സനാതന ധർമ സംവാദം
text_fieldsസനാതന ധർമം ഉയർത്തിപ്പിടിക്കുന്നത് ചാതുർവർണ്യ വ്യവസ്ഥയാണെന്നും ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവായി സ്ഥാപിക്കുന്നത് ഗുരുനിന്ദയാണെന്നും, 92ാമത് ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിവിട്ട ചർച്ചയുടെ പശ്ചാത്തലത്തിലെ അന്വേഷണം
ഹിന്ദുയിസത്തിലെ ‘സനാതന ധർമം’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണെന്നതിനെപ്പറ്റി നൂറ്റാണ്ടിലേറെയായി തർക്കം നിലനിൽക്കുന്നുണ്ട്. സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ഡോ.എസ്.രാധാകൃഷ്ണൻ എന്നിങ്ങനെ ഹിന്ദു മതത്തിന്റെ ധാരകളെ പിൻപറ്റിയവരും പെരിയാർ, അംബേദ്കർ എന്നിങ്ങനെ ഹിന്ദുയിസത്തെ പാടേ നിഷേധിച്ചവരുമെല്ലാം ഈ തർക്കത്തിൽ പല നിലയിൽ പങ്കാളികളായിട്ടുണ്ട്. വാച്യാർഥത്തിൽ മാത്രമല്ല, വ്യാഖ്യാന അർഥങ്ങളിലും സനാതന ധർമം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ചിലരെ സംബന്ധിച്ച് ജാതിയും അതിന്റെ ആചാരങ്ങളുമെല്ലാമടങ്ങുന്ന ഹിന്ദുയിസമാണ് സനാതന ധർമം.
ഗാന്ധിയെ സംബന്ധിച്ച് ‘ജാതി വ്യവസ്ഥയല്ല വർണ വ്യവസ്ഥയാണ്’ സനാതനത്തിന്റെ അടിസ്ഥാനം. വർണമാണ് ഒരാളുടെ അസ്തിത്വം നിശ്ചയിക്കുന്നത് എന്നും കർമമാണ് അതിന്റെ മാനദണ്ഡമെന്നും അദ്ദേഹം ശഠിച്ചു. ഡോ. ബി.ആർ. അംബേദ്കർ ഗാന്ധിയെയും ഹിന്ദുയിസത്തെയും തുറന്ന് എതിർക്കുകയും വർണാശ്രമധർമം തന്നെയാണ് ജാതി എന്ന് വാദത്തിലൂടെ തെളിയിക്കുകയും ചെയ്തു. ‘ജാതി ഉന്മൂലനം’ എന്ന കൃതിയിൽ ഈ വിഷയത്തെ കേന്ദ്രീകരിച്ച് ഗാന്ധിജിയും അംബേദക്റും നടത്തുന്ന തർക്കത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കും.
‘ജാതിവ്യവസ്ഥ ശാശ്വതമാക്കാനുള്ളത്’
ഡോ. അംബേദ്കറിനെ സംബന്ധിച്ച് ‘മനുഷ്യത്വരഹിതവും സാമൂഹിക വിരുദ്ധവുമായ ജാതി വ്യവസ്ഥയെ നിലനിർത്താനും ശക്തിപ്പെടുത്താനും ശാശ്വതീകരിക്കാനും ഉദ്ദേശിച്ചുള്ള വാചാടോപമാണ് ‘സനാതന ധർമം’. അദ്ദേഹം പറഞ്ഞു, ‘‘യുക്തിത്വത്തെ നിരാകരിക്കുകയും ധാർമികതയെ നിരാകരിക്കുകയും ചെയ്യുന്ന വേദങ്ങളും ശാസ്ത്രങ്ങളും ഡൈനാമിറ്റ് ഉപയോഗിച്ച് നശിപ്പിക്കണം’’, അംബേദ്കറിനെ സംബന്ധിച്ച് വേദങ്ങളും ധർമശാസ്ത്രങ്ങളും ജാതി-ഹിംസാത്മകമായ വർണാശ്രമ ധർമം നിലനിർത്തുന്നതിനുള്ള അടിസ്ഥാന പ്രമാണങ്ങളായിരുന്നു. സനാതനമെന്നാൽ ‘അക്രമോത്സുകമായ യാഥാസ്ഥിതിക ഹിന്ദുമതത്തിന്റെ പുരാതന നാമമാണ്’’. ധർമം ശാശ്വതമല്ലെന്നുപറഞ്ഞ അംബേദ്കർ ഇങ്ങനെ എഴുതി: ധർമം ചരിത്രപരമാണ്, സാർവത്രികമല്ല, പ്രത്യേകമാണ്, മാറ്റമില്ലാത്തതല്ല, മാറ്റാവുന്നതാണ്.’’
നാം ദൈവികമാണ്
'ധനികൻ, ദരിദ്രൻ, ബ്രാഹ്മണൻ, പരായ, പുരുഷൻ, സ്ത്രീ, ഏഷ്യൻ, യൂറോപ്യൻ - നാമെല്ലാവരും അനശ്വരതയുടെയും പരമാനന്ദത്തിന്റെയും മക്കളാണ്. നാം അസംഖ്യരാണ്, നാം ദൈവികമാണ്. ഇതാണ് ഭാരതത്തിന്റെ ബോധനം, ഇതാണ് സനാതന ധർമ്മം’’ -സ്വാമി വിവേകാനന്ദൻ.
ശാശ്വത മതം
‘‘മതത്തോട് ശാശ്വതമായ സമീപനം സ്വീകരിക്കുന്ന ഹൈന്ദവ ദാർശനിക ചിന്ത, ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളേക്കാൾ, നിഷ്കളങ്കവും യാന്ത്രികവുമായ രീതിയിൽ അത് നടത്തുന്നതിനേക്കാൾ നേരിട്ടുള്ള ആത്മീയ അനുഭവത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത് -ഡോ. എസ്. രാധാകൃഷ്ണൻ പറയുന്നു. ഇക്കാരണത്താൽ, ഹിന്ദുമതത്തെ സനാതന ധർമം, ശാശ്വത മതം എന്ന് വിളിക്കുന്നു. സനാതന ധർമം മറ്റ് മതങ്ങളുടെ വിവിധ തരത്തിലുള്ള മതപരവും നിഗൂഢവുമായ അനുഭവങ്ങളും വിശ്വാസങ്ങളും കൂടി സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള മഹത്തായ മനോഭാവം സ്വീകരിക്കുന്നു’’.
അധഃപതനത്തിന്റെ കാരണങ്ങളെ നശിപ്പിക്കുക
അംബേദ്കറിനേക്കാൾ രോഷാകുലവും തീക്ഷ്ണവുമായാണ് പെരിയാർ ‘സനാതന ധർമത്തോട് പ്രതികരിച്ചത്. ‘‘നമ്മുടെ അധഃപതനത്തിന് കാരണം ദൈവമാണെങ്കിൽ ആ ദൈവത്തെ നശിപ്പിക്കുക. മതമാണെങ്കിൽ നശിപ്പിക്കുക. മനുധർമമോ ഗീതയോ മറ്റേതെങ്കിലും പുരാണമോ ആണെങ്കിൽ, അവയെ ചാരമാക്കുക. ക്ഷേത്രമോ കുളമോ ഉത്സവമോ ആണെങ്കിൽ അവ ബഹിഷ്കരിക്കുക.’’
അതിനെ ഹന്ത! നമ്മൾ മതമായ് സ്വീകരിച്ചു, അതിനാൽ കെടുതികൾ നമുക്കു ഭവിച്ചിതു
സാമൂഹിക പരിഷ്കർത്താവും പത്രാധിപരും യുക്തിവാദിയുമായിരുന്ന സഹോദരൻ അയ്യപ്പൻ തന്റെ ഒരു കവിതയിൽ സനാതന ധർമം, വർണാശ്രമ ധർമം തുടങ്ങിയ പേരുകളിൽ വരുന്നത് അപരനെ (സവർണരല്ലാത്തവരെ) തരംതാഴ്ത്തുന്ന ബ്രാഹ്മണർ കെട്ടിപ്പടുത്ത മതമാണ് എന്ന് എഴുതി. പരിണാമം എന്ന നീണ്ട കവിതയിലെ വരികൾ ഇങ്ങനെയാണ്:
‘ഹൈന്ദവമാം മതം, സനാതന ധർമം, പിന്നെ
വർണാശ്രമധർമമെന്നീവകപ്പേരുകളാൽ
അറിയപ്പെടുന്നതു-ദുർജ്ഞേയം നരനിന്ദാ-
നിയമം, പരസ്യമാം ജനവഞ്ചനാക്രമം.
അതിനെ ഹന്ത! നമ്മൾ മതമായ് സ്വീകരിച്ചു
അതിനാൽ കെടുതികൾ നമുക്കു ഭവിച്ചിതു... ‘ധർമം’ എന്ന മറവിൽ ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കലാണ് സനാതന ഹിന്ദുത്വത്തിന്റെ രീതി എന്ന് സഹോദരൻ അയ്യപ്പൻ 1950ൽ പറഞ്ഞു.
നിഘണ്ടുവിലെ സനാതനം
സനാതനം എന്ന വാക്കിന് നിഘണ്ടുനൽകുന്ന അർഥം ഇങ്ങനെ: ‘‘ഹിന്ദുമതത്തിൽ, ‘ശാശ്വത’ അല്ലെങ്കിൽ സമ്പൂർണമായ കർത്തവ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം. അല്ലെങ്കിൽ വർഗമോ ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കൾക്കും ബാധകമായ മതപരമായ ആചാരങ്ങളാണ് സനാതന ധർമം’’
മുഖ്യമന്ത്രി പറഞ്ഞത്
‘‘ശ്രീനാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, അതിനെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്ന വർണാശ്രമ ധർമത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമം.’’
ഗാന്ധിയുടെ സനാതനം
‘‘ഞാൻ സ്വയം സനാതന ഹിന്ദു എന്ന് വിളിക്കുന്നു, കാരണം:
1. ഞാൻ വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഹിന്ദു ഗ്രന്ഥങ്ങളുടെ പേരിലുള്ള എല്ലാ കാര്യങ്ങളിലും അവതാരങ്ങളിലും പുനർജന്മത്തിലും വിശ്വസിക്കുന്നു.
2. ഞാൻ വർണാശ്രമ ധർമത്തിൽ ഒരർത്ഥത്തിൽ വിശ്വസിക്കുന്നു, എന്റെ അഭിപ്രായത്തിൽ, കർശനമായ വേദമാണ്. എന്നാൽ ഇന്നത്തെ ജനപ്രിയവും അസംസ്കൃതവുമായ അർത്ഥത്തിൽ അല്ല.
3. പശു സംരക്ഷണത്തിൽ വിശ്വസിക്കുന്നു^ഇന്നത്തെ ജനപ്രിയതയേക്കാൾ വലിയ അർത്ഥത്തിലാണ്.
4. വിഗ്രഹാരാധനയിൽ അവിശ്വസിക്കുന്നില്ല.’’
(യങ്ങ് ഇന്ത്യ 6-10-'21)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.