നല്ല ഭക്ഷണമൊരുക്കണം സമൂഹ അടുക്കളയിൽ
text_fields1990-91 ആയപ്പോഴേക്കും, നിരവധി സംസ്ഥാനങ്ങൾ വിദ്യാലയങ്ങളിൽ കുട്ടികളുടെ ഭക്ഷണപദ്ധതിക്ക് വേണ്ട ധനസഹായം നൽകിത്തുടങ്ങി. 2001 ഏപ്രിലിൽ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) രാജസ്ഥാൻ ഘടകം ‘ഭക്ഷണത്തിനുള്ള അവകാശം’ എന്ന പേരിൽ പ്രസിദ്ധമായ ഒരു കേസ് സുപ്രീംകോടതിയുടെ മുന്നിൽ കൊണ്ടുവന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 2001 നവംബർ 28ന് രാജ്യത്തെ എല്ലാ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകാൻ കർശന നിർദേശം നൽകുന്ന സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധിയുണ്ടായി. പദ്ധതി രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾക്ക് വഴിവെച്ചു. ദാരിദ്ര്യംമൂലം കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയാതെവന്ന പല രക്ഷിതാക്കളുടെയും തീരുമാനം മാറ്റാൻ സൗജന്യ പോഷകാഹാര വിതരണം സഹായിച്ചു.
ഇന്നത് പി.എം പോഷൺ എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂൾ പോഷകാഹാര പരിപാടിയാണ്. തമിഴ്നാട് സർക്കാർ അവിടത്തെ സ്കൂൾകുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന ഉച്ചഭക്ഷണ പരിപാടികളുടെ മേന്മ ഇന്ന് സജീവമായി ചർച്ചചെയ്യപ്പെടുന്നുമുണ്ട്.
ഉപ്പുമാവ്, ഉച്ചക്കഞ്ഞി, ചോറ്
കേരളത്തിൽ 1961-62 കാലഘട്ടത്തിലാണ് ലോവർ പ്രൈമറി സ്കൂളുകളിൽ വിപുലമായ ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചത്. ഗോതമ്പുമാവും സസ്യഎണ്ണയും ചേർത്ത ഉപ്പുമാവ് ആയിരുന്നു മെനു. പാവപ്പെട്ടവരും ആഹാരാവശ്യമുള്ളവരുമായ വിദ്യാർഥികൾക്ക് ഈ സംഘടനയുടെ സഹായം വളരെ ഉപകാരപ്രദമായിരുന്നു. സന്നദ്ധസംഘടനയായ Co-operative for American Relief Everywhere (CARE ) ആണ് ഇതിനുള്ള ഭൗതികസഹായം നൽകിയിരുന്നത്. എന്നാൽ, 1984ൽ പദ്ധതിയിൽനിന്ന് CARE പിൻവാങ്ങി.
1984 ഡിസംബർ ഒന്നിന് പുതിയൊരു ഉച്ചഭക്ഷണപരിപാടി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ആദിവാസി-തീരദേശ മേഖലകളിലെ ഗവ. ലോവർ പ്രൈമറി സ്കൂളുകളിൽ ‘ഉച്ചക്കഞ്ഞി’ എന്ന പേരിൽ ആരംഭിച്ചു. കഞ്ഞിയും ചെറുപയറുമായി ഏറെക്കാലം മുന്നേറിയ ഈ പദ്ധതി 1995 മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുമായി ലയിപ്പിച്ചു.
പരിഷ്കരണം അനിവാര്യം
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ ഇന്ന് വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. 2004ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ പാത്തോളജി വിഭാഗം നടത്തിയ പഠനത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 10 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ആരോഗ്യനിലവാരം (പ്രായത്തിനൊത്ത നിശ്ചിത തൂക്കം/ഉയരം/രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്) നേടിയിട്ടുള്ളവരായി കണ്ടെത്തിയിരുന്നത്.
ഇതിൽ കാര്യമായ വ്യത്യാസമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല. സമൂഹത്തിലെ കുറേയേറെ കുട്ടികൾക്കെങ്കിലും ഇന്നും മൂന്നു നേരവും ആഹാരം ലഭിക്കുന്നുമില്ല. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍, കിലയുടെ സഹായത്തോടെ ദരിദ്രരെ കണ്ടെത്തുന്നതിനായി നടത്തിയ സർവേയില്‍ നമ്മുടെ സംസ്ഥാനത്തിലെ വലിയൊരു എണ്ണം കുടുംബങ്ങള്‍ അതിജീവനത്തിനുവേണ്ടിയുള്ള വലിയ വെല്ലുവിളികൾ നേരിടുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്കുമുമ്പേ, കേരളത്തിലെ സെക്കൻഡറി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തിൽ 10ാം തരത്തിൽ പഠിക്കുന്ന 20 ശതമാനത്തോളം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനില്ലാതെ, ക്ലാസ് മുറികളിൽ കഴിച്ചുകൂട്ടേണ്ട ഗതികേടിലാണെന്ന് കണ്ടെത്തിയിരുന്നു.
മൊത്തത്തിൽ കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ പോഷകസമൃദ്ധമാക്കുന്നതിനും സെക്കൻഡറി-ഹയര്‍ സെക്കൻഡറി തലങ്ങളിലേക്ക് വിപുലീകരിക്കുന്നതിനുമുള്ള പരിപാടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട കാര്യമായി വിലയിരുത്തപ്പെടുന്നു.
സംസ്ഥാന ഗവൺമെന്റ് മാവേലി സ്റ്റോറുകൾ വഴി വിതരണംചെയ്യുന്ന അരി, പദ്ധതി സംഘാടനത്തിനുവേണ്ടി സർക്കാർ വിതരണംചെയ്യുന്ന തുകയും ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും തികയുന്നില്ലെന്ന വിമർശനം അതിരൂക്ഷമാണ്. പേരിനു മാത്രം രൂപവത്കരിക്കുന്ന ഉച്ചഭക്ഷണ കമ്മിറ്റികളാണ് ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും നിലവിലുള്ളത്.
1996ൽ ഈ പദ്ധതിയുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നെങ്കിലും പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പരിധിക്കുള്ളിൽ ഗൗരവത്തോടെ ഇനിയും സ്കൂൾ ഉച്ചഭക്ഷണ പരിപാടികൾ കടന്നുവന്നിട്ടില്ല.
കേവലം പാചകത്തിന് വേണ്ട കണ്ടിൻജൻസി ചാർജുകൾ അനുവദിക്കുക, വിതരണം ചെയ്യുക തുടങ്ങിയ പരിമിതമായ ഇടപെടലുകൾ മാത്രമാണ് അന്ന് നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കാൻ ശ്രമിച്ചത്. പിന്നീടത് സർക്കാർ/ഉദ്യോഗസ്ഥ സംവിധാനത്തിലേക്ക് തിരികെപ്പോയി. സർക്കാർ വകുപ്പുകളുടെ നൂലാമാലകളിൽ കിടന്ന് പലപ്പോഴും പദ്ധതിപ്രവർത്തനങ്ങൾ വഴിമുട്ടുന്നു.
കാര്യക്ഷമമാക്കുന്നതിന് ചില നിർദേശങ്ങൾ
സംസ്ഥാനതലത്തിൽ സ്കൂൾ ഉച്ചഭക്ഷണപരിപാടികൾ കാര്യക്ഷമമാക്കുന്നതിന് നയം രൂപവത്കരിക്കണം. പ്രൈമറി വിദ്യാലയങ്ങൾക്കു പുറമെ സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കണം.
കേന്ദ്രസർക്കാറിൽനിന്ന് കൂടുതൽ പണം പദ്ധതിനടത്തിപ്പിനായി ലഭ്യമാക്കണം. സംസ്ഥാന-ജില്ല- ഗ്രാമപഞ്ചായത്ത്/നഗരസഭ തലങ്ങളിൽ പദ്ധതിനടത്തിപ്പിനും അവലോകനത്തിനും മോണിറ്ററിങ്ങിനും ആവശ്യമായ ശക്തമായ സംഘടനാസംവിധാനങ്ങൾക്ക് രൂപം നൽകണം. പൂർണമായും ബഹുജന പങ്കാളിത്തത്തോടെയായിരിക്കണം ഉച്ചഭക്ഷണ പരിപാടികൾ നടപ്പാക്കേണ്ടത്.
സർക്കാർ പദ്ധതിവിഹിതത്തിനു പുറമെ പ്രാദേശിക സഹകരണത്തോടെ വിഭവസമാഹരണം നടത്തി പദ്ധതി വിപുലപ്പെടുത്തണം. പദ്ധതിനടത്തിപ്പ് പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ കീഴിലാക്കണം. പ്രാദേശിക സാധ്യതകൾക്കനുസരിച്ച് ഭക്ഷണ മെനു ക്രമപ്പെടുത്താൻ കഴിയണം.
3000 മുതൽ 5000 വരെ കുട്ടികൾക്ക് ആഹാരം തയാറാക്കി എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത്/നഗരസഭ തലങ്ങളിൽ ആധുനിക രീതിയിൽ രൂപകൽപനചെയ്ത സാമൂഹിക അടുക്കളകൾ സ്ഥാപിക്കണം. ദക്ഷിണേന്ത്യയിൽ കർണാടക, പുതുച്ചേരി, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നല്ലരീതിയിൽ കുട്ടികൾക്ക് ആഹാരമെത്തിക്കുന്ന പൊതു അടുക്കളകളുണ്ട്.
കേന്ദ്രീകൃത അടുക്കള എല്ലാവര്ക്കും ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ സഹായിക്കും. അധ്യാപകർക്ക് അക്കാദമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയും. നിലവില്‍ ഉച്ചഭക്ഷണം പാചകംചെയ്ത് വിതരണംചെയ്യുന്ന തൊഴിലാളികളെ ഗ്രാമപഞ്ചായത്ത്/നഗരസഭ തലത്തില്‍ ഏകോപിച്ച് ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയും.
പാചകത്തൊഴിലാളികൾക്ക് കാലാനുസൃതമായ സേവന-വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തണം. ഒഴിവുദിവസങ്ങളിലും വൈകുന്നേരങ്ങളിലും പുറംകേറ്ററിങ് ജോലികൾ ഏറ്റെടുക്കാൻ കഴിഞ്ഞാൽ അത് അവർക്കൊരു അധിക വരുമാനമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സി.എസ്.ആർ ഫണ്ടുകളും മറ്റും സമാഹരിച്ച് പദ്ധതി പ്രാദേശികമായിതന്നെ വിപുലപ്പെടുത്താവുന്നതാണ്. ആവശ്യമുള്ള കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള പ്രഭാതഭക്ഷണവും ഈ സാമൂഹിക അടുക്കള വഴി തയാറാക്കി വിതരണം ചെയ്യാനാവും.
കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള വിഷരഹിത പച്ചക്കറികള്‍, മുട്ട, പാല് എന്നിവ പ്രാദേശികമായി ഉൽപാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിൽവരുത്തുകയും കുടുംബശ്രീയുടെ കാർഷിക ഉൽപന്നങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്താൽ വലിയൊരു മുന്നേറ്റമായിരിക്കുമത്.
എല്ലാ പ്രവൃത്തിദിവസങ്ങളിലും ചോറ്, ആവശ്യമെങ്കിൽ റൊട്ടി, വൈവിധ്യങ്ങളോടെ പച്ചക്കറിസമൃദ്ധമായ സാമ്പാർ/അവിയൽ, പയർകറി, പുഴുങ്ങിയ മുട്ട എന്നിവ ഉറപ്പുവരുത്തണം. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽനിന്ന് ഭക്ഷണം കഴിക്കുന്നത് പരിപാടിയുടെ ഗുണനിലവാരം ഉയർത്താൻ ഏറെ സഹായിക്കും. ഇതിനു വേണ്ടിവരുന്ന അധിക ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് കണ്ടെത്താവുന്നതാണ്.
പദ്ധതിനടത്തിപ്പിൽ വിദ്യാലയത്തിലെ അമ്മമാരുടെയും പ്രാദേശിക സമൂഹത്തിന്റെയും സേവനം പ്രയോജനപ്പെടുത്താം. സ്കൂൾതലത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ നടത്തിപ്പ് കമ്മിറ്റികൾ ഉണ്ടാകണം. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഗുണപരമായ ചിന്തകൾക്ക് ഈ ഈ ചർച്ച വഴിവെക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
വയറ്റത്തടിക്കുന്ന കേന്ദ്ര അവഗണന
സംസ്ഥാനങ്ങൾക്കുകൂടി പങ്കാളിത്തമുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് സ്കൂൾ ഉച്ചഭക്ഷണ വിതരണ പരിപാടി നടപ്പാക്കുന്നത്. അതനുസരിച്ച്, അരിയും പദ്ധതിയുടെ 60 ശതമാനം ചെലവും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകണം. എന്നിരുന്നാലും, 2021-22ൽ പൊതു ധനകാര്യ മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്) നിർബന്ധമാക്കിയതു മുതൽ, സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം കൈമാറുന്നതിൽ വലിയ കാലതാമസമുണ്ടായി.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിർദേശങ്ങളും കഴിഞ്ഞ വർഷം ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകളും സമർപ്പിച്ചിട്ടും അനാവശ്യമായി പലതരം തടസ്സങ്ങൾ കേന്ദ്ര സർക്കാർ ഉയർത്തി. ഇത് പദ്ധതിനടത്തിപ്പിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് പറയുന്നത്.
2022-23 പദ്ധതി വർഷത്തിൽ കേന്ദ്രവിഹിതത്തിന്റെ രണ്ടാം ഗഡുവായ 132.9 കോടി രൂപ സംസ്ഥാനത്തിന് കൃത്യസമയത്ത് കേന്ദ്ര സർക്കാർ നൽകാൻ തയാറായില്ല. ഈ പണം സംസ്ഥാന ഖജനാവിൽനിന്ന് കടം വാങ്ങിയാണ് വിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് 2022-23ലെ സാമ്പത്തികവർഷം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ഈ തുക കേന്ദ്രം അനുവദിച്ചു.
ഈ പണം നേരത്തേ സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ച തുകയിലേക്ക് തിരികെ നൽകി കടം വീട്ടി. എന്നാൽ, കേന്ദ്രം നൽകിയ തുക പൊതു ധനകാര്യ മാനേജ്മെന്റ് സിസ്റ്റത്തിൽ (പി.എഫ്.എം.എസ്) നിക്ഷേപിച്ചില്ലെന്ന കാരണം പറഞ്ഞ് തടസ്സവാദങ്ങളുന്നയിക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രഥമാധ്യാപകരുടെയും സംഘടനകളുടെയും മുറവിളികൾക്കൊടുവിൽ ജൂൺ, ജൂലൈ മാസങ്ങളിലെ സർക്കാർ വിഹിതം പൂർണമായും ആഗസ്റ്റ് മാസത്തിലെ തുക ഭാഗികമായും, ഏതാണ്ട് 100 കോടി 23 ലക്ഷം രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വിതരണം ചെയ്തിട്ടുണ്ട്.
ഇതിൽ ഏതാണ്ട് 80 ശതമാനം തുകയും സംസ്ഥാന സർക്കാറിന്റെ 2023-24ലെ പദ്ധതിവിഹിതമാണ്. ബാക്കിയുള്ള തുക മുൻവർഷത്തെ പദ്ധതിനടത്തിപ്പിൽ ശേഷിച്ചതും. പദ്ധതി ആരംഭിച്ച് ആറു മാസത്തോളം പിന്നിട്ടിട്ടും ഒരു രൂപപോലും കേന്ദ്ര സർക്കാർ പദ്ധതിക്കുവേണ്ടി വിതരണം ചെയ്തിട്ടില്ല.
v.manoj101@gmail.com
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.