ചെറുധാന്യങ്ങളും പുരയിട കൃഷിയും ഭക്ഷ്യസുരക്ഷക്ക്
text_fieldsലോക ഭക്ഷ്യസുരക്ഷ, അതിലേറെ പോഷകാഹാര സുരക്ഷ അനേകം വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആഗോള വിശപ്പ് സൂചിക 2022 അനുസരിച്ചു ലോകത്താകമാനം 82.8 മില്യൺ ആളുകൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല. 121 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പട്ടികയിൽ 107ാമത്തെ സ്ഥാനത്താണ് നമ്മുടെ ഇന്ത്യ എന്നത് ഏറെ ചിന്തിക്കേണ്ട ഒരു കാര്യമാണ്. ഭക്ഷണോല്പാദനത്തിലും വിതരണത്തിലും വേണ്ടത്ര ശ്രദ്ധകൊടുത്തുവേണം ഈ വിഷയം പരിഹരിക്കാൻ.
കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഭക്ഷണോൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. വെള്ളപ്പൊക്കവും വരൾച്ചയും രോഗകീടങ്ങളുടെ ആക്രമണവും എല്ലാം ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. വിലവർധനവും വിതരണ ശൃംഖലകളിലെ അപാകതകളും സാധാരണക്കാരുടെ ഭക്ഷണ സുരക്ഷയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ചെറുധാന്യങ്ങൾക്കും(Milletes) പുരയിട പോഷകാഹാര തോട്ടങ്ങൾക്കും (Homestead Farming) മൂല്യം കൈവരുന്നത്.
ചെറുധാന്യങ്ങളുടെ കൃഷി വ്യാപനം
പോഷകാഹാര സുരക്ഷക്കും ആരോഗ്യ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായ ഏറ്റവും മികച്ച പ്രതിരോധം ആണ്. ചോളം നെല്ല്, ഗോതമ്പ് എന്നിങ്ങനെയുള്ള ഇതര ധാന്യങ്ങളെ അപേക്ഷിച്ച് ചെറുധാന്യങ്ങൾക്ക് ഔഷധ-പോഷക ഗുണങ്ങൾ ഏറെ കൂടുതൽ ആണ്. ഇവയുടെ പ്രാധാന്യം കണക്കിലെടുത്ത് ലോക ഭക്ഷ്യ കാർഷിക സംഘടനയും ഐക്യരാഷ്ട്ര സംഘടനയും 2023 നെ ചെറുധാന്യങ്ങളുടെ വർഷമായാണ് കണക്കാക്കുന്നത്.
ഒരുപക്ഷേ, മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത് കൃഷിചെയ്യാൻ ശ്രമിച്ച ആദ്യ ചെടികളിൽ ഒന്ന് ഏതെങ്കിലുമൊരു ചെറുധാന്യം ആയിരിക്കണം! വേഗത്തിലുള്ള വളർച്ച, സൂക്ഷിക്കാനുള്ള എളുപ്പം, കുറഞ്ഞ രോഗ കീടങ്ങളുടെ ആക്രമണം എന്നിവയെല്ലാം കാരണം ഏഷ്യൻ ആഫ്രിക്കൻ വൻകരകളിലെ പ്രധാനപ്പെട്ട ഭക്ഷണ വസ്തുക്കളിൽ ഒന്നായി ഇവ. വളക്കൂറ് തീരെ കുറഞ്ഞ മണ്ണിലും, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും കുറഞ്ഞ പരിചരണംകൊണ്ട് മെച്ചപ്പെട്ട വിളവുനല്കാൻ കഴിവുള്ളവ ആണ് ചെറുധാന്യങ്ങൾ.
ധാരാളം വിറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനു പുറമെ നാരുകളുടെ അളവും വളരെ കൂടുതൽ ആണ്. ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവായതിനാൽ പ്രമേഹരോഗ ബാധിതർക്കും ചെറുധാന്യങ്ങൾ ഉപയോഗിക്കാം.
തിരിച്ചുപിടിക്കണം പുരയിട പോഷക വിളവൈവിധ്യത്തെ
ലോകത്തെ 80 വരുന്ന അതിദരിദ്രർ, ഗ്രാമങ്ങളിൽ വസിക്കുന്നവരും കൃഷിയെയും പ്രകൃതിയെയും മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് എന്നത് ഭക്ഷ്യപോഷകാഹാര സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന വൈരുധ്യമാണ്. കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം നടന്നതിന് ശേഷം വീടും പുരയിടവും എന്ന തരത്തിൽ കൃഷിഭൂമിക്ക് മാറ്റങ്ങൾ വന്നത് കേരളത്തിന്റെ ഒരു സവിശേഷ സാഹചര്യം ആണ്. ആകയാൽ ഭക്ഷ്യസുരക്ഷക്കും പോഷകാഹാര സുരക്ഷക്കുമായി പുരയിട കൃഷിക്ക് അനന്തസാധ്യതകൾ ആണ് ഉള്ളത്.
വീട്ടുപറമ്പിലെ വിളവൈവിധ്യം കൂടുന്തോറും ഭക്ഷ്യപോഷകാഹാര സുരക്ഷയും വർധിക്കുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വസ്തുതയാണ്. ചെറുകിട അല്ലെങ്കിൽ നാമമാത്ര കർഷകരിൽ ആണ് ഈ രീതിയിൽ ഭക്ഷണകുട്ടയുടെ വൈവിധ്യം ഏറെ പ്രത്യക്ഷത്തിൽ വലുതെന്ന് കാണാൻ കഴിയും.
കാലാവസ്ഥാ മാറ്റത്തിെന്റ കാലത്ത് കാർഷിക ജൈവവൈവിധ്യത്തെ കൃഷിയിടത്തിൽ തന്നെ പരിപാലിക്കുന്നത് വിളവൈവിധ്യത്തിന്റെ ഓരോ കാലത്തെയും ഉല്പാദന ക്ഷമതയും കീടരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവും മനസ്സിലാക്കുന്നതിന് കാരണം ആവുന്നുമുണ്ട്.
നാം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമായ പോഷകാഹാരക്കുറവ് പ്രത്യേകിച്ചും ന്യൂനപോഷണക്കുറവ് പരിഹരിക്കാൻ പരമ്പരാഗത നെല്ലിനങ്ങൾ, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലകൾ, പച്ചക്കറികൾ എന്നിവ സഹായിക്കും എന്നത് കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രത്യേകിച്ച് പരമ്പരാഗത വിളവൈവിധ്യത്തിന്റെ സംരക്ഷണ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഗാർഹിക പോഷകാഹാരത്തോട്ടങ്ങൾ
ഗാർഹിക/അടുക്കള പോഷകാഹാരത്തോട്ടങ്ങൾ മലയാളി ജനതയുടെ സംസ്കാരത്തിന്റെതന്നെ ഭാഗമായിരുന്നു. പക്ഷേ, കാലാന്തരത്തിൽ ഗാർഹിക പോഷകാഹാര തോട്ടങ്ങളിൽ വിളവൈവിധ്യം ചുരുങ്ങിവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭൂരഹിതർ, കർഷകർ തുടങ്ങിയവർ ഭക്ഷ്യപോഷകാഹാരകുറവ് നേരിടുന്നതിനാൽ ഇത്തരം ജനവിഭാഗങ്ങളുടെ ഭക്ഷ്യ പോഷകാഹാരസുരക്ഷ ഉറപ്പാക്കാൻ പരിഷ്കരിച്ച പ്രാദേശിക മാതൃകകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രാദേശികവും പോഷകസമ്പുഷ്ടവുമായ വിളകൾ പോഷകാഹാര തോട്ടത്തിൽ ഉൾപ്പെടുത്തുന്നത് കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിനും പോഷകസുരക്ഷക്കും അഭികാമ്യമാണ്.
പ്രാദേശിക കാർഷിക വ്യവസ്ഥയെ പരിപോഷിപ്പിക്കൽ ഉൽപാദനം മുതൽ വിതരണം വരെയുള്ള ശൃംഖലയിൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് തടയൽ, പുതിയതും, സുരക്ഷിതവും, വൃത്തിയുള്ളതും ആയ ഭക്ഷ്യവസ്തുക്കൾ ദൈനംദിനം ലഭ്യമാക്കൽ, വൈവിധ്യവൽക്കരണത്തിലൂടെ പോഷകങ്ങൾ, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവ ഉറപ്പാക്കൽ എന്നിവ മറ്റു സേവനങ്ങളാണ്.
ഭക്ഷണോൽപാദനവും കേരളവും
ഭക്ഷണോല്പാദന രംഗത്ത് ലോകത്തിൽതന്നെ ഏറെ സവിശേഷ സാഹചര്യങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. വാണിജ്യ വിളകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് കേരളത്തിൽ കൃഷി നടക്കുന്നത്. ഏറ്റവും പുതിയ കണക്ക് (2021-22) അനുസരിച്ചു ഭക്ഷ്യവിളകളുടെയും വാണിജ്യവിളകളുടെയും അനുപാതം 23: 77 ആണ്.
രാജ്യത്തെ ഏറ്റവും കൂടിയ ജനസാന്ദ്രതയും സംരക്ഷിത വനവും ഉയർന്ന വനാവരണവും എല്ലാം ഭൂമിയെ ഒരു കൈമാറ്റം ചെയ്യാൻ കഴിയുന്ന വിഭവമായി പരുവപ്പെടുത്തുന്നതിന് കാരണമായി. ഇത് കൃഷിഭൂമിയുടെ വലിയ തോതിലുള്ള തുണ്ടുവത്കരണത്തിന് കാരണമായി.
ഇതിനു പുറമെ ഉയർന്ന കൂലി നിരക്കും മറ്റ് ഉല്പാദന ചെലവുകളും ഭക്ഷ്യോൽപാദനമല്ലാത്ത മറ്റു ലാഭകരമായ കൃഷികളിലേക്ക് ചേക്കേറാൻ കർഷകർക്ക് േപ്രരണയായി. എന്നിരുന്നാലും കേരളത്തിൻറെ ദാരിദ്യ്ര സൂചിക എന്നത് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായ 0.55 ആണ് എന്ന് നിതി ആയോഗ് 2023 പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പക്ഷേ, പോഷകാഹാര കുറവിൽ കേരളം അത്ര മികച്ച സ്ഥാനത്തല്ല എന്നാണ് വിവരങ്ങൾ കാണിക്കുന്നത്. സമഗ്ര ദേശീയ പോഷകാഹാര സർവേ പറയുന്നതനുസരിച്ച് കേരളത്തിലെ അഞ്ചിൽ ഒരു കുട്ടി പോഷകാഹാരകുറവു കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടുന്നു.
ഈ അവസരത്തിലാണ് പുരയിട കൃഷിക്കും അതുപോലെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾച്ചേർത്തുകൊണ്ടുള്ള കുടുംബ കൃഷി എന്ന ആശയത്തിനും പ്രസക്തി കൂടുതലാവുന്നത്. ഐക്യരാഷ്ട്ര സംഘടന 2019 മുതൽ 2028 വരെയുള്ള പത്തുവർഷങ്ങളെ കുടുംബ കൃഷിയുടെ ദശാബ്ദമായി കാണാൻ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൃഷിയിലേക്കുള്ള ശ്രദ്ധാപൂർവമായ ഇടപെടൽ സുസ്ഥിരമായ ഭക്ഷ്യ ഉല്പാദനത്തിലേക്കും ഭക്ഷ്യസ്വയം പര്യാപ്തതയിലേക്കും പോഷക സുരക്ഷയിലേക്കും അതിലൂടെ മികച്ച ആരോഗ്യമുള്ള സമൂഹത്തിലേക്കും നമ്മെ നയിക്കും.
(എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സാമൂഹിക കാർഷിക ജൈവവൈവിധ്യകേന്ദ്രം പ്രവർത്തകരാണ് ലേഖകർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.