മിത്ത് ബ്രേക്കർ
text_fieldsഅരനൂറ്റാണ്ടുമുമ്പ് മനസ്സിൽ വിരിയിച്ച ചിത്രമായിരുന്നു ശിവപുര ഗ്രാമത്തിേൻറത്. വീറും വാശിയുമുള്ള കാരുണ്യമൂർത്തിയായ കരിമയി ദേവിയുടെ തണലിൽ കഴിയുന്ന ഗ്രാമത്തെ ഗൗഡയും അയാളുടെ ബ്രാഹ്മണനായ കണക്കപ്പിള്ള ദട്ടപ്പയുമാണ് നയിക്കുന്നത്. അതിനിടെയാണ് ആധുനികവിദ്യാഭ്യാസം നേടിയ പരിഷ്കാരിയായ ചെറുപ്പക്കാരൻ ഗുദ്സികാര കടന്നുവരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ശിവപുരക്ക് ഒരു പഞ്ചായത്തും കിട്ടി. അപ്പോൾ പ്രസിഡൻറായി ആരെ വാഴിക്കും എന്നായി ചോദ്യം. അതിനുള്ള ഉത്തരം ഗൗഡ നേരത്തേ കണ്ടുവെച്ചിരുന്നു-പരിഷ്കാരിയായ ഗുദ്സികാര തന്നെ. എന്നാൽ, പാരമ്പര്യത്തെ മുറുകെപ്പിടിച്ചിരുന്ന ശിവപുരക്കാർക്ക് അതത്ര ദഹിച്ചിരുന്നില്ല. അപ്പോൾ ചെറുപ്പക്കാരൻ നയിക്കെട്ട, നല്ലതേ ഭവിക്കൂ എന്നായി ഗൗഡ. അങ്ങനെ അധികാരമേറ്റ് നവ യുവതുർക്കി തുടങ്ങിയപ്പോൾതന്നെ ശരി നാട്ടുകാർ പറഞ്ഞതിൽ തന്നെയായിരുന്നെന്ന് ഗൗഡക്കും ബോധ്യപ്പെട്ടു. എന്നാൽ, കരിമയി കനിയും എന്ന വിശ്വാസത്തിൽ ഗൗഡ ഉറച്ചുനിന്നു. എന്നാലും ആരുടെ കനിവിനും കാത്തുനിൽക്കാതെ എല്ലാം പുതിയ പ്രസിഡൻറ് കുളമാക്കിയെടുത്തു എന്നാണ് കഥ. ചന്ദ്രശേഖര കമ്പാറിെൻറ ആദ്യനോവൽ ‘കരിമയി’യിലെ കഥ.
ദസ്തയേവ്സ്കിക്ക് സെൻറ് പീറ്റേഴ്സ് ബർഗും ലോർകക്ക് ആന്തലൂസ്യയും പോലെ കന്നടയിൽ ചന്ദ്രശേഖര കമ്പാർ പണിതതാണ് ശിവപുര. യുേട്ടാപ്യയായ ശിവപുരയിൽ ഗൗഡക്ക് നിഷ്കാമിയാകാം. കഥ കഥയാണല്ലോ. എന്നാൽ, യുേട്ടാപ്യയെയും ഗൗഡയെയും പടച്ച ചന്ദ്രശേഖര കമ്പാറിന് പ്രായോഗികജീവിതത്തിൽ കരിമയിദേവിയുടെ കടാക്ഷത്തിൽ പ്രതീക്ഷയർപ്പിച്ചുമാത്രം ഇരിക്കാനാവില്ല. അസഹിഷ്ണുതയുടെ മറനീക്കി വർഗീയതയുടെ വൈതാളികർ സാഹിത്യത്തിെൻറയും സംസ്കാരത്തിെൻറയും മേൽക്കുപ്പായമണിഞ്ഞ് അക്കാദമികളും അക്കാദമികസ്ഥാപനങ്ങളും കൈയടക്കാൻ നോക്കിനിൽക്കുന്ന ഇൗ ആസുരകാലത്ത്. അതുകൊണ്ട് രാക്ഷസീയതയെ തോൽപിക്കുന്ന ദേവകഥാപാത്ര സൃഷ്ടി മാത്രം മതിയാവില്ല മോദിഭാരതത്തിലെ അസുരവിത്തുകളെ ചെറുക്കാൻ. അതിന് കളത്തിൽ ഇറങ്ങിക്കളിക്കുക തന്നെ വേണം. പണ്ട് മഹാശ്വേത ദേവിയെന്ന മഹാമേരുവിനെപ്പോലും തോൽവിയുടെ തിക്തകം കുടിപ്പിച്ച കേന്ദ്ര സാഹിത്യഅക്കാദമിയാണ്. അതിനാൽ രണ്ടും കൽപിച്ചിറങ്ങുകയായിരുന്നു അക്കാദമി വൈസ് പ്രസിഡൻറായിരുന്ന കമ്പാർ ഇത്തവണ. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സഹയാത്രികരായി നിന്ന സുഹൃത്തുക്കളായിരുന്നു പ്രതീക്ഷയുടെ കൂട്ട്. അപ്പുറത്ത് ആൾ ചില്ലറയായിരുന്നില്ല. പേരിലെ പ്രതിഭ എഴുത്തിലുണ്ടോ എന്നുചോദിച്ചാൽ രണ്ടു പക്ഷമുണ്ടാകാമെങ്കിലും ജ്ഞാനപീഠം മുതലുള്ള അംഗീകാരങ്ങളിൽ ഒപ്പത്തിനൊപ്പമെന്നുപറയുന്ന പ്രതിഭ റായിയായിരുന്നു എതിർസ്ഥാനാർഥി.
അധികാരസ്ഥരുടെ പട്ടും വളയും ആശീർവാദവും വേണ്ടത്രയുള്ളവർ. എന്നാൽ, അക്കാദമിയെ ഭരണകൂടത്തിെൻറ ആലയിൽ കെട്ടരുതെന്ന തെൻറ ഉറച്ച അഭിപ്രായത്തിന് പിന്തുണയറിയിച്ചവർ ഉറച്ചുനിന്നു. അങ്ങനെ 29നെതിരെ 56 വോട്ടുകൾ നേടി കേന്ദ്ര സാഹിത്യഅക്കാദമിയുടെ അധ്യക്ഷസ്ഥാനത്തെത്തിയിരിക്കുന്നു എൺപത്തിയൊന്നുകാരനായ ചന്ദ്രശേഖര കമ്പാർ. അക്കാദമിയുടെ ജനാധിപത്യത്തിനുവേണ്ടി എന്നും നില കൊണ്ടയാളാണ്. അതിനാൽ വൈസ് പ്രസിഡൻറ് വോെട്ടടുപ്പില്ലാതെ െതരഞ്ഞെടുക്കപ്പെടുക എന്ന നാട്ടുനടപ്പിനൊന്നും കാത്തുനിന്നില്ല. ഇടത്തും വലത്തുമായി അംഗങ്ങൾ തിരിഞ്ഞ് ബലാബലത്തിനു ഒരുകൈ നോക്കാനെന്നോണം നിൽക്കെ വോട്ടുതന്നെ ഉത്തമം എന്നു വെച്ചു. നാട്ടുകാരനായ പൂർവികൻ യു.ആർ. അനന്തമൂർത്തിയെപ്പോലെ സ്ഥാനം കൈക്കലാക്കുകയും ചെയ്തു. ജന്മദേശക്കാരനായ വിനായകകൃഷ്ണ ഗോകകിനും അനന്തമൂർത്തിക്കും ശേഷം കേന്ദ്ര അക്കാദമിയുടെ അധ്യക്ഷപദവിയേറുന്ന മൂന്നാമത് കന്നഡിഗനായി.
ഇരുമ്പുരുക്കാൻ ഉലയൂതിത്തെളിയിക്കാൻ പോലുമാകാതെ പണിയായുധ നിർമാണത്തിെൻറ കുലത്തൊഴിലിൽ പരാജയപ്പെട്ടതാണ് അക്ഷരവഴിയിൽ വിജയക്കൊടി നാട്ടാൻ കമ്പാറിന് അവസരമൊരുക്കിയത്. 1937 ജനുവരി രണ്ടിന് അന്നത്തെ മഹാരാഷ്ട്രയിൽപെട്ട ബെൽഗാം ജില്ലയിലെ ഘോദഗരിയിലാണ് ജനനം. മക്കളിൽ മൂന്നാമൻ. കുലത്തൊഴിലിനുകൊള്ളില്ലെന്നു വന്നപ്പോൾ അച്ഛൻ പള്ളിക്കൂടത്തിലയച്ചു. നാട്ടിൻപുറത്ത് ദാരിദ്ര്യമായിരുന്നു കൂട്ട്. അതിനാൽ വിദ്യാഭ്യാസം വഴിയിൽ മുടന്തിനിന്നപ്പോൾ സിദ്ദാറാം സ്വാമിജിയും ശവളകി മാതായും രക്ഷക്കെത്തി. പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള എല്ലാ ചെലവും വഹിച്ച അവരോടുള്ള കടപ്പാടുകൾ കൃതികൾ പലതിലും നിറഞ്ഞുനിന്നു. അങ്ങനെ നാട്ടുകാരുടെ ശിവപുർ കമ്പാർ മാഷായി മാറിയ കമ്പാർ പിഎച്ച്.ഡി വരെ പഠനം തുടർന്നു. കന്നട യൂനിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലർ വരെയായി ഉയർന്നു. അേപ്പാഴും കടന്നുവന്ന കാൽപാടുകൾ മായ്ക്കാൻ തയാറുണ്ടായിരുന്നില്ല. ഉത്തരകർണാടകയിലെ ആ പഴയ നാട്ടിൻപുറത്ത് ഇേപ്പാഴും കൊല്ലത്തിൽ രണ്ടുമൂന്നു തവണ എത്തി വിരുന്നുകൂടാറുണ്ട്. മാത്രമല്ല, കൃതികളിലുടനീളം ആ നാട്ടുഭാഷയാണ് ഉപയോഗിച്ചതും. നിരക്ഷരരും ചൂഷിതരുമായിരുന്ന സമൂഹത്തിെൻറ സന്തതിയായ തനിക്ക് അഭ്യസ്തവിദ്യനാകാനായതിെൻറ നന്ദി പ്രകാശിപ്പിക്കാനുള്ള വഴിയാണ് അവരുടെ ഭാഷയിൽ അവരുടെ പ്രശ്നങ്ങൾ പ്രമേയമാക്കുകയെന്ന് തുറന്നുപറയുന്നുണ്ട് കമ്പാർ. അഞ്ചുനോവലുകൾ, 11 കവിതസമാഹാരങ്ങൾ, 25 നാടകങ്ങൾ, അഞ്ച് ഫീച്ചർ ഫിലിമുകൾ എന്നിവയിലായി അതത്രയും പരന്നുകിടക്കുന്നു. ആ സുകൃതങ്ങൾക്കുള്ള പ്രതിഫലം സാഹിത്യഅക്കാദമി അവാർഡ് മുതൽ പത്മശ്രീ വഴി ജ്ഞാനപീഠ പുരസ്കാരം വരെയായി അദ്ദേഹത്തെ തേടിയെത്തി. സത്യഭാമയാണ് ഭാര്യ. അച്ഛെൻറ കവിത്വം അനന്തരമെടുത്ത ജയശ്രീ, രാജശേഖര കമ്പാർ, ഗീത, ചന്നമ്മ എന്നിവരാണ് മക്കൾ.
നാട്ടിൻപുറത്തിെൻറ വിശുദ്ധിയിൽ നിന്നാകാം എല്ലാവരെയും മനുഷ്യരായി കാണുന്ന വിശാലബോധത്തിലേക്ക് കമ്പാർ ഉയർന്നുനിന്നതും വർഗീയതക്കും വംശവെറിക്കുമെതിരെ നാക്കും പേനയും ആയുധമാക്കിയതും. ആ നിലപാടിലെ വിട്ടുവീഴ്ചയില്ലായ്മയാണ് കർണാടകയിൽ ഭരണമാറ്റത്തിനനുസരിച്ച് സാഹിത്യഅക്കാദമിയെ അഴിച്ചുപണിതപ്പോഴും കേന്ദ്ര അക്കാദമി കാവിവത്കരിക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോഴും ശക്തമായ എതിർപ്പുമായി അദ്ദേഹത്തെ രംഗത്തിറക്കിയത്. അവാർഡ്/അംഗത്വവാപസിയുമായി എഴുത്തുകാർ പോരാട്ടത്തിനിറങ്ങുേമ്പാൾ അക്കാദമിയെ ഫാഷിസത്തിെൻറ തിരതള്ളലിൽ ദിശ തെറ്റാതെ തിരിച്ചുതുഴഞ്ഞ് കരയടുപ്പിക്കാനാവുമോ എന്നായിരുന്നു കമ്പാറിെൻറ നോട്ടം. വ്യർഥം എന്ന് പലരും എഴുതിത്തള്ളിയെങ്കിലും ‘മിത്ത് മേക്കർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്പാർ ആത്മവിശ്വാസത്തിലായിരുന്നു. ഒടുവിൽ കലാശാലകളും അക്കാദമികവേദികളും സംഘ്പരിവാർ പിടിച്ചടക്കുന്ന, എല്ലാം ഫാഷിസത്തിന് വഴങ്ങുകയാണെന്നത് വെറും മിഥ്യയാണെന്നും ഒത്തുപിടിച്ചാൽ ആ മിത്ത് പൊളിക്കാമെന്നും കമ്പാർ തെളിയിച്ചിരിക്കുന്നു. അങ്ങനെ എഴുത്തിലെ ‘മിത്ത് മേക്കർ’ ഇനി ‘മിത്ത് ബ്രേക്കർ’ എന്നുകൂടി അറിയപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.