മോചിത
text_fields'ലൈഫ്' പദ്ധതിയെച്ചൊല്ലി നമ്മുടെ നിയമസഭയിൽ ചർച്ച െപാടിപൊടിക്കുകയാണ്. മന്ത്രി െഎസക് ഉൾപ്പെടെയുള്ളവർ വലിയ അവകാശവാദങ്ങളുമായി രംഗം പിടിച്ചെടുക്കുമെന്ന ഘട്ടത്തിലാണ് പ്രതിപക്ഷത്തുനിന്ന് പി.കെ. ബഷീർ വിഷയം ഏറ്റെടുത്തത്. ഗ്രാമ, ജില്ല പഞ്ചായത്തുകൾ താണ്ടിയെത്തിയ ബഷീറിനോളം തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പിെൻറ ഉള്ളുകള്ളികൾ അറിയുന്നവർ ആ സഭയിലുണ്ടാകാൻ സാധ്യതയില്ല.
പദ്ധതിയൊക്കെ കൊള്ളാം, കുറെ ആളുകൾക്ക് വീട് കിട്ടുന്ന കാര്യമല്ലേ? പക്ഷേ, ഒരു പ്രശ്നം. ഭവനരഹിതർക്ക് വീട് കിട്ടണമെങ്കിൽ റേഷൻകാർഡ് വേണം. നോക്കുേമ്പാൾ കാർഡില്ല. ആദ്യം അതിന് അപേക്ഷിക്കാം എന്നുവെച്ചാൽ, റേഷൻ കാർഡ് കിട്ടണമെങ്കിൽ വീട്ടുനമ്പർ വേണം! ഇതുപോലുള്ള കാര്യങ്ങൾ പരിഹരിക്കാതെ 'എന്ത് ലൈഫ്' എന്നാണ് ബഷീറിെൻറ ചോദ്യം.
ഏതാണ്ട് ഇതുപോലെയാണ് യു.എ.പി.എ കേസുകൾ കോടതിയിലെത്തിയാലുള്ള അവസ്ഥ. ജാമ്യം കിട്ടാതിരിക്കാൻ ആദ്യം യു.എ.പി.എ ചുമത്തും; ചുമത്തിയ സ്ഥിതിക്ക് ജാമ്യം കൊടുക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് കോടതി കൈയൊഴിയും. പരിഗണിക്കപ്പെടുന്ന കേസ് യു.എ.പി.എ ചുമത്താവുന്നതാണോ എന്ന ചോദ്യം ആരും ചോദിക്കുകയുമില്ല.
ഇൗ കുരുക്കിലകപ്പെട്ട് രണ്ട് മാസമാണ് സഫൂറ സർഗാർ എന്ന ജാമിഅ വിദ്യാർഥിനി തിഹാർ ജയിലിൽ കിടന്നത്. ജയിലിലേക്ക് പോകുേമ്പാൾ മൂന്നുമാസം ഗർഭിണിയായിരുന്നു സഫൂറ. മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടു. ഒടുവിലിപ്പോൾ, ഡൽഹി ഹൈകോടതി 'പ്രത്യേക പരിഗണന' നൽകി ജാമ്യം അനുവദിച്ചിരിക്കുന്നു.
ഇതിനിടയിൽ നോമ്പും പെരുന്നാളുമൊക്കെ കഴിഞ്ഞു. ആദ്യം ആരോഗ്യം വീണ്ടെടുക്കെട്ടയെന്നാണ് പുറത്തിറങ്ങിയശേഷമുള്ള ആദ്യ പ്രതികരണം. ഇനിയങ്ങോട്ട് സ്വന്തം ശരീരം മാത്രമല്ല, ഉദരത്തിൽ വളരുന്ന മറ്റൊരു ജീവെൻറ ഉത്തരവാദിത്തം കൂടിയുണ്ട്. അതിനായി ശരീരവും മനസ്സും പാകപ്പെടുത്തണം.
രാഷ്ട്ര തലസ്ഥാനത്ത് യൂനിവേഴ്സിറ്റി വിദ്യാർഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിച്ചപ്പോൾ അതിെൻറ മുൻനിരയിലുണ്ടായിരുന്നു; ജാമിഅയിലെ വിദ്യാർഥി സംഘത്തിെൻറ മീഡിയ കോഒാഡിനേറ്ററായി. രണ്ടുമാസം കഴിഞ്ഞ്, വടക്കു കിഴക്കൻ ഡൽഹിയിൽ ഹിന്ദുത്വക്കൂട്ടം അഴിഞ്ഞാടി അമ്പതിലേറെ പേരുടെ ജീവനെടുത്തപ്പോൾ സമാധാനത്തിെൻറ പ്രതിരോധദൂതുമായി ആദ്യമെത്തിയവരുടെ കൂട്ടത്തിലും സഫൂറയുണ്ടായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞ്, ലോകമൊന്നാകെ ലോക്ഡൗണിെൻറ ഭീതിയിലും ആലസ്യത്തിലും കഴിഞ്ഞനാളുകളിൽ ഡൽഹി വംശീയാക്രമണത്തിെൻറ കുറ്റപത്രം വന്നപ്പോൾ ചിത്രമാകെ മാറി: 'ഗോലി മാറോ' ആഹ്വാനം നടത്തിയ അനുരാഗ് ഠാകുറും 'ഇനിയുമൊരു ശാഹീൻ ബാഗ് ആവർത്തിക്കാതിരിക്കാൻ ജാഫറാബാദിന് ചുട്ടമറുപടി കൊടുക്കൂ' എന്ന് ആക്രോശിച്ച കപിൽ മിശ്രയുമൊന്നും അതിലില്ല. പകരം സഫൂറയെപ്പോലുള്ള കുറെ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും മാത്രം.
വിദ്വേഷ പ്രസംഗം, ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ കുറ്റങ്ങളിലായി 20ഒാളം വകുപ്പുകളാണ് സഫൂറക്കുമേൽ ചാർത്തിയത്: അതിലൊന്ന് യു.എ.പി.എയും. പിന്നെ പറഞ്ഞിട്ടുകാര്യമില്ല. എങ്ങനെ ജാമ്യം കിട്ടാനാണ്? നിയമത്തിെൻറ നൂലിഴ കീറി മൂന്നു തവണ പരിശോധിച്ചിട്ടും ജാമ്യം നിഷേധിക്കപ്പെട്ടത് അതുകൊണ്ടുമാത്രമാണ്. അല്ലാതെ, മോദിവിരുദ്ധർ പറയുന്നതുപോലെ അവരുടെ മുസ്ലിം-കശ്മീരി സ്വത്വമല്ല.
എന്നിട്ടും നീതിപീഠം വിട്ടില്ലെന്നോർക്കണം. ഒടുവിൽ ഡൽഹി ഹൈകോടതി ജഡ്ജി അതുതന്നെ പ്രയോഗിച്ചു: 'മനുഷ്യത്വപരമായ' കാരണങ്ങൾ മുൻനിർത്തി ജാമ്യം അനുവദിച്ചു. 'മാനവികതക്കും പുരോഗതിക്കും കൂടിയാണ് ഫാഷിസം' എന്ന് പണ്ട് മുസോളനി പറഞ്ഞത് ഇൗ സന്ദർഭത്തിൽ ആരെങ്കിലും ഒാർത്താൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ജാമ്യം തേടി ആദ്യം പാട്യാല ഹൗസ് കോടതിയെ സമീപിപ്പിച്ചപ്പോൾ ജഡ്ജി പറഞ്ഞതും ഇൗ സന്ദർഭത്തിൽ വെറുതെ ഒാർക്കാം: ''തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്താൽ പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടർത്തിയതിന് കാറ്റിനെ കുറ്റെപ്പടുത്താനാവില്ല.'' ഗർഭിണിയാണെങ്കിലും ആരോഗ്യപ്രശ്നമുണ്ടെങ്കിലും അകത്തുതന്നെ കിടക്കൂ, അനുഭവിക്കൂ എന്നാണ് അപ്പറഞ്ഞതിനർഥം.
ചരിത്രത്തിൽ മോശെ പ്രവാചകെൻറ ഭാര്യയാണ് സഫൂറ. പഴയ നിയമത്തിലെ 'പുറപ്പാട്' പുസ്തകത്തിൽ ആ പേരുണ്ട്. ഹീബ്രു ഭാഷയിൽ ആ നാമത്തിന് 'പക്ഷി' എന്നർഥം. മദിയനിൽനിന്ന്, ഒരിക്കൽ നാടുവിട്ട മിസ്രയീമിലേക്കുള്ള തിരിച്ചുപോക്കിൽ മോശെയെ അനുഗമിക്കുകയും ധൈര്യം പകരുകയും ചെയ്ത മഹതിയാണ് സഫൂറ. ചരിത്രത്തിെൻറ ചിറകിൽ ആ നാമധേയം ഇന്ദ്രപ്രസ്ഥത്തിലെ ജാമിഅയിൽ പറന്നിറങ്ങുേമ്പാൾ അതിന് പോരാട്ടം എന്നും അർഥം കൽപിക്കേണ്ടി വരും.
പലരും കരുതുന്നതുപോലെ, സി.എ.എ വിരുദ്ധ സമരത്തിലൂടെ വിദ്യാർഥി നേതാവായി ഉയർന്ന ആളല്ല. 2017ൽ, ആർ.എസ്.എസിെൻറ മുസ്ലിം വിങ്ങായ മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ നേതാവ് ഇേന്ദ്രഷ് കുമാറിനെ വൈസ്ചാൻസലർ തലത്ത് അഹ്മദ് ഇഫ്താർ പാർട്ടിക്ക് ക്ഷണിച്ചപ്പോൾ, ആ നീക്കത്തിനെതിരെ രംഗത്തുവന്നവരിലൊരാളായിരുന്നു. അന്ന് എം.എ വിദ്യാർഥി.
അന്നേ രാഷ്ട്രീയം ഒന്നേയുള്ളൂ: മോദിഭരണത്തിന് കീഴിൽ തഴച്ചുവളരുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജാഗ്രത. ഹിന്ദുത്വയുടെ തേരോട്ടം രാജ്യത്തെ ഒരു സമുദായത്തെതന്നെ ഇല്ലാതാക്കുമെന്ന ഘട്ടത്തിൽ പിന്നെ തെരുവിലിറങ്ങാതെ കഴിയില്ലെന്നായി. അങ്ങനെയാണ് ഡൽഹിയുടെ തെരുവിൽ പോരാട്ടത്തിെൻറ ക്ലാസ്മുറികൾ തുറന്നത്. അവ ശാഹീൻ ബാഗുകളായും ആസാദി ചത്വരങ്ങളായും രാജ്യമാകെ പടർന്നപ്പോൾ ഭരണകൂടത്തിന് സഫൂറയെപ്പോലുള്ളവരെ ഒതുക്കാതെ തരമില്ലെന്നായി. അതാണ് 60 ദിവസത്തെ തിഹാർ വാസത്തിൽ കലാശിച്ചത്.
ജാമിഅയിൽ സോഷ്യോളജി വിഭാഗത്തിൽ എം.ഫിൽ വിദ്യാർഥിയാണ്. 27 വയസ്സ്. കശ്മീരിലെ കിശ്ത്വറാണ് ജന്മദേശം. പിതാവ് ശബീർ ഹുസൈൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സഫൂറയുടെ അഞ്ചാം വയസ്സിൽ ശബീർ ജോലിയാവശ്യാർഥം ഡൽഹിയിലേക്ക് മാറി. സ്കൂൾ കാലത്ത് സഫൂറയുടെ ക്ലാസിൽ അവൾ മാത്രമായിരുന്നു മുസ്ലിമായി.
പോരാത്തതിന് കശ്മീരിയും. അന്നുതൊേട്ട കേൾക്കുന്നുണ്ട് 'ഗോ റ്റു പാകിസ്താൻ' മുദ്രാവാക്യം. 'അടിച്ചമർത്തപ്പെട്ട മുസ്ലിം സ്ത്രീ'യുടെയും 'അർബൺ നക്സലി'െൻറയും 'കശ്മീരി തീവ്രവാദി'യുടെയും പട്ടങ്ങൾ പലപ്പോഴും ഒരേസമയം അണിയേണ്ടി വന്നിട്ടുണ്ടെന്ന് സഫൂറ. ഡൽഹി സർവകലാശാലക്കു കീഴിലെ ജീസസ് ആൻഡ് മേരി കോളജിലായിരുന്നു ബിരുദകാലം. പി.ജിക്ക് ജാമിഅയിലെത്തി.
കഴിഞ്ഞ വർഷമാണ് എം.ഫിലിന് ചേർന്നത്. ഗർഭിണിയായ പെൺകുട്ടിയാണ് അറസ്റ്റിലായിരിക്കുന്നതെന്നറിഞ്ഞ നിമിഷം മുതൽ അതിെൻറ 'ഉത്തരവാദി'യെ തിരയുകയായിരുന്നു കാവിപ്പടയുടെ സൈബർകൂട്ടം. മോർഫിങ് ചിത്രങ്ങളുടെ അകമ്പടിയോടെ കുറെ ട്രോളുകളും പടച്ചുവിട്ടു. ഉത്തരവാദിയില്ലാത്തൊരു ഗർഭമാണതെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
മുമ്പ് ജെ.എൻ.യുവിൽ പയറ്റിയ 'ക്വാണ്ടം സിദ്ധാന്ത'വും ജാമിഅയുടെ പേരിൽ ഇറക്കി. ഇൗ നീച രാഷ്ട്രീയത്തിന് ചെവികൊടുക്കാതെ, സഫൂറയുടെ നീതിക്കായി പൊരുതുകയായിരുന്നു ഭർത്താവ് സബൂർ അഹ്മദ്. സബൂറും കശ്മീർ സ്വദേശിയാണ്. 2018ലായിരുന്നു വിവാഹം. സഫൂറക്ക് ഒരു സഹോദരി: സമീഅ സർഗാർ. സഫൂറയുടെ പോരാട്ടത്തിനൊപ്പം സമീഅയുമുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.