായകന്‍ ഹാജി മസ്താന്‍െറ മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്നത് എഴുപതുകളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് രാജ്യാന്തര അധോലോകമാണെന്ന വാര്‍ത്തകള്‍ പരക്കെ പ്രചാരത്തിലുണ്ട്. ഇങ്ങനെ നാനാവിധത്തില്‍ തഴച്ചുവളര്‍ന്ന കള്ളപ്പണ ഇടപാടുകളും കള്ളനോട്ടുകളുടെ ആധിക്യവും ഒരു പക്ഷേ, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെതന്നെ വെല്ലുന്ന സമാന്തര സാമ്പത്തിക ലോകമായി മാറിയിരിക്കുകയാണ്.
അതുകൊണ്ടാണ് സമീപകാലങ്ങളില്‍ ബജറ്റ് നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്‍െറ പണനയങ്ങളും മാക്രോ ഇക്കണോമിക് മാനേജ്മെന്‍റില്‍ കാര്യമായ സ്വാധീനം ചെലുത്താതിരുന്നത്. പലിശ നിരക്കുകള്‍ ഉയര്‍ത്തി പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചപ്പോഴെല്ലാം അത് നിയന്ത്രണവിധേയമായില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതി ശക്തമായ സമാന്തര സാമ്പത്തിക സാമ്രാജ്യത്തിന്‍െറ കരുത്ത് ഇത് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.
വാസ്തവത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ കള്ളപ്പണം കുമിഞ്ഞുകൂടിയപ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ മോദിക്ക് ദയനീയ പരാജയം സമ്മതിക്കേണ്ടിവന്നു. പണം എത്രയുണ്ടെന്നും ആര്‍ക്കൊക്കെയാണ് നിക്ഷേപമുള്ളതെന്നും കണ്ടത്തൊന്‍ പോലും കഴിഞ്ഞില്ല. ചില ഊഹക്കണക്കെങ്കിലും ലഭിക്കുന്നത് വിക്കിലീക്സ് പോലുള്ള സ്ഥാപനങ്ങളില്‍നിന്നും മറ്റുമാണ്. ഇത്തരത്തില്‍ കള്ളപ്പണം ഒരിക്കലും കറന്‍സി ആയി സൂക്ഷിക്കപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഹവാല ഇടപാടുകള്‍ക്കും മറ്റുമായി ഒരു ചെറിയ ഭാഗം കറന്‍സി ആയി സൂക്ഷിക്കപ്പെടുന്നുണ്ടാകാം. സിംഹഭാഗവും അനധികൃത ആസ്തികളായി മാറ്റപ്പെടുകയാണ് പതിവ്.
സേഫ് ഹാവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം പണം എങ്ങനെ ഇന്ത്യയില്‍ എത്തിച്ചു വെള്ളപ്പണമാക്കുന്നുവെന്ന് സര്‍ക്കാറിന് നല്ല നിശ്ചയമുണ്ട്. മൊറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐസ്ലന്‍ഡ്സ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ലാഭം എന്ന അക്കൗണ്ടില്‍പെടുത്തി അത് ഇന്ത്യന്‍ വിപണിയിലേക്ക് മാറ്റുന്നു. ഈ പണത്തിന്‍െറ നല്ല ഭാഗം പാര്‍ട്ടിസിപേറ്ററി നോട്സ് (പി നോട്സ്) എന്ന നിക്ഷേപ മാര്‍ഗത്തിലൂടെ ഓഹരി കമ്പോളത്തിലേക്ക് ഒഴുകുന്നു. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്നത് ഈ പി നോട്സ് നിക്ഷേപമാണ്. ആയിരക്കണക്കിന് കോടി രൂപ ഈ വഴിയിലൂടെ കമ്പോളത്തില്‍ മറിയുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന ഒരു പ്രധാന റൂട്ട് ആയ ഇത് നിയന്ത്രിക്കുന്നതിന് ഒരു ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കുന്നില്ല.
അതുപോലെ ഇന്ത്യയിലെ ഉല്‍പന്ന അവധിവ്യാപാര രംഗത്തും കോടികളുടെ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നു. സിനിമ, ഐ.പി.എല്‍ തുടങ്ങി നിരവധി രംഗങ്ങളുടെ നിയന്ത്രണം മൊറീഷ്യസ് റൂട്ടിലൂടെ എത്തുന്ന പണം വഴിയാണ്. ഇതിനെയൊന്നും നിയന്ത്രിക്കുന്നതിന് കാര്യമായ ഒരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ച് എല്ലാം നേടാമെന്നാണ് അവകാശപ്പെടുന്നത്. കറന്‍സി പിന്‍വലിക്കുന്നത് ഒരു ധനകാര്യ നടപടിയാണ്. പക്ഷേ, ഇത് കാര്യമായ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ളെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
1978ല്‍ എച്ച്.എം. പട്ടേല്‍ ധനമന്ത്രിയായിരുന്നപ്പോള്‍ 1000, 5000, 10,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. എന്നിട്ടും കള്ളപ്പണം സമ്പദ്ഘടനയെ വെല്ലുവിളിക്കുന്ന വിധത്തില്‍ വീണ്ടും വളര്‍ന്നു. ഇത്തരത്തില്‍ ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ സാധാരണക്കാരന് ഒരു പങ്കുമില്ല; മറിച്ച്, ഭരണാധികാരികളുടെ പരാജയത്തിന്‍െറ ദയനീയ മുഖമാണ് ഇവിടെ തെളിയുന്നത്. എന്നിട്ടും ചില ലൊട്ടുലൊടുക്ക് നടപടികളിലൂടെ എല്ലാം ഭദ്രമാക്കാമെന്നു പ്രഖ്യാപിക്കുന്നു. ഒരു കാര്യം ഉറപ്പാണ്; കോടികളുടെ കള്ളപ്പണം സമാഹരിക്കാന്‍ കഴിവുള്ളവര്‍ക്ക് അത് സൂക്ഷിക്കാനും അറിയാം. അതുകൊണ്ട് ഇപ്പോഴത്തെ നടപടി ദൂരവ്യാപകമായ ഒരു സദ്ഫലവും ഉളവാക്കില്ല.
ഇനി കള്ളനോട്ടിന്‍െറ കാര്യം. പാകിസ്താന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ക്കാന്‍ വ്യാജ നോട്ട് അച്ചടിച്ച് ഇന്ത്യയിലത്തെിക്കുന്നു എന്നാണ് പറയുന്നത്. ഇതില്‍ സത്യമുണ്ട്. പക്ഷേ, അതിര്‍ത്തികള്‍ വഴി നോട്ടുകള്‍ ഇന്ത്യയിലത്തെുന്നത് ആരുടെ പിടിപ്പുകേടാണ്? ഉത്തരേന്ത്യന്‍ സംസ്ഥാന അതിര്‍ത്തികള്‍ വഴിയും വടക്കുകിഴക്കന്‍ സംസ്ഥാന അതിര്‍ത്തി വഴിയും നോട്ട് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കര്‍ശനമായി തടയാന്‍ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്? അപ്പോള്‍ പാളയത്തില്‍തന്നെ പടയുണ്ട് എന്ന് വ്യക്തം.
ഇന്ത്യയുടെ അതിര്‍ത്തികളും തുറമുഖങ്ങളും കര്‍ശനമായി പരിരക്ഷിക്കാനായാല്‍ ഒരു നോട്ട് പോലും ഈ രീതിയില്‍ വരില്ല. ലോകത്തെ ഒരു രാജ്യവും ഇത്തരം ദയനീയ സാഹചര്യം നേരിടുന്നില്ല എന്നതുകൂടി നാം മനസ്സിലാക്കണം. ഏതായാലും ഭരണാധികാരികള്‍ പല കാര്യങ്ങളിലും ഇത$പര്യന്തം സ്വീകരിച്ചുപോരുന്ന അഴകൊഴമ്പന്‍ സമീപനങ്ങള്‍ക്കു പിഴ ഒടുക്കേണ്ടിവന്നിരിക്കുന്നത് പാവം പൊതുജനമാണ്. അവര്‍ക്ക് നോട്ടുകള്‍ മാറാനും റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനും ഒക്കെയായി ആഴ്ചയില്‍ നാലു ദിവസം ബാങ്കിലും പോസ്റ്റ് ഓഫിസിലും പോയി ക്യൂ നില്‍ക്കാനാണ് വിധി.
മുതിര്‍ന്ന സാമ്പത്തികകാര്യ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.