ശബരിമല ഹരജിയിൽ രാഷ്ട്രീയക്കാർ കക്ഷികളല്ല
text_fieldsസുപ്രീംകോടതിയിൽ ഒരു വ്യാഴവട്ടം പിന്നിട്ട ശബരിമല കേസിലെ അന്തിമ വിധി േകരളത്തി ലെ ഏറ്റവും വലിയ രാഷ്ട്രീയ കോലാഹലമായി മാറിയ വേളയിൽ 2006ൽ ഇത്തരമൊരു നിയമയുദ്ധത്തിന് തുടക്കമിട്ട മൂന്നു പേരെയും ഒരുമിച്ചിരുത്തി നടത്തിയ സംഭാഷണം. 12 വർഷംമുമ്പ് ശബരിമലയിൽ യുവതിപ്രവേശനത്തിനായി ഹരജി നൽകിയ അന്നത്തെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭക്തി പ്രസീജ സേഥി, സുപ്രീംകോടതി ബാർ അസോസിയേഷൻ ട്രഷറർ ലക്ഷ്മി ശാസ്ത്രി, എക്സിക്യൂട്ടിവ് അംഗം പ്രേരണ കുമാരി എന്നിവരാണ് സംഭാഷണത്തിൽ...
●താങ്കളാണ് സുപ്രീംകോടതിയിൽ ശബരിമല റിട്ട് ഹരജിക്ക് ആദ്യം മുന്നോട്ടുവരുന്നത്
ഭക്തി പ്രസീജ സേഥി: തീർച്ചയായും അതേ. 2001ൽ സുപ്രീംകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ ആളാണ് ഞാൻ. 2006ൽ ശബരിമലയിൽ നടന്ന ആ സംഭവം ഞങ്ങളെെല്ലാവരെയും ഞെട്ടിച്ചു. 1987ൽ ശബരിമല ക്ഷേത്രത്തിൽ പോയ െതന്നിന്ത്യൻ നടി ജയമാല 2006ൽ ആ വിവരം വെളിപ്പെടുത്തി. ആ വെളിപ്പെടുത്തലിനെ തുടർന്ന് ശബരിമലയിൽ ശുദ്ധികലശം നടന്നു. ഇൗ വാർത്ത വ്യാപകമായി വന്നു. ചാനലുകളെല്ലാം ഇവ വലിയ വാർത്തയായി നൽകി. ശിവാനി പണ്ഡിറ്റ്, ബർഖ ദത്ത് എന്നിവർ ശബരിമലയിൽ നടന്ന ഇൗ സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. ഒരു സ്ത്രീ അവിടെ പോയതിന് ശുദ്ധീകരണം നടത്തേണ്ടിവന്നത് അന്തസ്സാരശൂന്യവും അംഗീകരിക്കാൻ കഴിയാത്തതുമായിരുന്നു. വ്യക്തിപരമായി ഞാനാണ് ഇക്കാര്യത്തിൽ ആദ്യം താൽപര്യമെടുത്തത്. പ്രേരണകുമാരി: ഒന്നുകൂടി വ്യക്തത വരുത്താം. ആ സമയത്ത് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു ഭക്തി പ്രസീജ സേഥി. ഭക്തി സേഥിയെ കൂടാതെ ഞാനും, ലക്ഷ്മി ശാസ്ത്രി, സുധാപാൽ, അൽക ശർമ എന്നിവരും വ്യക്തിപരമായി വേറെ ഹരജി നൽകാനും തീരുമാനിച്ചു. ഭക്തി പ്രസീജ സേഥി: ഞാൻ രണ്ടു ഹരജികൾ നൽകി. ഒന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ. എെൻറ പേരിൽ വ്യക്തിപരമായി മറ്റൊന്നും.
●പിന്നീട് എവിടെനിന്നാണ് നൗഷാദ് അഹ്മദ് എന്നു പേരുള്ള ഒരു മുസ്ലിം അഭിഭാഷകെൻറ പേര് ഉയർന്നുവന്നത്?
ഭക്തി പ്രസീജ സേഥി: ഞങ്ങൾക്കുപോലുമറിയില്ല. അദ്ദേഹം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഹരജി സംബന്ധിച്ച കൂടിയാലോചനയിൽ പോലും അദ്ദേഹം എവിടെയുമില്ലായിരുന്നു.
പ്രേരണകുമാരി: അദ്ദേഹം ആ സമയത്ത് ഇന്ത്യൻ യങ് ലോേയഴ്സ് അസോസിേയഷൻ പ്രസിഡൻറായിരുന്നു. എന്നിട്ടും അദ്ദേഹം ഇൗ ഹരജിയുമായി ഒരിക്കൽപോലും ബന്ധപ്പെട്ടിട്ടില്ല. അസോസിയേഷൻ പ്രസിഡൻറായി എന്നതുകൊണ്ട് മാത്രം വലിയ പ്രശ്നമാണ് അദ്ദേഹം നേരിട്ടത്.
ലക്ഷ്മി ശാസ്ത്രി: ചിത്രത്തിലില്ലാതിരുന്നതിനാൽ ഹരജിക്കാരുടെ പേരുകളിലും നൗഷാദ് ഇല്ല. ഭക്തി െസക്രട്ടറിയായ അസോസിയേഷെൻറ പ്രസിഡൻറ് നൗഷാദായിരുന്നു എന്നു മാത്രം.
പ്രേരണകുമാരി: സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗങ്ങളായിരുന്നു ആ സമയത്ത് ഞങ്ങൾ. ശബരിമലയിലെ ശുദ്ധീകരണം ബാർ അസോസിയേഷനിലെ മുതിർന്ന സഹപ്രവർത്തകരോട് ചർച്ചചെയ്തു. ബാർ അസോസിയേഷൻ എന്തെങ്കിലും ചുവടുവെപ്പ് നടത്തേണ്ടതല്ലേ എന്ന് ഞങ്ങൾ ചോദിച്ചു. ഞങ്ങൾക്കും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശ്നമായിട്ടാണ് തോന്നിയത്.
●അപ്പോൾ കേരളത്തിലെ ശബരിമല കേസിെൻറ തുടർച്ചയല്ല നിങ്ങൾ നടത്തിയത്?
ഭക്തി സേഥി: ഒരിക്കലുമല്ല. ഞങ്ങളുടേത് പൊതുതാൽപര്യം മുൻനിർത്തിയുള്ള റിട്ട് ഹരജിയായിരുന്നു. കേരളത്തിലെ കേസുമായി സുപ്രീംകോടതിയിൽ ഞങ്ങളുടെ ഇടപെടലിന് ബന്ധമൊന്നുമില്ലായിരുന്നു.
●പ്രേരണകുമാരി, സേഥിയോടൊപ്പം പരാതിക്കാരിയായിരുന്ന താങ്കൾക്ക് പിന്നെന്താണ് സംഭവിച്ചത്?
പ്രേരണകുമാരി: സേഥി ഇപ്പോഴും ഹരജിയിലെ ആവശ്യത്തിൽ ഉറച്ചുനിന്ന് സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഒാേരാരുത്തർക്കും അവരവരുടേതായ മനഃസ്ഥിതി ഉണ്ടാകും. ഞാൻ കരുതിയിരുന്നത് കേരളത്തിൽ ഒരേ ഒരു അയ്യപ്പക്ഷേത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. മറ്റു ആചാരങ്ങളുള്ള, സ്ത്രീകൾക്ക് പ്രവേശനമുള്ള മറ്റു നിരവധി അയ്യപ്പക്ഷേത്രങ്ങൾ ഉള്ളതായി എനിക്കറിവില്ലായിരുന്നു. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത സ്ത്രീകൾക്കു മാത്രമായുള്ള ക്ഷേത്രങ്ങളുള്ളതും ഞാനറിയുന്നത് ഇൗ ഹരജിയൊക്കെ നൽകിയ ശേഷമാണ്.
●വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഹിന്ദു മതവിശ്വാസികൾക്കിടയിലെ ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യാസം അറിയില്ലായിരുന്നുേവാ?
പ്രേരണകുമാരി: ഉള്ളതു പറയാമല്ലോ, ഒരു മലയാളി അല്ലാത്തതിനാൽ എനിക്ക് കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതേക്കുറിച്ചെല്ലാം ഞാനറിഞ്ഞത്. ഇൗ വർഷം ഭരണഘടന ബെഞ്ചിന് മുന്നിൽ അന്തിമവാദം തുടങ്ങിയപ്പോൾ മാത്രമായിരുന്നു അത്. ഒരു ഭക്തയുടെ കത്തും എനിക്ക് ലഭിച്ചു. അപ്പോഴാണ് ഞാനെന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാൻ ആലോചിച്ചത്? ഇൗ ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി. അതിലേറെ സ്ത്രീകളുടെ വികാരംകൂടിയാണ് നിലപാടുമാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നവരാണെന്ന് കരുതിയാണ് ഞാൻ സുപ്രീംകോടതിയിൽ വന്നത്. ഇപ്പോൾ എനിക്കറിയാം, കേരളത്തിൽ ധാരാളം സ്ത്രീകൾ പോകാൻ ഒരുക്കമല്ലെന്ന് പറഞ്ഞ് ആചാരങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ റോഡിലിറങ്ങിയിരിക്കുന്നു. അവരുടെ വികാരങ്ങൾക്കെതിരെ പോരാടാനായിരുന്നില്ല ഞാൻ ഹരജി നൽകിയിരുന്നത്. ക്ഷേത്രത്തിൽ പോകണമെന്ന് ആഗ്രഹിക്കുന്ന ഭക്തരുണ്ടെങ്കിൽ അത് അംഗീകരിക്കണമെന്നായിരുന്നു എെൻറ ആവശ്യം.
●ശബരിമല ഹരജിയിൽ വിധി വന്നശേഷമാണോ അതിനു മുമ്പാണോ നിലപാട് മാറ്റിയത്?
പ്രേരണകുമാരി: വിധി വരുന്നതിനുമുമ്പ്. എെൻറ ഹരജി പിൻവലിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു. അപ്പോഴേക്കും ഹരജി അന്തിമവാദത്തിന് വിളിച്ചുകഴിഞ്ഞിരുന്നു.
●ഭരണഘടന ബെഞ്ചിലേക്ക് വരുന്നതിനുമുമ്പ് കേസ് കേട്ടിരുന്ന മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയിരുന്ന നിരീക്ഷണങ്ങൾ പലതും ശബരിമല കേസിലെ ന്യൂനപക്ഷ വിധിയോടൊപ്പം നിൽക്കുന്നതായിരുന്നില്ലേ?
ഭക്തി സേഥി: ഒരിക്കലുമല്ല. കോടതിയിൽ വാദം കേൾക്കുേമ്പാൾ ജഡ്ജിമാർ പല നിരീക്ഷണങ്ങളും നടത്തും. പല ചോദ്യങ്ങളുമുന്നയിക്കും. എന്നാൽ, അതിനെതിരായിട്ടായിരിക്കും പലപ്പോഴും വിധിപ്രസ്താവമുണ്ടാകുക.
പ്രേരണകുമാരി: ഞാനെന്തായാലും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് അംഗീകരിക്കുന്നത്.
●ശബരിമല യുവതിപ്രവേശനത്തിനെതിരെ ധാരാളം പ്രതിഷേധം കേരളത്തിൽനിന്ന് ഉയർന്നുവരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴെങ്കിലും ഹരജി പിൻവലിക്കാനോ നിലപാടുമാറ്റം സുപ്രീംകോടതിയെ അറിയിക്കാനോ തയാറായില്ലേ?
പ്രേരണകുമാരി: മുതിർന്ന അഭിഭാഷകരുമായും ശബരിമല കേസിലെ അമിക്കസ് ക്യൂറിയുമായും വിഷയം ഞാൻ ചർച്ചചെയ്തു. ഞാനെന്തുചെയ്യണമെന്ന് ചോദിച്ചപ്പോഴേക്കും ഹരജി അന്തിമവാദത്തിനെടുത്തു.
ലക്ഷ്മി ശാസ്ത്രി: ഞാൻ ശരിക്കും മുന്നാമത്തെ ഹരജിക്കാരിയാണ് ഇൗ കേസിൽ. ഞങ്ങൾ ഹരജിക്കാർ അഞ്ചും ഹരജികൾ ആറുമായിരുന്നു. ഭക്തി സ്വന്തം നിലക്കും അസോസിയേഷെൻറ പേരിലും ഒാരോന്ന് നൽകിയിരുന്നതിനാൽ. ഞാനും പ്രേരണയും അൽകശർമയും സുധാപാലും ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടല്ല ഹരജിക്കാരായത്. സുപ്രീംകോടതി ബാർ അസോസിയേഷെൻറ ട്രഷറർ എന്ന നിലയിലാണ് ഞാൻ ഹരജി നൽകിയത്. രവി പ്രകാശ് ഗുപ്ത ബാർ അസോസിയേഷനിലെ വനിതാ ഭാരവാഹികൾ എന്ന നിലയിൽ ഇത്തരമൊരു ഹരജിയിൽ വ്യക്തിപരമായി കക്ഷികളാകുന്നതു സംബന്ധിച്ച് ഞങ്ങളുമായി ചർച്ച നടത്തി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എവിടെ നടക്കുന്നതാണെങ്കിലും ബാർ അസോസിയേഷനിലെ വനിതാ ഭാരവാഹികൾ എന്ന നിലയിൽ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട് എന്ന് ഞങ്ങൾ കരുതി.
●ഇപ്പോൾ എന്താണ് അങ്ങയുടെ നിലപാട്?
ലക്ഷ്മി ശാസ്ത്രി: ഇപ്പോൾ ഞാനും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിക്കൊപ്പമാണ്.
േപ്രരണകുമാരി: ആകെയുള്ള അഞ്ചു ഹരജിക്കാരിൽ ഞാനും ലക്ഷ്മി ശാസ്ത്രിയും അൽക ശർമയും സുധാപാലും എല്ലാം മാറിയിട്ടും (ഭക്തിയെ ചൂണ്ടി) അവർ ഒറ്റക്ക് നേരേത്ത എടുത്ത നിലപാടിലുറച്ച് നിയമപോരാട്ടവുമായി മുന്നോട്ടുപോകുകയാണ്.
ഭക്തി സേഥി: ഞാൻ ഒരിക്കലും പോരാട്ടത്തിലല്ല. എനിക്ക് ഇത് ഒരു പോരാട്ടമല്ല. ഇത് ഒരു നിയമചർച്ചയാണ്. ഇൗ ചർച്ചകൾക്കുമൊടുവിൽ കോടതി സ്ത്രീകൾ പ്രേവശിക്കരുത് എന്നു പറഞ്ഞാൽ ഞാനും അംഗീകരിക്കും.
എന്നാൽ, ഏതെങ്കിലും തരത്തിൽ സാമൂഹിക പരിഷ്കരണം നടക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. സ്ത്രീകളാണ് ഇത്തരം രീതികളിൽ വിവേചനം അനുഭവിക്കുന്നത്.
പ്രേരണകുമാരി: ഇത് സതിയും ൈശശവ വിവാഹവും ചേലാകർമവുംപോലെയല്ല. അത് നമ്മുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. ഇവിടെ ഇത് വിശ്വാസകാര്യമാണ്.
●ഒരിടത്ത് സ്ത്രീകൾക്ക് പ്രവേശനമരുത് എന്നു പറയുന്നത് സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ടതല്ല എന്നാണോ പറയുന്നത്?
പ്രേരണകുമാരി: ഒരിക്കലുമല്ല. ശബരിമലയിലെ വിഷയം അതല്ല. സതിയും ശൈശവ വിവാഹവും ഇഷ്ടപ്രകാരമല്ലാതെ അനുഷ്ഠിക്കാൻ നിർബന്ധിതമാണ്. ഇവിടെ വിഷയം വിശ്വാസമാണ്. സ്ത്രീകളുടെതന്നെ വികാരമാണ്. ഒരു സ്ത്രീ നാപ്കിൻ എടുത്ത് അയ്യപ്പെൻറ സന്നിധിയിൽ പോകുന്നത് അംഗീകരിക്കാനാവില്ല.
ഭക്തി സേഥി: ആ സ്ത്രീതന്നെ അത് നിഷേധിച്ചിട്ടുണ്ട്. പ്രവേശനത്തെ എതിർക്കുന്നവർ വേവിച്ചെടുത്ത വാർത്തയാണത്. െതറ്റാണ് ആ വാർത്ത. അവിടത്തെ അനുഷ്ഠാനങ്ങളെ മാനിക്കാത്തവർ പോകേണ്ട എന്നുതന്നെയാണ് എല്ലാവരും പറയുന്നത്.
●അയ്യപ്പഭക്തയായ ഒരാൾ പോകുകയാണെങ്കിൽ നിങ്ങൾ അംഗീകരിക്കുമോ?
ഭക്തി സേഥി: അംഗീകരിക്കും.
പ്രേരണകുമാരി: ഞാൻ അംഗീകരിക്കില്ല. കാരണം, ഞാൻ ഒരു ദൈവത്തെ വിശ്വസിക്കുന്നുവെങ്കിൽ ആ ദൈവത്തിനടുത്തേക്ക് പോകരുത് എന്നാണ് ആചാരമെങ്കിൽ ആ ദൈവത്തെ ആദരിച്ച് ഞാൻ പോകില്ല.
ലക്ഷ്മി ശാസ്ത്രി: ഞാനും അംഗീകരിക്കില്ല. ആചാരാനുഷ്ഠാനംതന്നെയാണ് വിശ്വാസികൾക്ക് പ്രധാനം. അവ അനുവദിക്കുന്നുവെങ്കിൽ മാത്രം സ്ത്രീ പോയാൽ മതി.
ഭക്തി സേഥി: അവസാനമായി ഒരു കാര്യം പറയാനുള്ളത് ശബരിമലയിൽ സമാധാനത്തിന് ഭംഗം വരുത്തരുതെന്നാണ്. സമാധാനപരമായി വിഷയത്തെ സമീപിക്കുകയാണ് വേണ്ടത്. കുപ്രസിദ്ധരും ദുരൂഹതയുള്ളതുമായ ആളുകൾ വിധി ദുരുപയോഗം ചെയ്യരുത്.
പ്രേരണകുമാരി: ഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റ നിലപാടാണ്. കോടതി വിധി എന്തായിരുന്നാലും സമാധാനഭംഗം ഉണ്ടാകരുത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയുമരുത്.
ഭക്തിസേഥി: 2006 മുതൽ ശബരിമല കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഏതെങ്കിലും തരത്തിൽ കക്ഷിയായിരുന്നിട്ടില്ല. ഇവരെല്ലാം എവിടെനിന്നാണ് വരുന്നതെന്ന് ഞങ്ങൾക്കറിയില്ല.
ലക്ഷ്മി ശാസ്ത്രി: ഹരജിക്കാരെന്നനിലയിൽ അത് പറയാൻ ഞങ്ങൾക്ക് അവകാശമുണ്ട്.
പ്രേരണകുമാരി: ഞങ്ങൾ ഇൗ പാർട്ടികൾക്കുവേണ്ടി ഹരജി കൊടുത്തവരല്ല. ഇനി അവർ കക്ഷികളാകേണ്ട കാര്യവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.