സേട്ട് സാഹിബ്, ഇന്ത്യ അങ്ങയുടെ അഭാവമറിയുന്നു
text_fieldsഇന്ദിര വധത്തിനുശേഷം രാജ്യതലസ്ഥാന നഗരിയിൽ കേന്ദ്രമന്ത്രിമാരുടെയും പാർലമെൻറംഗങ്ങളുടെയും വസതികളിലെല്ലാം കാവല്‍മാടങ്ങൾ സ്ഥാപിച്ച് തോക്കേന്തിയ കാവൽഭടന്മാരെ നിയോഗിക്കപ്പെട്ടപ്പോഴും ബൽവന്ത് റായ് മേത്താ ലൈനിലെ ഏഴാം നമ്പർ വസതിയുടെ ഗേറ്റിനൊരു പൂട്ടുപോലുമില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭരായ പാര്ലമെേൻററിയന്മാരിലൊരാളുടെ ആ വീട്ടിലേക്ക് ഏതു പാതിരാത്രിയിലും ആർക്കും കയറിച്ചെല്ലാം. ആവലാതി പറയാനും അപേക്ഷ നൽകാനും ശിപാർശ കത്തുകൾ വാങ്ങാനുമായി രാജ്യത്തിെൻറ സകല കോണുകളിൽനിന്നും എല്ലാ വിഭാഗക്കാരായ ആളുകളും വന്നുചേർന്നിരുന്നു അവിടെ. അവകാശപ്പോരാട്ടങ്ങളുടെ സേനാനായകനായിരുന്ന ഒരു വിശ്വപൗരെൻറ- ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിെൻറ വസതിയായിരുന്നു അത്. കയറിച്ചെല്ലുന്ന ഒാരോ മനുഷ്യനെയും വലുപ്പചെറുപ്പമില്ലാതെ വരവേറ്റ്, ആവലാതികൾക്ക് തീർപ്പുണ്ടാക്കുന്നത് തെൻറ ദൗത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
പ്രധാനമന്ത്രിമാര്‍, രാഷ്ട്രപതിമാര്‍, അറബ്- മുസ്ലിം രാഷ്ട്രത്തലവന്മാര്, വിശ്വവിഖ്യാതപണ്ഡിതര് തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തിയിരുന്ന സേട്ട്സാഹിബ് ദുർബലരും ദരിദ്രരുമായ ഗ്രാമീണരോടും തുല്യസ്നേഹം തന്നെ സൂക്ഷിച്ചു.ഒരുനൂറ്റാണ്ടിനിടയിൽ ഇന്ത്യ കണ്ട ലക്ഷണമൊത്ത മുസ്ലിംനേതാക്കളുടെ മുന്‍നിരയിലുള്ള അദ്ദേഹം രാജ്യത്തിനും സമുദായത്തിനും വേണ്ടിയാണ് ആയുസ്സ് സമർപ്പിച്ചതെന്ന് ആ വന്മരത്തിെൻറ തണലുപറ്റി നടന്ന വേളകളിലെല്ലാം ബോധ്യമായതാണ്. ലക്ഷക്കണക്കിനുപേര്‍ മരിച്ചുവീണ ഇറാന് -ഇറാഖ് യുദ്ധം തീര്‍ക്കുന്നതിന് മധ്യസ്ഥെൻറ റോളിലും 1967ലെ ഇസ്രായേലി അധിനിവേശത്തിൽ ചിന്നിച്ചിതറപ്പെട്ട ഫലസ്തീൻ ജനതക്ക് ആശ്വാസദൂതനായും അദ്ദേഹം നിലകൊണ്ടു.
1960നുശേഷമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ ചരിത്രവും സേട്ട്സാഹിബിെൻറ ചരിത്രവും ഇഴപിരിക്കാന്‍ കഴിയാത്തവിധം പിണഞ്ഞുകിടക്കുന്നു.മുസ്ലിംകളും ദലിതരുമടക്കം മര്ദിതപീഡിതജനകോടികളുടെ ഉത്കര്‍ഷത്തിനും രാജ്യത്തിെൻറ മതേതര അസ്തിവാരവും സമുദായസൗഹാര്‍ദവും കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള പോരാട്ടങ്ങളായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിെൻറ പ്രധാന ഹൈലൈറ്റ്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി, ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ എന്നിവയുടെ ന്യൂനപക്ഷ സ്വഭാവം നിലനിർത്തുന്നതിനും മുസ്ലിം വ്യക്തിനിയമവും ഉർദു ഭാഷയുമടക്കം ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷക്കും ബാബരി മസ്ജിദിെൻറ സംരക്ഷണത്തിനും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ, ടാഡയും പോട്ടയും പോലുള്ള കഠോരനിയമങ്ങൾക്കും അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്കുമെതിരെ നടത്തിയ മുന്നേറ്റങ്ങൾ തുടങ്ങി ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എക്കാലവും അടയാളപ്പെട്ടുകിടക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ മഹാനായ ആ പോരാളിയുടെ രാഷ്ട്രീയ ജീവചരിത്രത്തിന്റെ ഭാഗമാണ്.
1961ൽ ജബൽപുരിൽ വർഗീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സാന്ത്വനത്തിെൻറ കൈലേസുമായി ഓടിയെത്തിയ സുലൈമാൻ സേട്ട് ജീവിതത്തിെൻറ അവസാന നാളുകൾ വരെ ദുരിതാശ്വാസ പ്രവർത്തകനും അവകാശപ്പോരാളിയുമായി നിലകൊണ്ടു. പ്രായംമറന്നും രോഗപീഠകള്‍ അവഗണിച്ചും കര്‍മസരണിയില്‍ സജീവ ഇടപെടലുകള്‍നടത്തി. വിയോഗത്തിന് ഒരാഴ്ചമുമ്പ്, അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ന്യൂനപക്ഷപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച ആരോഗ്യനില വഷളായതിനെതുടര്‍ന്ന് അവസാനനിമിഷം റദ്ദാക്കുകയായിരുന്നു.
ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുവേദികളായി ഓള് ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോര്‍ഡും ഓള് ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറയും രൂപവത്കരിക്കുന്നതിന് നായകറോളില്‍ മുന്നിട്ടിറങ്ങിയ സേട്ട്സാഹിബ് ഏറ്റവും അവസാനമായി പങ്കെടുത്ത പൊതുപരിപാടി ബംഗളൂരുവില്‍ നടന്ന പേഴ്സനല്‍ ലോ ബോർഡ് പൊതുസമ്മേളനമായിരുന്നു-വിയോഗത്തിന് മൂന്നാഴ്ചമുമ്പ്. മതവിശ്വാസം മുറുകെപിടിച്ചുകൊണ്ടുതന്നെ ഇന്ത്യയുടെ സ്വത്തും സമ്പത്തുമായ മതേതര മൂല്യങ്ങളുടെ ശക്തനായ വക്താവാകുന്നത് എങ്ങനെയെന്ന് സ്വജീവിതത്തിലൂടെ കാട്ടിത്തന്നു അദ്ദേഹം. കോണ്‍ഗ്രസിെൻറ മൃദുഹിന്ദുത്വസമീപനം ആപത്കരമാണെന്നും സംഘ്പരിവാര്ശക്തികളുടെ ഹിംസാത്മകഹിന്ദുത്വത്തിന് വേരോട്ടംകിട്ടാന് ഇത് ഹേതുവാകുമെന്നും അദ്ദേഹം അടിക്കടി തെര്യപ്പെടുത്തി. ആ മുന്നറിയിപ്പുകള്‍ സത്യമായി ഭവിച്ച ഒരു വർത്തമാന കാലത്താണ് നമ്മളിന്ന്.
ആദര്ശപ്രോക്തജീവിതത്തിെൻറ അടിസ്ഥാനമൂല്യങ്ങൾ ബലികഴിക്കാന്‍ സേട്ട്സാഹിബ് ഒരിക്കലും തയാറായില്ല. ഒരു വ്യാഴവട്ടക്കാലം ദേശീയ ജനറൽ സെക്രട്ടറിപദവും രണ്ടു പതിറ്റാണ്ടുകാലം ദേശീയ അധ്യക്ഷപദവുമടക്കം അരനൂറ്റാണ്ടിലേറെ നേതൃസ്ഥാനത്തിരുന്ന പ്രിയപ്പെട്ട പ്രസ്ഥാനത്തോടുപോലും വിടചൊല്ലി, ജീവിതസായംസന്ധ്യയില് പുതിയൊരു പാര്‍ട്ടി രൂപവത്കരിക്കാൻ പ്രേരിപ്പിച്ചതും ഈ ആദര്ശപ്രോക്ത നിലപാടുതന്നെ. ആ ഇതിഹാസപുരുഷന്‍ വിട്ടേച്ചുപോയ ജീവിതവിശുദ്ധിയുടെപാഠങ്ങള് അല്പമെങ്കിലും പകര്‍ത്തിയിരുന്നെങ്കില്‍, അദ്ദേഹത്തിെൻറ മുന്നറിയിപ്പുകൾക്ക് വിലകൽപിച്ചിരുന്നുവെങ്കിൽ സമകാലിക രാഷ്ട്രീയം ഇത്രയേറെ ജീർണമാവുമായിരുന്നില്ല. ഭരണഘടനാ ധ്വംസനവും ന്യൂനപക്ഷ വേട്ടയും സാമാന്യാവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സേട്ടുവിെൻറ അസാന്നിധ്യം നമ്മളറിയുന്നു. അദ്ദേഹം അവശേഷിപ്പിച്ചുപോയ ശൂന്യത നികത്താൻ ഇനിയൊരു ആദർശധീരനായ പോരാളി ഉദയമെടുത്തിട്ടുവേണം.
(സൗദി ഗസറ്റിൽ സീനിയർ ജേണലിസ്റ്റും ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ ജീവചരിത്രകാരനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.