വാഗ്ദാന പെരുമഴയിൽ വെറുതെയൊരു ഉച്ചകോടി
text_fieldsലോകം കാത്തിരുന്ന ട്രംപ് -കിം ഉച്ചകോടി കഴിഞ്ഞിരിക്കുന്നു. എല്ലാവരും പ്രതീക്ഷിച്ചപോലെ ആണവ നിരായുധീകരണത്തിന് ആണയിട്ടു പിരിഞ്ഞതല്ലാതെ പുതിയ ചരിത്രമൊന്നും സൃഷ്ടിച്ചിട്ടില്ല. ഉച്ചകോടിക്കു സമാപനമായി ഇരുനേതാക്കളും സംയുക്ത വാർത്തസമ്മേളനം നടത്തി. സമഗ്രമായത് എന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ ധാരണയെ വിശേഷിപ്പിച്ചത്. കൊറിയൻ മേഖലയിൽ സമ്പൂർണ നിരായുധീകരണത്തിലൂടെ സമാധാനം നടപ്പാക്കുമെന്നാണ് ഉത്തര കൊറിയൻ ചെയർമാെൻറ ഉറപ്പ്. അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഉന്നയിച്ച ലിബിയൻ മാതൃകയിൽ ഉടക്കി ഉച്ചകോടി പൊടുന്നനെ മുടങ്ങിയിരുന്നു. ലിബിയൻ നേതാവായിരുന്ന മുഅമ്മർ ഖദ്ദാഫി 2004ൽ അമേരിക്കയുമായി ചേർന്നുണ്ടാക്കിയ കരാർ പ്രകാരം, ലിബിയൻ ആണവപരിപാടികൾ അവസാനിപ്പിച്ചു. അതേ അമേരിക്കയുടെ പിന്തുണയോടെ ഖദ്ദാഫിയുടെ അന്ത്യത്തിലേക്കാണ് ഇത് വഴി തെളിച്ചത് എന്ന കാര്യവും പച്ചപ്പരമാർഥം. സാമ്പത്തിക പ്രശ്നങ്ങൾ, മനുഷ്യാവകാശം തുടങ്ങിയ മർമപ്രധാന വിഷയങ്ങളിലേക്കൊന്നും ചർച്ചകൾ ഉണ്ടായില്ല. ഉച്ചകോടി നടന്നാൽ ഉത്തര കൊറിയൻ പ്രസിഡൻറിനുണ്ടാകുന്ന വ്യക്തിപരമായ നേട്ടം ഒരുപക്ഷേ, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു കാരണമായേക്കാം എന്ന ഭയവും ട്രംപിനെ അലട്ടുന്നുണ്ട്. അങ്ങനെയൊരു നേട്ടം തെൻറ ചെലവിൽ വേണ്ടെന്നാണ് ട്രംപിെൻറ മനസ്സു മന്ത്രിച്ചത്. എന്നാൽ, ഇത്തരം പിന്നാമ്പുറ കഥകൾക്കപ്പുറം സംഭവിക്കാവുന്ന ചില രാഷ്ട്രീയ മാനങ്ങളാണ് ട്രംപിെൻറ തീരുമാനത്തിനു പിന്നിൽ. ഉത്തര കൊറിയക്കു മുന്നിൽ പോയിരുന്നാൽ അമേരിക്കയുടെ പ്രതിച്ഛായക്കു മങ്ങലുണ്ടാകും. ഏഷ്യയിലും യൂറോപ്പിലും അമേരിക്കൻ വിരുദ്ധ വികാരമുണ്ടാകും. അത് മുതലാക്കി നവ-ശീതയുദ്ധമുന്നണി രൂപപ്പെടും. അമേരിക്ക ഒറ്റപ്പെടും. ഇങ്ങനെ നീളുന്നു അമേരിക്കയുടെ ആശങ്കകൾ.
ട്രംപ്-കിം ഉച്ചകോടിക്കു മുമ്പ് ലോകചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് ഉത്തര-ദക്ഷിണ കൊറിയകൾ ഏപ്രിൽ 27ന് കണ്ടുമുട്ടിയത്. ഇത് ഉന്നിെൻറ നയതന്ത്രപരമായ വിജയമായാണ് പരിഗണിക്കപ്പെടുന്നത്. ഉച്ചകോടിക്കു സമാപനമായി മേഖലയിൽ ശാശ്വത സമാധാനത്തിനുള്ള ധാരണ ഉടലെടുത്തു. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. കൊറിയകളുടെ പുനരേകീകരണം എന്ന ആശയത്തിലേക്കു ചർച്ചകൾ വഴിതെളിക്കുകയും അതിന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തുവരുന്നതും പുതിയ സമവാക്യങ്ങളുടെ സംരചനയാണ് സൂചിപ്പിക്കുന്നത്. ഇത് ട്രംപിനു മാത്രമല്ല, മറ്റു പല വൻശക്തികൾക്കും ദഹിക്കുന്നതല്ല.
നവ ശീതയുദ്ധത്തിൽ അമേരിക്ക ഒറ്റപ്പെടുകയും സോഷ്യലിസ്റ്റ് ചേരിയുടെ നവോദയത്തിന് അത് കാരണമാവുകയും ചെയ്യുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാൻ അമേരിക്ക ഇഷ്ടപ്പെടാത്തത് സ്വാഭാവിം. ഇതിനെ ഭീതിയോടെയല്ലാതെ അമേരിക്കക്കു നോക്കിക്കാണാനാവില്ല. ഇപ്പോൾതന്നെ അമേരിക്കയുടെ സഖ്യശക്തികളായി എണ്ണപ്പെടുന്നവരിൽ പലരും ട്രംപിെൻറ വിദേശനയത്തിൽ അസംതൃപ്തരും വിയോജിക്കുന്നവരുമാണ്. ഇറാൻ ആണവകരാറിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഈ ദിശയിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭ പോലും അമേരിക്കൻ നിലപാടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ, അന്താരാഷ്ട്രതലത്തിൽ കൂടുതൽ ഒറ്റപ്പെടുന്ന നടപടികളാണ് അമേരിക്കയുടെ ഭാഗത്തുണ്ടായിട്ടുള്ളത്. ഇതിെൻറ പാഠപുസ്തക ഉദാഹരണങ്ങൾ എണ്ണിപ്പറയാനേറെയുണ്ട്.
ആഭ്യന്തരകലാപം നേരിടുന്ന സിറിയക്കുനേരെ അമേരിക്കൻ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം വ്യോമാക്രമണം നടത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഇവിടെ റഷ്യ ഇടപെടുന്നതിനെ വിമർശിച്ചുകൊണ്ടിരുന്ന ജർമനി പക്ഷേ, ആക്രമണത്തിൽ പങ്കെടുത്തില്ല. അമേരിക്ക സിറിയയിലെ ഗവൺമെൻറിനെതിരെ അട്ടിമറിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ പക്ഷത്താണിവിടെ.
യുദ്ധത്തിനുള്ള അന്താരാഷ്ട്ര നിയമങ്ങളെപ്പോലും (വിയന്ന കൺവെൻഷൻ) കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ പരമാധികാര രാജ്യത്തിനുമേൽ കടന്നുകയറ്റം നടത്തിയതെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനോട് പ്രതികരിച്ചത്. ബഹുകക്ഷി ഉടമ്പടിയായ ഇറാൻ ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത് മേയ് 12നായിരുന്നു. ഒബാമയുടെ ചരിത്രനേട്ടമായി ഈ കരാർ വിശേഷിപ്പിക്കപ്പെട്ടതുകൊണ്ടാണ് കരാർ പുതുക്കുന്നതിൽനിന്ന് ട്രംപ് പിന്മാറിയത്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അമേരിക്കൻ നിലപാടിനെ അതിശക്തമായി എതിർത്തു.
എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയാണ്, തെൽഅവീവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അമേരിക്കൻ എംബസി ഒരു പ്രഖ്യാപനത്തിലൂടെ ജറൂസലമിലേക്ക് മാറ്റിയത്. ഇതിനെതിരെ ഫലസ്തീൻ ജനത നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താൻ ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിൽ 52 പേർക്കാണ് ജീവഹാനി സംഭവിച്ചത്. നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു. ഈ പരമ്പരയിൽ അവസാനമായിട്ടാണിപ്പോൾ സിംഗപ്പൂർ ഉച്ചകോടിയിൽനിന്ന് പിന്മാറിയിരിക്കുന്നത്.
ഏപ്രിൽ 27നു നടന്ന കൊറിയൻ ഉച്ചകോടിക്കിടെ, അമേരിക്കയുമായും മുഖാമുഖത്തിനു തയാറാണെന്ന് കിം ഉൻ പ്രഖ്യാപിച്ചയുടനെ അതേറ്റുപിടിച്ച് ആർത്തിയോടെ ക്ഷണം സ്വീകരിക്കുകയായിരുന്നു വൈറ്റ് ഹൗസ്. അന്ന് രഹസ്യാേന്വഷണ ഏജൻസി-സി.ഐ.എയുടെ തലവനായിരുന്ന മൈക്ക് പോംപിയോ ഉടൻതന്നെ ഉത്തര കൊറിയയിലേക്ക് ഒരു രഹസ്യ സന്ദർശനം നടത്തി ഉച്ചകോടിക്കുവേണ്ട നിലപാടുതറയും ഒരുക്കിയാണ് മടങ്ങിയത്. ഈ നീക്കമെല്ലാം ട്രംപിെൻറ അറിവോടെയും ആശീർവാദത്തോടെയുമാണ് പോംപിയോ നടത്തിയത്. പിന്നീടിങ്ങോട്ട് ഉച്ചകോടിയുടെ നടത്തിപ്പുകാരനായി ചമഞ്ഞതും ട്രംപുതന്നെ. ഉച്ചകോടിക്കുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചത് അമേരിക്കൻ സൗകര്യം നോക്കിമാത്രം. എന്നിട്ടും അവസാന നിമിഷം ചുവടുമാറ്റിയതും അമേരിക്ക. ഈ അവസരവാദത്തെ അമേരിക്കൻ ശൈലിയെന്നാണ് നയതന്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം, അമേരിക്കയുടെ നിറംമാറ്റം ഇതാദ്യമല്ല എന്നതുതന്നെ.
കൂടിക്കാഴ്ചക്കു മുന്നോടിയായി ഉത്തര കൊറിയ ലോകമാധ്യമങ്ങളെ സാക്ഷിനിർത്തി തങ്ങളുടെ ആണവനിലയങ്ങൾ തകർത്തു. തകർച്ചയിലായ നിലയങ്ങളാണ് നശിപ്പിച്ചതെന്ന വാർത്തയും പരക്കുന്നുണ്ട്. എന്തായാലും ആണവനിലയങ്ങളൊന്നും പുനരുജ്ജീവിപ്പിച്ചില്ല എന്നത് ആശ്വാസകരം.
പക്ഷേ, ഇതൊന്നുമല്ല അമേരിക്ക പരിഗണിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചതിനു പിന്നാലെ ചൈനയിൽ രണ്ടുതവണ കിം സന്ദർശനം നടത്തിയിരുന്നു. ഷി ജിൻപിങ്ങുമായി ചേർന്ന് തയാറാക്കിയ ഗൃഹപാഠവുമായിട്ടാണ് കിം ഉച്ചകോടിക്കെത്തുന്നത് എന്നതാണ് ട്രംപിെൻറ പേടിസ്വപ്നം. ഇതാണ് കഴിഞ്ഞമാസം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ, ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ എന്നിവരുമായി ട്രംപ് പങ്കുവെച്ചത്. അന്നാണ് കിം ഉന്നുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായില്ലെങ്കിൽ പിന്മാറുമെന്ന് ആദ്യമായി ട്രംപ് പ്രഖ്യാപിച്ചത് എന്നകാര്യം സ്മരണീയം. ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സന്തത സഹചാരിയെന്ന പദവിയിൽ ഇപ്പോൾ ജപ്പാൻ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ചൈനക്കു മേൽക്കൈ വരുന്ന ഏതൊരു സാഹചര്യവും ഒഴിവാക്കാനാണ് ജപ്പാനിഷ്ടം.
ട്രംപ്-കിം ഉച്ചകോടി തന്ത്രപരവും തദ്ദേശീയവുമായ ഒരു തീരുമാനം എന്നതിനപ്പുറം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമെന്നാണ് നയതന്ത്ര വിദഗ്ധരുടെ പക്ഷം. കാരണം, ഈ ഉച്ചകോടിയെ ഉദാരമായി പിന്തുണച്ച റഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ അവരുടെ ആശങ്ക അർഥശങ്കക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പേരിനുവേണ്ടി ശ്ലാഘിച്ച ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളൊന്നും പ്രതികരിച്ചുകണ്ടില്ല. ഇവിടെയാണ് സാമ്രാജ്യത്വ ഗൂഢാലോചനയും അട്ടിമറിയും ആരോപിക്കപ്പെടുന്നത്. അതുകൊണ്ടാണ് മൗനം ഭജിക്കുന്നവരെല്ലാം അണിയറയിൽ ഈ ഉച്ചകോടിക്കെതിരെ ചരടുവലിച്ചവരാണെന്ന സംശയവും ബലപ്പെടുന്നത്. മൗനം പലപ്പോഴും വാചാലമാകുന്നതുപോലെ ഇവിടെയും.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.