കോടതി കാണാനിരിക്കുന്ന ശബരിമല കാഴ്ചകൾ
text_fieldsബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ആത്മമിത്രമായ കേരള ഗവർണർ പി. സദാശിവം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി ശബരിമലയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ക്രമസമാധാന നില ആരാഞ്ഞതിൽ ആർക്കും ഒരമ്പരപ്പും തോന്നിയില്ല. അമിത് ഷായുടെ മകെൻറ വിവാഹ സൽക്കാരത്തിൽപോലും ഒഴിച്ചുകൂടാനാവാത്ത വിശിഷ്ടാതിഥിയാകുന്ന തരത്തിലുള്ള ഇഴയടുപ്പം സദാശിവത്തിന് ഉള്ളതുകൊണ്ടാണത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഒരു മുൻ ചീഫ് ജസ്റ്റിസിനും ലഭിക്കാത്ത സൗഭാഗ്യം കൈയിൽവെച്ചുതന്നതിന് നിർണായകമായ ഇത്തരം ഘട്ടങ്ങളിലാണ് ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർക്കും തങ്ങളിൽനിന്നുള്ള പ്രതീക്ഷക്കൊത്ത് ഉയരാനാവുക. തന്നെ ഗവർണറായി നിയമിച്ച പാർട്ടിതന്നെ താനിരുന്ന പരമോന്നത കോടതിയുടെ ചരിത്രപരമായ വിധി വെല്ലുവിളിച്ച് തെരുവിലിറങ്ങിയതിനെ തുടർന്ന് ഭംഗം വന്ന ക്രമസമാധാന നില വിലയിരുത്താനാണ് ഗവർണർ ഡി.ജി.പിയെ വിളിച്ചത് എന്നതാണ് ഇതിെൻറ വിരോധാഭാസം.
10നും 50നുമിടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ശബരിമല ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി കർശനമായി നടപ്പാക്കണമെന്നും സന്നിധാനത്ത് എത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങിെൻറ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സർക്കാറിന് നിർദേശമയച്ചതിന് പിറകെയാണ് ഡി.ജി.പിക്കായുള്ള ഗവർണറുടെ വിളി.
ബി.ജെ.പിയുടെ സർക്കാർ കനത്ത സുരക്ഷ നൽകി കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടുറോഡിൽ അക്രമ സമരത്തിനിറങ്ങിയത് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയാണ് എന്നതാണ് അതിലേറെ കൗതുകകരം. ശബരിമലയിൽ എന്തുവില കൊടുത്തും സ്ത്രീകളെ കയറ്റി കോടതി വിധി നടപ്പാക്കണമെന്ന് ഇനിയൊരു നിർദേശംകൂടി മുൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്ങിെൻറ മന്ത്രാലയം നൽകിയാൽ അത്ഭുതപ്പെടാനില്ല. കാരണം, ആ നിർദേശം തങ്ങളുടെ തനത് പ്രതിഷേധ മുറയായ ‘ആൾക്കൂട്ട ആക്രമണം ഉപയോഗിച്ച് തെരുവിൽ തടയണമെന്ന് അതേ ദേശീയ നേതാവിന് കീഴിലുള്ള സംസ്ഥാന കമ്മിറ്റി കേരളത്തിൽ തീരുമാനിക്കും.
പുനഃപരിശോധനക്കായി സമർപ്പിച്ച ശബരിമല വിധിക്കെതിരായ ഡസൻകണക്കിന് ഹരജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പരിഗണനക്കെടുക്കുന്ന ദിവസത്തിനാണ് ഇനി നാം കാത്തിരിക്കേണ്ടത്. സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള ഭരണഘടന ബെഞ്ചിെൻറ വിധി നടപ്പാക്കാൻ കർശന നിർദേശം നൽകിയതിെൻറ പകർപ്പ് ചീഫ് ജസ്റ്റിസിനു കൈമാറാൻ ഒരു പക്ഷേ അറ്റോണി ജനറൽതന്നെയായിരിക്കും നേരിെട്ടത്തുക. അതെ, ശബരിമല കേസും കോടതിയും പിരിഞ്ഞശേഷം നാലംഗ ബെഞ്ചിെൻറ ഭൂരിപക്ഷ വിധിക്കൊപ്പമല്ല, ഏക അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിക്കൊപ്പമാണ് താൻ എന്ന് പറഞ്ഞ മലയാളിയായ കെ.കെ. വേണുഗോപാൽതന്നെ.
ആ സമയത്ത് പിണറായി നയിക്കുന്ന കേരളത്തിലെ ഇടത് സർക്കാറിനെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകന് വിധി നടപ്പാക്കാൻ അനുവദിക്കാത്തത് ബി.ജെ.പിയാണെന്ന് പറഞ്ഞൊഴിയാൻ കഴിയുമോ അത് കോടതി അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഏതായാലും തങ്ങളുടെ ഭാഗം സേഫ് ആക്കിയാണ് ബി.ജെ.പി ശബരിമലയിലെ ഇക്കളിയെല്ലാം കഴിഞ്ഞും കോടതിയിലെത്തുക. പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങളെല്ലാം ‘ചുനാവീ ജുംല’കളാണെന്ന് ചിരിച്ചുതള്ളുന്ന സംഘ് പരിവാർ കാലത്ത് ഇത് അവസരവാദപരമല്ലേ എന്ന ആത്മരോഷം കൊണ്ടൊന്നും കോടതിയിൽ രക്ഷപ്പെടാനാവില്ല.
ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹരജിയുമായെത്തിയ രണ്ട് ഡസനോളം ഹരജികളെ നേരിടാൻ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന ഹരജിയുമുണ്ട്.
ആർ.എസ്.എസ് പ്രഖ്യാപനവും
കേന്ദ്ര സർക്കാർ നിലപാടും
സുപ്രീംകോടതിയിൽ കേസ് നടക്കുന്ന കാലഘട്ടത്തിലാകെട്ട സ്ത്രീപ്രവേശനത്തെ എതിർത്ത കക്ഷികളുടെ കൂട്ടത്തിൽ ബി.ജെ.പി മാത്രമല്ല, അതിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസോ അതിെൻറ പോഷക സംഘടനകളോ ഒന്നും തന്നെയില്ല. ആർ.എസ്.എസ് കോടതിക്ക് പുറത്ത് സ്വീകരിച്ച നിലപാടാകെട്ട, രാജ്യത്തെ എല്ലാ േക്ഷത്രങ്ങളിലുമെന്ന പോലെ ശബരിമലയിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നതായിരുന്നു. ഇക്കാര്യം അർഥശങ്കക്കിടയില്ലാത്ത വിധം ആർ.എസ്.എസ് പരസ്യമായി പ്രഖ്യാപിച്ചു.
വിവിധ മത വിഭാഗങ്ങളുടെ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും സിവിൽ നിയമങ്ങൾക്കും സുപ്രീംകോടതിയിലൂടെ ഏകീകരണം കൊണ്ടുവന്ന് ക്രമാനുഗതമായി ഏക സിവിൽ കോഡിലേക്ക് രാജ്യത്തെ വഴി നടത്തിച്ച് ഇന്ത്യയെ സമ്പൂർണ ഹിന്ദു രാഷ്ട്രമാക്കാൻ പണിയെടുക്കുന്ന ആർ.എസ്.എസിന് അതിനായുള്ള ഒരു കേസായിരുന്നു ശബരിമലയിലേതും. ഉത്തരേന്ത്യൻ ബ്രാഹ്മണർ നിയന്ത്രിക്കുന്ന ആർ.എസ്.എസിന് തെന്നിന്ത്യയിലെ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെക്കാൾ വലുതാണ് ഹിന്ദുത്വ ഭാരതത്തിലേക്കുള്ള ഇൗ ഏകീകരണം.സുപ്രീംകോടതിയിൽ ശബരിമല കേസ് നടന്നുകൊണ്ടിരിക്കേ രാജ്യം ഭരിക്കുന്നവരുടെ നിലപാട് ഇൗ തരത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നതുകണ്ട് തന്നെയാണ് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒന്നിനെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷത്തിന് ചരിത്രവിധി പുറപ്പെടുവിച്ച ദിവസവും തങ്ങളുടെ നിലപാടിലുറച്ചുനിന്ന് ആർ.എസ്.എസ് അതിനെ സ്വാഗതം ചെയ്തത്.
ചിത്രത്തിലിതുവരെ
ഇല്ലാതിരുന്ന കക്ഷികൾ
ബി.ജെ.പി ദേശീയ^സംസ്ഥാന നേതൃത്വങ്ങളുടെ പരസ്പരമുള്ള ഇൗ കൊടുക്കൽ വാങ്ങലുകൾ ഉറക്കം കെടുത്തുന്നത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ മാത്രമല്ല, സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ മലയാളികളുടേതുമാണ്. 10നും 50നുമിടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ശബരിമല ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകി അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ രാജ്യം ഭരിക്കുന്ന കക്ഷിതന്നെ അനുവദിക്കാത്ത അത്യപൂർവമായ സാഹചര്യമാണ് കേരളത്തിൽ സംജാതമായിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനായുള്ള ഹരജി പരിഗണിച്ച് വിധി പുറപ്പെടുവിക്കുന്ന ദിവസം വരെ ഭാരതീയ ജനത പാർട്ടി എന്ന ഒരു കക്ഷി കേസിെൻറ ചിത്രത്തിലേ ഇല്ലായിരുന്നു. നിലക്കലും പമ്പയിലും മരക്കൂട്ടത്തും ഇപ്പോൾ തമ്പടിച്ച് ആൾക്കൂട്ട ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാർ നേതാക്കളിലാരെയെങ്കിലും ശബരിമല കേസ് നടക്കുന്ന കാലത്ത് സുപ്രീംകോടതിയുടെ പരിസരത്തുപോലും കണ്ടിട്ടില്ല. ശബരിമല സമരത്തിനിറങ്ങി പ്രയോഗതലത്തിൽ സംഘ് പരിവാറിെൻറ ബി ടീമായി മാറിയ കോൺഗ്രസിലെ രമേശ് ചെന്നിത്തലയും കെ. സുധാകരനും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കളും സുപ്രീംകോടതിയുടെ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കേരളത്തിലെ ഒാരോ ഹിന്ദു മത വിശ്വാസിയുടെയും ഉത്കണ്ഠ നെഞ്ചിലേറ്റിയ ഇൗ നേതാക്കളിെലാരാൾപോലും ശബരിമല കേസ് എന്താകുമെന്ന ആധിയിൽ അഞ്ചംഗ ബെഞ്ചിരുന്ന ഒന്നാം നമ്പർ കോടതിയുടെ സന്ദർശക ബെഞ്ചിലിരുന്നിട്ടില്ല.
എന്നാൽ, ശബരിമലയിൽനിന്ന് ഇപ്പോൾ എഴുന്നേൽക്കാത്ത ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും കേരളത്തിലെ ഇേത നേതാക്കൾ കേസ് നടക്കുന്ന കാലങ്ങളിലും ഡൽഹിയിൽ തേരാപാര നടക്കുന്നത് കണ്ടിട്ടുണ്ട്. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും അധ്യക്ഷസ്ഥാനങ്ങളിലെത്താനും നന്നെ ചുരുങ്ങിയത് പാർട്ടിയിലെ എതിരാളിക്ക് പാര പണിയാനെങ്കിലും ഇവർ ഇക്കാലങ്ങളിൽ നിരന്തരം ഡൽഹിയിൽ വന്നുപോയിട്ടുണ്ട്. തങ്ങളെ ബാധിക്കുന്ന മറ്റെല്ലാ കേസുകൾക്കും ഇവർ സുപ്രീംകോടതിയിൽ വന്ന് കാത്തുകെട്ടിക്കിടന്നതിനും സാക്ഷിയായിട്ടുണ്ട്. കേരള ഹൗസ് നിൽക്കുന്ന ജന്തർ മന്തർ റോഡിൽനിന്ന് കേവലം 10 മിനിറ്റുകൊണ്ട് എത്താവുന്ന ഭഗവാൻദാസ് റോഡിലെ സുപ്രീംകോടതിയിൽ നടക്കുന്ന ശബരിമല കേസിലേക്ക് അക്കാദമിക് താൽപര്യത്തിനുപോലും തിരിഞ്ഞുനോക്കാത്തവരാണിപ്പോൾ സംഘ്പരിവാറിെൻറ ആൾക്കൂട്ട ആക്രമണങ്ങളിൽ കലാശിക്കുന്ന സമരാഹ്വാനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സുപ്രീംകോടതി അഭിഭാഷകൻ
ഡി.ജി.പിക്ക് അയച്ച പരാതി
വലിയ ക്രമസമാധാന പ്രശ്നമായതോടെ ഏത് വിധേനയും ശബരിമലയിലെ സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയാൽ അതോടെ തീരുന്നതല്ല ഇനി കേരള സർക്കാറിെൻറ ഉത്തരവാദിത്തം. മറ്റൊരു ഭാരിച്ച കോടതി വിധികൂടി നടപ്പാക്കാനുള്ള ബാധ്യതകൂടി കേരള സർക്കാറിെൻറ ചുമലിൽ വന്നുചേർന്നിരിക്കുന്നു. ശബരിമല കേസിലെ വിധിയോട് അടുപ്പിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മറ്റൊരു ചരിത്രവിധിയാണത്. പ്രതിഷേധത്തിെൻറ േപരിൽ തെരുവിലഴിഞ്ഞാടുന്ന ആൾക്കൂട്ടങ്ങൾ നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആ സമരങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കളിൽ ചുമത്തി അവരിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന വിധിയാണത്.
ആ നിയമ നടപടിയുടെ പ്രഥമ ചുവടുവെപ്പ് സുപ്രീംകോടതിയിലെ മലയാളിയായ അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ നടത്തിക്കഴിഞ്ഞു.
ശബരിമല വിധിയോട് കാണിച്ച കോടതിയലക്ഷ്യത്തിനും അതിെൻറ പേരിൽവരുത്തിയ കോടികളുടെ നാശനഷ്ടത്തിനും സുപ്രീംകോടതിയുടെതന്നെ വിധിയുടെ അടിസ്ഥാനത്തിൽ അതിന് ആഹ്വാനംചെയ്തവർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് അഡ്വ. സുഭാഷ് ചന്ദ്രൻ. അതിെൻറ ഭാഗമായാണ് കഴിഞ്ഞ 18ന് പുലർച്ച ഡി.ജി.പിക്ക് ഇ-മെയിലായി ഒരു പരാതി അയച്ചിരിക്കുന്നത്.
‘‘ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 2018 ഒക്ടോബർ 17ന് പത്തനംതിട്ട ജില്ലയിലെ നിലക്കലിലും പമ്പയിലും ശബരിമല പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമസമരം പ്രഥമദൃഷ്ട്യാ സുപ്രീംകോടതി അലക്ഷ്യമാണ്’’ എന്നാണ് പരാതി തുടങ്ങുന്നത്. അതിങ്ങനെ തുടരുന്നു: ‘പ്രസ്തുത ആൾക്കൂട്ട അക്രമങ്ങളിൽ സ്ത്രീകളുൾെപ്പടെ പത്തോളം മാധ്യമ പ്രവർത്തകർക്കും പതിനഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥർക്കും അഞ്ചോളം വരുന്ന അയ്യപ്പഭക്തർക്കും പരിക്കേറ്റിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഉത്തരവാദപ്പെട്ട നേതാക്കളുടെ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള സമര ആഹ്വാനങ്ങളാണ് വൻ അക്രമങ്ങൾക്കും കലാപത്തിനും വഴിവെച്ചത്. ആൾക്കൂട്ട അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കൾക്കും സംഘടനകൾക്കും ഒറ്റക്കും കൂട്ടായും ഉത്തരവാദിത്വമുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും 2009ലെയും ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിലെയും വിധികളിലൂടെ സുപ്രീംകോടതി സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചിട്ടുണ്ട്.’
തുടർന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിൽ അടുത്തിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മാർഗരേഖ വിപുലീകരിച്ച് പുറപ്പെടുവിച്ചത് ഡി.ജി.പിയെ പ്രത്യേകം ഒാർമിപ്പിച്ചിട്ടുണ്ട്. ‘ഏതെങ്കിലുമൊരു സംഘടനയുടെ വക്താവോ സംഘടനയോ സമൂഹ മാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായാൽ ഐ.പി.സി 153എ, 295 എ, 298, 425 പ്രകാരം നടപടി എടുക്കുക. പ്രതിഷേധങ്ങൾ അക്രമാസക്തമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കൾക്കാണ്. ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കളും ഭാരവാഹികളും ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുക. പൊതു/സ്വകാര്യ മുതൽ നശിപ്പിക്കുന്ന പ്രതിഷേധങ്ങൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടിയെടുക്കുക. ആക്രമണം നടത്തുന്നവർ ഇരയായവർക്കു നഷ്ടപരിഹാരം നൽകുക’ എന്നു തുടങ്ങി ഒാരോ മാർഗനിർദേശവും അക്കമിട്ടാണ് ഡി.ജി.പിക്കു മുമ്പാകെ സുഭാഷ് നിരത്തിയിരിക്കുന്നത്.
ഇതുകൂടാതെ തെൻറ നാടായ കുറ്റിപ്പുറത്ത് ശബരിമല സമരക്കാർ നടത്തിയ അക്രമത്തിൽ സമാന നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനും ഇതോടൊപ്പം ഇതേദിവസം സുഭാഷ് മറ്റൊരു പരാതി നൽകിയിട്ടുണ്ട്. അതിലും ഡി.ജി.പിയോട് പറഞ്ഞ സുപ്രീംകോടതി വിധി ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.