ഇസ്ലാമിക വിജ്ഞാനശാഖക്ക് മുതൽക്കൂട്ടിയ പണ്ഡിതൻ
text_fieldsപ്രമുഖ ഇസ്ലാമിക പണ്ഡിതൻ, ഗ്രന്ഥകർത്താവ്, പത്രപ്രവർത്തകൻ, വിവർത്തകൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ മേഖലകളിൽ സവിശേഷ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു, ഇന്നലെ വേർപിരിഞ്ഞ മലപ്പുറം മഞ്ചേരിയിലെ കെ. അബ്ദുല്ല ഹസൻ. പിതൃസഹോദരനും എഴുത്തുകാരനുമായ കെ.കെ. അലിയുടെ ശിക്ഷണത്തിൽ വിദ്യാർഥിജീവിതകാലത്തുതന്നെ അദ്ദേഹം എഴുത്തിലും പ്രസംഗത്തിലും പ്രാഗല്ഭ്യം തെളിയിച്ചു. ബഹുഭാഷാജ്ഞാനിയും ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അഗ്രഗണനീയനുമായ അബ്ദുല്ല ഹസൻ മഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കുറ്റ്യാടി, ശാന്തപുരം ഇസ്ലാമിയ കോളജുകളിൽനിന്നു ബിരുദം കരസ്ഥമാക്കി. ഖത്തറിലെ വിദ്യാഭ്യാസവും ജോലിയും സമകാലത്തെ ലോക മതപണ്ഡിതരുമായുള്ള അടുത്ത ബന്ധങ്ങളിലേക്കുമെത്തിച്ചു. ആ ബന്ധങ്ങൾ അദ്ദേഹത്തെ വിജ്ഞാനത്തിെൻറ പുതിയ ലോകത്തേക്ക് നയിക്കുകയും കേരളത്തിന് ഒരു ഇസ്ലാമിക ഗവേഷകപണ്ഡിതനെ സമ്മാനിക്കുകയും ചെയ്തു.
കേരളത്തിലെ ഇസ്ലാമിക ചിന്താരംഗത്ത് അദ്ദേഹം അർപ്പിച്ച സേവനങ്ങൾ വലുതാണ്. സമകാലിക ഭാഷയിൽ ഇസ്ലാമിനെ പ്രമാണബദ്ധമായി അവതരിപ്പിച്ചതാണ് ഏറെ വ്യതിരിക്തനാക്കുന്നത്. ബഹുസ്വര സമൂഹത്തിലെ മുസ്ലിംജീവിതത്തിെൻറ മതപാഠഗവേഷണത്തിലും നിസ്തുല പങ്കു വഹിച്ചു. 'ബഹുസ്വര സമൂഹത്തിലെ മുസ്ലിംകൾ' എന്ന അദ്ദേഹത്തിെൻറ ഗ്രന്ഥം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. നമ്മുടേതുപോലുള്ള നാടുകളിൽ ഇസ്ലാമിക സമൂഹം സ്വീകരിക്കേണ്ട ഉദാത്തവും മാനവികവുമായ ജീവിതരീതിയെ സംബന്ധിച്ച് നടത്തിയ പഠനങ്ങളും ചിന്തകളും മതപണ്ഡിതരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിച്ചു. അറബി ഭാഷയിലും ഇസ്ലാമിക വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നതിനാൽ തെൻറ നിരീക്ഷണങ്ങൾക്കു പ്രാമാണികമായ പിൻബലം നൽകാനായി. സമകാലിക വിഷയങ്ങളിലുള്ള പഠനങ്ങൾ അദ്ദേഹത്തിെൻറ ചിന്തകളെ കാലികമാക്കി.
അബ്ദുല്ല ഹസെൻറ പഠനമേഖലയായിരുന്നു മുസ്ലിം സ്ത്രീകളുടെ വളർച്ചയും ഉയർച്ചയും. അവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന മതപൗരോഹിത്യത്തിനെതിരെ ശക്തമായ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇസ്ലാം സ്ത്രീകൾക്ക് അനുവദിച്ച എല്ലാ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി അദ്ദേഹം നിരന്തരം വാദിച്ചു. അതോടൊപ്പം മതമുക്തമായ പടിഞ്ഞാറൻ ഭൗതിക നാഗരികത സ്ത്രീകളുടെമേൽ അടിച്ചേൽപിച്ച അമിതഭാരത്തെയും അവരുടെ അന്തസ്സും അഭിമാനവും ക്ഷതപ്പെടുത്തിയതിനെയും നിശിതമായി വിമർശിക്കുകയും ചെയ്തു. 'മുസ്ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും' എന്ന ശ്രദ്ധേയമായ ഗ്രന്ഥം സമുദായം തലമുറകളായി കെട്ടിയുണ്ടാക്കിയ വേലിക്കെട്ടുകൾ പൊളിച്ചുമാറ്റാൻ ആഹ്വാനം ചെയ്യുന്നു. ഇസ്ലാമിക പ്രമാണങ്ങളിൽ ഊന്നിനിന്നുതന്നെ വനിത മുന്നേറ്റത്തിന് വഴികാണിച്ചു അദ്ദേഹം.
സകാത് ഇസ്ലാമിലെ അതിപ്രധാന അനുഷ്ഠാനമായിരുന്നിട്ടും സമുദായം അതിനെ അവഗണിക്കുകയും സകാത് നൽകാതിരിക്കാൻ പല ഉപായങ്ങളും മെനഞ്ഞുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അതു സംബന്ധമായി അദ്ദേഹമെഴുതിയ ഗ്രന്ഥം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. സംഘടിതമായി നൽകുമ്പോൾ മാത്രമേ അത് പൂർണവും ഫലപ്രദവുമാവുകയുള്ളൂവെന്ന് ഈ ഗ്രന്ഥം പ്രാമാണികമായി തെളിയിക്കുകയും ചെയ്തു. അദ്ദേഹം വിവർത്തനം ചെയ്യുകയും എഴുതുകയും ചെയ്ത ഒാരോ പുസ്തകവും കേരളത്തിലെ ഇസ്ലാമിക വിജ്ഞാനശാഖക്ക് ഒരു മുതൽക്കൂട്ടായിരുന്നു. വരുംതലമുറയുടെ അറിവന്വേഷണത്തിന് അതേറെ സഹായകരമാവുമെന്ന് നിസ്സംശയം പറയാം.
നീണ്ട വിദേശവാസത്തിനുശേഷം വിദ്യാഭ്യാസരംഗത്തെ സ്വപ്നങ്ങൾ മഞ്ചേരിയിലെ വിദ്യാസ്ഥാപനങ്ങളിലൂടെ പ്രയോഗവത്കരിക്കാനും അദ്ദേഹം ശ്രമിച്ചു. നാട്ടുകാരനായതിനാൽ ചെറുപ്രായംതൊട്ടുതന്നെ അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എെൻറ അനൗപചാരിക ഗുരുനാഥൻകൂടിയാണ് അദ്ദേഹം. ഇസ്ലാമികപ്രവർത്തനരംഗത്ത് നേതൃപരമായ പങ്കുവഹിച്ച അബ്ദുല്ല ഹസെൻറ വിയോഗത്തോടെ അരനൂറ്റാണ്ടു നീണ്ട വൈജ്ഞാനിക സേവനത്തിനാണ് വിരാമമായത്. സമകാലീന സമൂഹത്തിൽ ഇസ്ലാമിക ജീവിതത്തിന് വെളിച്ചമേകാൻ ഏറെക്കാലം തീവ്രശ്രമം നടത്തിയ ഗവേഷണകുതുകിയായ പണ്ഡിതനെയാണ് നഷ്ടമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.