ഈ മരണവ്യാപാരികളെ പിടിച്ചുകെട്ടാൻ തയാറുണ്ടോ?
text_fieldsകഴിഞ്ഞ നാലര കൊല്ലത്തിനിടെ 42 കോടി രൂപ വില മതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്ന് കേരളത്തിലെത്തിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ കണക്ക്; അതായത്, 42.07 കിലോഗ്രാം. എം.ഡി.എം.എ എന്ന പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താഫിറ്റമീൻ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി വിപത്തുകൾക്ക് കാരണമായിത്തീരുന്ന അതിമാരകശേഷിയുള്ള മയക്കുമരുന്നാണ്. പൊടി, ക്രിസ്റ്റൽ രൂപങ്ങളിലായതിനാൽ വളരെ രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. ഒളിപ്പിച്ചുവെക്കാനും എളുപ്പം. ഉപയോഗാധിക്യംകൊണ്ട് കഞ്ചാവിന് കീഴ്പെടാതായിത്തീർന്ന മസ്തിഷ്കങ്ങളും എം.ഡി.എം.എക്ക് അതിവേഗം അടിപ്പെടുന്നു. ഹൈദരാബാദിൽനിന്നും ഗോവയിൽനിന്നും ബംഗളൂരുവിൽനിന്നും കേരളീയ ചെറുപ്പത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ ഉഗ്രവിഷം കടത്തിക്കൊണ്ടുവരുന്നവർക്ക് മുടക്കുമുതലിന്റെ എട്ടും പത്തും ഇരട്ടി ലാഭം കിട്ടുന്നു. പണം കിട്ടാൻ എന്തു കൊടിയ ക്രൂരതയും കാണിക്കാൻ മടിയില്ലാത്ത ആർത്തിപ്പിശാചുക്കളാണ് ബാലികാ ബാലന്മാരുടെ കൈകളിൽപോലും മയക്കുമരുന്നുകളെത്തിക്കുന്നത്. വിദ്യാലയ പരിസരങ്ങളും ബസ് സ്റ്റാൻഡുകളും പെട്ടിക്കടകളുമൊക്കെ ഇവരുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. വിശുദ്ധി വിളഞ്ഞുനിന്നിരുന്ന ഗ്രാമങ്ങൾപോലും ഈ മരണവ്യാപാരികളുടെ പിടിയിലമർന്നിരിക്കുന്നു.
പിടിച്ചുകെട്ടാൻ തയാറുണ്ടോ?
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമുൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികളും ലഹരിയുടെ വ്യാപനത്തിനും വ്യാപാരത്തിനുമെതിരെ ഒന്നിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ നിയമസഭ കൂട്ടായ തീരുമാനമെടുത്തിരിക്കുന്നു. രാഷ്ട്രീയപാർട്ടികൾക്ക് തങ്ങൾ പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ നമ്മുടെ ചെറുപ്പത്തെ ലഹരിയിൽ മുക്കിക്കൊല്ലുന്ന മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന മരണവ്യാപാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാട് സ്വീകരിക്കുകതന്നെ വേണം. പിടികൂടപ്പെടുന്ന കൊടും കുറ്റവാളികളെ രക്ഷപ്പെടുത്താൻ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ അനുയായികളെ അനുവദിക്കരുത്. മയക്കുമരുന്ന് വ്യാപാരികളെ പിടികൂടുന്നതിൽ കുറ്റകരമായ വീഴ്ചവരുത്തുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടവും അതിനെ ആത്മാർഥമായി പിന്തുണക്കാൻ പ്രതിപക്ഷവും സന്നദ്ധമാകണം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും ആത്മാർഥമായി ശ്രമിച്ചാൽ കേരളത്തെ മയക്കുമരുന്നുകളുടെ പിടിയിൽനിന്ന് മോചിപ്പിക്കാൻ കഴിയുമെന്നുറപ്പാണ്. അതിനവർ തയാറുണ്ടോ എന്നതാണ് പ്രശ്നം.
മയക്കുമരുന്ന് കടത്തി പണമുണ്ടാക്കുന്ന മരണവ്യാപാരികൾ മറ്റുള്ളവരെയെന്നപോലെ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. കുടുംബത്തെയും കുട്ടികളെയും പോറ്റാനാണല്ലോ അവർ പണമുണ്ടാക്കുന്നത്. സ്വാഭാവികമായും മറ്റാരെക്കാളുംമുമ്പേ ലഹരിക്കടിപ്പെടുക സ്വന്തം മക്കളും കുടുംബവുമായിരിക്കുമെന്ന കാര്യം മറക്കാതിരിക്കുക. ആർത്തി അവനവനെത്തന്നെയാണ് നശിപ്പിക്കുകയെന്നത് അനിഷേധ്യമത്രെ.
ചില നിർദേശങ്ങൾ
ലഹരിപദാർഥങ്ങളുടെ വ്യാപനം തടയാനും നമ്മുടെ നാടിനെ അതിൽനിന്ന് മോചിപ്പിക്കാനും ഏറ്റവും വലിയ ബാധ്യത ഭരണകൂടത്തിനാണെങ്കിലും മനുഷ്യസ്നേഹികളായ സകല സുമനസ്സുകളും അതിന് ആത്മാർഥമായി ശ്രമിക്കണം. ഭരണകൂടവും സമൂഹവും ഇളംതലമുറയെ ലഹരിയുടെ ഘോരവിപത്തിൽനിന്ന് രക്ഷപ്പെടുത്താൻ കൂട്ടായി ശ്രമിച്ചാൽ അത്ഭുതകരമായ ഫലമുണ്ടാകുമെന്നതിലൊട്ടും സംശയമില്ല. ഇതുസംബന്ധമായി നമുക്ക് ചില പ്രവർത്തനപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാവുന്നതാണ്, നടപ്പാക്കേണ്ടതാണ്.
1) ഓരോ പ്രദേശത്തും 10 വീടുകൾ ചേർത്ത് ക്ലസ്റ്ററുകൾ രൂപവത്കരിക്കുക. ഒരു പുരുഷനെയും ഒരു സ്ത്രീയെയും അതിന്റെ നേതൃത്വം ഏൽപിക്കുക. അവിടങ്ങളിൽ മയക്കുമരുന്ന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. അത് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുക.
2) പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് അധ്യാപകരുടെ സഹായത്തോടെ മയക്കുമരുന്ന് ഉണ്ടാക്കുന്ന വൻവിപത്തുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുക.
3) എല്ലാ മതസമൂഹങ്ങളും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് തങ്ങളുടെ അനുയായികളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
4) മയക്കുമരുന്ന് വ്യാപാരത്തിനും വിതരണത്തിനും ഏതെങ്കിലും നിലയിൽ പിന്തുണയോ സഹകരണമോ നൽകുന്നവരെ നേരിൽകണ്ട് തങ്ങൾ തലമുറകളെയാണ് നശിപ്പിക്കുന്നതെന്നും സ്വന്തം മക്കളും അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുമെന്നും ബോധ്യപ്പെടുത്തുക. പിന്തിരിയുന്നില്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുക.
5) വിവിധ തലങ്ങളിലുള്ള പ്രഗല്ഭരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ഇടക്കിടെ ബോധവത്കരണ ക്ലാസുകൾ നടത്തുക. ഇതിനായി ഡോക്ടർമാരെയും മനഃശാസ്ത്രജ്ഞരെയും മതപണ്ഡിതന്മാരെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.
6) കുറ്റവാളികൾക്ക് കൂട്ടുനിൽക്കില്ലെന്ന് മതസ്ഥാപന ഭാരവാഹികളും സംഘടന നേതാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും തീരുമാനിക്കുക.
7) ലഹരി ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ കുട്ടികളെ വിവാഹംചെയ്തുകൊടുക്കുകയില്ലെന്ന് രക്ഷിതാക്കൾ തീരുമാനിക്കുക. അത്തരക്കാരുടെ വിവാഹത്തിന് ബന്ധപ്പെട്ട മതപണ്ഡിതന്മാർ കാർമികത്വം വഹിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക.
8) മക്കൾ എവിടെയും അലഞ്ഞുതിരിയുന്നില്ലെന്നും വീട്ടിൽ കൃത്യസമയത്ത് എത്തുന്നുണ്ടെന്നും രക്ഷിതാക്കൾ ഉറപ്പുവരുത്തുക.
9) കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മുഖഭാവത്തിലും സമീപനങ്ങളിലും അസാധാരണമായ അവസ്ഥ കണ്ടാൽ സമയമൊട്ടും പാഴാക്കാതെ ഉചിതമായ നടപടികൾ സ്വീകരിക്കുക. കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കുക.
10) ആവശ്യമായി വരുമ്പോൾ അധികൃതരുടെയും നിയമപാലകരുടെയും സഹായം തേടുക. നിയമപാലകർ കുറ്റവാളികൾക്ക് കൂട്ടുനിന്നാൽ അവർക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുക.
11) മയക്കുമരുന്ന് വ്യാപാരികളെ പിന്തിരിപ്പിക്കാൻ ഒരുനിലക്കും സാധ്യമല്ലെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും അവർക്കെതിരെ സാമൂഹിക ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്യുക.
12) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും അംഗങ്ങളും തങ്ങളുടെ പ്രവർത്തന മേഖലകളിൽ മയക്കുമരുന്ന് വ്യാപാരികളും ലഹരിപദാർഥങ്ങൾക്ക് അടിപ്പെട്ടവരുമില്ലെന്ന് ഉറപ്പുവരുത്തുക.
13) ലഹരിപദാർഥങ്ങളെല്ലാം നിഷിദ്ധമാണെന്നും അവയുടെ ഉപയോഗം പൈശാചികമായ കുറ്റകൃത്യമാണെന്നും പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികൾ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ സമീപനം സ്വീകരിക്കുക. തങ്ങളുടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതേക്കുറിച്ച് ബോധവത്കരണം നടത്തുക. മതപ്രഭാഷണങ്ങളിലും പ്രവർത്തനങ്ങളിലും ലഹരിയുടെ ഭൗതികവും മതപരവുമായ തിന്മയും വിപത്തുകളും വിശദീകരിക്കുക. യഥാർഥ ദൈവവിശ്വാസത്തിനും ആത്മാർഥമായ പരലോക ബോധത്തിനും മാത്രമാണല്ലോ എല്ലാവിധ ലഹരിപദാർഥങ്ങളിൽനിന്നും മനുഷ്യനെ പൂർണമായി മോചിപ്പിക്കാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.