ജാതിയുടെ മുഖംമൂടിയാണ് സനാതനം
text_fields‘മിസ്റ്റര്‍ ഗാന്ധിയെ ഞാനൊരിക്കലും മഹാത്മാവ് എന്ന് വിളിക്കില്ല കാരണം അയാളുടെ ജാതി കോമ്പല്ലുകള്‍ ഞാനേ കണ്ടിട്ടുള്ളൂ’’ എന്നും സവര്‍ണ കമ്യൂണിസ്റ്റുകളെ ‘‘ബ്രാഹ്മിന്‍ ബോയ്സ് ’’ എന്നും പറയുമ്പോൾ അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു സനാതന ബ്രഹ്മം എന്നത് ജാതിയുടെ ക്രൗര്യത്തെ മറയ്ക്കാനുള്ള താത്ത്വിക മുഖംമൂടി മാത്രമാണെന്ന്
ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും മൗലികാവകാശങ്ങളോടു കൂടെയുള്ള പൗരത്വം നല്‍കിയെന്നതാണ്. ഭരണഘടന നിലവില്‍ വരുന്നതുവരെ നമ്മള് ‘പ്രജകള്‍’ ആയിരുന്നു.അവകാശങ്ങളും അധികാരങ്ങളും നിശ്ചയിക്കപ്പെട്ടത് ജാതിക്കും മതത്തിനും അനുസരിച്ചായിരുന്നു.
ഒരാളുടെ ജാതി ഉള്‍പ്പെടുന്ന വർണം ഏതാണോ അതിൻപ്രകാരമുള്ള കടമകളും നിഷ്കർഷകളും പാലിച്ചു മാത്രം ആളുകളെ ജീവിക്കാന്‍ അനുവദിച്ചിരുന്ന സാമൂഹിക ക്രമമായിരുന്നു അതുവരെ ഇവിടെ നിലനിന്നിരുന്നത്. മനുസ്മൃതീബദ്ധമായ ചട്ടക്കൂടിൽ നൂറ്റാണ്ടുകളോളം മൃഗതുല്യ ജീവിതം നയിക്കേണ്ടിവന്ന കോടിക്കണക്കിനാളുകളെ മനുഷ്യാവകാശങ്ങള്‍ ഉള്ള, നിയമത്തിന് മുന്നില്‍ തുല്യതയുള്ള ജനങ്ങളായി പരിവര്‍ത്തിപ്പിക്കുകയാണ് ഇന്ത്യന്‍ ഭരണഘടന ചെയ്തത്.
നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന അധാർമികമായ സംസ്കാരത്തെ ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, നിയമവാഴ്ചയുള്ള ജനാധിപത്യ രാജ്യമായി മാറ്റിയെടുത്തത്തില്‍ ഡോ. ബി.ആർ. അംബേദ്കറെയും ജവഹർലാൽ നെഹ്റുവിനെയും പോലുള്ള സാമൂഹിക-ജനാധിപത്യ ബോധമുള്ള നേതാക്കളുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല.
സ്വതന്ത്ര ഇന്ത്യ ഏത് തരത്തിലുള്ള രാജ്യമായിരിക്കണമെന്ന വലിയ വീക്ഷണം അല്ലെങ്കില്‍ സാമൂഹികദര്‍ശനം ഭരണഘടന നിർമാണസഭയില്‍ ഉണ്ടായിരുന്ന ഓരോ അംഗത്തിനും ഉണ്ടായിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആഗ്രഹിച്ചവര്‍ മുന്നോട്ടുവെച്ച വാദങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ഇന്ന് നമ്മള് ജീവിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യ രൂപം കൊണ്ടത് .
ഇന്ത്യ ഒരിക്കലും ഒരു മതരാഷ്ട്രമായിരുന്നില്ല. ഗോത്ര-വര്‍ഗപരമായ ഉച്ചനീചത്വങ്ങളോടെ ജീവിച്ചിരുന്ന മനുഷ്യരുടെ കൂട്ടം മാത്രമായിരുന്നു ഇവിടത്തെ ജനങ്ങള്‍. ഏതൊക്കെ ജാതികളെയാണോ രാജാധികാരവും, പിന്നീട് ബ്രിട്ടീഷ് അധികാരികളും സവിശേഷ അവകാശങ്ങള്‍ കൊടുത്ത് സംരക്ഷിച്ചത് അത്തരം ജാതികള്‍ സമൂഹത്തിലെ അധീശവർഗങ്ങളായി.
അവര്‍ പുലര്‍ത്തിയ ജാതി അയിത്തവും അസ്പൃശ്യതയും നാട്ടിലെ നിയമം എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടു.ബ്രിട്ടീഷ് ഭരണകാലത്ത് ഓരോ മതക്കാര്‍ക്കും അവരുടെ തലയെണ്ണി നിയമസഭ സീറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയപ്പോഴാണ് സനാതന ബ്രാഹ്മണ ജാതി വ്യവസ്ഥയില്‍ ഉള്‍പ്പെട്ട ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യ-ശൂദ്ര വിഭാഗങ്ങള്‍ക്ക് അസ്പൃശ്യ ജനതകളെ ഹിന്ദുക്കള്‍ ആക്കണമെന്ന തോന്നലുണ്ടായത്.
ബ്രാഹ്മണ നിയന്ത്രിത ക്ഷേത്രങ്ങള്‍ ചെറിയ തോതില്‍ അസ്പൃശ്യജാതികള്ക്ക് കൂടി തുറന്നുകൊടുത്തത് ഈ ചരിത്ര സാഹചര്യത്തിലാണ്. പിന്നീട് മുസ്ലിംകളും ക്രൈസ്തവരും അല്ലാത്തവരൊക്കെ ഹിന്ദുക്കളാണെന്നൊരു ഓര്‍ഡിനന്‍സ് 1950ല്‍ പുറത്തിറങ്ങി. ഈ ഹിന്ദുത്വ പ്രോജക്ടിന്റെ പിന്‍ബലത്തിലാണ് നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ രാഷ്ട്രീയ ഐക്യത്തെ പറ്റിയെല്ലാം ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് പറയാന്‍ കഴിയുന്നത്.
രാഷ്ട്രീയാധികാരം കൊണ്ടുമാത്രം നിര്‍മിച്ചെടുത്ത ഭൂരിപക്ഷ ഹിന്ദുത്വമെന്ന കെട്ടുകഥ രാജ്യത്തെ തന്നെ വിഴുങ്ങുന്ന മട്ടില്‍ ഭീമാകാരരൂപം പ്രാപിക്കുന്ന വേളയിലാണ് ഉദയനിധി സ്റ്റാലിന് സനാതനത്തെ ഡെങ്കുവിനോടും കൊറോണയോടും ഉപമിച്ചുകൊണ്ട് അടിയന്തരമായി ഉന്മൂലനം ചെയ്യേണ്ട വിപത്താണെന്നു പറയുന്നത്.
ഇതിനോടുള്ള ഹിന്ദുത്വ സംഘടനകളുടെയും വ്യക്തികളുടെയും അവരെ ന്യായീകരിക്കുന്ന മാധ്യമങ്ങളും പറയുന്ന പൊതുവായ ഒരു കാര്യം സനാതന ധർമമെന്നത് പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ അവസാനം വരെയും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണെന്നതാണ്. അതെന്തുതന്നെ ആണെങ്കിലും ഇന്ത്യയിലെ ഹിന്ദുവിന്റെ നിത്യജീവിതാനുഭവം എന്നത് അയാളുടെ ജാതിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ആയിരിക്കും .
അധീശ ജാതികള്‍ക്ക് ജാതി ആഹ്ലാദകരമായ അനുഭവവും അല്ലാത്ത ജാതികള്‍ക്ക് അയിത്തവും അസ്പൃശ്യതയും അപമാനവും അവസര- വിഭവനിഷേധങ്ങളുമാണ്. കീഴാള ജാതികളുടെ മൂര്‍ത്തമായ ജാതി അനുഭവങ്ങളെ സമ്പൂര്‍ണമായി നിഷേധിച്ചുകൊണ്ടാണ് നവഹിന്ദുത്വ പ്രോജക്ട് അവരുടെ സനാതനധർമത്തെ രാഷ്ട്രീയ ഹിന്ദുത്വയുടെ അടിത്തറയായി നിർമിച്ചെടുക്കുന്നത് .
സനാതനമെന്നത് കരുണയും, ദാനശീലവും, സത്യസന്ധതയും, മിതവ്യയവും, ശുദ്ധിയും, ആത്മീയ വിദ്യാഭ്യാസവും ഒക്കെയാണെന്ന സ്റ്റഡി ക്ലാസുകൾ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇന്ത്യ ചരിത്രത്തില്‍ എവിടെയും ഒരു ജാതി മറ്റൊരു ജാതിയോട് ഇത്തരം സനാതനധർമം പാലിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല.
വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യയിലെ ഓരോ ജാതി ഹിന്ദുവിനും അയാളുടെ ജാതി ഉള്‍പ്പെടുന്ന വർണത്തിന് നിശ്ചയിച്ചിട്ടുള്ള ഒരു കർമപദ്ധതിയുണ്ട് എന്നതാണ്. ഒരാളുടെ വർണത്തിന് അനുസരിച്ച് അയാള്‍ നിത്യജീവിതത്തില്‍ പാലിക്കേണ്ട കർമത്തെയാണ് സ്വധര്‍മം എന്നു പറയുന്നത് സനാതനധര്‍മവും സ്വധർമവും തമ്മില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നാല്‍ ഏതാണ് ജാതി ഹിന്ദു സ്വീകരിക്കേണ്ടത് എന്ന മില്യന്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം സ്വധർമം എന്നാണ്.
പശുവിന്റെ പവിത്രത സംരക്ഷിക്കാനെന്ന പേരിൽ മുസ്ലിംകളെയും ദലിതരെയുമെല്ലാം നിർദയം കൊലപ്പെടുത്തുന്നവരെ നയിക്കുന്നത് ഭരണഘടനാപരമായ നിയമങ്ങളോ ചട്ടങ്ങളോ മൂല്യബോധമോ അല്ല; മറിച്ച് വർണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ മനുസ്മൃതീമൂല്യബോധമാണ്.
ആദര്‍ശ ഭാംഗി [Ideal scavenger] എന്ന ആശയത്തിലൂടെ എങ്ങനെയാണ് ഗാന്ധി വർണവ്യവസ്ഥയില് അധിഷ്ഠിതമായ ജാതി വ്യവസ്ഥക്ക് നീതീകരണം ചമയ്ക്കുന്നത് എന്ന് പരിശോധിച്ചാല്‍ വര്‍ത്തമാന ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന സനാതനധര്‍മത്തിന്റെ പൊള്ളത്തരം അറിയാനാവും.
ഒരു തോട്ടി അയാളുടെ ജാതികർമം ഒരു മടിയോ ദേഷ്യമോ മറ്റുള്ളവരോട് അസൂയയോ കൂടാതെ നിര്‍വഹിച്ചാല്‍ അയാള്‍ക്ക് പരമപദമായ ബ്രഹ്മത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണ് ഗാന്ധി തോട്ടിയെ ഉപദേശിച്ചത്. ആളുകള്‍ ബാഹ്യമായി പുരോഹിതനായോ തോട്ടിയായോ കാണപ്പെട്ടാലും ആന്തരികമായി അവരെല്ലാം പ്രപഞ്ചത്തിന്റെ പരമശക്തിയായ ബ്രഹ്മത്തിന്റെ അംശങ്ങള്‍ മാത്രമാണ് . ആന്തരികമായി തോട്ടിയോ, പുരോഹിതനോ ഇല്ല. രണ്ടുപേരും ബ്രഹ്മം ആണ്.
ഈ ആത്മീയബോധം മനസ്സില്‍ ഉറപ്പിച്ച് നിർമമമായി തോട്ടിയും പുരോഹിതനും സ്വന്തം ജാതികര്മങ്ങള് ചെയ്യുക.രണ്ടുപേര്‍ക്കും ബ്രഹ്മം പ്രാപ്യമാണ് എന്ന വാഗ്ദാനം പൗരോഹിത്യത്തെ സംബന്ധിച്ച് സ്വീകാര്യമാണെന്നാകിലും ചിന്തിക്കുന്ന ഒരു തോട്ടിയെ സംബന്ധിച്ച് ഈ സിദ്ധാന്തം സ്വീകാര്യമാവില്ല .
‘‘മിസ്റ്റര്‍ ഗാന്ധിയെ ഞാനൊരിക്കലും മഹാത്മാവ് എന്ന് വിളിക്കില്ല കാരണം അയാളുടെ ജാതി കോമ്പല്ലുകള്‍ ഞാനേ കണ്ടിട്ടുള്ളൂ’’ എന്നും സവര്‍ണ കമ്യൂണിസ്റ്റുകളെ ‘‘ബ്രാഹ്മിന്‍ ബോയ്സ് ’’ എന്നും പറയുമ്പോൾ അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു സനാതന ബ്രഹ്മം എന്നത് ജാതിയുടെ ക്രൗര്യത്തെ മറയ്ക്കാനുള്ള താത്ത്വിക മുഖംമൂടി മാത്രമാണെന്ന്.
ഈ തിരിച്ചറിവില്‍നിന്നാണ് അദ്ദേഹം ജാതി നിര്‍മൂലനം എഴുതുന്നത്. ഈ തിരിച്ചറിവ് തന്നെയാണ് പെരിയാര്‍ രാമസ്വാമിക്ക് ഉണ്ടായത് . അതുതന്നെയാണ് ഇന്ന് ഉദയനിധി സ്റ്റാലിന് പങ്കുവെച്ചത്. 1969ല്‍ പുറത്തുവന്ന ഇളയപെരുമാള്‍ ചെയര്‍മാനായ ‘The Committee on Untouchability, Economic and Educational Development of the Scheduled Castes and Connected Documents’ എന്ന റിപ്പോര്‍ട്ടിന്റെ ആത്യന്തിക സത്തയും സനാതന ധർമം എന്നതൊരു കെട്ടുകാഴ്ച മാത്രമാണെന്നാണ്.
പരമ്പരാഗത പൗരോഹിത്യം അവസാനിപ്പിക്കണമെന്നും ചരിത്രപരമായി അസ്പൃശ്യജാതികളായിരുന്ന ആളുകള്‍ ഏത് മതം സ്വീകരിച്ചാലും അവരുടെ അസ്പൃശ്യത തുടരും എന്ന നിലപാടാണ് ഇളയപെരുമാള്‍ കമ്മിറ്റി സ്വീകരിച്ചത് . ജാതി സാഹചര്യങ്ങള്‍ അതേപടി നിലനില്ക്കുമ്പോള് തന്നെയാണ് നവഹിന്ദുത്വം ഇന്ന് സനാതനത്തെ ആദര്‍ശവത്കരിക്കുന്നത് .
ഇതു മറന്നുകൊണ്ട് ഹിന്ദുത്വ തത്ത്വശാസ്ത്രവുമായി രാഷ്ട്രീയമായി സന്ധി ചേരാന്‍ ശ്രമിക്കുന്ന പട്ടികജാതികള്‍ ഓര്‍ക്കേണ്ട കാര്യം ആത്മീയമായി അവരോട് സാഹോദര്യം പ്രഖ്യാപിക്കേണ്ട ഒരു ധാർമിക ബാധ്യതയും ജാതി ഹിന്ദുവിന് ഇല്ലെന്നതാണ്.
ആത്മീയമായി ജാതി ഹിന്ദുത്വത്തിന്റെ പുറമ്പോക്കില്‍ കിടന്നുകൊണ്ട് രാഷ്ട്രീയ ഹിന്ദുത്വത്തിന് പിന്തുണ കൊടുത്താല്‍ ആത്യന്തികമായി വരാന്‍ പോകുന്നത് പൗരാവകാശങ്ങള്‍ ഇല്ലാത്ത, പ്രജ പോലും അല്ലാത്ത, ഫ്യൂഡല്‍ അടിമയെന്ന സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. ചരിത്രം വെറും പാഠം മാത്രമല്ല. അത് അനുഭവങ്ങളുടെ ഓര്‍മകള്‍ കൂടിയാണ്. ഓര്‍മകള്‍ ഇല്ലാത്ത ജനത ഭാവിയെ പറ്റിയുള്ള വീക്ഷണം ഇല്ലാത്തവര്‍ കൂടിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.