ഭൂമിയിലെ നരകമായി സിറിയ
text_fieldsയുദ്ധത്തിെൻറ കെടുതിയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തിയതാണ് വലീദ്. ചികിത്സ ആരംഭിച്ച് മൂന്നാം ദിവസമായിട്ടേയുള്ളൂ. ആശുപത്രിക്കുമേൽ അതാ, വലിയൊരു ശബ്ദം. ഒന്നും നോക്കിയില്ല, മൂത്രക്കുഴലും ഓക്സിജൻ ബോട്ടിലും വയറ്റിൽ അണിഞ്ഞ ഓപറേഷൻ ബാൻഡേജും മൂക്കിനു ചുറ്റും കെട്ടിയ മാസ്കുമൊക്കെയായി എടുത്തോടുകയായിരുന്നു. ആശുപത്രിയിൽനിന്ന് എഴുന്നേറ്റ് ഓടിയ ഈ യുവാവിെൻറ ചിത്രം സിറിയയിലെ ഗൂതയിൽനിന്ന് ലോകം കണ്ടു. ഇതെഴുതുമ്പോൾ ഒരാഴ്ചക്കുള്ളിൽ അറുനൂറിലധികം ആളുകൾ ഇൗ സിറിയൻ നഗരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. 2018 മാർച്ചിലേക്ക് കനലുകത്തുന്ന യുദ്ധപ്പുകയുടെ ദുരന്തപൂർണമായ എട്ടു വർഷം തികഞ്ഞു.
കിഴക്കൻ സിറിയയിലെ ഗൂത നഗരം കേന്ദ്രീകരിച്ചാണ് ഇപ്പോൾ യുദ്ധം കൊടുമ്പിരിക്കൊ ള്ളുന്നത്. 2013ൽ ഈ നഗരത്തിലാണ് സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ച് ആയിരങ്ങളെ കൊന്നൊടുക്കിയത്. ബാരൽ ബോംബുകൾ മുതൽ ശ്വാസംമുട്ടിച്ച് കൊല്ലുന്ന രാസായുധം വരെ ഈ നഗരത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് അംഗീകൃത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞുങ്ങളും കുടുംബങ്ങളും അലമുറയിടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പാൽമിറയും അലപ്പോയും തകർത്തുതരിപ്പണമാക്കിയശേഷം ഇപ്പോൾ ജനനിബിഡമായ ഗൂതയിൽ നരനായാട്ട് തുടരുകയാണ്. തങ്ങളെ രക്ഷിക്കാൻ ആരെങ്കിലുമു ണ്ടോ എന്ന് ഉറ്റുനോക്കുന്ന 200ഓളം കുട്ടികളുടെ ജീവൻ ഈ കഴിഞ്ഞ ഏതാനും ദിനങ്ങളിലായി പൊലിഞ്ഞു. ബോസ്നിയൻ വംശഹത്യക്കാലത്ത് സ്രെബ്രനീസയിൽ നടന്ന കൂട്ട നരഹത്യയോടാണ് വാർത്താനിരീക്ഷകർ ഗൂതയിലെ കൂട്ടക്കുരുതിയെ സമീകരിക്കുന്നത്.
ജീവിതത്തിെൻറ മാധുര്യമറിഞ്ഞിട്ടില്ലാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം കേൾക്കാൻ ലോകത്തെ ഒരു വൻശക്തിക്കും ഇതുവരെ സാധിച്ചിട്ടില്ല. യുദ്ധം വേട്ടയാടിയ ഈ പട്ടണത്തിൽ ഇനിയെന്താണു ബാക്കിയുള്ളത്? ഈ നഗരത്തിെൻറ മുഴുവൻ സ്വപ്നങ്ങളും നേരത്തേ വിവിധ രൂപേണ തല്ലിക്കെടുത്തിയിരുന്നു. അതിനു പുറമെയാണ് റഷ്യയുടെ സഹായത്തോടെ സിറിയൻ ഭരണകൂടം ഇപ്പോൾ വിമതരെ തുടച്ചുനീക്കാനെന്നവണ്ണം കൂട്ടക്കുരുതി നടത്തുന്നത്.
എന്തുകൊണ്ട് സിറിയ?
സിറിയ ഇറാഖ് പോലെ പ്രകൃതിവിഭവങ്ങളാൽ സമ്പദ്സമൃദ്ധമായ ഒരു രാജ്യമൊന്നുമല്ല. എന്നാൽ, ഭൂപ്രകൃതിയേക്കാൾ ഭൂമിശാസ്ത്രപരമായ വളരെയധികം പ്രത്യേകതകൾ ഈ രാജ്യത്തിനുണ്ട്. സിറിയയുടെ സ്ഥാനം അയൽരാജ്യമായ ഇസ്രായേലിനാണ് ഏറ്റവും തലവേദന സൃഷ്ടിക്കുന്നത്. ഒരു ഭാഗത്ത് ഈജിപ്തും മറുഭാഗത്ത് ജോർഡനും. രണ്ടും മുസ്ലിം രാജ്യങ്ങളാണ്. ചില താൽക്കാലികമായ നീക്കുപോക്കുകളിൽ ഈ രണ്ട് രാജ്യങ്ങളെയും സ്വാധീനിക്കാൻ ഇപ്പോൾ ഇസ്രായേലിനു കഴിഞ്ഞിട്ടുണ്ടെങ്കിലും അതിവിദൂര ഭാവിയിൽ വലിയ അപകടം പതിയിരിക്കുന്നതായി അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ സിറിയ മാത്രമായിരിക്കും പിന്നീട് രക്ഷപ്പെടാനുള്ള ഏക സ്ഥലം. അതിനാൽ സിറിയയുടെ നിസൈനികവത്കരണം ഇസ്രായേലിനു വേണ്ടി ചില പാശ്ചാത്യ രാജ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു. പട്ടാളത്തോടൊപ്പം കഴിയുന്നത്ര സിവിലിയന്മാരെയും ഉന്മൂലനം ചെയ്യുകയെന്ന ഹീനമായ ദൗത്യമാണ് സിറിയയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വംശീയ ഉന്മൂലനംകൂടി ലക്ഷ്യംവെച്ചാണ് സുന്നി ഭൂരിപക്ഷകേന്ദ്രം കൂടിയായ ഗൂത തിരഞ്ഞെടുത്തിരിക്കുന്നത്. തലസ്ഥാനമായ ഡമസ്കസിനു ചുറ്റും ശിയാ അലവി വിഭാഗത്തിെൻറ ശക്തികേന്ദ്രമാക്കുകയെന്ന ഗൂഢമായ ലക്ഷ്യത്തിനായി ഇറാെൻറ നിർദേശത്തിൽ അസദ് ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണിത്.
വിമതരെയും തീവ്രവാദികളെയും കീഴ്പ്പെടുത്തുകയെന്ന പേരിലാണ് ഇപ്പോൾ റഷ്യയെ കൂട്ടുപിടിച്ച് ജനങ്ങളെ കൂട്ടക്കുരുതി നടത്തുകയും അതുവഴി രാജ്യത്തെതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. വീര്യമുള്ള രാസായുധങ്ങൾപോലും ഉപയോഗിച്ച് പൗരന്മാരെ ഉന്മൂലനാശം വരുത്തുന്ന രാജ്യത്തിെൻറ അധിപന് അന്താരാഷ്ട്ര ശക്തികൾ എല്ലാ സഹായങ്ങളും നൽകുന്നു. യുദ്ധക്കുറ്റവാളിയെന്ന് എല്ലാവരും വിധിയെഴുതിയിട്ടും രാജാവാക്കി വാഴിക്കുന്നു. ഇതിെൻറയെല്ലാം പിന്നിലുള്ള ദുഷിച്ച രാഷ്ട്രീയം വല്ലാതെ ചർച്ചക്ക് വരുന്നുമില്ല. സിറിയയെ വിഭജിച്ച് ചിലതിൽ ചിലർക്ക് ആധിപത്യം പുലർത്താൻ കളമൊരുക്കുകയാണ് വൻശക്തികൾ. യുദ്ധത്തിൽ പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും വിട്ടുകിട്ടണമെന്നും അവർക്ക് വേണ്ട ചികിത്സയും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് തുർക്കി പ്രസിഡൻറ് ഉർദുഗാൻ മുന്നോട്ടുവന്നെങ്കിലും അസദ് ഭരണകൂടം അതിനു തയാറായില്ല.
െഎക്യരാഷ്ട്രസഭയുടെ ദൗത്യം
രാവിലെ അഞ്ചു മണിക്കൂർ വെടിനിർത്തൽ; വൈകീട്ട് യുദ്ധവും അറുകൊലയും^ ഇതാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശത്തിന്മേൽ റഷ്യ നൽകിയ പരിഹാരം. ഘോരയുദ്ധം തുടങ്ങി നാലാം ദിനം ഗൂതയിൽ വെടിനിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുമുള്ള യു.എൻ പ്രസ്താവന വന്നു. ഇത് വെറും നാടകമായിരുന്നുവെന്ന് തൊട്ടടുത്ത ദിനംതന്നെ വ്യക്തമായി. വെടിനിർത്താൻ പ്രത്യേകിച്ച് കരാറുകളൊന്നുമുണ്ടായില്ല. അംഗരാജ്യങ്ങൾ കൂടുതൽ വേഗത്തിൽ കൂടുതൽ ജാഗ്രതയിൽ ഇടപെടലുകൾ നടത്തുമ്പോൾ വെറും നോക്കുകുത്തിയാവാനേ ഐക്യരാഷ്ട്രസഭക്ക് കഴിയുന്നുള്ളൂ. ഐക്യരാഷ്ട്രസഭ രൂപവത്കരണത്തിനു കൃത്യമായ ചില ദൗത്യങ്ങളുണ്ടായിരുന്നു. ഇതര രാജ്യങ്ങൾ അതു മാനിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് അങ്ങനെയൊന്നുമുണ്ടാവുന്നില്ലെന്നു മാത്രമല്ല, യുദ്ധം നടത്തുന്ന രാജ്യങ്ങൾ യു.എൻ നിർദേശങ്ങളെയും വോട്ടിങ്ങിനെയും ലംഘിച്ച് മുന്നോട്ടുപോവുകയാണ്. യു.എൻ ആവശ്യം അയഥാർഥവും കാര്യങ്ങളെ ഉൾക്കൊള്ളാതെയുള്ളതുമാണെന്നും യുദ്ധത്തിനു നടുവിൽനിന്ന് പിന്തിരിപ്പിക്കുന്നത് അനുചിതമാണെന്നും റഷ്യയുടെ യു.എൻ അംബാസഡർ വാസിലി നിബെൻസ്യ തുടക്കത്തിലേ പ്രതികരിച്ചിരുന്നു. യുദ്ധക്കളത്തിൽ രാസായുധം പ്രയോഗിക്കാൻ പാടില്ലെന്ന അന്താരാഷ്ട്ര നിയമം ഉണ്ടായിരിക്കെ ജനങ്ങൾക്കുനേരെ അസദ് ഭരണകൂടം രണ്ടിലേറെ തവണ രാസായുധം പ്രയോഗിച്ചിട്ടും ഇന്നുവരെ അവയെ നിർവീര്യമാക്കാനോ അടിയറവ് പറയിക്കാനോ ഐക്യരാഷ്ട്രസഭക്ക് സാധിക്കുന്നില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയെന്ന പേരിൽ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുപോലും ചടങ്ങിനായിരിക്കുന്നു. യു.എൻ തന്നെ ഇല്ലാതായേക്കുമെന്ന ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പ്രസ്താവന വളരെ ഗൗരവമുള്ളതാണ്.
സിറിയയിൽ രക്ഷാദൗത്യം ഏറ്റെടുക്കുന്നതിൽ യു.എൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾക്ക് ഏറെയൊന്നും ചെയ്യാനാകുന്നില്ല. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ബങ്കറുകളിൽ അഭയംപ്രാപിച്ചിരിക്കുന്നു. മതിയായ ആംബുലൻസില്ലാതെ മരിച്ചവരെയുംകൊണ്ട് ജനം നെേട്ടാട്ടമോടുന്ന കാഴ്ചകൾ നിത്യസംഭവമായിരിക്കുന്നു. വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന ഗർഭിണികൾ, ആശുപത്രിക്കിടക്കയിൽ കുടിക്കാൻ വെള്ളം ലഭിക്കാതെ ഭർത്താവ് മരിക്കുന്നത് കണ്ട് കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാനാകാതെ കരയുന്ന നഴ്സുമാർ, അടിയന്തര വൈദ്യസഹായം ലഭിക്കാതെ നരകിക്കുന്ന സ്ത്രീകളും കുട്ടികളും...ഇങ്ങനെ അത്യന്തം ദയനീയമാണ് കാഴ്ചകൾ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ കിടത്താൻ ഇൻകുബേറ്ററുകളില്ലാത്തതിനാൽ നവജാത ശിശുക്കളെ കസേരയിൽ കിടത്തുന്ന, ആവശ്യത്തിനു സിറിഞ്ചുകൾ ലഭിക്കാത്തതിനാൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടിവരുന്ന, ഒരു ഓക്സിജൻ ബോട്ടിലിൽനിന്ന് രണ്ടു പേർക്ക് വീതിച്ചുനൽകേണ്ടിവരുന്ന ആശുപത്രികളിലെ കാഴ്ചകൾ കരളലിയിക്കുന്നവയാണ്.
ഏറ്റവും വീര്യമുള്ള ആയുധങ്ങൾ പ്രയോഗിച്ചാണ് റഷ്യ യുദ്ധം നയിക്കുന്നത്. യുക്രെയ്നിൽ യുദ്ധത്തിൽ പരിശീലനം സിദ്ധിച്ച 2500ഓളം കൂലിപ്പട്ടാളക്കാരെ ഇറക്കിയാണ് അവർ കളിക്കുന്നത്. പാൽമിറയിലും അലപ്പോവിലും ഇവരെ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലിനും ഇറാനും സിറിയയിലുള്ളത് വ്യത്യസ്തമായ താൽപര്യങ്ങളാണ്. അവ തമ്മിൽ ചിലപ്പോഴെല്ലം നേർക്കുനേരെ ഏറ്റുമുട്ടുന്നതും കാണാം. ഒരു ഇസ്രായേലി യുദ്ധവിമാനം അടിച്ചിട്ടതും ഇറാൻ ഡ്രോൺ തകർന്നുവീണതും ഈ ഫെബ്രുവരിയിലായിരുന്നു. ഇസ്രായേലിെൻറ താൽപര്യം നന്നായറിയുന്ന റഷ്യക്കും അതിൽ ഇടപെടാനാകുന്നില്ല. 1973നുശേഷം ആദ്യമായാണ് ഇസ്രായേൽ സിറിയയിൽ നേരിട്ട് ഇടപെടുന്നത്. എന്നാൽ, ഇറാെൻറയും ലബനാനിലെ ഹിസ്ബുല്ലയുടെയും അന്യായമായ ഇടപെടലാണ് ഇസ്രായേലിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസ്താവനയിറക്കിയെങ്കിലും അവരുടെ ഇപ്പോഴത്തെ ഇടപെടൽ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണതയിലേക്കെത്തിച്ചേക്കും. അതേസമയം, ഐ.എസിനെയും അൽഖാഇദയെയും സ്പോൺസർ ചെയ്തത് ഇസ്രായേലാണെന്നും അവരെ തുരത്തുന്നത് നേരിൽ കാണേണ്ടിവന്നതിനാൽ പുതിയ ഇടപെടലുമായി വന്നിരിക്കുകയാണെന്നും ഇറാനും ആരോപിക്കുന്നുണ്ട്. ഇറാെൻറ പേരുപറഞ്ഞ് ലോകത്തുടനീളം ഭയം നിറച്ച് യാഥാർഥ്യങ്ങളെ മറച്ചുപിടിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തിയിരുന്നു.
സിറിയ ലോകത്തിനു നൽകുന്ന അപകടകരമായ ഒരു സന്ദേശമുണ്ട്. ഏകാധിപതികളായ ഭരണകർത്താക്കൾക്കെതിരെ ഇനിയൊരിക്കലും ജനങ്ങൾ ശബ്ദമുയർത്തരുതെന്ന സന്ദേശം. അറബ് വിപ്ലവത്തിനെതിരെ, ലോകത്തെല്ലാ അറബ് ഭരണാധികാരികളുടെയും ഒത്താശയോടെ അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ പൊതുജനങ്ങളുടെ അഭിലാഷങ്ങളെ അക്രമാസക്തമായി തല്ലിക്കെടുത്തുകയും ആയുധങ്ങൾകൊണ്ട് കീഴ്പ്പെടുത്തുകയുമാണ്. എല്ലാ ഏകാധിപതികളുടെയും രാജാക്കന്മാരുടെയും ആവശ്യമാണിത്. ഒളിഞ്ഞും തെളിഞ്ഞും അസദിനു കിട്ടിയ പിന്തുണ ഈ ആശയത്തിനു വെള്ളവും വളവും നൽകാനാണ്.
സിറിയയിലെ ബശ്ശാർ ഭരണകൂടം മിഡിൽ ഈസ്റ്റിന് ബാധിച്ച വലിയ കാൻസർ തന്നെയാണെന്നറിഞ്ഞിട്ടും അതിനെ ബാൻഡേജ് ഒട്ടിച്ച് ശമിപ്പിക്കാനാണ് അന്താരാഷ്ട്ര ശക്തികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇത് മിഡിൽ ഈസ്റ്റിനു മാത്രമല്ല, ലോകത്തുടനീളമുള്ള മാനവികതയെ ബാധിച്ച ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് രണ്ടാം ലോകയുദ്ധത്തിനു സമാനമായ ഗതി വരാതിരിക്കാൻ ലോകരാജ്യങ്ങൾ ജാഗ്രതയോടെ വിഷയങ്ങളിൽ ഇടപെട്ടേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.