ശബരിമല: താൽക്കാലികമായെങ്കിലും ഗോദ്സെ ജയിക്കുന്നു
text_fieldsരണ്ടു ഹിന്ദുക്കൾ. മഹാത്മഗാന്ധിയും ഗോദ്സെയും. ഗാന്ധിജി സനാതന ഹിന്ദുവായപ്പോൾ ഗോദ്സെയിൽ മതം ഭ്രാന്തായി മാറി. ഗാന്ധിജിയിൽ മതം അഭേദബോധം അനുഭൂതി നിറച്ചപ്പോൾ ഗോദ്സെയിൽ ഭേദബോധം പേടി നിറച്ചു. ഞാൻ–എേൻറത്, ഞങ്ങൾ–ഞങ്ങളുടേത് എന്ന അവസ്ഥയിൽ തുടരുന്നവരെയാണ് ഗാന്ധിജി അറിഞ്ഞ ഹിന്ദുമതത്തിെൻറ കാഴ്ചയിൽ അജ്ഞർ. മൃഗങ്ങളിൽ കാണുന്ന പരിധിബോധവും വർഗക്കൂട്ടായ്മയും അതിനാലുണ്ടാവുന്നതാണ്. അതുകൊണ്ടാണ് മൃഗങ്ങൾ തങ്ങളുടെ അതിർത്തിയിലേക്ക് കയറുന്ന മറ്റു മൃഗങ്ങളെ കൂട്ടായി ആക്രമിക്കുന്നത്. ആ പരിധിബോധമാണ് പട്ടിയെ മനുഷ്യെൻറ കാവൽമൃഗമാക്കുന്നത്. ആ അജ്ഞതയുടെ ഇരുട്ടിൽനിന്ന് വ്യക്തിക്ക് പുറത്തേക്കുവരാനുള്ള വഴി ഹിന്ദുമതമായി മാറിയ ഈ രാജ്യത്തിെൻറ സംസ്കൃതി മുന്നോട്ടുവെക്കുന്നതാണ്. ആ വഴിയിലൂടെ നേടിയ സ്വാതന്ത്ര്യമാണ് ഗാന്ധിജിയെ സനാതന ഹിന്ദുവാക്കിയത്.
അതാകട്ടെ, ഉപനിഷത്തുക്കളിൽനിന്നാണ് ഗാന്ധിജി കരസ്ഥമാക്കിയത്. ആ ആത്യന്തിക സത്യത്തിെൻറ നുകരലായിരുന്നു ഗാന്ധിജി ദേശീയപ്രസ്ഥാനത്തിൽ പ്രയോഗിച്ചത്. അതിെൻറ രാഷ്ട്രീയ മുഖമായിരുന്നു അഹിംസ. സ്വന്തം മുത്തച്ഛനെയും സഹോദരങ്ങളെയും ഒക്കെ കണ്ടപ്പോൾ തളർന്നുപോയ അർജുനനോട്, ഷണ്ഡത്വം വെടിഞ്ഞ് ആണുങ്ങളെപ്പോലെ യുദ്ധം ചെയ്യടോ എന്ന് ഉദ്ഘോഷിക്കുന്ന ഒന്നാന്തരം യുദ്ധ മാന്വൽ പോലെയുള്ള ഭഗവദ്ഗീത കക്ഷത്തുെവച്ചുകൊണ്ടാണ് ഗാന്ധിജി അഹിംസ പ്രയോഗിച്ചത്. പ്രയോഗസംഹിതയായ ഗീതയുടെ തത്ത്വവും അഹിംസതന്നെ. അതറിയാൻ കഴിയാതെ വരുന്നതുകൊണ്ടാണ് ഗാന്ധിജി മനസ്സിലാക്കപ്പെടാതെ വെറും വിഗ്രഹസമാനമായി മാത്രം ആരാധിക്കപ്പെട്ടുപോകുന്നത്. ഗാന്ധിസം അപ്രായോഗികമെന്നും തോന്നുന്നത് അതിനാലാണ്. ഇന്ത്യൻ ഭരണഘടന രൂപത്തിൽ ബ്രിട്ടീഷ് മാതൃകയിലാണെങ്കിലും അതിെൻറ ആത്മാവ് ഭാരതത്തിേൻറതാണ്. ആ ആത്മാവിനെ വ്യംഗ്യമായി നിക്ഷേപിക്കുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് ഭരണഘടനാശിൽപിയായിരുന്ന ഡോ. ബി.ആർ. അംബേദ്കറുമായിരുന്നു.
ഭരണഘടനയിൽ വ്യംഗ്യമായി ഉള്ളതിനെ ആഖ്യാനിക്കുക(വ്യാഖ്യാനം)യാണ് സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ചിെൻറ ദൗത്യം. മാർ ക്രിസോസ്റ്റം തിരുമേനി ഏതാനും വർഷം മുമ്പ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു- ‘‘നിങ്ങൾ സത്യവും വസ്തുതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം.’’ തിരുമേനി പറഞ്ഞതുപോലെ സത്യ-വസ് ശബരിമലയിലെ സ്ത്രീകളുടെ രജസ്വലകാല പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന െബഞ്ചിെൻറ വിധി വെറും വസ്തുക്കാഴ്ചയിൽ ഒതുങ്ങിപ്പോയി. ഒരുവിധ ഭേദവും സത്യമല്ല എന്ന പരമസത്യപ്രഖ്യാപനമാണ് ഉപനിഷദ് രഹസ്യം. സ്ത്രീയും പുരുഷനും ശരീരത്തിലൂടെ കാണപ്പെടുമ്പോൾ മാത്രമാണ് അടയാള(ലിംഗം)ത്തിലൂടെ ഭേദം അനുഭവപ്പെടുക. സ്ത്രീയിലും പുരുഷനിലും ഉൾെപ്പടെ സകല ചരാചരങ്ങളിലുമുള്ള ചൈതന്യം ഒന്നു മാത്രം, അതു മാത്രമേ ഉള്ളൂ, അതാണ് സത്യം, അതു നീയാണ് -തത്ത്വമസി -എന്ന ഉപനിഷദ് തത്ത്വത്തിെൻറ പ്രകാശിത രൂപമാണ് ശബരിമല സന്നിധാനം. പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നതും അതാണ്. തത്ത്വം എന്ന വാക്കിെൻറ ആവിർഭാവവും ഈ അറിവിൽനിന്നാണ്. വകുപ്പുകളിലൂടെ സമത്വം ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിന്നിലെ തത്ത്വം നീതിയുടേതാണ്. ദേദമില്ലായ്മയുടെ നീതിക്കാഴ്ചയുടെ പശ്ചാത്തലത്തിൽനിന്ന് സമത്വത്തിെൻറ ന്യായത്തെ കാണാൻ ഭരണഘടന െബഞ്ചിന് കഴിഞ്ഞിരുന്നുവെങ്കിൽ വധി നമ്മുടെ സമൂഹത്തെ മൂടിയിരിക്കുന്ന അജ്ഞതയുടെ ഒരു ചെറിയ പാളിയെങ്കിലും നീക്കുന്നതാകുമായിരുന്നു.
വിഷയത്തിെൻറ ഗുണദോഷ(മെറിറ്റ്)ത്തിലേക്ക് കടക്കുന്നതിൽ ഭരണഘടന െബഞ്ച് പരാജയപ്പെട്ടു. ക്ഷേത്രസങ്കൽപവും അതിെൻറ പിന്നിലെ ശാസ്ത്രവും അറിഞ്ഞാൽ മാത്രമേ അതിനു കഴിയുകയുള്ളൂ. വിഷയത്തിെൻറ ഗുണദോഷത്തിലേക്കു പോകുകയാണെങ്കിൽ ഭരണഘടനയുടെ വെളിച്ചത്തിൽ ഏറ്റവും വലിയ അനീതി ക്ഷേത്രങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന ബോർഡും മറ്റു മതസ്ഥർക്ക് ഇപ്പോഴും ക്ഷേത്രപ്രവേശനത്തിനുള്ള വിലക്കുമാണ്. ഭരണഘടനയുടെ ആത്മാവിെൻറ പ്രഖ്യാപനംകൂടിയാണ് ശബരിമല. ഒരു പഞ്ചായത്തിൽപോലും ഒരേ സമുദായത്തിൽപെട്ട ഹിന്ദുക്കളിൽ വിഭിന്നങ്ങളായ ആചാരങ്ങളുണ്ട്. അങ്ങനെയുള്ള അനേക ലക്ഷം ആചാരങ്ങളിൽ മറ്റൊന്നു മാത്രമെന്ന നിലയിലേ മറ്റു മതാചാരങ്ങളെ ഹിന്ദുമതത്തിന് കാണാൻ കഴിയുകയുള്ളൂ എന്ന് മുൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞത് അതിനാലാണ്. ആ ഉൾക്കൊള്ളലിെൻറ ഉദാഹരണമാണ് ശബരിമല. ബുദ്ധ പാരമ്പര്യം, സന്നിധാനത്ത് വാവരുടെ സാന്നിധ്യം, അർത്തുങ്കൽ പള്ളിയിലെത്തി മാലയൂരുക ഇതെല്ലാം സാമൂഹികമായിതന്നെ ശബരിമല പ്രയോഗത്തിലൂടെ കാണിച്ചുതരുന്നു.
വിരമിച്ച ശേഷം ദൽഹിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ലിംഗസമത്വത്തിനുവേണ്ടി വാദിച്ചു. പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ ആ കാഴ്ചപ്പാട് വിദ്യാസമ്പന്നരിലും പണ്ഡിതരെന്ന് കരുതപ്പെടുന്നവരിലും രൂഢമൂലമാകുന്നതിെൻറ ഉദാഹരണം കൂടിയായി അത്.
ശബരിമല എന്തുകൊണ്ട് വ്യത്യസ്തമാകുന്നു
ലോകത്തുള്ള എല്ലാ ക്ഷേത്രസങ്കൽപങ്ങളിൽനിന്നും വ്യത്യസ്തമാണ് ശബരിമലയിലേത്. സത്തിനെ നിക്ഷേപിച്ചിരിക്കുന്ന ഇടം സന്നിധാനം. അതിനാൽ ശബരിമല ക്ഷേത്രമെന്ന പ്രയോഗംപോലും ഉചിതമല്ല. ആ ഉപനിഷദ് സത്താണ് തത്ത്വമസി. അതു മാത്രമാണ് ഇപ്പോഴത്തെ കോലാഹലങ്ങളിൽ ചർച്ചചെയ്യപ്പെടാതെ പോകുന്നത്. സത്യാന്വേഷണത്തിൽ മുഴുകാൻ താൽപര്യമുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ളതുമാണ് സന്നിധാനം. അതുകൊണ്ടാണ് വളരെ വ്യത്യസ്തമായ ആചാരങ്ങൾ ശബരിമല ദർശനത്തിനുള്ളത്.
ശബരിമലയിലെ ഏറ്റവും വലിയ അനാചാരമായി മാറിയത് ദേവസ്വം ബോർഡിെൻറ അജ്ഞതയിൽനിന്നുള്ള നടപടിയാണ്. അതിെൻറ ഫലമായാണ് മാസപൂജക്ക് നടതുറക്കൽ. മറ്റെല്ലാ ക്ഷേത്രങ്ങളിലും മൂർത്തിയെ ധ്യാനിച്ചുകൊണ്ട് ഭക്തരായി ക്ഷേത്രദർശനം നടത്തുമ്പോൾ ശബരിമല ചവിട്ടേണ്ടത് മൂർത്തിയായ അയ്യപ്പനായിതന്നെയാണ്. എന്നുവെച്ചാൽ ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പനെ കാണുകയല്ല ലക്ഷ്യം. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന കറുപ്പ് വേഷം ഭൗതിക ലോകത്തുനിന്ന് ഇന്ദ്രിയങ്ങളെ പിൻവലിക്കലാണ്. ഒന്നിനെയും ആഗിരണം ചെയ്യാതെ എല്ലാത്തിനെയും പ്രതിഫലിപ്പിക്കുന്ന വെളുപ്പുനിറം പ്രതിനിധാനം ചെയ്യുന്ന ഉൺമയെ അകത്ത് ദർശിച്ച് അതായി മാറുമ്പോഴാണ് സ്ത്രീയും പുരുഷനുമല്ലാത്ത ആ ചൈതന്യത്തിെൻറ അനുഭൂതി ആസ്വദിക്കാൻ കഴിയുന്നത്.
ആർത്തവവും അബദ്ധ ധാരണയും
സുപ്രീംകോടതി ഭരണഘടന െബഞ്ചിനു പോലും ശബരിമല തത്ത്വം പിടികിട്ടാത്ത അവസ്ഥയിൽ സാധാരണ മനുഷ്യരുടെയിടയിൽ വളരാൻ സാധ്യതയുള്ള അബദ്ധ ധാരണകളും അതിെൻറ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളും ഉൗഹിക്കാവുന്നതേ ഉള്ളൂ. ശബരിമലക്കു പോകാൻ തയാറാകുന്നവരെ അയ്യപ്പൻ എന്നാണ് വിളിക്കുന്നത്. അതു സ്ത്രീയായാലും പുരുഷനായാലും അയ്യപ്പനാണ്. അയ്യപ്പനാകണം. മീശപിരിച്ചുള്ള ആണുൾപ്പെടുന്ന പ്രകൃതിയെ സ്ത്രീയായും ആ പ്രകൃതിയെക്കുറിച്ചുള്ള ബോധത്തെ പുരുഷനായുമാണ് ഉപനിഷദ് കാണുന്നത്. ശുദ്ധബോധമാണ് പുരുഷൻ എന്നു ചുരുക്കം. പുരുഷനെ അറിയാൻ പറ്റാതെപോയ പുരുഷകേസരികളിലൂടെ അബദ്ധാചാരങ്ങൾ എങ്ങനെ സംഭവിച്ചെന്ന് ഇത് മനസ്സിലായാൽ കാണാം. സ്ത്രീകളെ മാളികപ്പുറമെന്ന് അഭിസംബോധന ചെയ്യുന്നതും ശബരിമലയുടെ കാഴ്ചയിൽ ശരിയല്ല. സ്ത്രീ-പുരുഷ ഭേദബോധ മുക്താവസ്ഥയായ ആ അയ്യപ്പെൻറ അവസ്ഥയിലേക്ക് രജസ്വലകളായ സ്ത്രീകളെ മല ചവിട്ടുന്നതിൽനിന്ന് ഒഴിവാക്കിയത് വിലക്കിെൻറ ഭാഗമായിട്ടാവില്ല. വിലക്കിെൻറ രൂപത്തിൽ സമീപകാലത്താണ് വന്നത്. പ്രപഞ്ചതാളത്തിെൻറ സ്പന്ദനമായി പ്രകൃതി ഇരുപത്തിയെട്ടാം നാളിൽ സ്ത്രീയിൽ ആർത്തവമായി പ്രത്യക്ഷപ്പെടുമ്പോൾ ഇന്ദ്രിയങ്ങളെ സാധാരണ നിലയിൽ ഉൾവലിച്ച് നിലകൊള്ളുന്നത് ശരീരത്തെയും മനസ്സിനെയും സംഘർഷത്തിലും സംഘട്ടനത്തിലുമാക്കും. ചിലരിൽ ആർത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥതകളും വേദനയുമൊക്കെ ഓർത്താൽ അറിയാൻ കഴിയും. ആരോഗ്യമുള്ള സമൂഹസൃഷ്ടിയിൽ താൽപര്യമുള്ള സമൂഹം ആർത്തവദിനങ്ങളിൽ സ്ത്രീക്ക് പൂർണ വിശ്രമം അനുവദിക്കുകയാണ് വേണ്ടത്..
ഭരണഘടന െബഞ്ചിെൻറ മുന്നിൽ അനുകൂലമായും പ്രതികൂലമായും വാദിച്ചവർക്കും ഭരണഘടന െബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും വിയോജനവിധിയെഴുതിയ ജഡ്ജി ഇന്ദു മൽഹോത്രക്കും ഇപ്പോൾ തെരുവിൽ പ്രക്ഷോഭം നടത്തുന്നവർക്കുംഈ വിഷയത്തെ രാഷ്ട്രീയമായി വിനിയോഗിക്കാൻ ശ്രമിക്കുന്നവർക്കും വിധി നടപ്പാക്കുമെന്ന് പറയുന്ന സർക്കാറിനും യഥാർഥത്തിൽ തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നില്ല. ഭേദവും വർഗവ്യത്യാസവും വിഭാഗീയതയും ശത്രുതയും സംഘർഷവും അജ്ഞതയും തുടങ്ങി അശാന്തിയുടെ പ്രളയത്തിരകൾ അണപൊട്ടിയൊഴുകുകയാണിപ്പോൾ കേരളത്തിൽ. താൽക്കാലികമായെങ്കിലും ഗാന്ധിജി പരാജയപ്പെടുകയും ഗോദ്സെ വിജയിക്കുകയും ചെയ്യുന്നു. ആത്യന്തിക വിജയം ഗാന്ധിജിക്കുതന്നെയായിരിക്കും. ഒരുപക്ഷേ ഇപ്പോൾ അന്തരീക്ഷത്തിൽ മുഖരിതമായ ശരണംവിളികൾ അജ്ഞതയുടെ മൂടുപടം പൊട്ടിച്ചേക്കാം. അങ്ങനെയെങ്കിൽ കേരളത്തിന് അഭിമാനപൂർവം അത് ലോകത്തോടു പറയാം, പ്രപഞ്ചസത്യപ്രകാശനത്തിെൻറയും അതിെൻറ അടിസ്ഥാനത്തിലുള്ള സാർവലൗകികജ്ഞാനമായ
ഭാരതസംസ്കൃതിയുടെയും ഗിരിശൃംഗമാണ് ശബരിമല. അഭേദ ദർശനത്തിെൻറ സന്നിധാനം. അതാണ് കേരളത്തെ ദൈവത്തിെൻറ സ്വന്തം നാടാക്കുന്നതെന്ന്. അല്ലാതെ ദൈവവിശ്വാസം വ്യക്തിയെയും സമൂഹത്തെയും സംഘർഷത്തിലേക്കും സംഘട്ടനത്തിലേക്കും നയിക്കുന്നതാകരുത്.
(മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.