‘ജസ്റ്റ’ ചട്ടം യു.എസ് ആര്‍ത്തിയുടെ പുതുരൂപം
text_fieldsഅറബ് രാഷ്ട്രങ്ങളില്‍ അമേരിക്കക്ക് ഏറ്റവും അടുപ്പം സൗദി അറേബ്യയോടാണ്. 1930കളില്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് തുടങ്ങിയ ഈ മൈത്രി ഒരു നൂറ്റാണ്ടായി നിര്‍ബാധം തുടരുകയായിരുന്നു. 1973ല്‍ ‘ഒപെക്’ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധമോ 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണമോ ഈ ബന്ധത്തെ ഉലച്ചില്ല. അഫ്ഗാനിസ്താനില്‍ റഷ്യയെ പ്രതിരോധിക്കാനും യമനിലും സിറിയയിലുമൊക്കെ അമേരിക്കന്‍ നയങ്ങളെ പിന്തുണക്കാനും സൗദി അറേബ്യ യു.എസിന് കൂട്ടുനിന്നു. എന്നാല്‍, ഇങ്ങനെ കൂടെനടക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് സൗദിക്ക് പിന്നില്‍നിന്നൊരു കുത്തുകിട്ടുന്നത്. അതാണ് ‘ജസ്റ്റ’ (JASTA). എല്ലാ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ക്കും യു.എസ് കോടതികളില്‍ ലഭിക്കുന്ന ‘ഫോറിന്‍ സോവറിന്‍ ഇമ്യൂണിറ്റി ആക്ടി’നെ മറികടന്നുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്ക് (Justice Against the sponsors of Terrorism Act) സൗദിയെ വിധേയമാക്കുകയാണതിന്‍െറ ഉദ്ദേശ്യമത്രെ. പ്രസിഡന്‍റ് ഒബാമ ഇതിനെതിരെ വാദിക്കുകയും വീറ്റോ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും അത് അവഗണിച്ചാണ് ഹൗസ് ഓഫ് കോണ്‍ഗ്രസും സെനറ്റും ‘ജസ്റ്റ’ പാസാക്കിയിരിക്കുന്നത്.
ലാഭേച്ഛയില്‍ മാത്രം കണ്ണുവെക്കുന്ന മുതലാളിത്ത വ്യവസ്ഥ തങ്ങളുടെ ഭൗതിക നേട്ടങ്ങളെ മാത്രമേ പരിഗണിക്കൂ. അമേരിക്കയുടെ ഇത$പര്യന്തമുള്ള ചരിത്രം തന്നെയാണതിന് സാക്ഷി. സൗദി അറേബ്യയുമായി ബന്ധം പുലര്‍ത്താനുള്ള പ്രചോദനംതന്നെ അമേരിക്കയുടെ വാണിജ്യ താല്‍പര്യമായിരുന്നു. 1933ല്‍ സ്റ്റാന്‍ഡേഡ് ഓയില്‍ ഓഫ് കാലിഫോര്‍ണിയ സൗദിയുടെ കിഴക്കന്‍ മേഖലകളില്‍ എണ്ണപര്യവേക്ഷണത്തിന് അനുമതി തേടി. 1938ല്‍ അവര്‍ എണ്ണ കണ്ടത്തെി. അമേരിക്കന്‍ കമ്പനികള്‍ സൗദി അറേബ്യ ലാഭം വിളയുന്ന താവളമായി കണ്ടു. 1945ല്‍ പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് ഈജിപ്തില്‍വെച്ച് അബ്ദുല്‍ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി ഈ ബന്ധം ശക്തമാക്കിത്തീര്‍ത്തു. രണ്ടാം ലോകയുദ്ധത്തില്‍ സൗദിയുടെ ഒൗദ്യോഗിക നിലപാട് നിഷ്പക്ഷമായിരുന്നു. എന്നിട്ടും സഖ്യരാഷ്ട്രങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്ക് സൗദിയുടെ ആകാശമാര്‍ഗം ഉപയോഗിക്കാന്‍ രാജാവ് അനുമതി നല്‍കി. ഇങ്ങനെ വളര്‍ന്നുവന്ന ബന്ധം സെപ്റ്റംബര്‍ ആക്രമണത്തിനുശേഷവും ശക്തമായി നിലനിന്നതുകൊണ്ടാണ് അമേരിക്കയിലെ സൗദി അംബാസഡറായിരുന്ന ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ ‘വാഷിങ്ടണ്‍ പോസ്റ്റു’മായി നടത്തിയ അഭിമുഖത്തില്‍ ‘പ്രശ്നങ്ങളുടെ പ്രക്ഷുബ്ധതയിലും സൗദി-അമേരിക്കന്‍ ബന്ധം ഇളക്കമില്ലാതെ നിലനില്‍ക്കു’മെന്ന് അഭിപ്രായപ്പെട്ടത്.
1944ല്‍ അറേബ്യന്‍-അമേരിക്കന്‍ ഓയില്‍ കമ്പനിയായ ആരംകോ (Aramco) സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമാക്കി മാറ്റി. ഇതിന്‍െറ സിംഹഭാഗവും അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഈയടുത്ത കാലത്ത് 1980ല്‍ മാത്രമാണ് ആരംകോ കൂടുതല്‍ സൗദി പങ്കാളിത്തത്തോടെ ‘സൗദി-ആരംകോ കമ്പനി’യായി മാറിയത്. പ്രതിരോധ രംഗത്ത് സൗദിയുടെ ഉറ്റതോഴനായിരുന്നു അമേരിക്ക. ഇത് വെറുതെയായിരുന്നില്ല. അമേരിക്കയുടെ ആയുധ വിപണിയെ കൊഴുപ്പിച്ചത് സൗദിയാണ്. ഏതാണ്ട് 97 ബില്യണ്‍ അമേരിക്കന്‍ ഡോളറിനുള്ള ആയുധമാണവര്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. കരയിലും കടലിലും തങ്ങളുടെയും ഗള്‍ഫ് മേഖലയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇതാവശ്യമാണെന്നാണ് അമേരിക്കന്‍ ഭരണകൂടം സൗദി രാജകുടുംബത്തെ വിശ്വസിപ്പിച്ചിരിക്കുന്നത്.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ യു.എസിന്‍െറ സഹായി സൗദിതന്നെ. അല്‍ഖാഇദയെ നേരിടാനും ലോകമെമ്പാടുമുള്ള സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലായ്മ ചെയ്യാനും അമേരിക്കയെ അവര്‍ സഹായിച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനുശേഷം അമേരിക്കയുടെ വാണിജ്യമേഖല പുനരുജ്ജീവിപ്പിച്ചത് സൗദി അറേബ്യയാണ്. 2013ല്‍ അമേരിക്ക സൗദിയിലേക്ക് 35 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍െറ കയറ്റുമതി നടത്തി. ഇത് 2009ലേതിനെക്കാള്‍ 76 ശതമാനം കൂടുതലാണത്രെ. തൊഴില്‍-സേവനരംഗത്ത് കെട്ടിടനിര്‍മാണം, ഡിസൈനിങ്, സാമ്പത്തികാസൂത്രണങ്ങള്‍ എന്നിവയിലൂടെ രണ്ടു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ യു.എസിന് കിട്ടിയതായി രേഖകള്‍ പറയുന്നു.
വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ നുഴഞ്ഞുകയറ്റമാണല്ളോ പശ്ചാത്യ കോയ്മക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നത്. ഇതിനുള്ള കരുനീക്കങ്ങള്‍ നടത്തുന്നതിന് യു.എസ് തന്ത്രശാലികളാണ്. 80,000 സൗദി വിദ്യാര്‍ഥികളാണ് അമേരിക്കയിലെ വിവിധ യൂനിവേഴ്സിറ്റികളില്‍ പഠനം നടത്തുന്നത്. അഭ്യസ്തവിദ്യരാകുന്ന ഈ യുവാക്കള്‍ സൗദി അറേബ്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കേണ്ടവരാണ്. ഗള്‍ഫ് മേഖലയുടെ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങള്‍ പാശ്ചാത്യരോട് -പ്രത്യേകിച്ചും അമേരിക്കയോട് -അന്ധമായ വിധേയത്വം പുലര്‍ത്തുന്നതായി നിരീക്ഷിക്കപ്പെടുന്നത്.
ഉപരിസൂചിത സംഭവഗതികളൊക്കെയും അമേരിക്കയുടെ സ്വദേശ-വിദേശ താല്‍പര്യങ്ങള്‍ക്കനുഗുണമായിരിക്കെ പിന്നെയെന്തിനാണ് യു.എസ് ഹൗസ് ഓഫ് കോണ്‍ഗ്രസും സെനറ്റും തങ്ങളുടെ ആക്രാന്തി പ്രകടമാക്കുന്ന ‘ജസ്റ്റ’ നിയമമാക്കിയത്? ഗള്‍ഫ് മേഖലയില്‍-പ്രത്യേകിച്ചും സൗദിയില്‍- പുതിയ സംഘര്‍ഷങ്ങള്‍ക്ക് അമേരിക്ക നാന്ദികുറിക്കുകയാണോ? തൊട്ടുകിടക്കുന്ന യമനിലും ഇറാഖിലും സിറിയയിലും ലിബിയയിലും ഈജിപ്തിലുമൊക്കെയുള്ള രാഷ്ട്രീയ അനിശ്ചിതത്വം സൗദി അറേബ്യയെയും ഗള്‍ഫ് രാഷ്ട്രങ്ങളെയും ഇപ്പോള്‍തന്നെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ എരിതീയില്‍ എണ്ണയൊഴിച്ചാല്‍ മേഖലയിലൊന്നാകെ അഗ്നി ആളിപ്പടരുന്നതാണ്. ഇതിനാഗ്രഹിക്കുന്നവര്‍ വേറെയുമുണ്ട്. ഇസ്രായേലിനിത് ഏറെ സന്തോഷമായിരിക്കും. അവരുടെ പ്രേരണയാണോ ഇതിനു പിന്നില്‍? എന്തുതന്നെയായാലും ഇത് അന്താരാഷ്ട്ര ബന്ധങ്ങളെ അലങ്കോലപ്പെടുത്തുന്നതും പ്രക്ഷുബ്ധമാക്കുന്നതുമാണ്. അതുകൊണ്ടാണ് സൗദി അറേബ്യയുടെ ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മുഹമ്മദുബ്നു അമീന്‍ അല്‍ ജഅ്ഫരി പ്രസ്താവിച്ചത്: ‘ഈ നിയമം രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ദീര്‍ഘകാല ബന്ധത്തില്‍ എല്ലാ കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്. സൗദി ഒരിക്കലും ഭീകരവാദത്തെയോ തീവ്രവാദത്തെയോ പിന്തുണച്ചിട്ടില്ല.’
സി.ഐ.എയുടെ ഡയറക്ടര്‍ ജോണ്‍ ബ്രെനാം ‘ജസ്റ്റ’ക്കെതിരെ ശക്തമായ താക്കീത് നല്‍കുന്നു: ഇതര രാഷ്ട്രങ്ങള്‍ സമാനമായ നിയമനടപടികളിലൂടെ അമേരിക്കയെ അപകീര്‍ത്തിപ്പെടുത്താനും ഗവണ്‍മെന്‍റില്‍നിന്ന് നഷ്ടപരിഹാരം ചോദിക്കാനും ഇത് ഹേതുവായിത്തീരുന്നതാണ്. മാത്രമല്ല, ലോകമെമ്പാടും വ്യവസായ-വാണിജ്യ രംഗങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പിനത്തെന്നെ ഇത് ബാധിക്കുന്നതാണ്.
മുതലാളിത്തത്തിന്‍െറ അധീശത്വമാണ് അമേരിക്ക പ്രകടമാക്കുന്നത്. ഒരു ഏകധ്രുവലോകം സൃഷ്ടിച്ചു മറ്റെല്ലാ രാഷ്ട്രങ്ങളെയും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള തന്ത്രം! ഈ ദുര്‍വാശി സംസ്കാരച്യുതിയാണ്. നിര്‍ഭാഗ്യവശാല്‍, ഇത് ചോദ്യം ചെയ്യാന്‍ -പ്രത്യേകിച്ചും സോവിയറ്റ് യൂനിയന്‍െറ പതനത്തിനുശേഷം- തല്‍ക്കാലം ആരും സന്നദ്ധരല്ളെന്നതാണ് വസ്തുത. അമേരിക്ക ചെയ്തുകൂട്ടുന്ന നരഹത്യക്കും നശീകരണങ്ങള്‍ക്കും തുല്യതയില്ല. ലോകയുദ്ധങ്ങളുടെ കാര്യം തല്‍ക്കാലം മാറ്റിനിര്‍ത്താം. എന്നാല്‍, രണ്ടാം ലോകയുദ്ധശേഷം മാത്രം രണ്ടു കോടിക്കും മൂന്നു കോടിക്കുമിടയില്‍ ആളുകളെ അമേരിക്ക നേരിട്ടോ അല്ലാതെയോ കൊന്നൊടുക്കിയിട്ടുണ്ട്. യുദ്ധഭൂമിയില്‍ വെന്തുമരിച്ചവരുണ്ട്; സാമ്പത്തിക ഉപരോധത്തിനിരയായവരുണ്ട്; അംഗവൈകല്യങ്ങളാല്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. കിരാതമായ ഈ ചെയ്തികളില്‍നിന്ന് രക്ഷപ്രാപിക്കുന്നവരാണ് പ്രതികാരാഗ്നിയാല്‍ പ്രതിഷേധത്തിന്‍െറ കൊടുങ്കാറ്റായി ഭീകരവാദത്തിലും തീവ്രവാദത്തിലും എത്തുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ‘ദ ലാന്‍സറ്റ്’ ഇറാഖില്‍ ആദ്യത്തെ 18 മാസങ്ങളില്‍ അമേരിക്ക ചെയ്തുകൂട്ടിയ ക്രൂരതകളെക്കുറിച്ച് പഠിക്കുകയുണ്ടായി. ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്താണ് ഈ പഠനം നടത്തിയത്. ഇതനുസരിച്ച് ആ കാലയളവില്‍ മാത്രം 98,000 പേര്‍ വധിക്കപ്പെട്ടിരുന്നു. 2006 ആയപ്പോള്‍ ഇത് 6,50,000 ആയി. സൈനികര്‍ മാത്രമല്ല, സാധാരണ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. 50 ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി പലായനം ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് നടുക്കമുണ്ടാക്കും. ചരിത്രപ്രധാനമായ ഇറാഖിലെ മ്യൂസിയങ്ങളും നാഷനല്‍ ലൈബ്രറിയും അമേരിക്കന്‍ പട്ടാളം കൊള്ളചെയ്തു.
മെസോപൊട്ടേമിയന്‍ സംസ്കാരത്തിന്‍െറ ഭാഗമായിരുന്ന സുമേറിയ, അക്കാദമിയ, ബാബിലോണിയ, അസീരിയ, കാല്‍ദിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിലമതിക്കാനാവാത്ത 1,70,000ത്തോളം കൗതുക കലാവസ്തുക്കളാണവര്‍ നശിപ്പിച്ചുകളഞ്ഞത്! ഇതിനൊക്കെ ആരാണ് പകരം നല്‍കേണ്ടത്?
ഇതൊക്കെ നന്നായറിയുന്ന കോണ്‍ഗ്രസിനെയും സെനറ്റിനെയും ജസ്റ്റ നിയമമാക്കാന്‍ പ്രേരിപ്പിച്ചത് മറ്റെന്തോ ആണെന്നു കരുതേണ്ടിയിരിക്കുന്നു. അമേരിക്കയിലെ നീതിന്യായ കോടതികളില്‍ ഉയര്‍ന്ന ഫീസ് ലഭിക്കാന്‍ കാത്തിരിക്കുന്ന വക്കീലന്മാരാണോ ഇതിനു പിന്നില്‍? അങ്ങനെ കരുതുന്നവരുമുണ്ട്. എന്നാല്‍, പ്രശ്നം അതിലും ഗൗരവമുള്ളതാണ്. നവംബര്‍ എട്ടിന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വരുകയാണല്ളോ. വംശവെറി പൂണ്ട ഒരു വിഭാഗം എല്ലാതരം ആയുധങ്ങളും ഉപയോഗപ്പെടുത്തുകയാണ്. അറബ് സമൂഹത്തിനെതിരെയുള്ള ആക്രോശങ്ങള്‍ തങ്ങളുടെ ജൂത ലോബിയെ തൃപ്തിപ്പെടുത്തുമെന്ന് അവര്‍ കരുതിയാല്‍ തെറ്റില്ല. പക്ഷേ, അത് സ്വന്തം രാഷ്ട്രത്തിന് നഷ്ടവും അപമാനവും വരുത്തിവെച്ചിട്ടു വേണമോ എന്നതാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.