ശിവസേന നഷ്ടപ്പെട്ട താക്കറെയും താക്കറെയില്ലാത്ത ശിവസേനയും
text_fieldsവിമത നീക്കത്തിലൂടെ ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട് ബി.ജെ.പിയുടെ പിന്തുണയിൽ മഹാരാഷ്ട്രയിൽ അധികാരം പിടിച്ച ഏക് നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേന എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിധി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അലയൊലികളാണുണ്ടാക്കിയത്. മറാത്ത ചക്രവർത്തി ശിവജിയുടെ സൈനികർ എന്ന അർഥമുള്ള പാർട്ടി, കെട്ടിപ്പടുത്ത ബാൽ താക്കറെയുടെ കുടുംബത്തിൽ നിന്ന് കൈവിട്ടുപോയിരിക്കുന്നു.
ശിവജിയുടെ 393ാം ജന്മദിനത്തിന് തൊട്ടുമുമ്പാണ് ഈ തീരുമാനം വന്നത്. ഉദ്ധവ് പക്ഷം തീർത്തും പ്രതിരോധത്തിലായപ്പോൾ ഞായറാഴ്ച നടന്ന ശിവജി ജയന്തി ആഘോഷങ്ങളിലെല്ലാം നിറഞ്ഞുനിന്നത് ബി.ജെ.പി. യഥാർഥ ശിവസേന എന്ന അംഗീകാരം ലഭിച്ച ഏക് നാഥ് ഷിൻഡെ പക്ഷത്തേക്കാൾ കമീഷൻ തീരുമാനം സന്തോഷത്തിലാക്കുന്നത് ബി.ജെ.പിയെയാണ്.
തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് പക്ഷം സമർപ്പിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. അവിടെയും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ഉദ്ധവ് വല്ലാത്ത പ്രതിസന്ധിയിലാകും. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ തിരിച്ചുവരണമെങ്കിൽ ഒന്നിൽനിന്ന് തുടങ്ങണം.
പിളർപ്പിനെത്തുടർന്ന് ഉദ്ധവ് പക്ഷത്തിന് താൽക്കാലികമായി അനുവദിക്കപ്പെട്ട ‘ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ’ എന്ന പാർട്ടിപേരും ദീപശിഖ ചിഹ്നവും പുണെയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച വരെയേ നിലനിൽക്കുകയുള്ളൂ. അവ തുടർന്നും ഉപയോഗിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ സമ്മതിക്കണം. ദീപശിഖ ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് ജോർജ് ഫെർണാണ്ടസിന്റെ സമത പാർട്ടിയും രംഗത്തുണ്ട്. പുതിയ പേരും ചിഹ്നവും ഉദ്ധവ് പക്ഷം കണ്ടെത്തേണ്ടി വരും.
ഷിൻഡെ വിഭാഗം നൽകുന്ന വിപ്പ് ഉദ്ധവ് പക്ഷത്തെ 15 എം.എൽ.എമാർക്കും അഞ്ച് എം.പിമാർക്കും ബാധകമായിരിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. മാത്രമല്ല, പല പാർട്ടി ശാഖകളും ഫണ്ടുകളും ഉദ്ധവ് പക്ഷത്തിനു നഷ്ടപ്പെടും. താക്കറെ കുടുംബ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണെന്നതുകൊണ്ട് ദാദറിലെ ശിവസേന ഭവനും മുഖപത്രമായ ‘സാമ്ന’യും മറ്റാർക്കും പിടിച്ചെടുക്കാനാവില്ലെന്നതു മാത്രമാണ് ആശ്വാസം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച് ഭൂരിപക്ഷം നേടിയിട്ടും സഖ്യം വിട്ട് എൻ.സി.പിയെയും കോൺഗ്രസിനെയും ചേർത്ത് മുന്നണിയുണ്ടാക്കി സർക്കാർ രൂപവത്കരിച്ച ശിവസേനയോടുള്ള ബി.ജെ.പിയുടെ പ്രതികാരത്തിന്റെ രണ്ടാംഘട്ടമായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിധി വിലയിരുത്തപ്പെടുന്നത്. ആദ്യത്തേത് വിമത നീക്കത്തിലൂടെ ഉദ്ധവ് സർക്കാറിനെ മറിച്ചിടലായിരുന്നു.
കഴിഞ്ഞിട്ടില്ല കളികൾ, അടുത്തത് മുംബൈ നഗരസഭ പിടിച്ചെടുക്കലാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ നഗരസഭയുടെ ഭരണം ശിവസേനയുടെ നട്ടെല്ലാണ്. അതുകൂടി പിടിച്ചെടുത്താൽ ഉദ്ധവും കൂട്ടരും ശരിക്കും പിടയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. അത്രയും സാധിച്ചാൽ അടുത്ത വർഷം നടക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും കാര്യം എളുപ്പമാവും.
പിളർപ്പുണ്ടാക്കി ഉദ്ധവിൽ നിന്ന് സംസ്ഥാന ഭരണം പിടിച്ചെടുക്കാനായെങ്കിലും ജനവികാരം ഇപ്പോഴും അദ്ദേഹത്തിന് അനുകൂലമാണെന്നാണ് സൂചനകൾ. ആ തിരിച്ചറിവിലാണ് നഗരസഭ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത്. പണ്ടത്തെപ്പോലെ മറാത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ ശിവസേന. ഒരുകാലത്ത് ശിവസൈനികരുടെ അതിക്രമങ്ങൾക്ക് നിരന്തരം ഇരയായിരുന്ന മുസ്ലിംകളും തെന്നിന്ത്യക്കാരും ബിഹാറികളും ഉൾപ്പെടെ മറ്റ് ജനവിഭാഗങ്ങൾക്കിടയിലും ഉദ്ധവ് താക്കറെയും ശിവസേനയും പ്രിയപ്പെട്ടവരായി. എല്ലാ ജനവിഭാഗത്തെയും ചേർത്തുപിടിക്കുംവിധം ഹിന്ദുത്വത്തെ മാറ്റി നിർവചിച്ചുകൊണ്ടാണ് ഉദ്ധവ്, ശിവസേനയെ ഇവ്വിധത്തിൽ സ്വീകാര്യമാക്കിയത്. ബി.ജെ.പിയുമായുള്ള രാഷ്ട്രീയ സഖ്യം വേർപെടുത്തുക മാത്രമല്ല ബി.ജെ.പിയുടെ അതിശക്തമായ ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു.
താക്കറെമാരില്ലാത്ത ശിവസേനയെ മുന്നോട്ടുകൊണ്ടുപോവുക എന്നത് ഏക് നാഥ് ഷിൻഡെക്ക് അത്ര എളുപ്പമൊന്നുമല്ല. ഇപ്പോൾ തന്നെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നുവെന്നുണ്ടെങ്കിലും കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്. മുന്നോട്ടുള്ള പാർട്ടി നയരൂപവത്കരണങ്ങളിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ബി.ജെ.പിയുടെ ഇടപെടലുകൾക്ക് ഷിൻഡെ ഇനിയും വഴങ്ങേണ്ടി വന്നേക്കും. ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഷിൻഡെ അടക്കം 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷവും എതിർത്ത് ഷിൻഡെ പക്ഷവും നൽകിയ ഹരജികളിൽ സുപ്രീംകോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നുവരുകയാണ്. ഒപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് പക്ഷം നൽകിയ ഹരജിയും. അതായത്, അന്തിമവിജയം ആഘോഷിക്കാൻ ഷിൻഡെക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.