പെരുന്തച്ചന്‍ കലക്കിയ യു.പി
text_fieldsരജതജൂബിലി വര്‍ഷത്തില്‍ പിളര്‍പ്പിന്‍െറ വക്കിലത്തെിനില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടി ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞു. പിളര്‍ന്നാലും ഇല്ളെങ്കിലും, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയില്ല. കുടുംബപ്പോരില്‍ എല്ലാം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഇനി തീരുമാനിക്കേണ്ടത് പിളരണമോ, വേണ്ടയോ എന്ന് മാത്രമാണ്. ആ തീരുമാനം രജതജൂബിലി വെടിക്കെട്ടു കഴിഞ്ഞാല്‍ പുറത്തുവരും. നവംബര്‍ അഞ്ചിനാണ് രജത ജൂബിലി.
ആര് ആരെയാണ് പിളര്‍ത്തുന്നത്? പാര്‍ട്ടി സ്ഥാപിച്ച മുലായംസിങ് യാദവും അദ്ദേഹം പിന്തുണക്കുന്ന പാര്‍ട്ടി പ്രസിഡന്‍റും സഹോദരനുമായ ശിവ്പാല്‍ യാദവും ഒരു വശത്ത്. പാര്‍ട്ടി സ്ഥാപകന്‍െറ മകനായ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് എതിരാളി. മുലായമിന്‍െറ പിതൃസഹോദര പുത്രനും രാജ്യസഭാ എം.പിയുമായ രാംഗോപാല്‍ യാദവാണ് അദ്ദേഹത്തിനു കൂട്ട്. ഫലത്തില്‍ പിളര്‍ന്നു മാറേണ്ടത് അച്ഛനും മകനുമാണ്. അതിന് മകന് കെല്‍പുണ്ടോ ഇല്ലയോ എന്ന ക്രമപ്രശ്നം മാത്രമാണ് അവശേഷിക്കുന്നത്.
കെല്‍പു കാട്ടിയില്ളെങ്കിലോ? അച്ഛനെ പാട്ടത്തിനെടുത്ത ഇളയച്ഛന് കീഴടങ്ങി അഖിലേഷ് യാദവ് ഇനിയങ്ങോട്ട് ജീവിക്കേണ്ടി വരും. കെല്‍പു കാട്ടിയാല്‍, അച്ഛനായിട്ട് വളര്‍ത്തിയെടുത്ത പാര്‍ട്ടിയെയും പാര്‍ട്ടിക്കാരെയും ഒപ്പം നിര്‍ത്താനും ഭരണം പിടിക്കാനുമുള്ള കെല്‍പ് തനിക്കുണ്ടെന്ന് മകന്‍ ബോധ്യപ്പെടുത്തിയേ തീരൂ. അതിനു കഴിഞ്ഞില്ളെങ്കിലും രാഷ്ട്രീയ മരണമാണ് ഗതി. മുന്നിലത്തെിനില്‍ക്കുന്ന അകാല രാഷ്ട്രീയ ചരമത്തിന്‍െറ ചതുപ്പില്‍ പെടാതെ മുന്നോട്ടു നീങ്ങുകയെന്ന ജീവന്മരണ പോരാട്ടമാണ് യുവമുഖ്യമന്ത്രി നേരിടുന്നത്.
രാഷ്ട്രീയത്തില്‍ ഇറങ്ങിയതുമുതല്‍ ഇതുവരെ സ്വന്തനിലക്ക് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ അഖിലേഷിന് അവസരം കിട്ടിയെന്ന് ആരും പറയില്ല. യുവനേതാവിനാണ് തന്നേക്കാള്‍ ജനപ്രീതിയെന്നു വന്നപ്പോള്‍ മകനെ മുഖ്യമന്ത്രിക്കസേരയിലേക്ക് ആനയിക്കാന്‍ നിര്‍ബന്ധിതനായ മുലായത്തിന്‍െറയും മറ്റു ബന്ധുക്കളുടെയും പിന്‍സീറ്റ് ഡ്രൈവിങ് കാരണം, ഉദ്ദേശിച്ചപോലെ പ്രവര്‍ത്തിക്കാന്‍ അഖിലേഷിന് കഴിഞ്ഞില്ല. അഖിലേഷ്, മുലായം, ശിവ്പാല്‍, രാംഗോപാല്‍, അമര്‍സിങ് എന്നിങ്ങനെ നാലര മുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നതെന്ന് യു.പിക്കാര്‍ പറയും.
ബന്ധനസ്ഥനായ മുഖ്യമന്ത്രിയെന്ന സഹതാപം കിട്ടണമെന്ന മോഹം അഖിലേഷിനുണ്ടാകാം. പക്ഷേ, തെരഞ്ഞെടുപ്പില്‍ അതിന്‍െറ ആനുകൂല്യവും സഹതാപവും അനുവദിച്ചുകൊടുക്കാന്‍ ജനം തയാറാവില്ല. വികസനത്തിന്‍െറ കാര്യമെടുത്താലും വര്‍ഗീയ സംഘര്‍ഷം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചാലും മുഖ്യമന്ത്രിക്കസേരയില്‍ കാര്യശേഷി കാണിക്കാത്തവനെന്ന പ്രതിച്ഛായ നിലനില്‍ക്കേ, കാരണവന്മാരുമായി തെറ്റിപ്പിളര്‍ന്നു വരുന്ന അഖിലേഷിനെ രണ്ടു കൈയും നീട്ടി ജനം സ്വീകരിക്കണമെന്നില്ല. പിളര്‍പ്പിനെക്കുറിച്ച് പലവട്ടം അഖിലേഷ് ചിന്തിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. സമാജ്വാദി പാര്‍ട്ടിയുടെ ക്ളച്ചും ഗിയറും മുലായം-ശിവ്പാല്‍ സഹോദരന്മാരുടെ കൈയിലാണിന്ന്. ചില്ലറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലേഷ് പ്രത്യേക താല്‍പര്യം കാണിച്ചുവെന്നതല്ല വോട്ടുകളത്തില്‍ പ്രധാനം. കാര്യത്തോടടുക്കുമ്പോള്‍ യു.പിയില്‍ തെരഞ്ഞെടുപ്പു വിഷയം വികസനമോ സാമൂഹിക നീതിയോ ഒന്നുമല്ല തന്നെ. കളിക്കുന്നത് ജാതിയാണ്. രാഷ്ട്രീയത്തിലെ ക്രിമിനലുകളാണ്. പണവും പേശീബലവുമാണ്. ഇവിടെയെല്ലാം പാര്‍ട്ടിയില്‍ മേല്‍ക്കൈ മുലായത്തിനും ശിവ്പാലിനും തന്നെയെങ്കില്‍ അഖിലേഷിന് തോല്‍വി സമ്മതിക്കാതെ തരമില്ല.
സാമൂഹിക നീതിയുടെയും ന്യൂനപക്ഷ പരിരക്ഷയുടെയുമൊക്കെ രാഷ്ട്രീയത്തില്‍ നിന്ന് ജാതി, കുടുംബ, ക്രിമിനല്‍-മാഫിയ രാഷ്ട്രീയത്തിലേക്ക് സ്വയം നടന്നുനീങ്ങുകയും യു.പിയെ അങ്ങോട്ടു നയിക്കുകയും ചെയ്തത് മുലായമിന്‍െറ ജീവിതകഥയിലെ വിരോധാഭാസമാകാം. സ്വയം ചെറുതായിപ്പോയ നേതാവ്. വികസനത്തിലും മെച്ചപ്പെട്ട ഭരണക്രമത്തിലും കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രീയ മാറ്റത്തിന് അദ്ദേഹം ശ്രമിക്കുന്നതേയില്ല. ജാതി, കുടുംബ, ക്രിമിനല്‍, മാഫിയ രാഷ്ട്രീയത്തിന്‍െറ ഗൂഢബന്ധങ്ങളിലേക്ക് കൂപ്പുകുത്തിപ്പോയ മുലായമിനും സമാജ്വാദി പാര്‍ട്ടിക്കും ഇന്ന് ആശയാദര്‍ശ വ്യക്തതയോ തനിമയോ അവകാശപ്പെടാനില്ല.
സമാജ്വാദി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന കുടുംബകലഹത്തില്‍ തന്‍േറതായ നയനിലപാടുകളും ആദര്‍ശവും വ്യക്തമാക്കാന്‍ അഖിലേഷിനും കഴിയുന്നില്ല. പിതാവിന്‍െറയും ഇളയച്ഛന്‍െറയും പിടി വിട്ടു പുറത്തുവരാന്‍ വെമ്പല്‍കൊള്ളുന്ന അഖിലേഷ് മുന്നോട്ടുവെക്കുന്ന പാര്‍ട്ടി പരിപാടി എന്താണ്? മുലായമിനെയും ശിവ്പാലിനെയും തള്ളി തന്‍െറ പിന്നില്‍ അണിനിരക്കാന്‍ പാകത്തില്‍ സമാജ്വാദി പാര്‍ട്ടിക്കാര്‍ക്ക് അഖിലേഷ് നല്‍കുന്ന പ്രലോഭനം എന്താണ്? അതുകൊണ്ടുതന്നെ, പാര്‍ട്ടിയിലെ കലാപം മുന്നോട്ടു കൊണ്ടുപോകാന്‍ അഖിലേഷിന് കഴിഞ്ഞെന്നു വരില്ല. പാര്‍ട്ടിയില്‍ ഗുണപരമായ ശസ്ത്രക്രിയ നടത്താനുള്ള കെല്‍പ് തനിക്കായിട്ടില്ളെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുക മാത്രം ചെയ്തുകൊണ്ട് പഴയ തലമുറക്കു മുന്നില്‍ വീണ്ടും അദ്ദേഹം കീഴടങ്ങാനാണ് സാധ്യത.
ഫലത്തില്‍, വോട്ടര്‍മാര്‍ക്ക് റോളില്ലാത്ത കുടുംബക്കാരുടെ പോരാണ് സമാജ്വാദി പാര്‍ട്ടിയില്‍ നടക്കുന്നത്. തമ്മിലടി മൂത്ത് കുടുംബം കലങ്ങിയതിനാല്‍ പാര്‍ട്ടിയുടെ കെട്ടുറപ്പു തകരുകയും വോട്ടുബാങ്ക് ചിതറുകയും ചെയ്യും. അത്തരത്തില്‍ അണികളും വോട്ടുബാങ്കും ചാഞ്ചാടുന്നതുകൊണ്ടാണ് സമാജ്വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനു മുമ്പേ തോറ്റുവെന്ന് ഉറപ്പിച്ചുപറയാന്‍ ആര്‍ക്കും കഴിയുന്നത്. ആരാണിന്ന് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന നേതാവ്? പാര്‍ട്ടിയുടെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കെ, തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല. യു.പിയില്‍ ഏതു വിധേനയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന കലാപമാണ് സമാജ്വാദി പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ മറ്റു പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സമാജ്വാദി പാര്‍ട്ടിയെ പിളര്‍പ്പിന്‍െറ വക്കിലത്തെിച്ച കലാപം. യു.പിയില്‍ ആരുമായും തങ്ങള്‍ക്ക് സഖ്യത്തിന്‍െറ ആവശ്യമില്ളെന്ന നിലപാടില്‍ നിന്ന സമാജ്വാദി പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളെയും സഖ്യസാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ ഈ ഉള്‍പ്പോര് പ്രേരിപ്പിക്കുന്നുണ്ട്. അത് ആരുമായിട്ടാകണം എന്നത് വലിയൊരു സമസ്യയാണ്. ഏതെങ്കിലുമൊരു വിഭാഗത്തെ കൂടെ കിട്ടിയാല്‍ കൂട്ടാന്‍ ബി.ജെ.പി തയാര്‍. കുടുംബപ്പോരിനിടയില്‍ സംഗതി പന്തിയല്ളെന്നു കണ്ട ചിലര്‍ ബി.ജെ.പി പാളയത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
പിളര്‍ന്നാലും ഇല്ളെങ്കിലും, തോല്‍വി മണക്കുന്ന സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയിതര ചേരിയുമായി ബന്ധം സ്ഥാപിക്കാനുള്ള ചില നീക്കങ്ങള്‍ നടത്തുന്നതിന്‍െറ ലക്ഷണങ്ങള്‍ കാണാനുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പത്തെ സഖ്യസാധ്യത പക്ഷേ, വൈകിയുദിച്ച ബുദ്ധി മാത്രമായി മാറിയിരിക്കുന്നു. തമ്മിലടിച്ചു ക്ഷീണിച്ച, തോല്‍വി മണക്കുന്നൊരു പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കി സ്വയം ക്ഷീണിക്കാന്‍ പ്രായോഗികമായി ആരും തയാറാവില്ല. ബി.എസ്.പിയെ പ്രതീക്ഷിക്കുകയേ വേണ്ട. പിന്നെയുള്ളത് കോണ്‍ഗ്രസും അജിത്സിങ്ങിന്‍െറ ആര്‍.എല്‍.ഡി പോലുള്ള പാര്‍ട്ടികളുമാണ്. ചെറു പാര്‍ട്ടികളുടെ കാര്യമെടുത്താല്‍, സമാജ്വാദി പാര്‍ട്ടിയെ ഒപ്പംകിട്ടുന്നത് സന്തോഷമായേക്കാം. സില്‍വര്‍ ജൂബിലിക്ക് ക്ഷണിക്കാനെന്ന പേരില്‍ ശിവ്പാല്‍ യാദവ് ചെന്നുകണ്ടപ്പോള്‍ അജിത്സിങ് മാധ്യമങ്ങളുമായി പങ്കുവെച്ച വികാരം അതാണ്.
എന്നാല്‍, കോണ്‍ഗ്രസ് ചിന്തിക്കുന്നത് പല തലത്തിലാണ്. ബിഹാറില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യത്തില്‍നിന്നും ജനതാപരിവാര്‍ ലയനത്തില്‍നിന്നും പാലം വലിച്ചു പിന്മാറിയ ആളാണ് മുലായം. അതിന്‍െറ രോഷം ജനതാദള്‍-യുവിനും മറ്റും ഇന്നുമുണ്ട്. സമാജ്വാദി പാര്‍ട്ടിയുമായി ഈ ഘട്ടത്തില്‍ സഖ്യമുണ്ടാക്കുന്നത് ബിഹാറില്‍ ജനതാദള്‍-യുവുമായുള്ള നല്ല ബന്ധത്തെ ബാധിച്ചേക്കാമെന്ന ഉള്‍ഭയം കോണ്‍ഗ്രസിനുണ്ട്. മുസ്ലിം, ബ്രാഹ്മണ വോട്ടുകളില്‍ ഒരു പങ്ക് തിരിച്ചുപിടിക്കാന്‍ കരുനീക്കം നടത്തുന്ന കോണ്‍ഗ്രസിന്, മുസഫര്‍നഗര്‍ കലാപത്തിലും ദാദ്രി സംഭവത്തിലുമൊക്കെ ബി.ജെ.പിയുമായി ഒത്തുകളിച്ച ചരിത്രമുള്ള മുലായവുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്നത് ദോഷം ചെയ്യുമെന്ന കാഴ്ചപ്പാടാണുള്ളത്.
തെരഞ്ഞെടുപ്പില്‍ ഒറ്റക്കോ, ബി.എസ്.പിയെ കിട്ടുമെങ്കില്‍ അവരുമായി ചേര്‍ന്നോ മത്സരിക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളില്‍ കിങ്മേക്കര്‍ റോള്‍ ഒത്തുവന്നേക്കാമെന്നും അവര്‍ കണക്കു കൂട്ടന്നു. അതേസമയം, സമാജ്വാദി പാര്‍ട്ടി പിളര്‍ന്നാല്‍, യുവതലമുറക്കാരനായ അഖിലേഷുമായി ബന്ധം സ്ഥാപിച്ചു മുന്നോട്ടു നീങ്ങാനുള്ള താല്‍പര്യവും കോണ്‍ഗ്രസിനുണ്ട്.
സമാജ്വാദി പാര്‍ട്ടിയിലെ കുടുംബപ്പോരില്‍ സന്തോഷിക്കുമ്പോള്‍ തന്നെ, സംസ്ഥാനത്ത് നിര്‍ണായകമായ മുസ്ലിം വോട്ടുകള്‍ എങ്ങോട്ട് ഒഴുകുമെന്ന ചിന്ത ബി.ജെ.പി നേതാക്കളെ വേട്ടയാടുന്നുണ്ട്. സമാജ്വാദി പാര്‍ട്ടിക്ക് ക്ഷീണമാണെന്നും പ്രധാന പോരാട്ടം ബി.ജെ.പിയും ബി.എസ്.പിയും തമ്മിലാണെന്നും വോട്ടര്‍മാര്‍ തിരിച്ചറിയുമ്പോള്‍, ന്യൂനപക്ഷ വോട്ടുകള്‍ മായാവതിയുടെ പാര്‍ട്ടിയിലേക്ക് കേന്ദ്രീകരിക്കപ്പെടും. അത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്ന ഘടകമാണ്. തെരഞ്ഞെടുപ്പാനന്തരം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തൊരു സ്ഥിതി വന്നാല്‍ തങ്ങളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനും ബി.ജെ.പിയിതര ചേരിയുടെ ദൃഢതക്കും കോണ്‍ഗ്രസ് ബി.എസ്.പിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുക കൂടി ചെയ്തേക്കാനുള്ള സാധ്യതയും ബി.ജെ.പി മുന്നില്‍ കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.