കാവി മൂടിയ ചെെങ്കാടി
text_fieldsഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി വേച്ചുവീണു. പണത്തിളപ്പിെൻറ പക്കമേളവുമായി ജനാധിപത്യഘോഷയാത്ര ഹൈജാക്ക് ചെയ്ത് ബി.ജെ.പിക്കാർ ത്രിപുര സെക്രേട്ടറിയറ്റിലേക്ക് ഇരച്ചുകയറുന്നു. 31 സംസ്ഥാനങ്ങളുള്ള ഇന്ത്യയുടെ തെക്കേ വാലറ്റത്തുമാത്രമായി ഇടതിെൻറ അധികാരം ഒതുക്കിക്കൊണ്ട് ത്രിപുരയിൽ ചെെങ്കാടി താഴ്ത്തിക്കെട്ടി. സി.പി.എം തോറ്റു എന്നതുപോലെ പ്രധാനമാണ് മണിക് സർക്കാറിെൻറ ആ വീഴ്ച. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോൺഗ്രസിനെ വിഴുങ്ങി വളരുന്ന ബി.ജെ.പിക്കുമുന്നിൽ പിടിച്ചുനിൽക്കാൻ മണിക് സർക്കാറിെൻറ ലാളിത്യമുഖം സി.പി.എമ്മിനെ സഹായിച്ചില്ല. സൂത്രവിദ്യകളും മേളപ്പെരുക്കവും കോർപറേറ്റുരീതികളും കൊണ്ട് ജനകീയത അട്ടിമറിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. സി.പി.എം ഭരിച്ച പശ്ചിമ ബംഗാളിനെയും ഇപ്പോൾ ഭരിക്കുന്ന കേരളത്തെയും കൂടുതലായി ഉന്നംവെക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നതാണ് ത്രിപുര ഫലം. മൃദുഹിന്ദുത്വമുള്ള കോൺഗ്രസ്അണികളിലേക്കു മാത്രമല്ല, മതനിരപേക്ഷത പറയുന്ന സി.പി.എം േകഡറുകളിലേക്കും കാവികയറ്റാൻ കഴിയുമെന്ന വിശ്വാസം ബി.ജെ.പിയിൽ വളർത്തുന്നതുമാണ് ഇൗ ഫലം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാവിയണിയുന്നത്, ഇനിയും വഴങ്ങാത്ത സംസ്ഥാനങ്ങളെയും പാർട്ടികളെയും സ്വാധീനിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. രേഖകൾ പ്രകാരം, ദരിദ്ര മുഖ്യമന്ത്രിമാരിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് പശ്ചിമ ബംഗാളിലെ മമത ബാനർജിയാണ്. ബി.ജെ.പിയുടെ അടുത്ത കിഴക്കൻ മോഹമാണ് ബംഗാൾ എന്നിരിെക്ക, അതൊരു ആകസ്മിക മുന്നറിയിപ്പായിരിക്കാം.
ത്രിപുരയിലെ ജനങ്ങൾ മാറ്റത്തിനുകൊതിച്ചുവെന്ന് ഇൗ ജനവിധിയെ ലളിതമായി വ്യാഖ്യാനിക്കാം. എന്നാൽ അതിനുമപ്പുറം, ഗോത്രവംശാദികൾ ഇടകലർന്ന വടക്കുകിഴക്കൻ നാടുകളിലെ തീവ്രരാഷ്ട്രീയചിന്തകളിലേക്ക് കാവിയുടെ വർഗീയലഹരി കയറ്റുന്നതിൽ വിജയിക്കുകയാണ് ബി.ജെ.പി. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായി അതിനൊരു വ്യാഖ്യാനം ചമക്കാം. അതിലേറെ, കേന്ദ്രഭരണത്തിെൻറ സൗകര്യങ്ങളും പകിട്ടും സംഘ്പരിവാറിെൻറ സംഘടനാവൈഭവവും വിജയം കണ്ടു എന്നതാണ് നേര്. ആദിവാസിഗോത്രമേഖലകളിൽ സംഘ്പരിവാറിെൻറ കണിശമായ പ്രവർത്തനം നടന്നു. കാൽനൂറ്റാണ്ടായി സി.പി.എമ്മിനെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന മണിക് സർക്കാറിനെതിരായ ജനരോഷമാണ് ഭരണം തകർത്തെറിഞ്ഞതെന്ന് പറയാൻ കഴിയില്ല. ഇന്ത്യയിലെ ദരിദ്രനായ മുഖ്യമന്ത്രിയുടെ ദാരിദ്ര്യവും ലാളിത്യവുമല്ല മഹത്ത്വമായി മാറിയത്. പ്രശ്നകലുഷിതമായിരുന്ന ത്രിപുരയിലേക്ക് സമാധാനം തിരിച്ചെത്തിച്ചതിെൻറ ചർച്ചകളൊന്നും പ്രസക്തമായില്ല. പരിമിതവിഭവങ്ങൾ മാത്രമുള്ള ത്രിപുരയിലേക്ക് കേന്ദ്രസഹായം കുറയുന്നതല്ല വിഷയമായത്. സംസ്ഥാനവികസനത്തിൽ, തൊഴിലിൽ, പുരോഗതിയിലൊക്കെ വിപ്ലവവേഗം ഉണ്ടാക്കാൻ മണിക് സർക്കാറിന് കഴിയാതെ പോയപ്പോൾ, നരേന്ദ്ര മോദി വിറ്റ പുതിയ അഭിലാഷങ്ങളിൽ ചെറുപ്പക്കാരുടെ കണ്ണുമഞ്ഞളിച്ചു. കാൽനൂറ്റാണ്ടായി പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസുകാരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലേക്ക് ആട്ടിത്തെളിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. കോൺഗ്രസ് ത്രിപുരയിൽ സംപൂജ്യമായി മാറുകയും സി.പി.എം ഭരണത്തോടുള്ള നിരാശ വളരുകയും തീവ്രവംശീയത ബി.ജെ.പി പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ ഭരണം തകിടംമറിഞ്ഞു.
ഹൈജാക് വിജയം
യഥാർഥത്തിൽ ത്രിപുരയിലേത് ഹൈജാക് വിജയമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി നടത്തുന്ന പലവിധ ഹൈജാക്കുകളുടെ മറ്റൊരു പതിപ്പ്. ബി.ജെ.പിയുടെ ജനകീയതക്ക് തെളിവായി മൂന്നിടത്തെയും ഫലം ഉയർത്തിക്കാട്ടാൻ പറ്റില്ല. ഒന്നര ശതമാനം വോട്ടുണ്ടായിരുന്ന ഒരു പാർട്ടി ഭരണകക്ഷിെയയും പ്രധാന പ്രതിപക്ഷപാർട്ടിെയയും കടപുഴക്കാൻ കൈയിൽ കിട്ടിയ സാധ്യതകൾ തരംപോലെ ഉപയോഗപ്പെടുത്തി. സ്വന്തം പിടിപ്പുകേടുകൊണ്ട് തകർന്ന കോൺഗ്രസിലെ പ്രശ്നങ്ങളത്രയും മുതലാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്ന ‘ചിട്ടയായ കുതിരക്കച്ചവട’മാണ് ബി.ജെ.പി വിജയിപ്പിക്കുന്നത്. കോൺഗ്രസുകാരെ വിഴുങ്ങിയാണ് ത്രിപുരയിൽ സി.പി.എമ്മിനെ മുട്ടുകുത്തിച്ചതെങ്കിൽ, മേഘാലയയിലും നാഗാലാൻഡിലും പ്രാദേശികകക്ഷികളെ കൂട്ടുപിടിച്ച് കോൺഗ്രസിനെ നിലംപരിശാക്കുന്നു. അസം, അരുണാചൽ, മണിപ്പുർ, ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറം, സിക്കിം എന്നിങ്ങനെ നീണ്ടുനീണ്ട് പശ്ചിമ ബംഗാളിലേക്ക് എത്തുന്നേടത്താണ് ഇൗ രാഷ്ട്രീയഅങ്കത്തിെൻറ പുതിയ അധ്യായം. സി.പി.എം പണ്ടേ വീണ വംഗനാട്ടിൽ തൃണമൂൽ കോൺഗ്രസിനെയും കോൺഗ്രസിനെയും ഇടതിലെ ശങ്കാസക്തെരയും വിഴുങ്ങാൻ വാപിളർന്ന് ഒരുങ്ങുകയാണ് ബി.ജെ.പി.
തങ്ങളെ ഒറ്റത്തുരുത്തിലേക്ക് ഒതുക്കിയ ത്രിപുര ഫലം സി.പി.എമ്മിെൻറ നയനിലപാടുകളെ എങ്ങനെയൊക്കെ സ്വാധീനിക്കും? ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് അടക്കം സമാനചിന്താഗതിക്കാർ ഒന്നിച്ചു നിൽക്കണമെന്ന ആശയം ശക്തമാക്കുന്നതാണ് ത്രിപുരയിലെ സി.പി.എം തോൽവി. എന്നാൽ, ബി.ജെ.പിയെ നേരിടാൻ ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർക്കാൻ പാടില്ല എന്ന കാരാട്ട് ലൈൻ മേൽക്കൈ നേടി നിൽക്കുന്ന കാലമാണ്. അടുത്ത മാസം ഹൈദരാബാദിൽ നടക്കുന്ന സി.പി.എം പാർട്ടികോൺഗ്രസിലേക്ക് പ്രകാശ് കാരാട്ടും കേരളനേതൃത്വവും ഒന്നിച്ചൊന്നായി നിലയുറപ്പിച്ചിട്ടുണ്ട്. പക്ഷേ, ദേശീയരാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടുപോകാതിരിക്കാൻ മുൻധാരണകളിൽ ഭേദഗതികൾക്ക് സി.പി.എം നേതൃഗണത്തിനുമേൽ സമ്മർദമേറും. കോൺഗ്രസുമായി ബന്ധമോ ധാരണയോ വേണ്ടെന്ന കാഴ്ചപ്പാടുകൾ ദുർബലമായി മാറുകയാണ്. ഹർകിഷൻസിങ് സുർജിത് ജനറൽ സെക്രട്ടറിയായിരുന്ന നാളുകളിൽ ബി.ജെ.പിവിരുദ്ധ രാഷ്ട്രീയചേരിയെ വഴിനടത്തിയത് സി.പി.എമ്മായിരുന്നു. കോൺഗ്രസുമായുള്ള ബന്ധങ്ങൾക്ക് പാലമിട്ടത് സുർജിത്താണ്. എന്നാൽ, കോൺഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ നേരിടാൻ സി.പി.എം ഇന്ന് തയാറല്ലെന്നുവരുന്നത് ബി.ജെ.പിവിരുദ്ധ പാർട്ടികളുടെ ഏകോപിതനീക്കത്തിൽ വലിയൊരു വിലങ്ങുതടിയാണ്. തെരഞ്ഞെടുപ്പുകാലത്തെ മോദി-അമിത് ഷാമാരുടെ കാടിളക്കൽ രാഷ്്ട്രീയതന്ത്രത്തെ ഒന്നിച്ചുനിന്ന് എതിർക്കാതെപറ്റില്ലെന്ന യാഥാർഥ്യമാണ് പ്രതിപക്ഷനിരയെ തുറിച്ചുനോക്കുന്നത്.
സ്വന്തം േകഡറും കാവിക്കുപിന്നാലെ പോയ ത്രിപുരയിൽ ഇനിയൊരഞ്ചു വർഷം കൂടി കഴിയുേമ്പാൾ അധികാരം വീണ്ടെടുക്കാൻ സി.പി.എമ്മിന് കഴിഞ്ഞെന്നുവരില്ല. ഇനിയൊരു തിരിച്ചുവരവും ബി.ജെ.പി രാഷ്ട്രീയത്തിെൻറ തിരസ്കരണവും ദീർഘസമയം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. അത്തരമൊരു പോരാട്ടം ഒറ്റക്കു നടത്തി വിജയിപ്പിച്ചെടുക്കുക എളുപ്പമല്ല. ത്രിപുരയിൽ മണിക് സർക്കാറിെൻറ പ്രതിച്ഛായയിലാണ് സി.പി.എം പിടിച്ചുനിന്നതെങ്കിൽ, പശ്ചിമ ബംഗാളിൽ വീണത് വികലചെയ്തികൾക്കൊടുവിലാണ്. ത്രിപുരയിൽ അധികാരം പിടിച്ച ബി.ജെ.പി ഇന്ന് പശ്ചിമ ബംഗാളിൽ രണ്ടാമത്തെ കക്ഷിയായി വളർന്നിരിക്കുന്നു. അവിടെയും സി.പി.എമ്മിന് തിരിച്ചുവരവിെൻറ സാധ്യത ഒറ്റക്ക് അന്വേഷിക്കാൻ സമീപ തെരഞ്ഞെടുപ്പുകളിലൊന്നും കഴിയില്ലെന്ന് വ്യക്തമാണ്. തൃണമൂലിനെയും ബി.ജെ.പിെയയും എതിരിടേണ്ടിവരുന്ന ത്രിപുര, പശ്ചിമ ബംഗാൾ പ്രായോഗികരാഷ്ട്രീയത്തിൽ സി.പി.എം ആരുമായാണ് ചങ്ങാത്തം കൂടേണ്ടി വരുക? കേരളത്തിൽ കോൺഗ്രസുമായി നേർക്കുനേർ പോരാട്ടം നടത്തുന്ന സാഹചര്യം മാത്രം മുന്നിൽ വെച്ചുകൊണ്ട്, ദേശീയപാർട്ടിയെന്ന് അഭിമാനിക്കുന്ന സി.പി.എമ്മിന് ബി.ജെ.പിവിരുദ്ധ രാഷ്ട്രീയത്തിന് രണ്ടാമത്തെ പ്രാധാന്യം മാത്രം കൽപിക്കാൻ എങ്ങനെ സാധിക്കും? സി.പി.എം തൃശൂർ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധികളോട് പറഞ്ഞത് സി.പി.എം എന്നാൽ ‘കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് കേരള’ അല്ലെന്ന് ഒാർക്കണം എന്നാണ്. പാർട്ടിക്ക് ആളും അധികാരവുമുള്ള പ്രധാന സംസ്ഥാനം ഇന്ന് കേരളമാണ്. ആ കേരളത്തിലെ രാഷ്ട്രീയത്തിനപ്പുറത്തെ ദേശീയകാഴ്ചപ്പാടുകളിലേക്ക് പാർട്ടിയെ നയിക്കുക എന്ന വലിയ സമസ്യക്കുമുന്നിലാണിന്ന് സി.പി.എം. നയപരമായ ഭിന്നത യുക്തിസഹമായി തീർത്തെടുക്കാതെ സി.പി.എമ്മിന് മുന്നോട്ടു പോകാനാവില്ല. കേരളത്തിലാകെട്ട, കോൺഗ്രസ് അൽപം ക്ഷയിച്ചാൽ തങ്ങൾക്കാണു ഗുണമെന്ന കാഴ്ചപ്പാടുള്ളവരാണ് സി.പി.എം നേതാക്കൾ. കോൺഗ്രസിൽ നിന്ന് കുറെ വോട്ട് ബി.ജെ.പിക്കു പോയാൽ ബി.ജെ.പി ജയിക്കാൻ പോകുന്നില്ല, സി.പി.എമ്മിന് മേൽക്കെ നിലനിർത്താമെന്നാണ് ലളിതമായ കണക്ക്. എന്നാൽ കോൺഗ്രസിൽ നിന്നാകെട്ട, സി.പി.എമ്മിൽ നിന്നാകെട്ട, ചെറിയൊരു ഒഴുക്ക് കിട്ടിത്തുടങ്ങിയാൽ മട തന്നെ വീഴ്ത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
കോൺഗ്രസിെൻറ തകർച്ച
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ബി.ജെ.പിയെ വിയർപ്പിച്ചെന്നും രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാണിെച്ചന്നുമൊക്കെ അവകാശപ്പെടുേമ്പാൾതന്നെ, പാർട്ടി വരുത്തിയ പിഴവുകളുടെ തെളിവുകളായി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ മാറിയിരിക്കുന്നു. ത്രിപുരയിൽ കോൺഗ്രസിെൻറ ത്രിവർണ പതാകയിൽ കാവി പടരുന്നത് ഹൈകമാൻഡ് അറിയാതിരുന്നില്ല. എന്നാൽ, പ്രതിരോധിക്കാൻ എന്തു ചെയ്തു? സി.പി.എമ്മിെൻറ പിന്തുണ കിട്ടണമെന്ന് വാദിച്ചു പോരുന്ന കോൺഗ്രസുകാർക്കുനേരെ കാരാട്ട്പക്ഷം ഉയർത്തുന്ന ചോദ്യവും ഇതിനൊപ്പം പ്രസക്തമാണ്. ബി.ജെ.പിയെ നേരിടാൻ ത്രിപുരയിലെ കോൺഗ്രസുകാർ സി.പി.എമ്മിനെ സഹായിേച്ചാ എന്നാണ് ആ പിടിവള്ളിച്ചോദ്യം.
രാഹുൽഗാന്ധി പറഞ്ഞാൽ കേൾക്കാൻ അണിയും സംവിധാനവുമില്ലാത്ത വിധം ത്രിപുരയിൽ കോൺഗ്രസ് അപ്പാടെ ബി.ജെ.പിയിലേക്ക് ഒലിച്ചുപോയി. പക്ഷേ, ബാക്കിയുള്ളവരുടെ വോട്ട് ബി.ജെ.പിവിരുദ്ധ സ്ഥാനാർഥികൾക്ക് എത്തിക്കാൻ നേതൃത്വം എന്തു ചെയ്തു? എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ സി.പി.എമ്മിെൻറ പതനം ഇത്രത്തോളം ദയനീയമാവില്ലായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭരണത്തിൽ കുത്തകാവകാശമുണ്ടായിരുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇന്ന് അവിടെ എല്ലാ സംസ്ഥാനങ്ങളിലും ഉൗർധ്വൻ വലിക്കുന്നു. ഹൈകമാൻഡും അതത് സംസ്ഥാനനേതൃത്വവുമായുള്ള അകൽച്ച വർധിച്ചുണ്ടായ വിടവിലൂടെയായിരുന്നു അധികാരത്തിലേക്കുള്ള ബി.ജെ.പിയുടെ തള്ളിക്കയറ്റം. കരുത്തുറ്റ ആന്ധ്രപ്രദേശ് നഷ്ടപ്പെടുത്തിയതടക്കം കോൺഗ്രസ്നേതൃത്വം വരുത്തിവെച്ച വിനകൾക്ക് േവറെയുമുണ്ട് ഉദാഹരണങ്ങൾ. പുതിയ നേതൃത്വമായി രാഹുൽ ഗാന്ധി അവരോധിക്കപ്പെട്ടതോടെ പ്രവർത്തനങ്ങൾ ഉഷാറാകുമെന്ന് കരുതിയ കോൺഗ്രസുകാർക്കും തെറ്റി. പാർട്ടി പുനഃസംഘാടനത്തിനും ജനകീയ സമരങ്ങൾ അടക്കമുള്ള ഭരണവിരുദ്ധനീക്കങ്ങൾക്കുമെല്ലാം ഒച്ചിഴയും വേഗമാണെന്ന് കോൺഗ്രസുകാർ അടക്കം പറയും.
‘മാറ്റം’ എന്ന സന്ദേശമാണ് ബി.ജെ.പി അണികളിലേക്ക് കൈമാറി വിജയിപ്പിക്കുന്നത്. ‘മാറ്റും’ എന്ന ബോധം സൃഷ്ടിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയുന്നില്ല. നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിൽ പ്രസരിപ്പുള്ള മുഖം കാണിക്കാൻ, പലവിധ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പ്രതിപക്ഷപാർട്ടികൾക്ക് കഴിയുന്നില്ല. സർക്കാറിനെതിരായ ജനമനോഭാവം സംയോജിപ്പിക്കാനോ മുന്നേറ്റമാക്കാനോ കഴിയുന്നില്ല. അതെ, ഭരണപ്പകിട്ടല്ല, പ്രതിപക്ഷ ദൗർബല്യങ്ങളാണ് ബി.ജെ.പിയുടെയും മോദി-അമിത് ഷാമാരുടെയും ആസ്തി. ത്രിപുരയും മേഘാലയയും നാഗാലാൻഡും അതിെൻറ പുതിയ തെളിവുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.