അതുല്യനായ സുല്‍ത്താന്‍
text_fieldsചെറിയകാര്യങ്ങള്‍ സംസാരിക്കുമ്പോഴും അതില്‍ വലിയ കാര്യങ്ങള്‍ കാണുന്നു, ഈ സുല്‍ത്താന്‍. ആഴമേറിയ ചിന്തകള്‍. അതിനൊത്ത സംസാര രീതി. എന്തിലും ചരിത്രപരമായ പരിവേഷങ്ങള്‍ അദ്ദേഹം ദര്‍ശിക്കുന്നു. ചരിത്രപരമായി സമീപിക്കുന്നു. ഇന്ത്യയോടും നമ്മുടെ പൈതൃകത്തോടും അദ്ദേഹത്തിന് എന്തെന്നില്ലാത്ത മതിപ്പാണ്. രാജ്യത്തെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളോട് വെറുപ്പാണ്. അവര്‍ ഭരിച്ചിരുന്നിടത്തൊക്കെ ചെയ്തുെവച്ചതോരോന്നും എണ്ണമിട്ടുപറഞ്ഞു, ഈ മൂന്നു ദിവസത്തെ സാമീപ്യത്തിനിടയില് അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള മൂന്നു ദിവസം അനര്‍ഘമായിരുന്നു. അതുല്യമായിരുന്നു. ചരിത്രോപാസകനായ, മനുഷ്യസ്േനഹിയായ സുല്‍ത്താന്‍.
ഷാര്‍ജ ജയിലില്‍നിന്നു മോചിതരാകുന്ന 149 മലയാളികള്‍ സാമ്പത്തികമായ ചില തിരിമറികളില്പെട്ടവരാണ്. അവര്‍ എല്ലാവരും കൂടി 39 കോടിരൂപയുടെ കടക്കാരാണ്. ഈ കടം വീട്ടാത്തിടത്തോളം അവര്‍ നിയമപ്രകാരം കുറ്റവാളികളാണ്. അതിനാല്‍ ഈ സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുത്തുകൊണ്ടാണ് അവരെ വിട്ടയക്കാന്‍ അദ്ദേഹം ഉത്തരവിട്ടത്. ഈ തുക അദ്ദേഹമാണ് നല്‍കുക എന്നത് ഹൃദയവിശാലതയല്ലെങ്കില് പിന്നെയെന്താണ്?
ചരിത്രത്തെ വായിക്കേണ്ടത്, മറ്റുള്ളവര്‍ എഴുതിെവച്ച ഏടുകളില്‍ കൂടിയാകരുതെന്നതാണ്, ഗവേഷകന്‍കൂടിയായ അദ്ദേഹത്തിെൻറ അഭിപ്രായം. ഉദാഹരണത്തിന് ഇന്ത്യയെ പലകഷണങ്ങളായി മാറ്റിമറിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. ജവഹര്‍ലാല്‍ െനഹ്റുവിന് ലേഡി മൗണ്ട് ബാറ്റണിലുണ്ടായിരുന്ന സ്വാധീനം മൗണ്ട് ബാറ്റണില്‍ ചെലുത്തിയ പ്രേരണകൊണ്ടാണ് വിഭജനം രണ്ടുതുണ്ടു മാത്രമായി ചുരുങ്ങിയത്. സാമ്രാജ്യത്വശക്തികള്‍ അങ്ങനെയാണ്. അവര്‍ മുതലെടുപ്പിനായി ജനതയെ ഭിന്നിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യും. അവരുടെ വരവിനു മുമ്പും പിമ്പുമുള്ള സമ്പദ്ഘടന പരിശോധിച്ചാല്‍ അതു മനസ്സിലാകും. അവര്‍ നമ്മെ കൊള്ളയടിക്കുകയായിരുന്നു. ഗള്‍ഫ് നാടുകളിലും ഭിന്നിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ അവര്‍ നടത്തിയെങ്കിലും അതു നടന്നില്ലെന്ന് ശൈഖ് ചൂണ്ടിക്കാട്ടി. ടിപ്പു സുല്‍ത്താെൻറ മരണതീയതി 1799 മേയ് നാലിനാണെന്ന് റഫറന്‍സു കൂടാതെ ഈ 80ാം വയസ്സിലും പറയാന്‍ അദ്ദേഹത്തിനു കഴിയുന്നു.
ബാബര്‍ വന്നത് കാന്തഹാറില്നിന്നാണെന്നും ബാബറിെൻറ പ്രപിതാമഹന്മാരായിരുന്നു പേര്ഷ്യക്കാരെന്നും ആര്യന്മാരുടെ അധിനിവേശം പേര്ഷ്യയില്നിന്നല്ല, ജര്മനിയില്നിന്നാണുണ്ടായതെന്നും അദ്ദേഹം പറയുമ്പോള്‍ ഇന്ത്യയുെട ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള പാണ്ഡിത്യം വ്യക്തമാകുന്നു. ഇന്ത്യയുടെ പ്രാചിന- മധ്യ-കാല ചരിത്രങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേരളത്തോട് തികഞ്ഞ മതിപ്പാണ്. 1971ല്‍ താന്‍ ഭരണരംഗത്തേക്കു വരുമ്പോള്‍ ഷാര്‍ജയടക്കമുള്ള ഗള്‍ഫു രാജ്യങ്ങള്‍ ഏറെ പിന്നാക്കമായിരുന്നു. അവിടുത്തെ വളര്‍ച്ചയിലും പുരോഗതിയിലും മലയാളികള്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. മലയാളിക്ക് ഗള്‍ഫുമായി അതിലുമേറെ പഴക്കമുണ്ടെന്നും അവര്‍ വിശ്വസ്തരും സല്സ്വഭാവികളുമാണെന്നും ഓര്‍ക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണിച്ചിട്ടാണ് അദ്ദേഹം കേരളത്തില്‍ വന്നത്. ഇന്ത്യയിലെ പല സര്‍വകലാശാലകളും അദ്ദേഹത്തെ ആദരിക്കാന്‍ നേരത്തെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിെൻറ ക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. മുഖ്യമന്ത്രി കാലിക്കറ്റ് സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ ‘എക്സലൻറ് ഇൻറർ നാഷനല്‍ സെൻറര്‍ ഫോര്‍ അറബിക് സ്റ്റഡീസ്’ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു ധരിപ്പിച്ചപ്പോള്‍ മുഴുവന്‍ തുകയും നല്‍കാമെന്ന വാഗ്ദാനം മാത്രമല്ല, ആ പദ്ധതികള്‍ നടപ്പാക്കി കഴിയുമ്പോള്‍ ഉദ്ഘാടനം ചെയ്യാനും അടുത്ത വര്‍ഷം എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ തടവില്‍ കഴിയുന്നവരുടെ കാര്യവും ചായകുടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. ഉടന്‍ തീരുമാനമായി. ചായകുടിച്ചു തീരുംമുമ്പേ ഉത്തരവുമായി.
കേരളത്തിെൻറ പൊതുവികസനത്തിനുതകുന്ന അഞ്ചിന നിർദേശങ്ങളും ചര്‍ച്ചയില്‍ വന്നു. അവയെക്കുറിച്ചു പഠിച്ച് നടപ്പാക്കാന്‍ അടിയന്തരമായി ഉന്നത സംഘത്തെ നിയോഗിക്കുമെന്ന് ശൈഖ് വാക്കു നല്കി. ആളുകളെ വിലയിരുത്താനുള്ള അദ്ദേഹത്തിെൻറ കഴിവ് അതിശയിപ്പിക്കുന്നതാണ്. കേരള മുഖ്യമന്ത്രിയെപ്പറ്റി അദ്ദേഹം ഇംഗ്ലീഷില്‍ പറഞ്ഞതിനർഥം ‘ശരിയായ ജനസേവകന്’ എന്നായിരുന്നു. കൂടെ വന്നവരെല്ലാം അതു ശരിെവച്ചു. അറേബ്യന്‍ ശൈഖുമാരെ കാണുമ്പോള്‍ സ്വന്തം ബിസിനസ് കാര്യവും കുടുംബക്കാരുടെ കാര്യവും അതിനു ലഭിക്കേണ്ട സഹായങ്ങളും മാത്രംപറയുന്ന വലതുപക്ഷ നേതാക്കളില്‍നിന്ന് വ്യത്യസ്തനാണ് പിണറായി വിജയന് എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കണം.
സാധാരണഗതിയില്‍ ഒൗദ്യോഗിക ചടങ്ങുകളില്‍ മാത്രമാണ് ഉന്നതരായ രാജ്യനേതാക്കള്‍ പങ്കെടുക്കുക. എന്നാല്‍ ‘ചരിത്രശേഖരണവും സുല്‍ത്താനും’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സംവാദത്തിലും അദ്ദേഹം പങ്കെടുത്തു. അതില്‍ അദ്ദേഹം നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണവും അതിനുശേഷമുള്ള ചോേദ്യാത്തരങ്ങളും താനൊരു ഭരണാധികാരിക്കപ്പുറം അക്കാദമീഷ്യനുമാണെന്നു ബോധ്യപ്പെടുത്തുന്നതായി. ചരിത്രരേഖകളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹം ഇന്തോ അറബ് ബന്ധത്തെയും ചരിത്രത്തെയും വിശകലനം ചെയ്തതെന്നത് കാലിക്കറ്റ് സര്‍വകലാശാല നല്കിയ ഡോക്ടറേറ്റിനെ അർഥവത്താക്കുന്നു.
കേരള കലാരൂപങ്ങളില്‍ ആകൃഷ്ടനായ സുൽത്താൻ, ബഹുസ്വര കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന അഭിപ്രായക്കാരനാണ്. ഖുർആനില്‍ അഗാധ പണ്ഡിതനാണ് അദ്ദേഹം.
ഖുർആനെ ഉപരിപ്ലവമായല്ല വായിക്കേണ്ടതെന്നും അതിലെ ഓരോ വാചകത്തിലുമുള്ള നിധിശേഖരങ്ങളെ തിരിച്ചറിയണമെന്നും അത് വലിയൊരു വിജ്ഞാന ശാഖയാണെന്നും ശൈഖ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തോടൊപ്പം വന്നവരില്‍ മിക്കവരും യുവാക്കളാണ്. അവര്‍ വരുമ്പോള്‍ പോലും എണീറ്റ് ഹസ്തദാനം ചെയ്തു ബഹുമാനിക്കുന്ന എളിമയും സുല്‍ത്താനില്‍ കണ്ടു. കേരളത്തിലുണ്ടായിരുന്ന മൂന്നു ദിവസങ്ങളിലും ഷാര്‍ജയിലെ ദൈനം ദിന കാര്യങ്ങളില്‍ പ്രജാതല്പരനായ ശൈഖ് ശ്രദ്ധിച്ചിരുന്നു. കൂടെയുള്ള രണ്ടു സെക്രട്ടറിമാര്‍ ഓരോ കാര്യവും അദ്ദേഹത്തെ സമയാസമയം അറിയിക്കുകയും അദ്ദേഹം വേണ്ട നിർദേശങ്ങള്‍ നല്‍കുകയും ആവശ്യമുള്ളപ്പോഴെല്ലാം നേരിട്ട് ഇടപെടുകയും ചെയ്യുന്നത് ‘മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിങ്ങാ’യി കൂടെയുണ്ടായിരുന്ന ഞാന്‍ ശ്രദ്ധിച്ചു. ഇനിയും താന്‍ വരുമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം യാത്രചൊല്ലിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.