കാമ്പസ്: അനുഭവവും രാഷ്ട്രീയവും
text_fieldsതിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ വിദ്യാര്‍ഥിക്കുവേണ്ടി കാമ്പസിലെ മറ്റു വിദ്യാര്‍ഥികള്‍ സംഘടിച്ച് തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരിക്കുന്നു. എസ്.എഫ്.ഐ ഭൂരിപക്ഷമുള്ള കാമ് പസുകളില്‍ നടക്കുന്ന ക്രൂരമായ അക്രമങ്ങളും വിദ്യാര്‍ഥികളുടെ ജീവനും അഭിമാനത്തിനും നേരെ നടത്തുന്ന കൈയേറ്റങ്ങളു ം സ്ഥാപനസ്വഭാവം കൈവരിച്ചിരിക്കുന്നു. മാധ്യമങ്ങളും പൊതു സാംസ്കാരിക മണ്ഡലവും കാമ്പസുകളിലെ എസ്.എഫ്.ഐയുടെ സ്വേച് ഛാധിപത്യത്തെപ്പറ്റി അര്‍ഹിക്കുന്ന ഗൗരവത്തോടെ സംസാരിക്കാറില്ല. വല്ലപ്പോഴും സംസാരിച്ചാല്‍തന്നെ തൂക്കമൊപ് പിച്ചും കെ.എസ്.യുവിെൻറ പഴയകാലം ഓര്‍മിപ്പിച്ച് ബാലന്‍സ് ചെയ്തുമായിരിക്കും. എസ്.എഫ്.ഐയുടെ അത്ര ശക്തിയില്ല െങ്കിലും അവര്‍ക്ക് ഇടമുള്ള സ്ഥലങ്ങളില്‍ ഏകാധിപത്യം പ്രകടിപ്പിക്കുന്നത് എ.ബി.വി.പി മാത്രമാണ്.
എസ്.എഫ്.ഐ എന്ന സാംസ്കാരികാഘാതം
കാമ്പസിലേക്ക് പ്ലസ് ടു കഴിഞ്ഞ് പോകുന്ന സാധാരണവിദ്യാര്‍ഥി അനുഭവിക്കുന്ന സാംസ ്കാരികാഘാതംതന്നെയാണ് എസ്.എഫ്.ഐ. അത്ര സാമൂഹിക പശ്ചാത്തലമോ സാംസ്കാരികമൂലധനമോ ഇല്ലാത്ത ചുറ്റുപാടുകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെ ആണത്തം മുറ്റിയ വീരശൂരസ്വഭാവത്തോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ ്ങുകയാണ് പതിവ്. ഇത്തരമൊരു ഘട്ടത്തിലൂടെ ജീവിതത്തില്‍ കടന്നുപോയിട്ടുള്ള ഒരാളെന്നനിലയില്‍ എസ്.എഫ്.ഐ ക്രൂരത ഉണ് ടാക്കിയ മുറിവിെൻറ ആഴം അത്ര വലുതായിരുന്നു. സി.പി.എമ്മിന് മൃഗീയഭൂരിപക്ഷമുള്ള കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെ പോളിടെക്നിക്കില്‍ അഡ്മിഷന്‍ എടുക്കുേമ്പാൾ കേരളത്തിലെ പാർട്ടിരാഷ്ട്രീയത്തെയും കാമ്പസ് രാഷ്ട്രീയത്തെയുംകുറിച്ച് വലിയ തിരിച്ചറിവുകളൊന്നുമില്ലാത്ത പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഒരു വർഷം മാത്രമാണ് കാമ്പസില്‍ പഠിച്ചത്. തൊട്ടടുത്ത വർഷം ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ ഭാഗ്യം എന്നു മാത്രമല്ല, എസ്.എഫ്.ഐക്കാരുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസംകൂടിയായാണ് ഞാൻ കണ്ടത്.
കാമ്പസില്‍ കാലുകുത്തി കാര്യങ്ങളൊക്കെ മനസ്സിലാക്കിവരുന്നേയുള്ളൂ. അന്നൊരു ദിവസം ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നു പരിചയപ്പെടുത്തി ചിലര്‍ ക്ലാസിൽ കടന്നുവന്നു. അവരാണ് ആ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാര്‍ഥി സംഘടന. ചാടിക്കയറി വന്ന അവര്‍ ക്ലാസെടുക്കുന്ന അധ്യാപികയോട് നിര്‍ത്താന്‍ പറഞ്ഞു. ഉടനെ അധ്യാപിക അറ്റൻഡന്‍സ് എടുത്ത് ബാധ്യത തീര്‍ത്തെന്ന മട്ടില്‍ ക്ലാസില്‍നിന്ന് ഇറങ്ങിപ്പോയി. അവര്‍ക്കും മറ്റു വഴികളൊന്നും ഇല്ലായിരുന്നിരിക്കാം. എസ്.എഫ്.ഐ നേതാക്കളുടെ ആഹ്വാനമായിരുന്നു പിന്നെ. ഒരു സമരപരിപാടി നടക്കുന്നുണ്ടെന്നും അങ്ങോട്ടു പോകണമെന്നും. ആദ്യവര്‍ഷ വിദ്യാര്‍ഥികളായതിനാല്‍ എന്താണ് നടക്കുന്നതെന്ന ധാരണ കുറവായിരുന്നു. എന്താണ് പരിപാടിയെന്ന ചോദ്യം കേള്‍ക്കാന്‍പോലും സമയമില്ലാത്തപോലെ നേതാക്കള്‍ ഞങ്ങളെയുംകൂട്ടി കോണിപ്പടികളിറങ്ങി താഴെ വരാന്തയിലേക്കു പോയി. അപ്പോഴാണ് അത് എസ്.എഫ്.ഐയുടെ വാഹനജാഥയാണെന്ന് മനസ്സിലായത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ കൗതുകവും താല്‍പര്യവുമുള്ളതിനാല്‍ ഏകദേശം ഒരു മണിക്കൂറോളം ആ പ്രഭാഷണം കേട്ടു. ഇതിലൊന്നും താൽപര്യമില്ലാത്ത ചില സുഹൃത്തുക്കള്‍ അവിടെനിന്ന് മുങ്ങി കാൻറീനിലും ഗേള്‍സ്‌റൂമിലും ക്ലാസിലുമൊക്കെ പോയെങ്കിലും അവരെ വീണ്ടും അവിടെനിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പരിപാടിക്ക് പറഞ്ഞയച്ചു. ഇതൊരു അത്ഭുതവും ആശ്ചര്യവും രോഷവും കലര്‍ന്ന അനുഭവമായി മാറി.
ഇങ്ങനെ മോശമായി പെരുമാറുന്ന ഒരു ആൾക്കൂട്ടം പലര്‍ക്കും ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. സ്വന്തം വീട്ടിലോ പരിസരത്തോ ഇത്രയും മോശം ആണുങ്ങളെ ഒരു സംഘമായി കാണുന്നതിെൻറ അത്ഭുതം ഞങ്ങൾക്കുണ്ടായി. പിന്നീടാണറിഞ്ഞത് ഞങ്ങളുടെ അനുഭവം കാമ്പസ് പീഡനപര്വത്തിെൻറ ചരിത്രത്തിലെ എളിയ തുടക്കംമാത്രമായിരുന്നു എന്ന്. മറ്റൊരു ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യംമുഴക്കി ക്ലാസിലേക്കു വന്നു. അത് കണ്ട ഉടനെ ആ പാവം അധ്യാപിക വെപ്രാളപ്പെട്ട് അറ്റൻഡൻസ് എടുത്തു. എസ്.എഫ്.ഐക്കാര്‍ പതിവുപോലെ സഹപാഠികളെ നിര്‍ബന്ധപൂർവം പരിപാടിക്ക് പറഞ്ഞയക്കുന്നു. ഇനി അവരുടെ പാര്‍ട്ടിപരിപാടിക്കു പോകില്ലെന്നു ഞാന്‍ ഏതായാലും തീരുമാനിച്ചിരുന്നു. കൂടെ മറ്റു പെണ്‍കുട്ടികളും ഉറച്ചുനിന്നു.
എസ്.എഫ്.ഐക്കാരുടെ കാമ്പസിലെ പൊലീസിങ്ങിനെ ഞങ്ങള്‍ റൗണ്ട്സ് എന്നാണ് പറയാറ്. ഒരു റൗണ്ട്സ് കഴിഞ്ഞ് രണ്ടാമത്തെ റൗണ്ട്സിന് വന്ന എസ്.എഫ്.ഐക്കാര്‍ പരിപാടിക്കു പോകാതെ ഇരിക്കുന്ന ഞങ്ങളുടെ നേര്‍ക്കു വന്നു. എന്താണ് പാര്‍ട്ടി പരിപാടിക്കു പോകാത്തതെന്ന് ചോദിച്ചു. എസ്.എഫ്.ഐ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമില്ലെന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് ആ ക്ലാസിക് മറുപടി കേട്ടത്: ‘‘ഈ ഗേറ്റ് കടന്നാല്‍ ചില നിയമങ്ങള്‍ അനുസരിക്കണം.’’ ഒരു ശാശ്വതസത്യം വിശദീകരിക്കുന്നപോലെ വളരെ സീനിയറായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഞങ്ങളോടു പറഞ്ഞു. കോളജിെൻറ നിയമങ്ങളൊക്കെ അനുസരിക്കുന്നുണ്ടെന്നും ഇനി അതിനുപുറമേ എസ്.എഫ്.ഐയുടെ നിയമംകൂടി അനുസരിക്കാന്‍ സാധ്യമല്ലെന്നും തിരിച്ചുപറഞ്ഞു. എതിരഭിപ്രായം പറഞ്ഞ ഞാന്‍ പിന്നെ തുറന്ന കോടതിയിലെന്നവണ്ണം ചോദ്യംചെയ്യപ്പെട്ടു. ഞാന്‍ ഏതു സംഘടനയുടെ ഭാഗമാണെന്ന് അവര്‍ക്ക് അറിയണമെന്നായി.
ഹിജാബ് ഒക്കെ ധരിച്ച ഒരു മുസ്ലിം വിദ്യാര്‍ഥിനിയായതിനാല്‍ എന്നോടുള്ള ഉപദേശത്തിനു സാംസ്കാരിക ദേശീയസ്വഭാവമുണ്ടായിരുന്നു. ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കില്‍ ഇടതുപക്ഷത്തിെൻറ കൂടെ നില്‍ക്കണമെന്നും ഏതെങ്കിലും മുസ്ലിം സംഘടനകളുടെ ഭാഗമാണെങ്കില്‍ താന്‍ തീവ്രവാദിയാണെന്നും ഇവിടെ ജീവിക്കാന്‍ പറ്റില്ലെങ്കില്‍ പാകിസ്താനിലേക്കു പോകണമെന്നും അവര്‍ എന്നോട് പറഞ്ഞു. എ.ബി.വി.പിക്കാരനല്ല, മുസ്ലിംകളെ സംരക്ഷിക്കുന്നുവെന്ന് കരുതുന്ന ഒരു ഇടതുപാര്‍ട്ടിയുടെ അണികളാണ് ഈ രീതിയില്‍ സംസാരിച്ചത് എന്നോര്‍ക്കണം.
ഒരു ദിവസം ഉച്ചക്ക് നമസ്കാരം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ക്ലാസിൽ കുറച്ചു സീനിയര്‍ എസ്.എഫ്.ഐക്കാരുണ്ട്. ചോദിച്ചപ്പോള്‍ അവരുടെ മാഗസിനായ ‘സ്റ്റുഡൻറ്’ വരിചേര്‍ക്കാന്‍ വന്നതാണ്. ഓരോരുത്തരെക്കൊണ്ടും മേല്‍വിലാസം എഴുതിപ്പിച്ചശേഷം 100 രൂപ രസീത് നല്‍കി പണം വാങ്ങുന്നു. എെൻറ അടുത്തുവന്നു മേല്‍വിലാസം എഴുതാന്‍ കൽപിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. മാഗസിനുവേണ്ടിയാണെന്ന് മറുപടി. ഫ്രീ ആണോ എന്ന് ഞാന്‍. അല്ല, വരി ചേരാന്‍ പണം അടക്കണം എന്നു പറഞ്ഞു. എന്നാല്‍ വേണ്ടെന്നു പറഞ്ഞു. അങ്ങനെ പറ്റില്ല, നിര്‍ബന്ധമായും എഴുതണം എന്ന് ആജ്ഞയായി പിന്നെ. കുറെ നിര്‍ബന്ധിച്ചിട്ടും വഴങ്ങാത്തതിനാല്‍ മറ്റു വിദ്യാര്‍ഥിനികളുടെ അടുത്തേക്ക് അവര്‍ പോയി. ഈ സംഭവം എന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെങ്കിലും ഒരു കാമ്പസില്‍ ദിവസേന ഓരോ ചെറിയ കാര്യത്തിനും ഇവരോട് പോരാടിനിൽക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ഒരുനാൾ സഹപാഠിയായ ഒരു ‘നല്ല’ സഖാവ് ഉപദേശിക്കാന്‍ വന്നു: ‘‘ഫായിസാ, സൂക്ഷിക്കണം, എല്ലാവരും എന്നെപ്പോലെയല്ല. നീ പെണ്ണ്‍ ആയതുകൊണ്ട് മാത്രമാണ് അവര്‍ വെറുതെ വിടുന്നത്. അല്ലെങ്കില്‍ നിനക്കും അടി കിട്ടിയേനെ. ഇനിയും അവരെ വെറുപ്പിക്കരുത്. സൂക്ഷിച്ചാല്‍ നിനക്ക് നല്ലത്.’’ ഇതുകേട്ട എനിക്കു ശരിക്കും പേടിയായി. എസ്.എഫ്.ഐക്കാര്‍ ചില വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് തല്ലുന്നത് കാമ്പസ് ജീവിതത്തിെൻറ ആദ്യദിനങ്ങളില്‍ പതിവുകാഴ്ചയായിരുന്നു. ആദ്യമൊക്കെ ഞങ്ങളോട് പറഞ്ഞത് ‘‘പെണ്ണുകേസാണ്, അതിനാണ് ആ ചങ്ങാതിയെ തല്ലുന്നത്’’ എന്നാണ്. എന്നാല്‍, വിമതരും വ്യത്യസ്തരുമായ ചിലരെയാണ് ഇവര്‍ പീഡിപ്പിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലാവുന്നത്. എന്നെ അവര്‍ തല്ലാത്തത് ഞാന്‍ ‘പെണ്ണും’ അവര്‍ ‘ആണും’ ആയതുകൊണ്ടായിരുന്നുവത്രെ.
ഇങ്ങനെയുള്ള നിരവധി ചെറുസംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. രാവിലെ വീട്ടില്‍നിന്ന് കാമ്പസിലേക്കു പോകാന്‍തന്നെ മടിയായി. പോകുന്ന ദിവസങ്ങളില്‍ എസ്.എഫ്.ഐയുടെ ഭീഷണിയും ബുദ്ധിമുട്ടിക്കലും നിരന്തരം തുടര്‍ന്നു. ആ വർഷം ഡല്‍ഹി സർവകലാശാലയിലേക്ക് അപേക്ഷിച്ചു. കേരളത്തിലെ കാമ്പസുകളോട് വിടപറഞ്ഞു. പക്ഷേ, ആ അനുഭവങ്ങള്‍ മാത്രം എന്നും വേദനയായി മനസ്സില്‍ തങ്ങിനിൽക്കുന്നു. നിസ്സഹായരായ വ്യക്തികളെ ഇങ്ങനെ നിരന്തരം വളഞ്ഞിട്ട് ആക്രമിക്കാന്‍ എസ്.എഫ്.ഐ പോലുള്ള ഒരു ആൾക്കൂട്ടത്തിന് എങ്ങനെ മനസ്സുവരുന്നുവെന്ന അത്ഭുതം പക്ഷേ, ഇപ്പോഴും ബാക്കിയാണ്.
ഒറ്റപ്പെട്ടതല്ല, കാമ്പസിെൻറ വര്‍ത്തമാനം
വ്യക്തിപരമായ അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും മഹാരാജാസ് കോളജിലെയും യൂനിവേഴ്സിറ്റി കോളജിലെയും മടപ്പള്ളി ഗവ. കോളജിലെയും തൃശൂര്‍ കേരളവർമ കോളജിലെയടക്കം അനുഭവങ്ങള്‍ വാര്‍ത്തകളായി പുറത്തുവന്നതിനാല്‍ നമുക്കറിയാം. വാര്‍ത്തയാവാത്ത അനുഭവങ്ങളാണ് കൂടുതല്‍. എസ്.എഫ്.ഐയുടെ സമഗ്രാധിപത്യവും അക്രമരാഷ്ട്രീയവും പ്രത്യയശാസ്ത്രപരം മാത്രമല്ല, സ്ഥാപനപരവും ദൈനംദിന അനുഭവത്തില്‍ ഉൾച്ചേർന്നതുമാണ്. സ്ഥാപനസ്വഭാവമുള്ള അധികാരത്തെ ചോദ്യംചെയ്യാന്‍ ഏറെ പ്രയാസമാണ്. അതിനാലാണ് അഭിമന്യുവിനുവേണ്ടി കവിത എഴുതുന്ന അധ്യാപകര്‍ എസ്.എഫ്.ഐക്കെതിരെ ഒന്നും മിണ്ടാത്തത്. എസ്.എഫ്.ഐയുടെ ഈ സ്ഥാപനവത്കൃത ഹിംസയെ ചെറുക്കാന്‍ ശ്രമിക്കുന്ന വിദ്യാർഥികളും പ്രസ്ഥാനങ്ങളും കാമ്പസിെൻറ ദൈനംദിനാനുഭവങ്ങളെ കൂടുതല്‍ പ്രശ്നവത്കരിക്കുകയും ജാതി, മതം, വർഗം, ലിംഗം തുടങ്ങിയ അധികാരഘടനകളെ പരിഗണിക്കുന്ന വിമര്‍ശനരീതികള്‍ വികസിപ്പിക്കുകയും ചെയ്യണം. അങ്ങനെ എല്ലാവർക്കും പഠിക്കാനും ജീവിക്കാനും പ്രതിഷേധിക്കാനും സാധിക്കുന്ന പുതിയൊരു കാമ്പസ് ഉണ്ടായിത്തീരേണ്ടതുണ്ട്.
(ജെ.എന്‍.യു സെൻറര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ പിഎച്ച്.ഡി വിദ്യാർഥിനിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.