തടയണം, കോവിഡ് കാലത്തെ രക്തക്ഷാമം
text_fieldsകോവിഡ്-19 രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ആദ്യ തരംഗത്തിെൻറ മൂർധന്യത്തിൽ രാജ്യത്ത് ലക്ഷത്തിന് തൊട്ടുതാഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണമെങ്കിൽ, ഇപ്പോൾ അത് മൂന്നര ലക്ഷത്തോളമാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടുതൽ കാണപ്പെടുന്നതും ചികിത്സക്ക് ഓക്സിജൻ വേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധനയും കാരണം പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി.
പ്രതിരോധ കുത്തിവെപ്പ്
പ്രതിരോധ മാനദണ്ഡങ്ങളിലുണ്ടായ അലംഭാവവും ജനിതക മാറ്റത്തിലൂടെ അതിതീവ്ര വ്യാപന ശക്തിയാർജിച്ച വൈറസിെൻറ ആവിർഭാവവുംകൂടി ചേർന്നപ്പോൾ രണ്ടാം തരംഗം രൂക്ഷമായി. പ്രതിരോധ കുത്തിവെപ്പിന് തണുപ്പൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്. എന്നാൽ, രോഗികളുടെ എണ്ണം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതോടെ വാക്സിൻ തേടി നെട്ടോട്ടമായി.
ഇൗ മാസം തുടക്കം മുതൽ 18നും 45 വയസ്സിനും ഇടയിലുള്ള 60 കോടി ജനങ്ങൾക്ക് വാക്സിൻ നൽകുമെന്നാണ് പ്രഖ്യാപനം. ഇൗ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന വലിയൊരു പ്രശ്നം ചൂണ്ടിക്കാണിക്കുകയാണിവിടെ.
രക്തദൗർലഭ്യത്തിന് സാധ്യത
ശരിയായ മുൻകരുതൽ ഇപ്പോൾതന്നെ എടുത്തില്ലെങ്കിൽ ഓക്സിജൻ ക്ഷാമംപോലെ നമ്മൾ രക്തക്ഷാമവും നേരിട്ടേക്കാം. രക്തദാതാക്കളിൽ ഏറിയ പങ്കും 18നും 35നും ഇടയിലുള്ള യുവാക്കളാണ്. കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്ന ഒരാൾ രണ്ട് ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാൻ പാടുള്ളൂ എന്നാണ് നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിെൻറ നിർദേശം. അതായത് രണ്ടുമാസം മുതൽ നാലുമാസം വരെ പലർക്കും രക്തദാനം ചെയ്യാൻ കഴിയാതെ വരും. ഇതിനാൽ ഉണ്ടായേക്കാവുന്ന രക്തക്ഷാമം പല ജീവനുകളും അപഹരിച്ചേക്കാം.
രക്തദാനത്തിെൻറ ആവശ്യകത
പല ചികിത്സകളുടെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ രക്തം ആവശ്യമായി വരും. റോഡപകടങ്ങൾ, അർബുദ ചികിത്സക്കിടയിൽ, വലിയ ശസ്ത്രക്രിയകൾ, ഗുരുതര വിളർച്ചയിലേക്ക് നയിക്കുന്ന ജനിതക രോഗങ്ങളായ തലാസീമിയ, അരിവാൾ രോഗം (സിക്കിൾസെൽ അനീമിയ), മറ്റ് കാരണങ്ങളാലുണ്ടാകുന്ന വിളർച്ച, പ്രസവാനന്തര സങ്കീർണതകൾ, രക്തം കട്ടപിടിക്കുന്നതിന് സഹായകമായ പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥ (ITP), അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ, രക്തത്തിലെ അണുബാധ തുടങ്ങി പല നിർണായക ഘട്ടങ്ങളിലും രക്തം ആവശ്യമാണ്. ഇത് ലഭിക്കാൻ വൈകിയാൽ പലപ്പോഴും മരണംവരെ സംഭവിക്കാം. രക്തം കൃത്രിമമായി നിർമിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രക്തത്തിന് പകരം രക്തം മാത്രമേയുള്ളൂ.
മുൻകരുതൽ വേണം
കേരളത്തിൽ പ്രതിവർഷം നാലര ലക്ഷത്തോളം യൂനിറ്റ് രക്തമാണ് ശേഖരിക്കപ്പെടുന്നത്. അതിൽ 75 ശതമാനത്തോളം സ്വമേധയാ രക്തദാനം ചെയ്യുന്നവരാണ്. കോവിഡ്-19െൻറ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ വരാനുള്ള ഭയം, ലോക്ഡൗൺ, യാത്രാ ബുദ്ധിമുട്ടുകൾ, കോവിഡ് തുടങ്ങി പല കാരണങ്ങളുണ്ട്. ഇതിനൊപ്പം പ്രതിരോധ കുത്തിവെപ്പു കൂടിയാകുേമ്പാൾ രക്തദാനത്തിന് മുൻനിരയിൽ നിൽക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽപോലും രക്തദൗർലഭ്യം നേരിടാൻ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ യുവാക്കളെ രക്തദാനത്തിന് പ്രേരിപ്പിക്കാനും സുരക്ഷിതമായി രക്തദാനം ചെയ്യാനുള്ള ഭൗതിക സൗകര്യങ്ങളൊരുക്കാനും രക്തബാങ്കുകൾ ശ്രദ്ധിക്കണം. വാക്സിനെടുക്കുന്നതിന് മുമ്പ് യുവാക്കൾ രക്തദാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം. വാക്സിനേഷൻ ക്യാമ്പുകൾക്കൊപ്പംതന്നെ രക്തദാന കാമ്പയിനുകളും നടക്കേണ്ടതുണ്ട്. ഈ കോവിഡ് മഹാമാരിക്കാലത്തും രക്തദാനത്തിനപ്പുറം മറ്റൊരു മഹത്തായ സേവനമില്ല എന്നോർക്കുക.
കോവിഡും രക്തദാനവും
1. കോവിഡ് ബാധിതർ രോഗമുക്തിക്കുശേഷം 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാൻ പാടുള്ളൂ.
2. കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവർ 28 ദിവസത്തേക്ക് രക്തദാനം ചെയ്യരുത്.
3. രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളിൽനിന്നുള്ളവരും അത്തരം രാജ്യങ്ങളിൽനിന്ന് വരുന്നവരും 28 ദിവസങ്ങൾക്കു ശേഷം മാത്രമേ രക്തദാനം ചെയ്യാവൂ.
4. രക്തദാനത്തിനുശേഷം 14 ദിവസത്തിനുള്ളിൽ കോവിഡ് പിടിപെടുകയോ ലക്ഷണങ്ങളുണ്ടായാലോ രക്തദാനം ചെയ്ത സെൻററിനെ വിവരം അറിയിക്കുക.
കോവിഡ് രക്തം സ്വീകരിക്കുന്നതിലൂടെ പകരില്ല. കോവിഡ് മാത്രമല്ല, മറ്റു കൊറോണ വൈറസ് രോഗങ്ങളായ 'സാർസും' (SARS), മെർസും (MERS) രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നിരുന്നാലും മുൻകരുതൽ നല്ലതാണ്.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഡയബെറ്റോളജിസ്റ്റും ഐ.എം.എ മീഡിയ സെൽ ചെയർമാനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.