എന്നവസാനിക്കും തോട്ടിപ്പണി?
text_fields‘‘ഞാൻ പുനർജനിക്കില്ല എന്ന് എനിക്കറിയാം, അങ്ങനെ സംഭവിക്കുകയാണെങ്കിൽ തോട്ടികളുടെ കുടുംബത്തിൽ ജനിക്കണം’’ എന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത് ആ തൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന എണ്ണമറ്റ പ്രയാസങ്ങളും ദുരിതങ്ങളും നേരിൽ കണ്ടതുകൊണ്ടാണ്. തോട്ടിപ്പണി രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. അത് പൂർണമായി നിർമാർജനം ചെയ്തു എന്നാണ് സർക്കാറിെൻറ അവകാശവാദം. എന്നാൽ, ഈ തൊഴിലിൽ ഏർപ്പെട്ട 58,000 പേർ രാജ്യത്തുണ്ട് എന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യവിസർജ്യം നീക്കംചെയ്യുന്ന ജോലിയാണ് തോട്ടിപ്പണി.
മറ്റുള്ളവരുടെ വിസർജ്യങ്ങൾ പലപ്പോഴും വെറുംകൈ കൊണ്ട് കോരി നീക്കി തലയിലേറ്റി കൊണ്ടുപോകുന്നു ഈ മനുഷ്യർ. ഓടകളിലെ മാലിന്യ നീക്കവും ഇതേ തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുന്നു. രാജ്യത്ത് ആകെയുള്ള 766ൽ 258 ജില്ലകളിലും ഈ ഏർപ്പാട് നടക്കുന്നു എന്നത് ആധുനിക ഭാരതം നേടിയ എല്ലാ വിജയങ്ങളെയും നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്നു. തോട്ടിപ്പണിയെടുക്കുന്നവരിൽ 97.25ശതമാനം പട്ടിക ജാതിയിൽ വിഭാഗത്തിലുള്ളവരാണ് ബാക്കി പട്ടിക വിഭാഗത്തിൽനിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളിൽനിന്നുമുള്ള മനുഷ്യർ. ആകയാൽ ഇതൊരു ജാതീയ അതിക്രമവുമായി മാറുന്നു.
സ്വാതന്ത്ര്യ സമര സേനാനി ജി.എസ്. ലക്ഷ്മണൻ അയ്യർ ചെയർമാനായിരിക്കെ 1950ൽ ഗോബി ചെട്ടി പാളയം മുൻസിപ്പാലിറ്റി ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണി നിരോധിച്ചു. രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിടുേമ്പാഴും 66ശതമാനം ജില്ലകളിൽ മാത്രമേ ഇത് പൂർണമായും നിർത്തലാക്കുവാൻ സാധിച്ചിട്ടുള്ളൂ. രാജ്യത്തെ 4800 മുനിസിപ്പാലിറ്റികളിലും അപകടകരമായ മാലിന്യം കൈകാര്യം ചെയ്യുന്നതിനുവേണ്ടി ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഇപ്പോഴുമില്ല.
യൂറോപ്പിലും തോട്ടിപ്പണി വ്യാപകമായിരുന്നു. 1596ൽ ജോൺ ഹാറിങ്ടൺ വാട്ടർ ക്ലോസെറ്റും 1870 ൽ എസ്.എസ്. ഹെലിയർ ഫ്ലഷ് ടൈപ്പ് കക്കൂസുകളും കണ്ടുപിടിച്ചതോടെ തോട്ടിപ്പണിക്കാരുടെ ആവശ്യം കുറഞ്ഞു വന്നു. 1950 ആകുമ്പോഴേക്കും മറ്റുതരത്തിലുള്ള കക്കൂസുകളും സെപ്റ്റിക് ടാങ്ക് ഉപയോഗിച്ചുള്ള സംവിധാനങ്ങളും വ്യാപകമായി. യന്ത്രങ്ങൾ ഉപയോഗിച്ച് പ്ര േത്യക വാഹനത്തിൽ വിസർജന മാലിന്യങ്ങൾ പുറത്ത് സുരക്ഷിത കേന്ദ്രങ്ങളിൽ കൊണ്ടുപോയി സംസ്കരിക്കുന്നത് അവിടെ വ്യാപകമായി.
ഇന്ത്യയിൽ പ്ലാനിങ് ബോർഡ് എസ്.കെ. ബാസുവിന്റെ നേതൃത്വത്തിലെ പ്രത്യേക ദൗത്യസംഘം 1991ൽ രൂപവത്കരിക്കുകയും മനുഷ്യവിസർജ്യം മനുഷ്യരെ ഉപയോഗിച്ച് കോരിക്കുവാൻ പാടില്ല എന്ന് നിർദേശിക്കുകയും ചെയ്തു. 1993ല് പാർലമെന്റ് തോട്ടികൾക്കും ശൗചാലയങ്ങൾ വൃത്തിയാക്കുന്നവർക്കുമായി നിയമം പാസാക്കിയെങ്കിലും ഒറ്റക്കുഴി കക്കൂസുകളും പെട്ടി കക്കൂസുകളും പൂർണമായി ഒഴിവാക്കി തോട്ടിപ്പണി നിർത്തലാക്കുവാൻ സാധിച്ചില്ല. 2013 ഫെബ്രുവരിയിൽ ഡൽഹി സർക്കാർ തോട്ടിപ്പണി പൂർണമായും നിരോധിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചില്ല .1968 ൽ ബിനേഷ്വർ പഥക്ക് എന്ന സാമൂഹിക സംരംഭകൻ ‘സുലഭ്’ എന്ന ആശയം ആവിഷ്കരിച്ചതോടെ രാജ്യത്തിന്റെ പല ഭാഗത്തും നല്ല പൊതുകക്കൂസുകൾ നിർമിക്കപ്പെടാൻ തുടങ്ങി. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യുന്ന രീതിക്ക് ചെറിയ അളവിലെങ്കിലും മാറ്റംവരുത്താനും ശാസ്ത്രീയമായി കക്കൂസ് മാലിന്യം സംസ്കരിക്കപ്പെടുവാനും ഇത് വഴിയൊരുക്കി. 1994ൽ ബെസ് വാഡാ വിൽസൺ സഫായി കർമാചാരി ആന്ദോളൻ എന്ന സാമൂഹിക സംഘടന രൂപവത്കരിച്ച് കാമ്പയിൻ ആരംഭിച്ചതോടെ തോട്ടിപണി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ രാജ്യത്തിെൻറ പൊതു ശ്രദ്ധയിലെത്തി.
സുപ്രീംകോടതി അടക്കം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. എല്ലാതരം പ്രയാസകരമായ ശുചീകരണ പ്രവൃത്തികളിൽനിന്നും മനുഷ്യരെ ഒഴിവാക്കണമെന്ന് 2021ൽ ദേശീയ മനുഷ്യാവകാശ കമീഷൻ നിഷ്കർഷിക്കുകയുണ്ടായി. ഇതോടെ രാജ്യം തോട്ടിപ്പണിയിൽനിന്ന് വിമുക്തി നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. തോട്ടിപ്പണിയിലേർപ്പെടുന്ന വനിതകൾ മറ്റുള്ളവരേക്കാൾ 14.6 വർഷം മുമ്പേ മരണപ്പെടുന്നു എന്ന റിപ്പോർട്ടുകൾ ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ ആരോഗ്യം സംബന്ധിച്ച ചിത്രമാണ് വരച്ചു കാട്ടുന്നത്. ഒട്ടനവധി മാരക രോഗങ്ങളാണ് അവരെ വേട്ടയാടുന്നത്.
നാലാം വ്യവസായ വിപ്ലവത്തിെൻറ കാലമാണിത്. റൊബോട്ടുകളെയും നിർമിത ബുദ്ധിയും ഉപയോഗിച്ച് സകല ജോലികളും എളുപ്പത്തിലും കാര്യക്ഷമമായും ചെയ്യാൻ സാധിക്കുമെന്ന് നാം പ്രഖ്യാപിക്കുേമ്പാഴും ഇന്ത്യയിൽ കക്കൂസ് ടാങ്കുകളും മാലിന്യക്കുഴികളും വൃത്തിയാക്കാൻ മനുഷ്യർ, അതും ജാതിശ്രേണിയിൽ താഴെ വരുന്ന മനുഷ്യർതന്നെ വേണമെന്ന് എന്തോ നിർബന്ധമുണ്ട് എന്നു തോന്നിപ്പോകുന്നു. ലോകത്താകമാനം ഓടകളിലും മലിനജല പിറ്റുകളിലും ശുചീകരണത്തിന് മനുഷ്യർക്കു പകരം കോബോട്ടുകളെയാണ് ഉപയോഗിക്കുന്നത് എന്നുമോർക്കുക.
വന്ദേഭാരത് പോലുള്ള ട്രെയിനുകളുടെ അതിവേഗത്തെയും ആധുനിക സൗകര്യങ്ങളെയും കുറിച്ച് നാം വാതോരാതെ സംസാരിക്കുേമ്പാൾ റെയിൽവേ ട്രാക്കുകളിലെ മലമാലിന്യം ഇപ്പോഴും മനുഷ്യർ കൈകൊണ്ട് കോരിയെടുക്കുകയാണ് എന്ന കാര്യം വിസ്മരിക്കുന്നു.
സമ്പൂർണ യന്ത്രവത്കരണം ഏറ്റവുമാദ്യം നടപ്പിലാക്കേണ്ട ഒരു തൊഴിൽ മേഖലയുണ്ടെങ്കിൽ അത് തോട്ടിപ്പണിയാണ്. നമ്മുടെ നാട്ടിൽ പക്ഷേ, അത് എന്നാണ് സാധ്യമാവുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.