ക്രിസ്റ്റ്യൻ ഹോയ്ഗൻസ് ഉയർത്തിയ ശാസ്ത്ര തരംഗം
text_fieldsപതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ച കലാ-ശാസ്ത്രകാരുടെ പ്രധാന ചിന്താവിഷയമായിരുന്നു പ്രകാശം. സ്വതന്ത്ര ചിന്തയുടെ പ്രതീകമായാണ് അവരതിനെ കണ്ടത്. പ്രശസ്ത ചിത്രകലാ വിദഗ്ധൻ ജൊനാസ് വെർമീറിന്റെ രചനകളിലും ഒരു പ്രധാന ഘടകമായിത്തീർന്നു പ്രകാശം. ഇതിനുപുറമേ, സ്നെല്ലിന്റെ അപവർത്തന നിയമങ്ങളിലും ല്യൂവെൻ ഹുക്കിന്റെ സൂക്ഷ്മദർശനിയുടെ കണ്ടുപിടിത്തത്തിലും പ്രകാശം ഒരു പ്രധാന വിഷയമായിരുന്നു. ഈ കലാ-ശാസ്ത്ര പ്രവർത്തകർ പരസ്പരം ഇടപഴകുകയും ആശയവിനിമയം നടത്തുകയും ചെയ്തു. അവരുടെ ഇടയിലുണ്ടായ ഈ പാരസ്പര്യം പ്രകാശ പഠനത്തിൽ നിർണായക സ്വാധീനം ചെലുത്തി. പ്രകാശത്തിന്റെ സ്വഭാവവിശേഷങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കാൻ പലരും ശ്രമിച്ചു. ഇവരിൽ പ്രമുഖരായിരുന്നു ഇംഗ്ലണ്ടിലെ ഐസക് ന്യൂട്ടനും ഹോളണ്ടിലെ ക്രിസ്റ്റ്യൻ ഹോയ്ഗൻസും.
ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെങ്കിലും, ന്യൂട്ടന്റെ കണികാ സിന്താന്തത്തിനാണ് യൂറോപ്പിൽ പ്രചുരപ്രചാരം ലഭിച്ചത്. പ്രകാശം കണികകളായാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിഴലുകൾക്ക് വ്യക്തമായ അതിരുകളുള്ളതിനാൽ പ്രകാശത്തിന് കണികകൾ അടങ്ങിയ ഒരു ധാരയുടെ സ്വഭാവമാണുള്ളതെന്ന് ന്യൂട്ടൻ കരുതി. കണികാ സിദ്ധാന്തത്തിന്റെ പൊതുസമ്മതിയും ന്യൂട്ടന്റെ ഉന്നത വ്യക്തിത്വവും കാരണം കണികാ സിദ്ധാന്തത്തിലെ ന്യൂനതകളെ ചോദ്യം ചെയ്യാൻ ആരും തുനിഞ്ഞതുമില്ല.
1678ൽ, ഹോയ്ഗൻസ് പ്രകാശം തരംഗരൂപത്തിലാണ് സഞ്ചരിക്കുന്നതെന്ന സിദ്ധാന്തവുമായി മുന്നോട്ടുവന്നപ്പോൾ ശാസ്ത്രലോകം അത് അത്ര കാര്യമായി പരിഗണിച്ചില്ല. പ്രപഞ്ചത്തിലെങ്ങും നിറഞ്ഞിരിക്കുന്ന ഈഥർ എന്ന പരികൽപിത മാധ്യമത്തിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശത്തിന്റെ പ്രവേഗം (Velocity ), സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സാന്ദ്രതക്കനുസൃതമായി വ്യത്യാസപ്പെടുമെന്ന് ഗണിതശാസ്ത്രത്തിന്റെ പിൻബലത്തിൽ തെളിയിക്കാൻ കഴിഞ്ഞുവെങ്കിലും, ന്യൂട്ടന്റെ നിറഞ്ഞുനിൽക്കുന്ന പ്രഭാവത്തിന് മുന്നിൽ ഹോയ്ഗൻസിന് ശോഭിക്കാനായില്ല.
1678ലാണ് തരംഗസിദ്ധാന്തത്തെക്കുറിച്ച് ഗോയ്ഗൻസ് ആദ്യം പറഞ്ഞതെങ്കിലും, 1690ൽ മാത്രമാണ് അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായത്. അതുവരെ ഈ സിദ്ധാന്തത്തെക്കുറിച്ച് യൂറോപ്പിലെ ഏതാനും ഗണിത-ഭൗതിക ബുദ്ധിശാലികൾക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. സമകാലികാരായിരുന്ന ചില ശാസ്ത്ര പ്രതിഭകളെപ്പോലെ ഹോയ്ഗൻസും സ്വന്തം സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും അച്ചടിച്ച് പ്രസിദ്ധീകരിക്കുവാൻ താൽപര്യം കാണിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നുണ്ട്. പകരം, കൈയക്ഷരങ്ങളിലൂടെ കൃതികൾ എഴുതി പ്രചരിപ്പിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതത്രെ. ഫ്രഞ്ച് ഭാഷയിലാണ് സിദ്ധാന്തം ആദ്യം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. Traite de la Lumiere എന്നാണ് പുസ്തകത്തിന് നൽകിയ നാമധേയം. ഒരു പ്രബന്ധമായതിനാൽ അത് സംബന്ധിച്ച ഒരു വിവരണവും കവർ പേജിൽ രേഖപ്പെടുത്തി.
Traite de la Lumiere പ്രസിദ്ധീകൃതമായിട്ട് ഇപ്പോൾ 334 വർഷമായി. ആറ് അധ്യായങ്ങളിലാണ് ക്രിസ്റ്റ്യൻ ഹോയ്ഗൻസ് തരംഗസിദ്ധാന്തം വിവരിച്ചിരിക്കുന്നത്. മൂന്ന് പേജുകളിലുള്ള ഒരു ആമുഖവും അദ്ദേഹം എഴുതി. ഫ്രഞ്ച് അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകരിൽ ഒരാളായ ഹോയ്ഗൻസ് ദീർഘനാൾ പാരീസിൽ താമസിച്ചത് കൊണ്ടാകാം ഡച്ച് ഭാഷക്ക് പകരം ഫ്രഞ്ചിൽ പുസ്തകമെഴുതാൻ പ്രേരിതനായതെന്ന് വിലയിരുത്തപ്പെടുന്നു. അക്കാലത്ത് ഡച്ച് ഭാഷയെക്കാൾ യൂറോപ്പിലെ പ്രമുഖ വ്യവഹാര ഭാഷയായിരുന്നു ഫ്രഞ്ചെന്നതും ഇതിന് കാരണമായിട്ടുണ്ട്.
പ്രകാശത്തിന്റെ പ്രകൃതത്തെക്കുറിച്ചുള്ള സാങ്കേതിക വിവരണമാണ് ഉള്ളടക്കത്തിൽ അധികമെങ്കിലും, ന്യൂട്ടന്റെ പ്രകാശ സംബന്ധമായ കാഴ്ചപ്പാടുമായി താരതമ്യം നടത്തുമ്പോൾ പ്രതിഫലനം (Reflection), അപവർത്തനം (Refraction), ദ്വൈത അപവർത്തനം (Double Refraction) എന്നിവയെക്കുറിച്ച് മനോഹരമായ വിവരണമാണ് ആ ഗ്രന്ഥത്തിലുള്ളതെന്ന് പിൽക്കാലത്ത് ശാസ്ത്രലോകം വിലയിരുത്തുകയുണ്ടായി. ഫ്രഞ്ച് ശാസ്ത്രജ്ഞൻ അഗസ്റ്റിൻ ജീൻഫ്രെസ് നെല്ലും ഇംഗ്ലീഷ് ശാസ്ത്രകാരൻ തോമസ് യങ്ങും നടത്തിയ ഊർജിത ശ്രമങ്ങളാണ് ഇതിന് കാരണമായത്. ഹോയ്ഗൻസിന്റെ ശാസ്ത്രീയ സങ്കൽപത്തിന് ഇരുവരും പരീക്ഷണങ്ങളിലൂടെ സ്ഥിരീകരണം നൽകിയത് ഇവിടെ സ്മരണീയമാണ്. Treatise on Light എന്ന പേരിൽ 1912ലാണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഫിസിക്സ് പ്രഫസർ സിൽവനസ് പി.തോമസാണ് അതിനു മുൻകൈയെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലമായപ്പോഴാണ് ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ശാസ്ത്രഭാഷയായി വളർന്നതെന്നും, ഇതുകാരണമാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൈകിയതെന്നും ശാസ്ത്ര ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
പ്രകാശത്തെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറങ്ങിയശേഷം ഭൗതികശാസ്ത്രജ്ഞരുടെ ഒന്നിലധികം തലമുറകൾ ജനിക്കുകയും മരിക്കുകയും ചെയ്തു. അവരാരും പുസ്തകത്തിൽ എഴുതിയിട്ടുള്ള വാസ്തവികത്വത്തെ സംശയിച്ചില്ല. എന്നാൽ, മാക്സ്വെല്ലിന്റെയും ഹെർട്ട്സിന്റെയും മാക്സ്പ്ലാങ്കിന്റെയും പരീക്ഷണങ്ങൾ പ്രകാശശാസ്ത്രത്തിൽ ചലനങ്ങൾ ഉണ്ടാക്കി. 1905ൽ കണികാ സിദ്ധാന്തം ഉപയോഗിച്ച് ഫോട്ടോ ഇലക്ട്രിക് എഫക്ട് വിശദീകരിക്കാൻ കഴിയുമെന്ന് ഐൻസ്റ്റീൻ തെളിയിച്ചത് ന്യൂട്ടന്റെ കാഴ്ചപ്പാടിനെ വീണ്ടും പ്രസക്തമാക്കി. എന്നാൽ, അപ്പോഴും തരംഗസിദ്ധാന്തത്തെ ഭൗതിക ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞില്ല. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ ത്വരിത പുരോഗതിയുടെ വർഷങ്ങളിൽ, പ്രകാശത്തിന്റെ ദ്വൈതസ്വഭാവം ശാസ്ത്രലോകം മനസ്സിലാക്കി. ചില സന്ദർഭങ്ങളിൽ കണികകളുടെയും മറ്റു ചില സന്ദർഭങ്ങളിൽ തരംഗത്തിന്റെയും സ്വഭാവം പ്രകാശത്തിനുണ്ടെന്ന വാദം അംഗീകരിക്കപ്പെട്ടു. സാധാരണ ബുദ്ധിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത തരംഗ-കണികാ ദ്വൈതസ്വഭാവം പ്രകാശശാസ്ത്രത്തിൽ അനന്ത സാധ്യതകളാണ് തുറന്നിട്ടിട്ടുള്ളത്.
പ്രകാശത്തിന്റെ ദ്വൈതസ്വഭാവം അംഗീകരിക്കുക വഴി ക്രിസ്റ്റ്യൻ ഹോയ്ഗൻസിന്റെ തരംഗ സിദ്ധാന്തം ഒരിക്കലും നിരാകരിക്കാനാകാത്ത ശാസ്ത്രതലത്തിലേക്ക് ഉയർത്തപ്പെടുകയാണുണ്ടായത്. അതിരൂക്ഷമായ വിമർശനാത്മക വിശകലനത്തിന് വിധേയമായിട്ടും, 300 വർഷത്തിലേറെക്കാലം ഭൗതികശാസ്ത്രജ്ഞരെ പ്രകാശശാസ്ത്രത്തിൽ പ്രചോദിതരാക്കാനും നിദാന്ത ജാഗ്രതരാക്കാനും കഴിഞ്ഞുവെന്നത് വിസ്മരിക്കാനാവില്ല.
(എഴുത്തുകാരനും ശാസ്ത്ര പത്രപ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.