സിക്കിം പ്രളയവും ഹിമാലയൻ പ്രതിസന്ധിയും
text_fieldsഈ മാസം നാലിന് പുലർച്ചെ സിക്കിമിൽ വ്യാപകനാശം വിതച്ച മിന്നൽ പ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും, ആയിരക്കണക്കിനാളുകളുടെ വീടുകൾക്ക് നാശമുണ്ടാകുകയും ചെയ്തു.
അനേകം പാലങ്ങളും റോഡുകളും പ്രളയത്തിൽ ഒലിച്ചുപോകുകയുണ്ടായി. ‘ടീസ്റ്റ’നദിയുടെ കുറുകെ പണിത ഒരുവമ്പൻ ജലവൈദ്യുതിപദ്ധതിയുടെ ഭാഗമായ അണക്കെട്ട് പ്രളയത്തിന്റെ ആഘാതത്തിൽ തകർന്നു. സമുദ്രനിരപ്പിൽനിന്ന് 5000 മീറ്റർ ഉയരെ ഹിമാലയ സാനുക്കളിൽ സ്ഥിതിചെയ്യുന്ന, ‘ലോനക്’ എന്ന ഹിമതടാകത്തിനു മീതെ സംഭവിച്ച മേഘവിസ്ഫോടനമാണ് പ്രളയമായി മാറിയത്.
ഹിമാലയത്തിലെ ഹിമതടാകങ്ങൾ മേഘവിസ്ഫോടനത്തെത്തുടർന്ന് കവിഞ്ഞൊഴുകുന്നത് ഇതാദ്യമല്ല. 2013-ൽ അളകനന്ദയിൽ ഉണ്ടായ മിന്നൽ പ്രളയം ഇതുപോലെ സംഭവിച്ചതാണ്. കേദാർനാഥ് ക്ഷേത്രത്തിന്പിന്നിൽ ഏതാണ്ട് 6000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘ചോറാബാരി’ ഹിമപ്പരപ്പുമായി (glacier) ബന്ധപ്പെട്ട ഹിമതടാകത്തിന്റെ ചിറ തകർന്നപ്പോൾ താഴേക്ക് കുതിച്ചെത്തിയ ജലതരംഗം ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്നെടുക്കുകയും നദിയുടെ കരകളിൽ വൻനാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
സമാനമാണ് ഉത്തരാഖണ്ഡിലെത്തന്നെ ചമോലിയിലുണ്ടായ മിന്നൽ പ്രളയവും അതോടനുബന്ധ ദുരന്താനുഭവങ്ങളും. അവിടത്തെ നദികളായ ഋഷിഗംഗയുടെയും, ധൗളിഗംഗയുടെയും, കരകളിൽ അത് നാശംവിതച്ചു. സിക്കിമിൽ കഴിഞ്ഞയാഴ്ച സംഭവിച്ചത് ഹിമാലയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ പിന്തുടർച്ചയായി വേണം കാണേണ്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന താപവർധന ഹിമാലയത്തിലെ ഹിമപാളികളെ ശുഷ്കമാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ ഉരുകിയെത്തുന്ന ജലം ഹിമതടാകങ്ങൾക്ക് രൂപംകൊടുക്കുന്നു. ഇതിന്റെ ഭാഗമായി ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും കൂടിക്കൊണ്ടിരിക്കുകയാണ്.
അങ്ങനെ ജലസമ്മർദം വർധിക്കുമ്പോൾ തടാകങ്ങളുടെ ചിറകൾ തകരുവാനിടയാകുകയും താഴ്വാരങ്ങളിലെ നദികളിൽ പ്രളയാവസ്ഥ സംജാതമാകുകയും ചെയ്യുന്നു. പ്രളയം ഒരുവൻ ദുരന്തമായി മാറുന്നത് നദീതടങ്ങളിലും മറ്റും ഉയർന്നുകൊണ്ടിരിക്കുന്ന മനുഷ്യനിർമിതികളുടെ എണ്ണവും സാന്ദ്രതയും കൂടുമ്പോഴാണ്.
ഹിമാലയനിരകളുടെ ഇടയിലൂടെ നിർമിച്ചുവരുന്ന ദേശീയപാതയുടെ മാതൃകയിലുള്ള വമ്പൻറോഡുകളും എണ്ണമറ്റ ജലവൈദ്യുതിപദ്ധതികളും അവിടങ്ങളിലെ ലോലമായ പരിസ്ഥിതിയെ തകിടം മറിക്കുന്ന രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭാഗത്തുള്ള ഹിമാലയത്തിൽ ഏതാണ്ട് 9575 ഹിമാനികൾ (glaciers) ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1960-നും 2000-നുമിടക്ക് 13 ശതമാനത്തോളം ഹിമാനികൾക്ക് പ്രദേശശോഷണം സംഭവിച്ചിട്ടുണ്ട്.
2014-ൽ ഭൂട്ടാന്റെ പടിഞ്ഞാറുഭാഗത്തുകൂടി ഒരു പഠനസംഘവുമായി ഞാൻ ഒരു കാൽനടയാത്ര നടത്തുകയുണ്ടായി. വഴികാട്ടിയായി ഒരുബുദ്ധഭിക്ഷു ഉണ്ടായിരുന്നു. പ്രായം അറുപതിനോടടുത്ത അദ്ദേഹം തന്റെ ബാല്യകാലമൊക്കെ ആ ഭാഗത്തുതന്നെയാണ് കഴിച്ചുകൂട്ടിയിരുന്നത്.
ഞങ്ങളുമായി നടക്കുന്ന വേളയിൽ ഹിമാലയത്തിനുവരുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ പ്രധാനപ്പെട്ട ഒരുകാര്യം ഹിമാനികളുടെ ശോഷണത്തെക്കുറിച്ചായിരുന്നു. ചക്രവാളത്തിലേക്കു കൈചൂണ്ടി താൻ അടുത്തുകണ്ടിരുന്ന ഹിമാനികൾ കണ്ണെത്താ ദൂരത്തേക്ക് അകന്നുപോയത് വേദനയോടെ അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു.
2019-ൽ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരുപഠനത്തിൽ ഹിമാനികളുടെ ശോഷണത്തെ ശാസ്ത്രീയമായിത്തന്നെ ശരിവെച്ചിരിക്കുന്നു. ഇന്ത്യയിലും, ചൈനയിലും, നേപ്പാളിലും, ഭൂട്ടാനിലുമുള്ള ഹിമപ്പരപ്പുകൾ ശോഷണം നേരിടുകയാണ്. ആഗോളതാപനത്തിൽ താപനില ക്രമാതീതമായി ഉയരുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.
1997-നുശേഷം ചൂടിൽ 0.66 ഡിഗ്രി വർധനവുണ്ടായിട്ടുണ്ട്. മൂന്നാം ധ്രുവപ്രദേശമായി (third pole) കണക്കാക്കപ്പെടുന്ന ഹിമാലയത്തിൽ സംഭവിക്കുന്ന ഈ ഹിമശോഷണം ആ പ്രദേശത്തുള്ള നദികളിൽ പ്രളയസമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ആ പ്രദേശങ്ങളിൽ ശീതകാലത്ത് അതിവൃഷ്ടിയുടെ വേളകൾ ഏറുകയും ചെയ്തിട്ടുണ്ട്.
ഹിമാലയത്തിൽ ഹിമതടാകങ്ങളുടെ രൂപവത്കരണത്തിന് സഹായകമായ കാലാവസ്ഥാ ഘടകങ്ങൾ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹിമാചൽപ്രദേശിലും, ഉത്തരാഖണ്ഡിലും അടുത്ത കാലത്ത് സംഭവിച്ച ദുരന്തങ്ങൾ അതിവൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹിമാനികൾ ശോഷിക്കുമ്പോൾ അവയാൽ നിക്ഷേപിക്കപ്പെട്ട പാറകളും അവശിഷ്ടങ്ങളും ഇത്തരം തടാകങ്ങളുടെ വരമ്പുകളായി മാറുന്നു. ഹിമപ്പരപ്പുകൾ ഉരുകുമ്പോൾ തടാകങ്ങളിൽ ജലം വന്നുനിറയുകയും പൊതുവെ ദുർബലമായ ഈ വരമ്പുകൾ തകരുകയും ചെയ്യുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്.
ഉപഗ്രഹങ്ങളിൽനിന്നുള്ള ചിത്രങ്ങൾ അപഗ്രഥനം ചെയ്യുന്നതിലൂടെ ഹിമതടാകങ്ങളുടെ വളർച്ചാതോതും അവിടങ്ങളിലെ ജലവിതാനത്തിൽ വന്നുകൊണ്ടിരിക്കുന്ന വ്യത്യാസങ്ങളും മനസ്സിലാക്കാൻ സാധിക്കും. സിക്കിമിലെ ‘ലോനക്’ തടാകത്തിലെ ജലവിതാനം കഴിഞ്ഞ 45 വർഷമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിനാൽ തന്നെ ഒരു ജലവിസ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പുണെയിലെ C-DAC എന്ന ശാസ്ത്രസ്ഥാപനം 2013-ൽ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്.
ഇതേ വസ്തുതകൾ ബാംഗ്ലൂർ ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (IISc) ഗവേഷകർ 2021ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2013ൽ സിക്കിം സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പ്രകടിപ്പിച്ചിരുന്ന താക്കീതുകളെ അധികാരികൾ ഗൗരവമായി എടുത്തിരുന്നെങ്കിൽ ഈ ദുരന്തത്തിന്റെ ആക്കം കുറക്കാമായിരുന്നു.
2017-ൽ 14,000 കോടി ചെലവാക്കി പൂർത്തിയാക്കിയതും പ്രളയത്തിൽ തകർന്നതുമായ അണക്കെട്ടിന്റെ നിർമാണത്തിൽ പ്രളയ മുൻകരുതലുകൾ എന്തുകൊണ്ട് എടുത്തിട്ടില്ല എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നതും അതുകൊണ്ടാണ്. അരുണാചലിലും, സിക്കിമിലും, ഉത്തരാഖണ്ഡിലും, ഹിമാചലിലും നിർമാണത്തിലിരിക്കുന്ന എല്ലാ അണക്കെട്ടുകളുടെയും ഭാവിയെക്കുറിച്ചും ഈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്ക്കണ്ഠപ്പെടേണ്ടതുണ്ട്.
അതോടൊപ്പം തന്നെ ആലോചിക്കേണ്ട മറ്റൊരു വിഷയമാണ് മിന്നൽ പ്രളയത്തിന് കാരണമാകുന്ന തടാക തകർച്ചയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുവാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത. ഹിമാലയൻ പ്രദേശങ്ങളിൽ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയെ ഒരു പാർലമെന്ററി കമ്മിറ്റി 2023-ൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ഇന്ന് ഹിമാലയത്തിൽ സർക്കാറിന്റെ നേതൃത്വത്തിൽ വികസനം എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അവിടത്തെ ലോലമായ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
ചാർധാം റോഡ്നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ രീതിയിൽ കുന്നുകളും കാടുകളും നിരപ്പാക്കി കൊണ്ടിരിക്കുന്നത് കുറ്റകരമെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്. അണക്കെട്ടുകളുടെ ഭാഗമായി നിർമിക്കുന്ന തുരംഗങ്ങളും മറ്റും ജോഷിമഠ് പോലുള്ള പ്രദേശങ്ങളുടെ നിലനില്പിനെത്തന്നെ ബാധിക്കുന്നതു നാം കണ്ടുകഴിഞ്ഞു. ഹിമാലയം പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നടപ്പാക്കുന്ന വികസന മാതൃകകളുടെ പുനർചിന്തനത്തിന്റെ ആവശ്യകതയെ സിക്കിം ദുരന്തം നമ്മെ ഓർമപ്പെടുത്തുന്നു.
(ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രഫസറും യു.എസിലെ കൺസോർട്യം ഫോർ സസ്റ്റൈനബ്ൾ ഡെവലപ്മെൻറ് ഡയറക്ടറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.