സിനിമയെ മാത്രം സ്നേഹിച്ച ശശി
text_fieldsശശിക്ക് വലിയ സിനിമ, ചെറിയ സിനിമ എന്ന വ്യത്യാസമില്ലായിരുന്നു. ആർട്ട് സിനിമ, കച്ചവട സിനിമ എന്ന വ്യത്യാസവും ഉണ്ടായിരുന്നില്ല. ശശിക്ക് സിനിമ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമ അദ്ദേഹത്തിന് ജീവശ്വാസമായിരുന്നു. 24 ഫ്രെയിംസിെൻറ വേഗത്തിലാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. ഉൗണിലും ഉറക്കത്തിലും സിനിമ മാത്രമായിരുന്നു ആ മനുഷ്യെൻറ ജ്വരം.
സിനിമ എടുക്കാനല്ലാതെ മറ്റൊന്നിനും ശശിയെ കൊള്ളില്ലായിരുന്നു. ശശി സിനിമയെ സ്നേഹിച്ചതു പോലെ ആരെയും, ഒന്നിനെയും സ്നേഹിച്ചിട്ടില്ല. ഏറ്റവും അവസാനം ഞങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കുേമ്പാൾ പോലും അദ്ദേഹം ബുധനാഴ്ച ആസ്ട്രേലിയക്ക് പോകുമെന്നും നവംബറിൽ തിരിച്ചെത്തിയ ശേഷം ഡിസംബർ ഒന്നിന് പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നുമൊക്കെയുള്ള കാര്യങ്ങളാണ് പറഞ്ഞത്.
സിനിമയുടെ കാര്യത്തിൽ മനുഷ്യനിൽ അത്ഭുതം ഉണർത്തുന്ന ഉൗർജമാണ് ശശി. ഏതു പ്രായത്തിലും ഏതു ഘട്ടത്തിലും അതിന് മാറ്റമുണ്ടായിട്ടില്ല. പുലർച്ചെ അഞ്ചു മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് പോയാലും കുളിച്ച് ആറു മണിക്ക് ഷൂട്ടിങ്ങിനായി സെറ്റിൽ ആദ്യം എത്തുന്നത് ശശിയായിരിക്കും. ഏത് ആൾക്കൂട്ടത്തിനിടയിലും എത്ര ക്ലേശകരമായ ഷോട്ട് എടുക്കാനും മറ്റുള്ളവരേക്കാളെല്ലാം മുന്നിൽ ശശി ഉണ്ടാകും. സിനിമയോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയായിരുന്നു ശശിയുടെ ജീവിതം.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമക്ക് പക്ഷങ്ങളൊന്നും ഇല്ല. സിനിമ ജനപ്രിയമാകുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എന്നും പ്രതിബദ്ധതയോടെ നിലകൊണ്ടു. അതിൽ കാപട്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിലൂടെ മുഖ്യധാര സിനിമയിൽ തേൻറതായൊരു ഇടം സൃഷ്ടിച്ചു. ഇതോടൊപ്പം പുതിയൊരു സെൻസിബിലിറ്റി കൂടി പകർന്നുതരാൻ ശശിക്ക് കഴിഞ്ഞു. അതിൽ ആക്ഷേപഹാസ്യമുണ്ട്, നർമമുണ്ട്, തീവ്രമായ നാടകീയതയുണ്ട്. എല്ലാ ജനുസ്സിലും പെട്ട സിനിമകൾ അദ്ദേഹം സൃഷ്ടിച്ചു.
എം.ടി. വാസുദേവൻ നായർ മുതൽ ഏറ്റവും പുതിയ തലമുറയിൽ വരെയുള്ള വ്യത്യസ്ത രചനസംസ്കാരമുള്ളവരുടെ സൃഷ്ടികൾ ശശി സിനിമയാക്കിയിട്ടുണ്ട്. അവർക്കാർക്കും പരാതി പറയാൻ ഇട നൽകാതെയായിരുന്നു ഇത്. അത് ബഹുമുഖപ്രതിഭയായ ഒരു ചലച്ചിത്രകാരന് മാത്രം കഴിയുന്ന കാര്യമാണ്. പക്ഷേ, അതിനനുസരിച്ച ആദരവോ അംഗീകാരമോ നമ്മുടെ ചരിത്രകാരന്മാരോ മാധ്യമങ്ങളോ അദ്ദേഹത്തിന് നൽകിയിട്ടുണ്ടോ എന്നത് ചോദ്യചിഹ്നമായി ബാക്കിനിൽക്കുന്നു. ഇങ്ങനെ കടന്നുപോകുന്നവർ ബാക്കിവെക്കുന്ന ചോദ്യചിഹ്നങ്ങളെങ്കിലും നമ്മളെ സത്യസന്ധമായ പുനർവിചാരണക്ക് പ്രേരിപ്പിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.