യാന്ത്രികമാകരുത് വോട്ട്- സച്ചിദാനന്ദൻ
text_fieldsനിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ േകരളത്തിലെ ഒരു വോട്ടർ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്?
കേരളത്തിലെ ഏതു വോട്ടര്‍ എന്നതനുസരിച്ചിരിക്കും പ്രതിസന്ധിയുടെ സ്വഭാവവും ആഴവും. മുേമ്പ പാര്‍ട്ടി തീരുമാനിച്ചവര്‍ യാന്ത്രികമായിത്തന്നെ ആ പാര്‍ട്ടിക്കു വോട്ടു ചെയ്യും. എന്നാല്‍, നമുക്കറിയാം കേരളത്തില്‍ ഭരണമാറ്റങ്ങള്‍ സംഭവിക്കാറുള്ളത് ആ തരത്തില്‍ ഉള്ളവരുടെ വോട്ടിലൂടെയല്ലാ, മുന്‍കൂര്‍ പക്ഷം പിടിക്കാത്ത സമ്മതിദായകരുടെ വോട്ടിലൂടെയാണ്. നിർണായകമായ ഒന്നോ രണ്ടോ ശതമാനം വോട്ടുകള്‍ അവരുടേതാണ്. അവര്‍ രണ്ടു ഭാഗത്തേക്കും നോക്കുന്നവരാണ്. അവരോടൊപ്പം തന്നെ മൂല്യാധിഷ്ഠിതമായി പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നവര്‍ക്കും ചില ധർമസങ്കടങ്ങള്‍ ഉണ്ടാകും. അവര്‍ കാണുക ഒരു ഭാഗത്ത് കോണ്‍ഗ്രസ് ഗാന്ധിയന്‍- നെഹ്റൂവിയന്‍ മൂല്യങ്ങളില്‍നിന്ന് അകന്നുപോകുന്നതാണ്, അവര്‍ക്ക് ദേശീയമായ 'വിഷന്‍' തീര്‍ത്തും നഷ്ടപ്പെട്ടതായി തോന്നുന്നു. ഒരു ചെറിയ പ്രാദേശികകക്ഷി പോലെയാണ് അവര്‍ ഇൗയിടെ പെരുമാറുന്നത്. അവര്‍ നയിക്കുന്ന ഒരു മുന്നണിയെ ഒരു മതേതരമുന്നണി ആയിപ്പോലും കാണാന്‍ പ്രയാസം. അതേസമയം, ഇടതുജനാധിപത്യ മുന്നണി അതില്‍നിന്നും തീരെ പ്രതീക്ഷിക്കാന്‍ വയ്യാത്ത ചില തെറ്റുകള്‍ ചെയ്യുന്നതും കാണുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിെൻറ നിലപാട് നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയുടെ നിലപാടില്‍നിന്നും വളരെയൊന്നും ദൂരെയല്ലെന്നു തോന്നിക്കുന്നു. കേരളത്തില്‍ ഒരു സ്വാധീനവുമില്ലാത്ത, കിനാവുകളില്‍ ചെ ഗുവേരകള് ആകുന്നതൊഴികെയുള്ള കുറ്റമൊന്നും ചെയ്യാത്ത, മാവോവാദി സ്വപ്നജീവികള്‍ മുതല്‍ ജെ. ദേവികയും ടി.ടി. ശ്രീകുമാറും പോലെ മലയാളിയുടെ സാമൂഹികവിജ്ഞാനത്തിനും ഉണർവിനും സംഭാവനകള്‍ നല്‍കിയിട്ടുള്ള ചിന്തകര്‍ വരെ ആക്രമിക്കപ്പെടുന്നു.
ശബരിമലയെക്കുറിച്ചും ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പലപ്പോഴും പരസ്പരവിരുദ്ധമായ സൂചനകളാണ് ഇടതുമുന്നണി നല്കിക്കൊണ്ടിരിക്കുന്നത്. വോട്ടും ആദര്‍ശവും തമ്മില്‍ തിരഞ്ഞെടുക്കേണ്ട ഒരവസ്ഥ ഇടതുപക്ഷത്തിനു വന്നുകൂടാത്തതാണ്. ഒപ്പം മുസ്ലിം വോട്ടര്‍മാരും ന്യൂനപക്ഷാനുഭാവികളായ വോട്ടര്‍മാരും കാണുന്നത് രണ്ടു ചേരികളും ഹിന്ദുമതവിശ്വാസികളെ പിണക്കാതിരിക്കാന്‍ എന്തുതരം സന്ധിക്കും മുതിരുന്നതാണ്. അത് അവരെ ഹതാശരാക്കുന്നുണ്ട്.
ഇടതുപക്ഷം, അതിെൻറ സ്വഭാവംകൊണ്ടുതന്നെ, ന്യൂനപക്ഷതാൽപര്യങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതാണ്. എന്നാല്‍, ഇൗയിടെ ചില പ്രഭാഷണങ്ങളും നയങ്ങളും കാണുമ്പോള്‍ അതിനെക്കുറിച്ചും സംശയങ്ങള്‍ ഉണ്ടാകുന്നു. പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു ചെറിയ വിഭാഗം കേരളത്തില്‍ ഒരു പരിസ്ഥിതി പ്രതിസന്ധിയുണ്ട് എന്ന് തിരിച്ചറിയുന്നവരാണ്. അക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഒരു പക്ഷവും കാണിച്ചിട്ടില്ല. അതിെൻറ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് അധികവും താഴെത്തട്ടിലെ ജനങ്ങളാണ്. ഇടതുമുന്നണി ഭരണം സ്കൂള്‍ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, കൃഷി, ദാരിദ്ര്യനിവാരണം, വൈദ്യുതി തുടങ്ങിയ രംഗങ്ങളില്‍ ചെയ്ത അനേകം നല്ല കാര്യങ്ങള്‍ മറക്കാതെ തന്നെയാണ് ഇതു പറയുന്നത്. കെ ഫോണ്‍, കിഫ്ബി തുടങ്ങിയ പദ്ധതികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അതെല്ലാം ഞാന്‍ മറ്റൊരു ലേഖനത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുമുണ്ട്.
ഈ വിഭാഗങ്ങളുടെ വോട്ടുകള്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ലായിരിക്കാം, പക്ഷേ, മൂല്യപക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ പ്രധാനമാണ്. നാം വിശ്വസിക്കുന്ന തരം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് ഇരു മുന്നണികള്‍ക്കും വളരെ വ്യക്തമായ ധാരണയുണ്ടോ എന്ന് തീര്‍ച്ച പോരാ.
കേരളത്തിലെ വോട്ടർ എന്ന നിലയിൽ കേരളവുമായി പൊക്കിൾക്കൊടി ബന്ധമുള്ള ഒരു വ്യക്തി എന്ന നിലയിൽ വരാനിരിക്കുന്ന നിയമസഭ, മന്ത്രിസഭ എപ്രകാരമായിരിക്കണം, എന്തിനു മുൻഗണന നൽകണം എന്നാണ് താങ്കൾ കരുതുന്നത്?
ഉന്നത വിദ്യാഭ്യാസം, സാംസ്കാരിക വിമോചനം, ന്യൂനപക്ഷ ക്ഷേമം, ആദിവാസി-ദലിത് പുരോഗമനം, ജാതി ഉച്ചാടനം, പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങള്‍ ഉണ്ടാക്കല്‍ ഈ മേഖലകളില്‍ സവിശേഷശ്രദ്ധ ആവശ്യമുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ രാഷ്ട്രീയേതരമായ ഘടകങ്ങൾ ആവശ്യത്തിലേറെ ഇടപെടുന്നതായി തോന്നിയിട്ടുണ്ടോ?
ദൂരെയിരുന്നു ഇതിനെക്കുറിച്ച് എനിക്ക് തീര്‍ച്ച പറയാന്‍ കഴിയുന്നില്ല. എന്നാല്‍, മതവും ജാതിയും ഇന്നും സ്ഥാനാര്‍ഥിനിർണയത്തില്‍ കാര്യമായിത്തന്നെ ഇടപെടുന്നുണ്ട് എന്നു പറയാന്‍ വലിയ ദൂരക്കാഴ്ചയൊന്നും ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.