സിൽവർ ലൈൻ വിഡ്ഢിത്തം; സർവനാശം
text_fieldsസിൽവർലൈൻ റെയിൽ കേരളത്തിെൻറ വികസനക്കുതിപ്പിെൻറ പാത എന്നാണ് സർക്കാറും ഇടതുപക്ഷവും അവകാശപ്പെടുന്നത്. താങ്കൾ പദ്ധതിയെ ശക്തമായി എതിർക്കുകയാണ്..
സാമാന്യബുദ്ധിയുള്ള ഒരാൾക്കോ സർക്കാറിനോ സിൽവർലൈൻ പദ്ധതിയെ അംഗീകരിക്കാനാവില്ല. ഈ െറയിൽപാത ഉണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങൾ എങ്ങനെ കണ്ടില്ലെന്നു നടിക്കാൻ കഴിയും.
സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും ദുരന്തമാണ് ഈ പദ്ധതി. ഈ പദ്ധതിക്ക് ഒരു സാംഗത്യവുമില്ല. കേരളത്തിന് ഒട്ടും ആവശ്യമില്ലാത്ത ഒരു ആശയമാണത്. എതിർക്കുന്നത് ഞാൻ മാത്രമല്ലല്ലോ. ലോകത്താകമാനമുള്ള അതിവേഗ റെയിൽപാതകളെക്കുറിച്ച് വിശദപഠനം നടത്തിയ, ഇൗ വിഷയത്തിൽ ഇന്ത്യയിൽ ഏറ്റവും പ്രാഗല്ഭ്യമുള്ളയാൾ കൂടിയായ ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ, കൊങ്കൺ റെയിൽവേ യാഥാർഥ്യമാക്കിയ മലയാളികൂടിയായ െമട്രോമാൻ ഇ.ശ്രീധരൻ എന്നിവർക്കും കാര്യങ്ങൾ ബോധ്യമുണ്ട്.
താങ്കൾ കാണുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
വലിയതോതിൽ ഭൂമി ഏറ്റെടുക്കൽ വേണ്ടിവരും. വലിയ തോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരും. കുന്നിടിക്കണം. വയലുകളും ചതുപ്പുനിലങ്ങളും നികത്തണം. കുറെയേറെ കോൺക്രീറ്റ് പാലങ്ങളും ടണലുകളും നിർമിക്കണം. ഇതൊക്കെയുണ്ടാക്കുന്ന പരിസ്ഥിതി നാശം വളരെ വലുതാണ്. കേരളം ഇപ്പോൾതന്നെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭത്തിെൻറ പിടിയിലാണ്. കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും വിതച്ച വലിയ നാശങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടതാണ്. ഈ സാഹചര്യത്തിൽ കേരളത്തിലുടനീളം കുന്നിടിക്കുന്നതും വയൽ നികത്തുന്നതും കൂടുതൽ പ്രയാസങ്ങൾ ക്ഷണിച്ചുവരുത്തുന്ന നടപടിയാകും. ഇവയൊക്കെ അവഗണിച്ചാൽപോലും സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തികമായ നിലനിൽപും സാധ്യമല്ല.
സാമ്പത്തികമായി നിലനിൽക്കില്ലെന്ന് പറയാൻ ന്യായം?
ഒരുലക്ഷം കോടി രൂപയിലേറെ ചെലവാണ് 500 കി.മീ പാതക്കായി കണക്കാക്കുന്നത്. ഇത്ര ചെലവുള്ള ഒരു പദ്ധതി കേരളംപോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതല്ല. ജപ്പാൻ സർക്കാറിൽനിന്ന് നിസ്സാര പലിശക്ക് അല്ലെങ്കിൽ പലിശയില്ലാെത വായ്പ ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. പലിശയില്ലാതെ വായ്പ ലഭിച്ചാൽപോലും പലിശക്ക് സമാനമായ ബാധ്യത സംസ്ഥാന സർക്കാറിെൻറ തലയിൽ വരുമെന്നത് ഉറപ്പാണ്.
ജപ്പാൻ തരുന്ന വായ്പയുടെ തിരിച്ചടവ് നടത്തേണ്ടത് ജപ്പാൻ കറൻസിയായ യെന്നിലാണ്. ജപ്പാനിലെയും ഇന്ത്യയിലെയും പണപ്പെരുപ്പനിരക്ക് വെച്ച് കണക്കാക്കുേമ്പാൾ രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്ന ഇടിവ് വർഷംതോറും അഞ്ചു മുതൽ ആറു ശതമാനം വരെ വരുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ നോക്കുേമ്പാൾ ജപ്പാൻ സർക്കാർ പലിശയില്ലാതെ പണം നൽകിയാൽപോലും വർഷംതോറും അഞ്ചു മുതൽ ആറു ശതമാനം വരെ പലിശക്ക് സമാനമായ ബാധ്യത നമ്മുടെ തലയിൽ വരും. ഒരു ലക്ഷം കോടിക്ക് അഞ്ചു ശതമാനം കണക്കാക്കിയാൽ ഓരോ വർഷവും 5000 മുതൽ 6000 കോടിവരെ രൂപയുടെ അധിക ബാധ്യത. സ്റ്റാൻഡേഡ് ഗേജിലുള്ള 500 കി.മീറ്റർ റെയിൽപാതയിൽനിന്ന് പ്രവർത്തന ചെലവ് കഴിച്ച് ഇത്രയും തുകയും കെണ്ടത്താൻ കഴിയില്ലെന്നത് ഉറപ്പാണ്.
സ്റ്റാൻഡേഡ് ഗേജിലുള്ള ഡിസൈനിന് എന്താണ് പ്രശ്നം?
അത് വലിയൊരു പ്രശ്നം തന്നെയാണ്. രാജ്യത്ത് ഇപ്പോൾ നിലവിലുള്ള റെയിൽവേ ലൈനുകളെല്ലാം ബ്രോഡ് ഗേജിലുള്ളതാണ്. സിൽവർലൈനിൽ നിർമിക്കാൻ പോകുന്നത് സ്റ്റാൻഡേഡ് ഗേജ് പാളമാണ്. ബ്രോഡ് ഗേജിനേക്കാൾ വീതി കുറഞ്ഞതാണ് സ്റ്റാൻഡേഡ് ഗേജ് പാളം. അതായത് രണ്ടും രണ്ട് അളവിലുള്ള പാതകളായിരിക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ കഴിയില്ല. പ്രത്യേകമായി നിൽക്കുന്ന സിൽവർ ലൈനിെൻറ പൂർണതോതിലുള്ള ഉപയോഗം നടക്കില്ല. പദ്ധതി റിപ്പോർട്ട് തയാറാക്കാൻ തുടക്കത്തിൽ കേരള സർക്കാർ ചുമതല ഏൽപിച്ച ഏജൻസി 'സിസ്ട്ര' ശുപാർശ ചെയ്തത് ബ്രോഡ് ഗേജാണ്. അത് അവഗണിച്ചാണ് സ്റ്റാൻഡേഡ് ഗേജിലേക്ക് മാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അതിനുപിന്നിൽ വ്യക്തമായ താൽപര്യങ്ങളുണ്ട്.
എന്താണ് ആ താൽപര്യങ്ങൾ?
സ്റ്റാൻഡേഡ് ഗേജ് പാളത്തിൽ പദ്ധതി നടപ്പാക്കുേമ്പാൾ ബോഗികളും സാങ്കേതിക വിദ്യയും ഉൾപ്പെടെ എല്ലാം പൂർണമായും ഇറക്കുമതി ചെയ്യണം. വിദേശ ഇറക്കുമതിയും വിദേശ കരാറുകളുമൊക്കെ കോഴ എളുപ്പത്തിൽ കിട്ടുന്ന ഏർപ്പാടാണ്. മറ്റൊന്ന് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ്. പുതുതായി വരുന്ന സിൽവർലൈനിൽ സ്റ്റേഷനുകൾക്ക് സമീപത്തും മറ്റുംഭൂമി വാങ്ങിയിട്ടിരിക്കുന്നവർക്ക് പദ്ധതി വന്നാൽ വലിയ കോളായിരിക്കുമല്ലോ.
സിൽവർ ലൈൻ വേണ്ടെന്നു പറയുേമ്പാൾ മുന്നോട്ടുവെക്കാനുള്ള ബദൽ എന്താണ്?
അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട വിദഗ്ധനെന്ന നിലക്ക് അലോക് വർമ ചൂണ്ടിക്കാട്ടുന്ന ബദൽ പരിഗണിക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ നിലവിലെ പാതയിൽ പരമാവധി 100 കി.മീ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ഇപ്പോഴുള്ള പാത നവീകരിച്ചാൽ 150 കി.മീ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും. സിൽവർലൈൻ വന്നാൽ ട്രെയിൻ ഓടിക്കാവുന്ന പരമാവധി സ്പീഡ് 200 കി.മീ എന്നാണ് പറയുന്നത്. 50 കി.മീ സ്പീഡ് കൂടുതൽ കിട്ടാൻ വേണ്ടി, അതായത് കാസർകോടുനിന്ന് തിരുവനന്തപുരംവരെ യാത്ര ചെയ്യുേമ്പാൾ പരമാവധി ഒന്നോ ഒന്നരയോ മണിക്കൂർ യാത്രാസമയ ലാഭത്തിന് വേണ്ടിയാണ് പ്രകൃതിയെ നശിപ്പിച്ച്, നിരവധി പേരെ കുടിയൊഴിപ്പിച്ച്, ലക്ഷം കോടി ചെലവിട്ട് സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നത്. ഇത് എത്രത്തോളം വലിയ വിഡ്ഢിത്തമാണ്.
കേരളത്തിൽ തെക്കുവടക്ക് സഞ്ചരിക്കാൻ 200 കി.മീറ്റർ സ്പീഡിൽ സിൽവർ ലൈൻ വന്നാലും, നിലവിലെ പാത നവീകരിച്ച് 150 കി.മീ സ്പീഡ് ട്രെയിൻ വന്നാലുമുള്ള സാഹചര്യം താരതമ്യം ചെയ്തുനോക്കൂ. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ കൂടിയാൽ ഒന്നോ ഒന്നരയോ മണിക്കൂർ നേരത്തേ എത്തുമെന്നത് മാത്രമായിരിക്കും സിൽവർലൈൻ കൊണ്ടുള്ള നേട്ടം. അതിനുവേണ്ടി ലക്ഷം കോടി ചെലവഴിക്കണം. നിലവിലെ ലൈൻ നവീകരിക്കാൻ അതിെൻറ പത്തിലൊന്ന് ചെലവ് മതി. ഇത്രയും വിനാശകരമായ പദ്ധതി ഏതെങ്കിലും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് കരുതുന്നില്ല. യഥാർഥത്തിൽ സിൽവർലൈൻ പദ്ധതി ഇന്നത്തെ നിലയിൽ നടപ്പാക്കിയാൽ അത് കേരളത്തെ സാമ്പത്തികമായി നശിപ്പിക്കുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.