Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാപ്പന്‍റെ തടങ്കൽ നീതിക്കു നേരെയുള്ള കൂച്ചുവിലങ്ങ്​
cancel

രാജ്യത്തെവിടെയും സ്വതന്ത്രമായും നിർഭയമായും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി പൗരന്​ ഉറപ്പ്​ നൽകുന്ന ഭരണഘടനയാണ്​ ഇന്ത്യൻ ഭരണഘടന. സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം ഭരണഘടന പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 19 (1) (എ) യുടെ പരിധിയിൽ പരിഗണിച്ച്​ എല്ലാവിധ സൗകര്യവുമൊരുക്കി കൊടുക്കുന്നതാണ്​ ജനാധിപത്യ ഇന്ത്യ ഇക്കാലമത്രയും പിന്തുടർന്നുവരുന്ന കീഴ്​വഴക്കം.

എന്നാൽ, ഇപ്പോൾ രാജ്യ തലസ്​ഥാനമായ ദൽഹിയിൽനിന്ന്​ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യാ വലിപ്പമുള്ള സംസ്​ഥാനമായ ഉത്തർ​പ്രദേശിലേക്ക്​ യാത്ര ചെയ്​തത്​ കൊടിയ അപരാധമായി മാറിയിരിക്കുകയാണ്​. അതി​െൻറ പേരിൽ ഭീകരവാദിയായി മുദ്രകുത്തിയാണ്​ ഒരാളെ ഒന്നര മാസത്തോളമായി തുറുങ്കിലടച്ചിരിക്കുന്നത്​. അതും ഒരു ​മാധ്യമപ്രവർത്തകനെ.

ഏതു കൊടുംകുറ്റവാളിയെയും അറസ്​റ്റ്​ ചെയ്യുന്നതിന്​ രാജ്യത്തെ പരമോന്നത കോടതി നിഷ്​കർഷിച്ചിട്ടുള്ള ചില മാനദണ്ഡങ്ങളുണ്ട്​. അതുപോലും പാലിക്കാതെ ഒരു നിരപരാധിയെ തടങ്കലിലാക്കുകയും ആഴ്​ചകളോളം ബന്ധുക്കളെ പോലും അറിയിക്കാതെ കസ്​റ്റഡിയിൽവെക്കുകയും മണിക്കൂറുകൾ കാത്തുകെട്ടി കിടന്ന അഭിഭാഷകനു പോലും സന്ദർശനാനുമതി നൽകാതെ സമസ്​ത മര്യാദകളും ലംഘിക്കുകയും ചെയ്​ത ഉത്ത​ർപ്രദേശ്​ പൊലീസ്​ ഇപ്പോൾ സുപ്രീംകോടതിയിൽ നല്ലപിള്ള ചമയാൻ നടത്തുന്ന ശ്രമങ്ങൾ ഏറെ വിചിത്രമാണ്​.

ദലിത്​ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുകയും തുടർന്നു ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും ഒത്താശയോടെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുകയും ചെയ്​ത ഹാഥ്​റസിലേക്കുള്ള യാത്രയിൽ അറസ്​റ്റിലായ മലയാളി മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ്​ കാപ്പനെ എല്ലാ മര്യാദകളും കാറ്റിൽപറത്തി തടങ്കലിൽവെച്ചുകൊണ്ടിരിക്കുന്ന യു.പി പൊലീസ്​ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലവും വ്യാജ ആരോപണങ്ങളുടെ കൂമ്പാരമാണ്​. രാജ്യത്തെ നടുക്കിയ സംഭവം റിപ്പോർട്ട്​ ചെയ്യാൻ പോയ ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ എങ്ങനെയാണ്​ യു.പിയിലെ ഗ്രാമത്തിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ​ശ്രമിച്ചതെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ ​േമത്ത സമർപ്പിച്ച 82 പേജ്​ സത്യവാങ്​ മൂലത്തിൽ ഒരിടത്തും വിശദമാക്കുന്നില്ല. മാധ്യമപ്രവർത്തനം എന്ന മറ ഉപയോഗിച്ച്​ കാപ്പൻ ഹാഥ്​റസിൽ സാമുദായിക ചേരിതിരിവിന്​ ശ്രമിച്ചു എന്നാണ്​ സത്യവാങ്​മൂലത്തിലെ ആരോപണം. ഒമ്പതു ദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ്​ കാപ്പ​െൻറ ജാമ്യാപേക്ഷ തള്ളിയതെന്നാണ്​ മറ്റൊരു ന്യായം. വക്കാലത്ത്​ ഒപ്പിടീക്കാൻ അഭിഭാഷകൻ വൈകിട്ടു വരെ കാത്തുകെട്ടി നിന്നിട്ടും അനുമതി നൽകാതിരിക്കെ പിന്നെ ആരാണ്​ കാപ്പനു വേണ്ടി ഒമ്പതു ദിവസം വാദം നടത്തിയെന്നത്​ ഏറെ പ്രസക്​തമായ ചോദ്യമാണ്​. യു.പി പൊലീസ്​ ഏർപ്പെടുത്തിയ അഭിഭാഷകൻ ആണെങ്കിൽ ജാമ്യം അനുവദിക്കരുതെന്നല്ലാതെ എന്തു വാദമാവും കോടതിയിൽ നടത്തിയിട്ടുണ്ടാവുക.




എന്താണ് കുറ്റം?

രാജ്യ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്​ യു.പി ഹാഥ്‌റസിലെ ബൂല്‍ഗഢി ഗ്രാമത്തില്‍ ദലിത്​ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ രക്ഷിതാക്കളെ അനുവദിക്കാതെ രാത്രി മൃതദേഹം തന്നിഷ്​ടപ്രകാരം പൊലീസ് കത്തിച്ചു കളഞ്ഞതും. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പോലും തടഞ്ഞുവെച്ചു പൊലീസ്​ അഴിഞ്ഞാടിയപ്പോൾ സ്വാഭാവികമായും കേരളത്തിലേതടക്കമുള്ള മാധ്യമങ്ങള്‍ ആ സംഭവഗതികൾ വിശദമായി ജനങ്ങളിലേക്കെത്തിക്കാൻ രംഗത്തിറങ്ങി. എന്നാൽ, സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറയും ഭരണകക്ഷിയുടേയും ഭാഗത്തുനിന്നുണ്ടായത്​. മുഖ്യമന്ത്രിയുടെ പ്രസ്​താവനയ്ക്കു പിന്നാലെ യു.പി പോലീസ് രാജ്യദ്രോഹമടക്കം കേസുകള്‍ ചുമത്തി തുടങ്ങുകയും ചെയ്​തു. ഈയൊരു ഘട്ടത്തിലാണ് സിദ്ദീഖ് കാപ്പന്‍ ഹാഥ്‌റസില്‍ റിപ്പോര്‍ട്ടിങ്ങിനായി ഡല്‍ഹിയില്‍നിന്നു തിരിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ പുറപ്പെട്ട സിദ്ദീഖ് ഉച്ചയ്ക്കു ശേഷം അറസ്​റ്റിലായി. സഞ്ചരിച്ച വാഹനം മഥുര ടോള്‍ പ്ലാസയില്‍ പരിശോധിച്ച യു.പി പോലീസ് അദ്ദേഹത്തെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. കാപ്പനടക്കം നാലു പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നും അവരില്‍നിന്നു നിയമവിരുദ്ധ ലഘുലേഖകളും മറ്റും പിടിച്ചെടുത്തെന്നുമാണ് പൊലീസ്​ വാദം. ഹാഥ്‌റസില്‍ കുഴപ്പം സൃഷ്​ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പുറപ്പെട്ട ഇവർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണെന്നും പൊലീസ് പറയുന്നു. കലാപം സൃഷ്​ടിക്കാന്‍ പുറപ്പെട്ടവരെന്ന മട്ടില്‍ നാലു പേര്‍ക്കെതിരേയും യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയവ ചുമത്തി ജയിലിലടച്ചു.




നിഗൂഢ നീക്കങ്ങൾ

ഒക്ടോബര്‍ അഞ്ചിന് ഉച്ചയോടെ സിദ്ദീഖ് കാപ്പനെ അറസ്​റ്റ്​ ചെയ്‌തെങ്കിലും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ജോലിയെടുക്കുന്ന സ്ഥാപനത്തേയോ ഔദ്യോഗികമായി പൊലീസ് അറിയിച്ചില്ല. അറസ്​റ്റ്​ അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുഹൃത്തുക്കളും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തകരും പലവഴിയില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, അര്‍ധരാത്രിക്കു ശേഷമാണ് മഥുര പൊലീസി​െൻറ ഒരു വാര്‍ത്താക്കുറിപ്പി​െൻറ പകര്‍പ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിക്കുന്നത്. ഉടന്‍, യു.പി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമൊക്കെ യൂണിയന്‍ പരാതി നല്‍കി. അറസ്​റ്റിലായ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയതാണെന്നും അറിയിച്ചു. പക്ഷെ, മറുപടിയോ നടപടിയോ ഉണ്ടായില്ല. പിറ്റേ ദിവസം രാവിലെ മുതലേ പൊലീസ് ഉദ്യോഗസ്ഥരെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടു. എന്നാല്‍, അറസ്​റ്റ്​ ചെയ്തതു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണെന്ന നിലപാടിലായിരുന്നു പൊലീസ്. ഔദ്യോഗികമായി ഒരു വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചു.

കേരള മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പുറമെ, ഡി.ജി.പിയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ നേരിട്ടു കൂടിക്കാഴ്ച നടത്തി വിവരം ധരിപ്പിച്ചു. റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ അറസ്​റ്റിലായത്​ സകല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടും പൊലീസ് കുലുങ്ങിയില്ല. ഒക്ടോബര്‍ ഏഴോടെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ഉള്‍പ്പെടെ ചാര്‍ത്തി മറ്റുള്ളവര്‍ക്കൊപ്പം സിദ്ദീഖിനെ കൊടുംഭീകരനാക്കി. കൈകളില്‍ വിലങ്ങണിയിച്ചും കയറുകള്‍ കൊണ്ടു ബന്ധിച്ചുമൊക്കെ മാധ്യമങ്ങള്‍ക്കു 'ദൃശ്യവിരുന്നൊ'രുക്കാനും പോലീസ് മറന്നില്ല. കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി സിദ്ദീഖ് കാപ്പനെ മഥുര ജയിലിലടച്ചു.

തുടക്കം മുതലേ നിഗൂഢമായിരുന്നു പൊലീസി​െൻറ പെരുമാറ്റം. അറസ്​റ്റ്​ വിവരം വീട്ടുകാരെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. സിദ്ദീഖി​െൻറ ഫോണില്‍ വിളിച്ചവര്‍ക്കും മറുപടിയുണ്ടായില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ പത്രപ്രവര്‍ത്തക യൂനിയനു വേണ്ടി അഡ്വ. വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടിയതും പൊലീസി​െൻറ ഈ നിയമലംഘനങ്ങളെക്കുറിച്ചായിരുന്നു.

സുപ്രീംകോടതിയില്‍ കേസ്​ വന്നപ്പോഴും യു.പിയിലെ നീതിനിഷേധം പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിക്കുകയുണ്ടായി. യു.പിയില്‍ നീതി ലഭിക്കില്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരുമെന്നും അദ്ദേഹം വാദിച്ചു. അറസ്​റ്റ്​ രേഖപ്പെട്ടതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഭേദഗതി ചെയ്​തു നല്‍കാനും ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

തുടര്‍നടപടികളുടെ ഭാഗമായി യൂണിയന്‍ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ജാമ്യഹര്‍ജി സമര്‍പ്പിക്കാൻ ശ്രമം തുടങ്ങി. മഥുരയില്‍ പ്രാദേശിക അഭിഭാഷകരെ ചുമതലപ്പെടുത്തി ജയിലില്‍ സിദ്ദീഖ് കാപ്പനെ കണ്ടു വക്കാലത്ത് ഒപ്പിടുവിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവര്‍ക്കു സിദ്ദീഖിനെ കാണാന്‍ അനുവാദം ലഭിച്ചില്ല. തുടര്‍ന്ന്, അഡ്വ. വില്‍സ് മാത്യൂസ് മഥുരയില്‍ നേരിട്ടു ചെന്നു. ജയില്‍ അധികൃതരെയും കോടതിയെയും സമീപിച്ചു. സുപ്രീംകോടതി ഇടപെടലടക്കം വിശദീകരിച്ച് കോടതിയില്‍ സിദ്ദീഖ് കാപ്പനെ കാണാനും വക്കാലത്ത് ഒപ്പീടിക്കാനും അനുമതി ചോദിച്ചു. എന്നാല്‍, വൈകിട്ടു വരെ കാത്തു നിന്നിട്ടും അനുമതി ലഭിച്ചില്ല. കൂടാതെ, വക്കീലിനു സ്വന്തം കക്ഷിയെ കാണാനുള്ള അനുവാദം നിഷേധിച്ച് അസാധാരണമായ ഒരു വിധിയും മഥുര കോടതി പുറപ്പെടുവിച്ചു. രാജ്യത്തി​െൻറ നീതിന്യായചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അപൂര്‍വമാണ് ഇങ്ങനെയൊരു വിധിപ്രസ്​താവമെന്നു നിയമവൃത്തങ്ങൾ തന്നെ പറയുന്നു.

അഭിഭാഷകന്‍ മഥുര ജയില്‍ സന്ദര്‍ശിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ഒരു സ്‌കൂള്‍ കെട്ടിടം താല്‍ക്കാലിക ജയിലാക്കി മാറ്റി ഒരുപാടു പേരെ തിക്കിനിറച്ചു പാര്‍പ്പിച്ചിരിക്കുന്നു. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമൊന്നും അറിഞ്ഞ മട്ടുപോലുമില്ല. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ ഒന്നും പാലിക്കാതെ മനുഷ്യരെ മൃഗങ്ങളെപ്പോലെ തടവറയില്‍ തള്ളിയിരിക്കുന്ന അവസ്ഥ. പുറത്തു നിന്നു വന്നയാള്‍ അഭിഭാഷകനാണെന്നു കാഴ്ചയില്‍ മനസ്സിലായതോടെ സഹായം തേടിയുള്ള അഭ്യര്‍ഥനകള്‍, നിലവിളികള്‍ ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണെന്നാണ് അഡ്വ. വില്‍സ് മാത്യൂസ്​ പറയുന്നു.




കേവലയുക്തി, സംശയങ്ങള്‍

അറസ്​റ്റ്​ വിവരം വന്നതു മുതല്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. കാപ്പൻ എന്തിന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം സഞ്ചരിച്ചു? അവര്‍ക്കൊപ്പം അയാള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ സംഘടനയുമായി ബന്ധമുണ്ടാവില്ലേ? ഉത്തരം വളരെ ലളിതമാണ്​​: സിദ്ദീഖ്​ കാപ്പൻ ഒരു മാധ്യമപ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ടി​െൻറ പത്രമായ തേജസി​െൻറ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു കാപ്പന്‍. 2018ല്‍ ഈ പത്രം പൂട്ടിയ ശേഷം തത്സമയം പത്രത്തി​െൻറ ഡല്‍ഹി ലേഖകനായി. അതും അച്ചടി നിര്‍ത്തിയപ്പോഴാണ് ഈ വര്‍ഷം ജനുവരി മുതല്‍ അഴിമുഖം ലേഖകനാവുന്നത്. തേജസ് പത്രത്തില്‍ ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കാപ്പന്​ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടാവാം. അതിനര്‍ഥം അയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണ്​ എന്നല്ല.

ഒളിജീവിതം നയിച്ചുവന്ന വ്യക്​തിയല്ല സിദ്ദീഖ്​ കാപ്പൻ. ആറു വര്‍ഷത്തിലേറെയായി അ​ദ്ദേഹം ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. മലയാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊക്ക പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെയാണ് അയാളെ പരിചയം. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ പത്രപ്രവര്‍ത്തക യൂണിയനിലും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിലും അയാള്‍ക്ക് അംഗത്വം ലഭിച്ചതും പത്രപ്രവര്‍ത്തകനായതു കൊണ്ടാണ്. യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായി ​െതരഞ്ഞെടുക്കപ്പെട്ടതും ആ നിലയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്​.

ആ കാറില്‍ എന്തിന്​ സഞ്ചരിച്ചു എന്നതാണ് അടുത്ത ചോദ്യം. വാര്‍ത്ത തേടി പോകുന്നത്​ എങ്ങനെ വേണമെന്നതിൽ ലോകത്തൊരിടത്തും പെരുമാറ്റച്ചട്ടമൊന്നും നിലവിലുള്ളതായി അറിയില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ സഞ്ചരിച്ച കാറിലാണ് സിദ്ദീഖ് പോയതെന്നു വരികിലും ഏതു സാഹചര്യത്തിലാണ് അങ്ങനെ സഞ്ചരിച്ചതെന്ന വിശദീകരണം ആരും അറിഞ്ഞിട്ടില്ല. ദൂരയാത്ര വേണ്ടി വരു​േമ്പാൾ ചെലവ്​ കുറയ്​ക്കാനും മറ്റുമായി ഷെയർ ചെയ്​തു സംഭവസ്​ഥലത്തു പോകുന്നത്​ മാധ്യമപ്രവർത്തനത്തിൽ പുതുമയുള്ള കാര്യമൊന്നുമല്ലെന്ന്​ ഏതു പൊലീസിനും അറിയുന്ന കാര്യവുമാണ്​. അല്ലെങ്കിൽ തന്നെ പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പം യാത്ര ചെയ്യുന്നത്​ എങ്ങനെ യു.എ.പി.എ കുറ്റവും രാജ്യദ്രോഹവുമാകും. ​േപാപ്പുലർ ഫ്രണ്ട്​ നിലവിൽ രാജ്യത്ത്​ ഒരു നിരോധിത സംഘടനയല്ല. അതി​െൻറ നേതാക്കളും പ്രവർത്തകരും രാജ്യമാകെ സുഗമമായി സഞ്ചരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്​. സിദ്ദീഖിന്​ പോപ്പുലർ ഫ്രണ്ട്​ ബന്ധമോ അനുഭാവമോ ഇല്ലെന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്ന കാര്യമാണ്​. അഥവാ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽതന്നെ ആർ.എസ്​.എസുമായോ ബജ്​റംഗ്​ദളുമായോ ഉള്ള ബന്ധത്തി​െൻറ പേരിൽ രാജ്യത്തെവിടെയെങ്കിലും ഏതെങ്കിലും മാധ്യമ പ്രവർത്തകൻ അറസ്​റ്റി​ലായിട്ടുണ്ടോ എന്ന സിദ്ദീഖി​െൻറ ഭാര്യ റൈഹാനത്തി​െൻറ ചോദ്യം ഇവിടെ ഏറെ പ്രസക്​തമാണ്​. തേജസ്​ പത്രത്തി​െൻറ ​െഎഡൻറിറ്റി കാർഡ്​ കാപ്പ​െൻറ കൈയിൽനിന്നു പിടിച്ചെടുത്തു എന്നതാണ്​ യു.പി പൊലീസ്​ സത്യവാങ്​ മൂലത്തിൽ നിരത്തുന്ന മറ്റൊരു വലിയ അപരാധം. മുമ്പ്​ ജോലി ചെയ്തിരുന്ന സ്​ഥാപനത്തി​െൻറ കാർഡ്​ ബാഗിലോ മറ്റോ ഉണ്ടാവുന്നത്​ രാജ്യദ്രോഹമാവുന്നത്​ അതിവിചിത്രമായ നീതിന്യായമാണ്​. അഴിമുഖം ലേഖകനായാണ്​ കാപ്പൻ ഹാഥ്​റസിലേക്കു പോയതെന്നു കാട്ടി സ്​ഥാപന അധികാരികൾ നൽകിയ രേഖ സുപ്രീംകോടതിയിൽ ഹരജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്​ എന്നും അധികാരികൾ അതൊന്നു പരിശോധിച്ചാൽ മതിയെന്നും മാത്രമാണ്​ ഇതിന്​ നൽകാനുള്ള വിശദീകരണം.

സുപ്രീംകോടതിയില്‍ ജാമ്യഹര്‍ജി നല്‍കി രണ്ടു ദിവസത്തിനു ശേഷമാണ് സിദ്ദീഖ് കാപ്പന് ഉമ്മയുടെ ഫോണില്‍ വിളിച്ച് അഞ്ചു മിനിറ്റു സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നതും ​പ്രത്യേകം പരാമർശിക്കേണ്ട കാര്യമാണ്​. ഏറ്റവുമൊടുവിൽ സുപ്രീംകോടതി കേസ്​ പരിഗണിച്ചതി​െൻറ തലേന്ന്​ കാപ്പന്​ അഭിഭാഷകനെ ഫോണിൽ വിളിച്ചുനൽകി യു.പി പൊലീസ്​ പെ​െട്ടന്നു മര്യാദക്കാരായി മാറിയതും അന്യായ തടങ്കൽ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായി മാത്രമേ കാണാനാവൂ.

(കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeSidheeq Kappan
News Summary - siddique kappans detention is a shackle against justice
Next Story