യുക്രെയ്ൻ: യുദ്ധത്തിലെത്തിച്ചത് നേതാക്കളുടെ വീഴ്ച
text_fieldsഅതിഭയാനകമായ ഒരു യുദ്ധദുരന്തത്തിനു മുന്നിലാണ് ലോകം. നേതാക്കന്മാരുടെ നിരുത്തരവാദപരമായ നിലപാടുകൾ നിരപരാധികളുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകം മഹാമാരിയുടെ കനത്ത പ്രയാസങ്ങളിൽ ഉഴലുന്ന ഘട്ടത്തിൽ യുക്രെയിനിലെയും റഷ്യയിലെയും ജനങ്ങൾ നേരിട്ടും ലോകമൊട്ടുക്കുള്ള ജനങ്ങൾ പല രീതിയിലും യുദ്ധത്തിന് സാക്ഷിയാകേണ്ടിവന്നതിന് മൂന്നു നേതാക്കളെയാണ് മുഖ്യ ഉത്തരവാദികളായി പറയാൻ കഴിയുക.
ഒന്നാമത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ. ഇത്തരമൊരു അവസ്ഥ ഒഴിവാക്കാൻ സാധിക്കുമായിരുന്ന ക്ലാസിക്കൽ ഡിപ്ലോമസി കൈവിട്ടുകളഞ്ഞു അദ്ദേഹം. സംഘർഷാവസ്ഥ ഇല്ലാതിരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ റഷ്യയുമായി നേരിട്ടുള്ള സംസാരമായിരുന്നു നടത്തേണ്ടിയിരുന്നത്. അതിനുപകരം പൊതുവേദിയിൽ പരസ്യപ്രസ്താവനകളും വീമ്പുകളും ഉപരോധഭീഷണികളുമാണ് വൈറ്റ്ഹൗസിൽനിന്ന് പുറത്തുവന്നത്.
യുക്രെയിനിനുചുറ്റും വൻ സൈനികവിന്യാസം നടത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് അടുത്ത ഉത്തരവാദി. ബോൾഷെവിക് വിപ്ലവത്തിന്റെ സന്തതിയാണ് യുക്രെയിനെന്നും ആ രാജ്യത്തിന് നിലനിൽക്കാൻ അവകാശമില്ല എന്നുമുള്ള റഷ്യൻ പ്രസിഡന്റിന്റെ പ്രസ്താവന അനാവശ്യം മാത്രമല്ല, ചരിത്രപരമായ അബദ്ധവുമാണ്. യുക്രെയിൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിക്കും ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല. എല്ലാം നാറ്റോ നോക്കിക്കോളുമെന്നൊരു വ്യാമോഹത്തിന്റെ ചുഴിയിൽപെട്ടുപോയിരിക്കുന്നു അദ്ദേഹം. അത് അബദ്ധധാരണയാണ്. യുക്രെയിൻ നേരത്തേ നാറ്റോയിൽ അംഗത്വം കാംക്ഷിച്ച് പരാജയപ്പെട്ടതാണ്. നാറ്റോ ഇപ്പോഴവർക്ക് ആയുധങ്ങൾ നൽകും, പണം നൽകും, ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊടുക്കും; പക്ഷേ, യുക്രെയിൻ അഭിമുഖീകരിക്കുന്ന ഭീഷണി ഇല്ലാതാക്കിക്കൊടുക്കാൻ അവക്കൊന്നും കഴിയില്ല. റഷ്യക്കാവട്ടെ, അവിടെ സൈനികപരമായി പ്രാദേശിക മേൽകൈയുണ്ട് എന്നത് നേട്ടവുമാകും.
ബൈഡൻ ഇപ്പോൾ കാണിച്ച മണ്ടത്തം 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ ആവർത്തനമാണ്. അന്ന് യു.എസ്.എസ്.ആർ പ്രസിഡന്റ് നികിത ക്രൂഷ്ചേവും ക്യൂബൻ പ്രസിഡന്റ് ഫിദൽ കാസ്ട്രോയും തമ്മിലെ ചർച്ചയുടെ ഫലമായി മിസൈലുകൾ സ്ഥാപിച്ചതിന് യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി യുദ്ധഭീഷണിയും ഉപരോധവുമെല്ലാം മുഴക്കിയിരുന്നു. അന്നത്തെ കെന്നഡിയെ അനുസ്മരിപ്പിക്കുന്നു ബൈഡന്റെ പ്രവൃത്തികൾ.
വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം നയതന്ത്രത്തിൽ വരുത്തിയ വീഴ്ചതന്നെയാണ്. പരസ്പര ബഹുമാനത്തോടെ, അതേസമയം ആവശ്യമെങ്കിൽ സ്ഥൈര്യസ്വരത്തിൽതന്നെയാണ് നയതന്ത്ര ചർച്ചകൾ നടത്തേണ്ടത്. പ്രതിസന്ധികളെ ഒഴിവാക്കാൻ പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദ കൈമോശംവരുകയും പരസ്യമായി ഭീഷണിയും പോർവിളിയും മുഴക്കുന്ന തന്ത്രങ്ങൾ കൈയാളുകയും ചെയ്യുന്നത് ഒരിക്കലും കരണീയമല്ലതന്നെ.
ആഭ്യന്തരമായി പലവിധ പ്രശ്നങ്ങളെ നേരിടുന്ന പുടിനാകട്ടെ ഇത്തരമൊരു പ്രതിസന്ധിവഴി റഷ്യൻ ജനതയുടെ പിന്തുണയും സ്വീകാര്യതയും നേടാനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. അന്തമില്ലാത്ത ദുരിതംമാത്രം ലഭിക്കുന്ന യുദ്ധാവസ്ഥ സൃഷ്ടിച്ച് കൈവരിക്കുന്ന നേട്ടങ്ങൾ ഒരർഥത്തിലും ലോകത്തിന് ഗുണകരമാകില്ല.
വൻശക്തികൾ വീണ്ടും നേർക്കുനേർ നിൽക്കുന്ന ഈ അവസ്ഥ ഇന്ത്യയെ തീർച്ചയായും സമ്മർദത്തിലാഴ്ത്തും. യു.എസും റഷ്യയുമായി ഇന്ത്യ നിലവിൽ നല്ല ബന്ധമാണ് കാത്തുസൂക്ഷിച്ചുപോരുന്നത്; രണ്ടിടത്തുനിന്നും ആയുധങ്ങളും വാങ്ങുന്നുണ്ട്. നയതന്ത്രമെന്നാൽ ഒരേ സമയം ഒന്നിലേറെ കക്ഷികളുമായി നല്ല ബന്ധം തുടരാൻ കഴിയുക എന്നതാണ്. അത് തികച്ചും പ്രയാസകരമായ കാര്യമാണെങ്കിലും ഇന്ത്യൻ നയതന്ത്രം അതിന് പ്രാപ്തരാണ് എന്നുതന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ, നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്ന ചൈന-റഷ്യ ബന്ധത്തിനൊപ്പം പാകിസ്താനും ചേരുമെന്നത് ഇന്ത്യക്ക് ദോഷകരമായേക്കും. ആകയാൽ, ഈ സാഹചര്യത്തെ നയതന്ത്രപരമായി അതിജയിക്കുക എന്നത് പരമപ്രധാനമാണ്. നിലവിൽ ഇന്ത്യ സ്വീകരിച്ച നിലപാട് തികച്ചും ശരിയും ശ്രദ്ധേയവുമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ചൂണ്ടിക്കാണിച്ചതുപോലെ എല്ലാ കക്ഷികളും തികഞ്ഞ സംയമനം പുലർത്തുകയും മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്ത് പരിഹരിക്കുകയുമാണ് വേണ്ടത്.
യുക്രെയിനിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളുണ്ട്. അവരുടെ സുരക്ഷ പരമപ്രധാനമാണ്. ആ കുട്ടികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനോ അത് എളുപ്പത്തിൽ സാധ്യമല്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുവാനോ വേണ്ട അടിയന്തര വഴികൾ തേടേണ്ടതുണ്ട്.
(മൂന്നര പതിറ്റാണ്ടിലേറെ യു.എന്നിലും വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന അംബാസഡർ ഫാബിയാൻ 1990ലെ കുവൈത്ത് യുദ്ധവേളയിൽ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.