Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 1:18 PM IST Updated On
date_range 20 Dec 2017 1:22 PM ISTജിഗ്നേഷ് വെല്ലുവിളികളെ മറികടന്ന വിധം
text_fieldsbookmark_border
വളരെ വൈകിയാണ് ജിഗ്നേഷ് മേവാനിയുടെ ആ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പരിപാടി നവംബർ 27ന് മാത്രമാണ് അദ്ദേഹം പുറത്തുവിട്ടത്. വഡ്ഗാം നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ് ഥാനാർഥിയാകാനുള്ള അഭിലാഷം ഫേസ്ബുക് പോസ്റ്റ് വഴി പ്രഖ്യാപിക്കുകയായിരുന്നു. മെഹ്സാനയിൽ ജനിച്ച് അഹമ്മദാബാദിൽ താമസിക്കുന്ന ജിഗിനേഷ് വടക്കൻ ഗുജറാത്തിലെ വഡ്ഗാം നിവാസികൾക്ക് തീർത്തും പുറത്ത് നിന്ന് വന്നവൻ തന്നെ ആയിരുന്നു. എന്നാൽ, ആ പേർ അവർ കേട്ടിരുന്നു.വ്യവസ്ഥിതിക്കെതിരെ അമർഷം പൂണ്ട വിമത യൗവനമായി മറ്റ് ഗുജറാത്തികളെ പോലെ വഡ്ഗാം നിവാസികളും അദ്ദേഹത്തെ വിലയിരുത്തി. അജ്ഞാതനായിരുന്ന ജിഗ്നേഷിനെ ഉനയിലെ ജനമുന്നേറ്റം പ്രസിദ്ധിയിലേക്കുയർത്തി. ചത്ത പശുക്കളുടെ ചർമം നീക്കി ഉപജീവനം നടത്തിയിരുന്ന നാലു ദലിതുകളെ സവർണർ ഉനയിൽ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തോടെയാണ് ഉനയിലെ ദലിത് പ്രക്ഷോഭം ഇന്ത്യയിലൊന്നാകെ അലയൊലികൾ സൃഷ്ടിച്ചത്. 2016 ജൂലൈയിലായിരുന്നു ഇൗ സംഭവം. അഭിഭാഷകനും മാധ്യമ പ്രവർത്തകനുമായ ജിഗ്നേഷിന് ദലിതുകളുടെ പ്രക്ഷോഭത്തിെൻറ അമരക്കാരനാകാൻ സാധിച്ചു. ദലിതുകളുടെ വിവിധ ആവശ്യങ്ങൾ വ്യക്തമായി ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ഗുജറാത്തിലെ ദലിതുകൾ ഏതു വിധമാണ് മുഖ്യധാരയിൽനിന്ന് അന്യവത്കൃതരായതെന്ന് കൃത്യമായി മാലോകർക്ക് ഗ്രഹിക്കാൻ ജിഗ്നേഷിെൻറ പ്രചാരണങ്ങൾ നിമിത്തമായി. ഉന സംഭവത്തിന് ശേഷം വിശ്രമം എന്തെന്ന് ജിഗ്നേഷ് അറിഞ്ഞില്ല. നരേന്ദ്ര മോദിയുടെ ‘ഉൗർജസ്വല ഗുജറാത്ത്’ കാമ്പയിനെതിരെ അദ്ദേഹം കലാപക്കൊടി ഉയർത്തി. ഭൂരഹിതരായ ദലിതർക്ക് ഭൂമി ആവശ്യപ്പെട്ട് അദ്ദേഹം സ്വാതന്ത്ര്യ മാർച്ച് നയിച്ചു. ആ ആസാദി മാർച്ച് വഡ്ഗാമിന് സമീപത്തെ ബനസ്കാന്ത ഗ്രാമത്തിലായിരുന്നു സമാപിച്ചത്. ഇതിനെ തുടർന്ന് നിരവധി ദലിതർക്ക് ഭൂമി നൽകാൻ സർക്കാർ നിർബന്ധിതമായി. യഥാർഥത്തിൽ അരനൂറ്റാണ്ട് മുേമ്പ സർക്കാർ അനുവദിച്ച ഭൂമിയാണ് അപ്പോൾ വിതരണം ചെയ്യപ്പെട്ടത്. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെയും ന്യൂനപക്ഷ വേട്ടക്കെതിരെയും ജിഗ്നേഷ് ഭയരഹിതനായി ശബ്ദമുയർത്തി. ‘ഗുജറാത്ത് വികസന മോഡൽ’ എന്ന തലതിരിഞ്ഞ വികസന മാതൃകക്കെതിരെ അദ്ദേഹം നിരന്തരം ബഹളം വെച്ചു. ഡിജിറ്റൽ യുഗത്തിെൻറ സവിശേഷതയായ സമൂഹ മാധ്യമങ്ങൾ വഴി അദ്ദേഹത്തിെൻറ വാക്കുകളും പ്രവൃത്തികളും വിദൂര ദിക്കുകളിലേക്കുവരെ പടർന്നു കൊണ്ടിരുന്നു. തെരഞ്ഞെടുപ്പ് അങ്കക്കളരിയിലേക്ക് ചുവടുവെക്കുേമ്പാൾ ജിഗ്നേഷ് അത്രയൊന്നും അജ്ഞാതനല്ലെന്നും കരുതാം.
തയ്യൽ മെഷീൻ
മാധ്യമ ശ്രദ്ധ നേടിയതു കൊണ്ട് മാത്രം വഡ്ഗാം പോലെയുള്ള ഗ്രാമീണ മേഖലകളിൽ ജയിച്ചു കയറാമെന്ന് ആഗ്രഹിക്കുന്നത് വ്യാമോഹമാകും. സ്വതന്ത്ര സ്ഥാനാർഥിയാണദ്ദേഹം. ചിഹ്നവും പുതിയത്. തയ്യൽ മെഷീൻ. താമരയും കൈപ്പത്തിയും പരിചയിച്ച വോട്ടർമാർക്കിടയിൽ തയ്യൽ മെഷീെൻറ നിലനിൽപ്പ് ആശങ്കജനകമായിരുന്നു. ഒരു പക്ഷേ അദ്ദേഹം ബോധപൂർവം ഇൗ ചിഹ്നം തെരഞ്ഞെടുത്തതാകണം. പിന്നിപ്പോയ വികസന ലക്ഷ്യങ്ങളെ തുന്നിച്ചേർക്കുക എന്ന ലക്ഷ്യത്തിെൻറ പ്രതീകമാകാം ആ മനസ്സിൽ ഉണ്ടായിരുന്നത്. കോൺഗ്രസിെൻറ പരമ്പരാഗത സീറ്റ് പിടിച്ചെടുക്കാനുള്ള കനകാവസരമെന്ന കണക്കു കൂട്ടലോടെയായിരുന്നു ബി.ജെ.പിയുടെ കരു നീക്കങ്ങൾ. ഏതു നിലയിലും സീറ്റ് പിടിച്ചെടുക്കണമെന്ന വാശിയിൽ പരമാവധി വിഭവ സമാഹരണം നടത്താനും ബി.ജെ.പി ജാഗ്രത പുലർത്തി. മുൻ എം.എൽ.എ കൂടിയായ അശ്വിൻ പർമാർ കോൺഗ്രസിെൻറ യഥാർഥ പിന്തുണ തനിക്കാണെന്ന കള്ള പ്രചാരണംവരെ നടത്തി. ജിഗ്നേഷുമായി സഹകരിക്കാൻ വിസമ്മതിച്ച ബി.എസ്.പി സ്വന്തം സ്ഥാനാർഥിയെ പോലും കളത്തിലിറക്കി.
പൂർണാർഥത്തിൽ പാർട്ടി എന്നു പറയാവുന്ന സംഘടനാ പിൻബലമോ പര്യാപ്തമായ വിഭവങ്ങളോ ഇല്ലാതെയായിരുന്നു ജിഗ്നേഷിെൻറ രംഗപ്രവേശം. എന്നിരുന്നാലും അദ്ദേഹം മത്സര തീരുമാനവുമായി മുന്നോട്ടു നീങ്ങി. പിന്തുണ തേടി അദ്ദേഹം അനുഭാവികളുമായും സുഹൃദ്വലയവുമായും ഗുണകാംക്ഷികളുമായും ബന്ധപ്പെട്ടു. പുലിയെ മടയിൽചെന്നു നേരിടുന്ന രീതിയായിരുന്നു ജിഗ്നേഷ് അവലംബിച്ചത്. ബി.ജെ.പിയെ സ്വന്തം തട്ടകത്തിൽ തറപറ്റിക്കുക. ജിഗ്നേഷിെൻറ െതരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബി.ജെ.പി ഭരണകൂടങ്ങൾക്കെതിരായ രാഷ്ട്രീയ പോരാട്ടമായി പരിണമിച്ചു. അങ്ങനെ അത് ഫാഷിസത്തിനെതിരായ രാഷ്ട്രീയ കാമ്പയിൻതന്നെയായി മാറി. ഇന്ത്യയുടെ പലഭാഗത്തുനിന്നും ആക്ടിവിസ്റ്റുകൾ പിന്തുണ വാഗ്ദാനം ചെയ്ത് മണ്ഡലത്തിൽ എത്തിച്ചേർന്നു. ഡൽഹിയിലെയും മുംബൈയിലെയും മാധ്യമ പ്രചാരകർ പ്രചാരണങ്ങളുടെ ഏകോപനം ഏറ്റെടുത്തു.
ജനപങ്കാളിത്തം
ജിഗ്നേഷിെൻറ പ്രചാരണം ജനപങ്കാളിത്തത്താൽ ചരിത്രത്തിലെ അപൂർവതയായി മാറുന്നതും ഗുജറാത്ത് ദർശിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ധനസമാഹരണം, ജനകീയമായ വ്യത്യസ്ത സന്നാഹങ്ങൾ എന്നിവ വിജയത്തിെൻറ അടിക്കല്ലുകളായി ഭവിച്ചു. ‘ജനതാ കീ ലഡായി ജനതാ കീ പൈസോം സേ’ (ജനങ്ങളുടെ പണത്താൽ ജനങ്ങളുടെ പോരാട്ടം) എന്ന മുദ്രാവാക്യം മണ്ഡലത്തിൽ സാർഥകമായി പുലർന്നു. ജീവിതത്തിെൻറ വ്യത്യസ്ത തുറകളിലുള്ളവർ സഹായ വാഗ്ദാനവുമായി അണിനിരന്നു. കാൺപുരിലെ കൊച്ചു വിദ്യാർഥി നൽകിയ ഇരുപതു രൂപയും, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് സമ്മാനിച്ച മൂന്നു ലക്ഷം രൂപയും വരെ അദ്ദേഹത്തിനു മുതൽക്കൂട്ടായി. ആഴ്ചകൾക്കകം 18 ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ച വ്യക്തിപ്രഭാവം ജിഗ്നേഷിെൻറ വ്യത്യസ്തത അടയാളപ്പെടുത്തലായിരുന്നു. കള്ളപ്പണങ്ങൾ വെളുപ്പിക്കുന്ന പ്രചാരണ കാലഘട്ടത്തിൽ ഇത് വലിയ തുക അെല്ലന്നു വാദിക്കാം. എന്നാൽ, ജിഗ്നേഷ് ദൃഢ നിശ്ചയത്തോടെ നിലകൊണ്ടു. കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന തന്ത്രം പയറ്റിയില്ല അദ്ദേഹം. വോട്ടർമാർക്ക് അദ്ദേഹം പണം നൽകിയില്ല. എന്നാൽ, ഒാരോ വീട്ടിലും അദ്ദേഹം ഒാടിയെത്തി. ജനങ്ങളുടെ പരാതികൾക്ക് ചെവി നൽകി ഗ്രാമഗ്രാമാന്തരം സഞ്ചരിച്ചു. റോഡ് ഷോകൾ നടത്തി. സമുദായ മൂപ്പന്മാരിൽനിന്ന് വോട്ടുവാങ്ങുന്ന ‘തെക്ക് ദാരി’ വ്യവസ്ഥയെ അദ്ദേഹം അട്ടിമറിച്ചു. മുംബൈ, ഡൽഹി, ബംഗളൂരു, പഞ്ചാബ്, കേരളം തുടങ്ങിയ ദിക്കുകളിൽനിന്നെത്തിയ ആക്ടിവിസ്റ്റുകളുടെ മഴവിൽഗ്രൂപ് പ്രചാരണങ്ങൾക്ക് വർണാഭ ചാർത്തി. നകുൽ സിങ് സാഹ്നിയുടെ നേതൃത്വത്തിലുള്ള ചലച്ചിത്ര പ്രതിഭകൾ ജിഗ്നേഷിെൻറ പ്രചാരണ പര്യടനങ്ങൾ തത്സമയം റെക്കോഡ് ചെയ്ത് പ്രചാരണം ചെയ്തു.
പ്രചാരണത്തിലുടനീളം സർഗാത്മകത ദൃശ്യമായിരുന്നു. ജിഗ്നേഷിെൻറ ചിത്രങ്ങൾ വോട്ടർമാർ സ്വയം മൊെബെലുകളിൽ പതിച്ചു. സ്റ്റിക്കറുകൾ ഗൃഹഭിത്തികളിലും കടകളിലും പതിഞ്ഞു. വാഹനങ്ങളിലും വഴിയോരങ്ങളിലും ആ മുഖം പുഞ്ചിരി പൊഴിച്ചു. അഗ്നി ചിതറുന്നതായിരുന്നു ജിഗ്നേഷിെൻറ വാക്കുകൾ. അവ ജനഹൃദയങ്ങളിലേക്ക് ഇരച്ചുകയറി. ജനങ്ങളുടെ െഎക്യമാണ് സുപ്രധാനമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ജനാധിപത്യ സംവിധാനങ്ങൾക്ക് ഇടം അനുവദിക്കപ്പെടുന്നില്ല. ഭരണഘടനാ മൂല്യങ്ങൾ ഒട്ടും വിലമതിക്കപ്പെടുന്നില്ല. ഇൗ ദുരവസ്ഥക്ക് അറുതിവരുത്തേണ്ടതില്ലേ? ഇതായിരുന്നു അദ്ദേഹം ജനങ്ങൾക്ക് മുമ്പാെക ഉന്നയിച്ച ചോദ്യം.
വഡ്നഗറിനെതിരെ (മോദിയുടെ മണ്ഡലം) വഡ്ഗാം പോരാടുന്നു എന്ന ജിഗ്നേഷിെൻറ പ്രയോഗം കുറിക്കുകൊണ്ടു. അദ്ദേഹത്തിെൻറ റാലിയിൽ അണിനിരക്കാനെത്തിയവരുടെ നിര അനുദിനം വളർന്നു. ജിഗ്നേഷിനെതിരെ ബി.െജ.പി കടുത്ത എതിർപ്പ് ഉയർത്തുന്നുണ്ടായിരുന്നു. ജിഗ്നേഷിനെ നേരിടാൻ അമിത് ഷാ, വിജയ് രൂപാനി, േയാഗി ആദിത്യനാഥ് തുടങ്ങി നരേന്ദ്ര മോദി വരെ അങ്കച്ചമയങ്ങളണിഞ്ഞു. ഡിസംബറിൽ അദ്ദേഹത്തിെൻറ പ്രചാരണ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. ഒന്നല്ല, നാലുതവണ. ജിഗ്നേഷിന് ‘ജിഹാദികളുമായും തീവ്രവാദികളുമായും ഉറ്റബന്ധമുണ്ടെന്ന പ്രചാരണവുമായി അമിത് ഷാ രംഗപ്രവേശം ചെയ്തതും ഗൂഢലക്ഷ്യങ്ങളോടെയായിരുന്നു.
ഗുജറാത്ത് പര്യടനത്തിനു ശേഷം ട്രെയിൻ പിടിക്കാൻ ഞാൻ കാറിൽ പാലൻപുരിേലക്ക് പുറപ്പെട്ടു. ഇർഫാൻ ഭായി ആയിരുന്നു ഡ്രൈവർ. നിരവധി തെരഞ്ഞെടുപ്പുകൾക്ക് സാക്ഷിയായ വ്യക്തി. അയാൾ പറഞ്ഞു: ‘‘ഇത്രയും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഞാൻ കണ്ടിേട്ടയില്ല.’’പഴകി ജീർണിച്ച പ്രചാരണങ്ങൾ നൽകിയ മുഷിപ്പ് ആ വാക്കുകളിൽ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉത്സവമാകണമെന്ന പ്രഖ്യാപനമായിരുന്നു ആ വാക്കുകൾ. അതെ, ബി.ജെ.പി നേർത്ത വിജയം നേടിയിരിക്കാം. എന്നാൽ, ജിഗ്നേഷിെൻറ വിജയം പ്രതീക്ഷയുടെ തിരിനാളമാണ് ഉയർത്തുന്നത്. വൻ സാധ്യതകളെ സംബന്ധിച്ച പ്രത്യാശ. ഒരുപക്ഷേ, അതാകാം ബി.ജെ.പിയുടെ തിളക്കമില്ലാത്ത വിജയം നൽകുന്ന സന്ദേശം. നാം കാത്തിരിക്കുന്ന യഥാർഥ വിജയവും.
(ഡൽഹി യൂനിവേഴ്സിറ്റി അധ്യാപികയും സ്വതന്ത്ര മാധ്യമപ്രവർത്തകയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story