ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട്ടെ സമ്പത്ത് കസ്റ്റഡിമരണക്കേസ് ഇന്ന് ആരെങ്കിലും ഓർമിക്കുന്നുണ്ടോ? പുത്തൂർ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാർച്ച് 29നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഷീലയുടെ കൊലപാതകത്തെ തുടർന്ന് സമ്പത്തിനെയും മറ്റ് രണ്ട് പേരെയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് മലമ്പുഴയിലെ ഒരു കോട്ടേജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സമ്പത്ത് മരിച്ചത്. ഒരുപാട് സമരകോലാഹലങ്ങൾക്കുശേഷം കേസ് സി.ബി.ഐ ഏറ്റെടുത്തു. ...
ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട്ടെ സമ്പത്ത് കസ്റ്റഡിമരണക്കേസ് ഇന്ന് ആരെങ്കിലും ഓർമിക്കുന്നുണ്ടോ? പുത്തൂർ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാർച്ച് 29നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഷീലയുടെ കൊലപാതകത്തെ തുടർന്ന് സമ്പത്തിനെയും മറ്റ് രണ്ട് പേരെയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് മലമ്പുഴയിലെ ഒരു കോട്ടേജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സമ്പത്ത് മരിച്ചത്. ഒരുപാട് സമരകോലാഹലങ്ങൾക്കുശേഷം കേസ് സി.ബി.ഐ ഏറ്റെടുത്തു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സമ്പത്ത് മരിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലുണ്ടായിരുന്നത്.
പ്രതി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതറിഞ്ഞ് ഡിവൈ.എസ്.പി രാമചന്ദ്രൻ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി, കുറ്റക്കാരായ സഹപ്രവർത്തകരെ രക്ഷിക്കാൻ രേഖകൾ മാറ്റി വ്യാജരേഖയുണ്ടാക്കാൻ പൊലീസുകാർക്ക് നിർദേശം നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. ജനറൽ ഡയറി, സെൻട്രി റിലീഫ് ബുക്ക്, അറസ്റ്റ് മെമ്മോകൾ, മഹ്സർ തുടങ്ങിയവയിൽ മാറ്റം വരുത്തിയതായും സി.ബി.ഐ അന്വേഷണ സംഘം കണ്ടെത്തി.
പണം നൽകി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പൊലീസ് ഓഫിസറായ ബിനു ഇട്ടൂപ്പിനെതിരായ കുറ്റം. സമ്പത്തിനെ മലമ്പുഴയിലെ കോട്ടേജിലേക്ക് കൊണ്ടുപോയില്ലെന്നും പൊലീസ് കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നും മൊഴി നൽകാൻ ഇദ്ദേഹം സാക്ഷിയെ സ്വാധീനിച്ചെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
എന്നാൽ, മതിയായ തെളിവുകളില്ലെന്നുകണ്ട് രാമചന്ദ്രനെയും ബിനു ഇട്ടൂപ്പിനെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി. ഐ.പി.എസ് ഓഫിസർമാരായ വിജയ് സാഖറെയും മുഹമ്മദ് യാസിനും ഉൾപ്പെടെ കേസിലെ ചില പ്രതികളെ സി.ബി.ഐ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. അങ്ങനെ 14 വർഷങ്ങൾക്കുശേഷവും ആ ചോദ്യം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു- പിന്നെ ആരാണ്, എങ്ങനെയാണ് സമ്പത്തിനെ കൊന്നത്?
(തുടരും)