ശബരിമല വിധി: ആശ്വാസം, ആശങ്ക
text_fieldsപരിസ്ഥിതിക്ക് ആഘാതമേറുമോ?
(സുഗതകുമാരി)
ശബരിമലയിൽ പുരുഷൻമാരുടെ പ്രവേശനത്തിന് പോലും നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് എെൻറ അഭിപ്രായം. ശബരിമല ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ദേവാലയങ്ങളിലൊന്നാണ്. എന്നാൽ, പാരിസ്ഥിതികമായി ഏറെ ദുർബലമായ പ്രദേശമാണിവിടം. കേരളം മുെമ്പങ്ങും ദർശിക്കാത്ത മഹാപ്രളയത്തിൽ ശബരിമലയിലെയും സമീപപ്രദേശങ്ങളിലെയും പരിസ്ഥിതിക്കുണ്ടായ വൻ നാശനഷ്ടം നമ്മൾ ദർശിച്ചതാണ്. ആ നാശത്തിന് പ്രധാന കാരണവും മനുഷ്യെൻറ പ്രവർത്തനങ്ങൾ തന്നെയാണ്. ശബരിമലയിൽ പ്രതിവർഷം ദർശനത്തിനായെത്തുന്ന ലക്ഷങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാനെന്ന പേരിൽ നടത്തിയ അനധികൃത നിർമാണപ്രവർത്തനങ്ങളാണ് അവിടത്തെ നാശനഷ്ടങ്ങളുടെ ആക്കംകൂട്ടിയതെന്നും നാം കണ്ടതാണ്.
പരിസ്ഥിതി ലോല പ്രദേശങ്ങളിലൊന്നായ ശബരിമലയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. മുമ്പ് പല സന്ദർഭങ്ങളിലും ഞാൻ അക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയിട്ടുമുണ്ട്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വരുേമ്പാഴും ഏറെ ആശങ്കപ്പെടുന്നത് ലക്ഷക്കണക്കിന് സ്ത്രീകൾകൂടി അവിടെ എത്തുേമ്പാഴുണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതമാണ്. ലക്ഷക്കണക്കിന് േപർ കൂടി ശബരിമല ചവിട്ടുേമ്പാൾ അത് പരിസ്ഥിതിക്ക് താങ്ങുന്നതിനേക്കാൾ അപ്പുറത്താകും. കൂടുതൽ ഭക്തർ എത്തുന്നതിനനുസരിച്ച് അവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിയുംവരും. അപ്പോൾ അതും ദോഷം ചെയ്യുന്നത് പരിസ്ഥിതിക്കാണ്.
ഇപ്പോൾതന്നെ ശബരിമലയിലെത്തുന്ന ആളുകളാൽ പരിസ്ഥിതിക്ക് ഏറെ ദോഷമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ അവിടേക്കുള്ള പുരുഷൻമാരുടെ പ്രവേശനത്തിന് പോലും നിയന്ത്രണം വേണം. സ്ത്രീകൾക്ക് ഏത് ക്ഷേത്രത്തിലും ആരാധനാലയത്തിലും പോകാനുള്ള അവകാശമുണ്ട്. ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ചില മര്യാദകളുണ്ട്. അത് എങ്ങനെ പാലിക്കണമെന്നതിനെക്കുറിച്ചും സ്ത്രീകൾക്കറിയാം. അതിന് ഒരു കോടതിയുടെയോ സർക്കാറിെൻറയോ നിർദേശങ്ങളോ അനുമതിേയാ വേണമെന്ന് കരുതുന്നില്ല. ഇപ്പോഴും പല ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീംകാടതി വിധിക്കപ്പുറത്ത് അതുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതി കാഘാതങ്ങൾ വ്യക്തിപരമായി അലട്ടുന്നു. സ്ത്രീകൾകൂടി എത്തുേമ്പാൾ അത് പരിസ്ഥിതിക്കുണ്ടാക്കിയേക്കാവുന്ന ആഘാതമാണ് തന്നെ ഏറെ ആശങ്കപ്പെടുത്തുന്നത്. പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന ഏത് നടപടിയും ഒഴിവാക്കണമെന്നതാണ് എെൻറ അഭിപ്രായം.
മാറ്റം സ്വാഗതാർഹം
(പി. വത്സല)
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ രണ്ട് വശങ്ങളാണുണ്ടായിരുന്നത്. ആത്മീയവും ആചരണപരവും. വിലക്കുണ്ടായിരുന്നത് ആചരണപരമായാണ്. ആത്മീയ വശമെന്നാൽ ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പൻ നിത്യബ്രഹ്മചാരിയെന്നതുമാണ്. നേരത്തെ സ്ത്രീപ്രവേശനത്തിന് വിലക്കുണ്ടായിരുന്നത് ശബരിമല വലിയ കൊടുങ്കാട്ടിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും, ഇതുമൂലമുള്ള സുരക്ഷ പ്രശ്നങ്ങൾ മുൻനിർത്തിയുമായിരിക്കാം. എന്നാൽ, ഇന്നത്തെ അവസ്ഥയിലും സ്ത്രീകൾ ശബരിമലയിൽ പോയാൽ സുരക്ഷാപ്രശ്നങ്ങൾ ഏറെയുണ്ടാവാനിടയുണ്ട്. ജനലക്ഷങ്ങളാണ് മണ്ഡലകാലത്തും മകരവിളക്കിനുമെല്ലാം സന്നിധാനത്തെത്തിച്ചേരുക. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായി പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥർ ഇവരെയെല്ലാം വിന്യസിക്കേണ്ടിവരും.
ഒരേസമയം പുറമേക്ക് പ്രബുദ്ധത നടിക്കുകയും ഉള്ളിൽ അവസരം കിട്ടിയാൽ ദുഷിച്ച സ്വഭാവം കാണിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ പുരുഷ സമൂഹം. അത്രകണ്ട് മാനസിക പുരോഗതി കൈവരിച്ചിട്ടില്ല ഏറെപ്പേരും. ഈ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. അയ്യപ്പസന്നിധിയിൽ പോവുന്ന സ്ത്രീകളുടെ സുരക്ഷ സ്വാഭാവികമായി ഉറപ്പാക്കണം. ഈ തരത്തിലുള്ള പരീക്ഷണമാണ് വേണ്ടത്. പ്രയാഗിലുൾെപ്പടെയുള്ള കുംഭമേളകൾ ഞാൻ കണ്ടിട്ടുണ്ട്. അവയിലൊന്നും വയോധികരൊഴിച്ചുള്ള സ്ത്രീകൾ പങ്കെടുക്കാറില്ല. എന്നാൽ, പ്രായത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഈ വിലക്ക് എന്നേ ലംഘിക്കേണ്ടതായിരുന്നു എന്നാണ് എെൻറ നിലപാട്.
മറ്റു സ്വാതന്ത്ര്യങ്ങളെപ്പോലെ ഇതും അംഗീകരിക്കണം. കേരളമായതുകൊണ്ടാണ് ഈ വിലക്ക് നീങ്ങാൻ ഇത്രയധികം കാലമെടുത്തത് എന്നു തോന്നുന്നു. കാരണം, കേരളത്തിൽ പുരുഷാധിപത്യം അത്രയധികം പിടിമുറുക്കിയിരിക്കുന്നു. സൗദി അറേബ്യയിൽപോലും ഇന്ന് പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിൽ പല പുരോഗമനാത്മക മാറ്റങ്ങളും പ്രകടമാവുമ്പോൾ നാം ഇന്നും പ്രാചീനമായ ആചാരാനുഷ്ഠാനങ്ങൾ മുറുകെപിടിച്ചിരിക്കുകയാണ്. ഇതിനെല്ലാം ഒരു മാറ്റമെന്ന നിലക്കുള്ള സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണ്.
വിശ്വാസം നവീകരിക്കപ്പെടണം
(ദീപ നിശാന്ത്)
സുപ്രീംകോടതി വിധി വിശ്വാസത്തിെൻറയും വിശ്വാസികളുടെയും പ്രശ്നമാണ്. ശബരിമലയിൽ പ്രവേശിക്കാൻ സാധിച്ചാൽ സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന തോന്നലുമില്ല. എന്നാൽ, ഇൗ വിധിക്ക് കേവലം സ്ത്രീകളുടെ ക്ഷേത്രപ്രവേശനം എന്നതിലുപരിയായ മാനമുണ്ട്. തൊട്ടടുത്ത അമ്പലത്തിൽ പോയി വരാൻ സ്ത്രീക്കുള്ള സ്വാതന്ത്ര്യം ദൂരെയൊരു വിനോദസഞ്ചാര കേന്ദ്രത്തിൽ പോകാൻ ലഭിക്കാറില്ല. ആ കാഴ്ചപ്പാടിലാണ് ഇൗ വിധിയൊരുക്കുന്ന വലിയ തലത്തെ കാണുന്നത്. ക്ഷേത്രം ജനാധിപത്യത്തിെൻറ ഇടമായി നമ്മുടെ നാട്ടിൽ കാണാറില്ല.
അതുകൊണ്ടു തന്നെ ജനാധിപത്യത്തിെൻറ ഏറ്റവും വലിയ തലംകൂടി ഇൗ വിധിയിൽ കാണാം. അതിലുപരിയാണ്, കഴിഞ്ഞ ചില ദിവസങ്ങളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൾ. അത് അപ്രതീക്ഷിതമാണെന്നുതന്നെ പറയണം. ഇരയെയും വേട്ടക്കാരനെയും പ്രശ്നം അവസാനിപ്പിക്കാൻ നിർദേശിക്കുന്ന കോടതികളുള്ള രാജ്യത്താണ് സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീയുടെ ജനാധിപത്യ അവകാശത്തിനും വിലകൽപിക്കുന്ന വിധിയും വന്നത്. വിശ്വാസം എന്നത് കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവിന് ഇൗ വിധി വഴിയൊരുക്കുമെന്ന് കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.