നമ്മുടെ സ്കൂളുകളെ ഒന്നാം നമ്പറാക്കാൻ...
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇക്കുറി യോഗ്യത നേടാനാകാത്തവർ വീണ്ടും ശ്രമിക്കണം, വിജയം നേടാനാകും. ജീവിത വിജയമാണ് വലുത് എന്ന കാര്യം മറക്കാതിരിക്കുക. കോവിഡ് മഹാമാരിമൂലം സംസ്ഥാനത്ത് സ്കൂളുകളിൽ പൂർണതോതിലുള്ള നേരിട്ടുള്ള അധ്യയനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, 2021 ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകളും 2021 നവംബർ ഒന്നുമുതൽ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും സ്കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അധ്യയനം നടത്താൻ സാധിച്ചിരുന്നില്ല എന്ന വസ്തുത പരിഗണിച്ച് എസ്.എസ്.എൽ.സി ചോദ്യപ്പേപ്പറിന്റെ ഘടനയിൽ മാറ്റം വരുത്തുകയുണ്ടായി. കോവിഡ്-19 വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ 2021ൽ ഒഴിവാക്കിയ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഈ വർഷം പുനഃസ്ഥാപിച്ചിരുന്നു.
നമ്മുടെ പൊതുവിദ്യാലയങ്ങൾ പല തലങ്ങളിൽ രാജ്യത്തിന് മാതൃകയാണ്. അതിൽ സുപ്രധാനം പൊതുസമൂഹത്തിന്റെ ഇടപെടലാണ്. സ്കൂള്‍ കേവലമൊരു സര്‍ക്കാർ സ്ഥാപനം എന്ന കാഴ്ചപ്പാടില്‍നിന്നുകൊണ്ടല്ല ഇന്നു വിലയിരുത്തപ്പെടുന്നത്. പൊതുവിദ്യാലയങ്ങളുടെ ഗുണമികവില്‍ ആശങ്കകളില്ലാതായിട്ടുണ്ട്. ശിശുകേന്ദ്രീകൃതവും ശിശുസൗഹൃദപരവുമായ പഠനാന്തരീക്ഷം സ്കൂളുകളില്‍ നിലവില്‍ വന്നപ്പോള്‍ വലിയ ജനവിശ്വാസ്യത ആർജിക്കാനായി. ഈ വര്‍ഷം സ്കൂള്‍ തുറന്ന ആദ്യദിനം 42.9 ലക്ഷം വിദ്യാർഥികളാണ് എത്തിയത്.
സ്കൂൾ മാന്വലും അക്കാദമിക് മാസ്റ്റര്‍പ്ലാനും
കേരളത്തില്‍ വിവിധ വിഭാഗങ്ങളിലായി 15000ത്തിൽപരം സ്കൂളൂകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ പ്രവര്‍ത്തന രീതി ഏകീകൃതമാക്കുന്നതിനായി ഈ വര്‍ഷം മുതല്‍ സ്കൂൾ മാന്വല്‍ പുറത്തിറക്കുകയാണ്. കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെയും സേവന നിയമങ്ങളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിർദേശങ്ങളുടെയും വകുപ്പ് പുറത്തിറക്കിയ പരിപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് മാന്വലിലെ നിർദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ വിദഗ്ധരുടെയും പൊതുസമൂഹത്തിന്‍റെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളില്‍ നടപ്പിലാക്കേണ്ട അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സൂചക രേഖയെന്ന നിലയില്‍ സ്കൂള്‍ മാന്വലിന് വളരെ പ്രസക്തിയുണ്ട്.
പാഠ്യപദ്ധതിയുടെ സമയബന്ധിത നിര്‍വഹണത്തിനായി ഈ വര്‍ഷം മുതല്‍ അക്കാദമിക മാസ്റ്റര്‍പ്ലാനും തയാറാക്കിയിട്ടുണ്ട്. എല്‍.പി തലം മുതല്‍ ഹയര്‍ സെക്കൻഡറിതലം വരെയുള്ള സിലബസിനെ കൃത്യമായി വിശകലനം ചെയ്ത് രൂപപ്പെടുത്തിയ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ ജൂണ്‍ മുതല്‍തന്നെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. ഓരോ സ്കൂളിലെയും പ്രാദേശിക സവിശേഷതകൾ കൂടി കണക്കിലെടുത്താണ് അക്കാദമിക മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കേണ്ടത്.
കുട്ടികളുടെ സുരക്ഷിതത്വവും അവര്‍ക്കു ലഭ്യമാകേണ്ട മികച്ച പഠനാന്തരീക്ഷവും കണക്കിലെടുത്ത് സ്കൂൾ കെട്ടിടങ്ങളുടെയും സ്കൂൾ വാഹനങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതു പാലിക്കാന്‍ എല്ലാ സ്കൂൾ അധികൃതരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
നിർദിഷ്ട യോഗ്യതകളും കാര്യക്ഷമതയുമുള്ള മികച്ച ഒരധ്യാപക സമൂഹമാണ് നമുക്കുള്ളത്. മാറിവരുന്ന പഠനസാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനും കാലികമായി സ്വയം നവീകരിക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സ്കൂളിലെത്തുന്ന വിദ്യാർഥികളെ പ്രത്യേകമായി പരിഗണിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. സ്ക്രീന്‍ അഡിക്ഷനു വിധേയരായ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണം.
ഇത്തവണത്തെ അധ്യാപക പരിശീലനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന അക്കാദമിക വര്‍ഷം മികവുറ്റ പഠനവര്‍ഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. അതിന് വിദ്യാഭ്യാസ പ്രവര്‍ത്തകരിലും പൊതുജനങ്ങളിലുംനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.