Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഷഹലയുടെ ഓർമകളിൽ

ഷഹലയുടെ ഓർമകളിൽ

text_fields
bookmark_border
ഷഹലയുടെ ഓർമകളിൽ
cancel

വയനാട്ടിലെ സുൽത്താൻ ബത്തേരി എന്ന പേരു കേൾക്കുമ്പോൾ ഇപ്പോൾ ആദ്യം ഓർമവരുന്നത്​ അവിടത്തെ ചരിത്രവും സംസ്​കാരവുമൊന്നുമല്ല. ഷഹലയുടെ വിടർന്ന ചിരിയുള്ള കുഞ്ഞുമുഖവും ദാരുണമായ ആ മരണവുമാണ്. രാവിലെ സ്​കൂളിലേക്ക് പോയിക്കഴിഞ്ഞ മകളുടെ മുറിയിലെത്തുമ്പോൾ ഇടക്കിടെ സ്​തബ്​ധയായി ഇപ്പോഴും നിൽക്കുന്നു. കെട്ടിപ്പിടിച്ച് ഉമ്മ തന്ന് വീട്ടിൽനിന്ന് രാവിലെ സ്​കൂളിലേക്കുപോയ കുട്ടി ജീവനോടെ തിരിച്ചുവരില്ലേ എന്ന് മുറിയിൽ ഒളിഞ്ഞിരിക്കുന്ന ശൂന്യത ഭയപ്പെടുത്തുകയും തളർത്തുകയും ചെയ്യുന്നു. മരണത്തെ ആർക്കും തടുത്തുനിർത്താൻ കഴിയില്ല എന്ന് വിധിയിൽ ആശ്വസിക്കുകയാണ് ഇത്തരം ആധികളെ അതിജീവിക്കാൻ നമുക്കുള്ള പുരാതനമായ പിടിവള്ളി. പക്ഷേ, ചില മരണങ്ങൾ സംബന്ധിച്ച് നമ്മുടെ യുക്​തിചിന്ത ചോദിക്കുന്ന ചോദ്യങ്ങൾക്കു തന്നെ പ്രാധാന്യം കിട്ടണം. ഉത്തരവാദപ്പെട്ടവരിൽനിന്ന് ഉത്തരങ്ങളും പ്രതിവിധികളും.

ക്ലാസ്​ മുറികളിൽ കുഴികളും മാളങ്ങളും ഉണ്ടാവാൻ പാടില്ലാത്തതാണ്. സുരക്ഷിതമായ പാർപ്പിടംപോലെ സുരക്ഷിതമായ വിദ്യാഭ്യാസസൗകര്യങ്ങളും നമ്മുടെ അവകാശമാണ്. ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സർക്കാർ സ്​കൂളുകൾ എല്ലാ തരത്തിലും ബഹുദൂരം മുന്നിലാണ്​. എന്നാൽ, ഇപ്പോഴും യഥാസമയം അറ്റകുറ്റപ്പണികൾ തീർക്കാത്ത, ഫിറ്റ്നസ്​ സർട്ടിഫിക്കറ്റിന് യോഗ്യതയില്ലാഞ്ഞിട്ടും പ്രവർത്തിക്കുന്ന സർക്കാർ സ്​കൂളുകളുണ്ട് എന്നത് കേരളത്തി​െൻറ മറ്റു നേട്ടങ്ങളുടെ തിളക്കം കുറക്കുകതന്നെ ചെയ്തു. തീർച്ചയായും കേരളത്തിലെ സ്​കൂളുകളിലെ കെട്ടിടസൗകര്യങ്ങൾ, കുട്ടികളുടെ ജീവ​​െൻറ സുരക്ഷ എന്നിവക്ക് ഏറ്റവും വലിയ പരിഗണ നൽകാനും തുടർച്ചയായ മേൽനോട്ടം വഹിക്കാനും ത്രിതല പഞ്ചായത്തുകൾക്കുള്ള ഉത്തരവാദിത്തം നിരന്തരമായി നിർവഹിക്കാൻ കൂടുതൽ ഉചിതവും ഫലപ്രദവുമായ സംവിധാനങ്ങളുണ്ടായിരിക്കണം. അധ്യാപക-രക്ഷാകർതൃസമിതികളുടെ ചുമതല നിർണയിക്കുകയും അവ നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

മറ്റൊന്നു കൂടി. സ്​കൂളുകളിൽ ഇപ്പോഴും ഏറെയും അവഗണിക്കപ്പെടുന്ന കാര്യങ്ങളാണ് സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്​ലറ്റ്. സുരക്ഷിതവും വൃത്തിയുള്ളതുമായ, തടസ്സമില്ലാതെ വെള്ളമുള്ള ടോയ്​ലറ്റുകളില്ലാത്തതിനാൽ കുട്ടികൾ വെള്ളം കുടിക്കാതിരിക്കുകയും വിശേഷിച്ച് പെൺകുട്ടികൾ ടോയ്​ലറ്റിൽ പോകാൻ മടിക്കുകയും ആർത്തവ സമയത്ത് പാഡുകൾ മാറാതിരിക്കുകയും ചെയ്യുന്നത് പതിവ് അനുഭവമാണ്. അടിക്കടിയുണ്ടാകുന്ന അണുബാധയിലൂടെ പെൺകുട്ടികളുടെ ലൈംഗിക പ്രത്യുൽപാദന ആരോഗ്യമാണ് ഇതിനാൽ ഏറെ ദുർബലപ്പെടുന്നതും ആഘാതപ്പെടുന്നതും. കാടുപിടിച്ചു കിടക്കുന്ന ടോയ്​ലറ്റ്​ പരിസരം വിഷജീവികളുടെ ആവാസസ്​ഥലമാവാനുള്ള സാധ്യതയുണ്ടെന്ന തോന്നലും കുട്ടികളെ തടയുന്ന കാരണമാണ്.

ക്ലാസ്​ മുറികളിലെ മാളങ്ങളിൽ പാമ്പുകളോ മറ്റു വിഷജീവികളോ ഉണ്ടാകാമെന്നും കടിച്ചത് പാമ്പു തന്നെയാണെന്നും മനസ്സിലാക്കാനും ജാഗ്രതയോടെ പ്രവർത്തിക്കാനുമുള്ള മനസ്സും വിവേകവും ഉത്തരവാദിത്തബോധവും ഗവ.സർവജന ഹൈസ്​കൂളിലെ ബന്ധപ്പെട്ട അധ്യാപകർക്കുണ്ടായില്ല. ആശുപത്രിയിലെത്തിക്കാൻ വൈകിയത് ഷഹലയുടെ മരണത്തിനുള്ള പ്രധാന കാരണമാണെന്ന് കൃത്യമായ സമയങ്ങൾ കണക്കാക്കി, ജില്ല ജഡ്ജിയുടെ അന്വേഷണത്തിൽ നിസ്സംശയം കണ്ടെത്തിയിട്ടുണ്ട്. മറ്റാരുടെയും സഹായമില്ലാതെ കുട്ടിയെ തോളിലിട്ട് പിതാവു തന്നെ ആശുപത്രിയിൽ കൊണ്ടുപോയ ദുഃഖകരമായ ആ കാഴ്ച കേരളത്തിനാകെ അപമാനകരമായി തോന്നേണ്ടതാണ്. കുറെ കഴിഞ്ഞാണ് അധ്യാപകർ ആശുപത്രിയിലെത്തിയത്. എന്തുകൊണ്ടായിരിക്കണം ഇങ്ങനെ സംഭവിച്ചത്? ഈ ചോദ്യത്തിന് പലതരം ഉത്തരങ്ങളുണ്ടാവാം. എല്ലാ ഉത്തരവും സ്​നേഹമില്ലായ്മ, കരുണയില്ലായ്മ, കരുതലില്ലായ്മ തുടങ്ങി ഈ കാലത്തി​െൻറ സവിശേഷമായ ഹിംസാത്മക സ്വഭാവത്തെ മാത്രം ഓർമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്.

ആശുപത്രിയിൽ സംഭവിച്ച പിഴവി​െൻറ കാരണങ്ങൾ കുറെക്കൂടി ഇഴപിരിച്ച് നോക്കണം. സ്​കൂൾ അധികൃതർക്ക് കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ എന്തെങ്കിലും േപ്രാട്ടോക്കോളോ വെല്ലുവിളികളോ ഒന്നും നിലനിൽക്കുന്നില്ല. എന്നാൽ, താലൂക്ക്​ തലത്തിലുള്ള ബത്തേരി ആശുപത്രിയിൽ അടിയന്തരചികിത്സ ലഭിക്കായ്കയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് ഇപ്പോൾ വൈദ്യശാസ്​ത്രരംഗത്ത് വലിയ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട് എന്നാണ് ആ രംഗത്തുള്ള പലരുമായും സംസാരിക്കുമ്പോൾ മനസ്സിലാവുന്നത്. പീഡിയാട്രിക് വ​െൻറിലേറ്റർ ഇല്ലെന്ന കാരണത്താൽ ആൻറിവെനം നൽകാതെ ഒരു മണിക്കൂറോളം കുട്ടിയെ അവിടെ കിടത്തിയത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ പ്രവൃത്തിയാണ് എന്നാണ് ജില്ല ജഡ്ജിയുടെ കണ്ടെത്തൽ. വ​െൻറിലേറ്റർ ഇല്ലെങ്കിൽ ആ സമയത്ത് ഡോക്ടർ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ആശുപത്രി/ചികിത്സ രംഗത്ത് ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കാൻ നിലവിലുള്ള േപ്രാട്ടോക്കോൾ എന്തൊ​െക്കയാണ്? സാഹചര്യങ്ങളുടെ നിയന്ത്രണം പൂർണമായും നഷ്​ടപ്പെട്ട, നിസ്സഹായരായ കുട്ടിയുടെ/രോഗിയുടെ ബന്ധുക്കൾ എന്താണ് ചെയ്യേണ്ടത്?

കുറച്ചുമുമ്പ്, കേരളത്തിൽ ആൾക്കൂട്ടത്താൽ അതിക്രൂരമായി ആക്രമിക്കപ്പെട്ട ഒരു ഡോക്ടറെക്കുറിച്ച പത്രവാർത്ത വായിച്ചതിനു പിന്നാലെയുള്ള അന്വേഷണവും ആശങ്കകളുമായിരുന്നു ‘ഡോക്ടർ’ എന്ന കഥയെഴുതാൻ എന്നെ േപ്രരിപ്പിച്ചത്. കാഷ്വാൽറ്റി ഡ്യൂട്ടി എന്നാൽ മദപ്പാടുള്ള ആനയുടെ പാപ്പാൻ പണി എന്ന് പല ഡോക്ടർമാരും തുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു. അവർ താൽപര്യത്തോടെയോ സമ്മർദംകൊണ്ടോ തിരഞ്ഞെടുത്തു പോയ തൊഴിലിനെ അങ്ങേയറ്റം ഭയക്കുന്ന കാലമാണിത്.

വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ കച്ചവടവത്​കരണത്തിന്​ പരസ്​പര ബന്ധമുണ്ടെന്ന കാര്യം ഓർക്കണമെന്നു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. എല്ലാം ലാഭത്തിനു വേണ്ടിയായി മാറിയതോടെ പണത്തിനു വേണ്ടി മാത്രം പണിയെടുക്കുന്ന അധ്യാപകരുടെയും ഡോക്ടർമാരുടേയും എണ്ണം കൂടിവന്നു. ഏതു സാഹചര്യത്തിലും ചികിത്സ നൽകേണ്ട ഡോക്ടറെ, അയാളുടെ പരിധിയിലല്ലാത്ത പിഴവിനുപോലും ​ൈകയേറ്റം ചെയ്യാമെന്ന ആൾക്കൂട്ട സമ്മതി വളർന്നുവന്നത് ഈ സാമൂഹിക സാമ്പത്തികസാഹചര്യത്തിലാണ്. ഡോക്ടർമാർ ദൈവങ്ങളല്ല. പഠിച്ച വിദ്യയും വികസിച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തി രോഗത്തിലായ /അപകടത്തിലായ ജീവനുകൾ രക്ഷിച്ചെടുക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ്​ അവരിൽ അർപ്പിതമായിട്ടുള്ളത്. എല്ലാ മരണങ്ങളെയും തടഞ്ഞുനിർത്താനുള്ള അമാനുഷശേഷി അവർക്കില്ല. അതിനാൽ, രോഗി മരിച്ചാൽ, അതു ഡോക്ടറുടെ കുറ്റംകൊണ്ടു മാത്രമാണെന്ന് പ്രകോപിതരാകുന്ന ആൾക്കൂട്ടത്തി​െൻറ ആക്രമണങ്ങളിൽനിന്ന് ഡോക്ടർമാർക്ക് സംരക്ഷണവും സമാധാനാന്തരീക്ഷവും ചികിത്സ ഏകോപനസംവിധാനങ്ങളും സർക്കാർ ഉറപ്പുവരുത്തണം. കാരണം, ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഏതു സമയവും ജനങ്ങളുടെ ആക്രമണം ഭയന്നു ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ മാനസികാവസ്​ഥ അങ്ങേയറ്റം സമ്മർദമുള്ളതും രോഗാതുരവുമാണ്. അക്കാരണം കൊണ്ടു തന്നെ അടിയന്തരചികിത്സ നൽകാൻ പലരും വിമുഖരായി മാറും.

ജനങ്ങൾക്ക് എപ്പോഴും ആശ്രയിക്കാവുന്നവിധം സർക്കാർ മേഖലയും ഡോക്ടർമാരും പ്രാപ്യമാകുന്നതുപോലെ തന്നെ, നിർഭയമായും ആത്്മവിശ്വാസത്തോടും പിഴവില്ലാതെയും ഏതുതരം അടിയന്തരചികിത്സയും നൽകാനാവുന്ന അന്തരീക്ഷം ഉണ്ടാകണം. സമർഥയായ ആരോഗ്യമന്ത്രിക്കു മുന്നിൽ ഷഹലയുടെ മരണത്തിനിടയാക്കിയ പ്രധാനപ്പെട്ട കാരണത്തിനുള്ള പരിഹാരമായി സമർപ്പിക്കുന്ന നിർദേശങ്ങളിലൊന്നാണിത്. ഒപ്പം, വയനാട്ടിൽ സർക്കാർ മെഡിക്കൽകോളജ് നിർമാണം പൂർത്തീകരിക്കാനുള്ള എല്ലാ നടപടികളും അതിദ്രുതം നടത്തണമെന്നും സംഭവിച്ചു പോയ പിഴകൾക്കും കുറ്റങ്ങൾക്കും പ്രായശ്ചിത്തമായി നിർദിഷ്​ട മെഡിക്കൽ കോളജിൽ പണി കഴിപ്പിക്കാൻ പോകുന്ന കുട്ടികളുടെ വിഭാഗം വിരിയുന്നതിനു മുമ്പേ പൊഴിഞ്ഞുപോയ ഷഹലയുടെ പേരിൽ സമർപ്പിക്കണമെന്നും അഭ്യർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialwyanadSnake BiteShahla Sherin
News Summary - Shahla Sherin's death - Wyanad - Editorial
Next Story