സ്മാർട്ട് സിറ്റിയും വിവാദങ്ങളും
text_fieldsദുബൈ ഇന്റർനെറ്റ് സിറ്റിയും മാൾട്ടയിലെ സ്മാർട്ട് സിറ്റിയുംപോലെ ഒന്ന് കൊച്ചിയിൽ എന്ന നിലക്ക് വിഭാവനം ചെയ്ത ഒന്നായിരുന്നില്ല വി. എസ് തുടക്കമിട്ട സ്മാർട്ട് സിറ്റി. സദാ സർക്കാറിന്റെ സമ്മർദത്തിൽ മാത്രം ചലിക്കേണ്ട ഒന്നായി അത്. സംരംഭകത്വത്തിന്റെ ആകർഷണീയത അതോടെ നഷ്ടപ്പെട്ടു. ഗൂഗിളും മൈക്രോസോഫ്റ്റും ഐ.ബി.എമ്മും അടക്കമുള്ളവർ കൊച്ചിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ആകെ എട്ട് വിദേശ കമ്പനികൾ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്
സ്മാർട്ട് സിറ്റിയിൽനിന്നുള്ള ടീകോമിന്റെ പിന്മാറ്റവും അവർക്ക് നഷ്ടപരിഹാരം നൽകാനുള്ള സർക്കാറിന്റെ നീക്കവുമാണല്ലോ വിവാദമായിരിക്കുന്നത്. 2005ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് രൂപമെടുക്കുകയും വി.എസിന്റെ കാലത്ത് തുടങ്ങുകയും ചെയ്ത സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ 19 വർഷത്തിനു ശേഷം ഒരു കാര്യത്തിലും കേരളത്തിനു തർക്കമില്ല. കരാർ പാലിക്കാൻ കഴിയാഞ്ഞ, കേരളത്തിന്റെ സ്വപ്നപദ്ധതി സാക്ഷാത്കരിക്കാൻ കഴിയാത്ത ടീകോമും ഇനി നിൽക്കേണ്ട. അവർക്ക് പോകാം.
അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് നാം എത്തിയത് പെട്ടെന്നല്ല. ലോകം മാറിയിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവം മാറിയിരിക്കുന്നു. ടീകോം എന്ന ഒറ്റ രക്ഷകനില്ലെങ്കിൽ എല്ലാം നഷ്ടപ്പെടും എന്ന ആശങ്ക വെച്ചുപുലർത്തിവന്ന ബാലാരിഷ്ടത നമുക്കിപ്പോഴില്ല. 10 കൊല്ലം മുമ്പുവരെ ഇതായിരുന്നില്ല കേരളത്തിന്റെ മനസ്സ്.
2011ൽ വി.എസ് സർക്കാറിന്റെ അവസാന നാളുകളിലാണ് മുടന്തിനിന്ന സ്മാർട്ട് സിറ്റി പദ്ധതിക്ക് ജീവൻ വെച്ചത്. അതിനുശേഷമുള്ള കാലയളവിൽ ഒരിക്കൽപ്പോലും ടീകോമിന് ഒരു നോട്ടീസ് പോലും മാറിമാറി വന്ന സർക്കാറുകൾ അയക്കാതിരുന്നത് ഇപ്പോൾ വലിയകുറ്റമായി പറയുന്നുണ്ടല്ലോ. കേരള സമൂഹത്തിനും സർക്കാറിനും ഒരുപോലെ അതിനുള്ള ആത്മവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടാണ് അന്നത് സാധ്യമാകാതെ പോയത്.
ഇനി അങ്ങനെയല്ല. അതുകൊണ്ട് സർക്കാറുകളുടെ അലംഭാവം എന്ന നിലയ്ക്കല്ല കടന്നുപോയ നിഷ്ക്രിയ വർഷങ്ങളെ കാണേണ്ടത്. സ്മാർട്ട് സിറ്റി വളർന്നില്ലെന്നത് സത്യമാണ്. എന്നാൽ, ഭാവി ഐ.ടി വികസനത്തിന്റെ കാര്യത്തിൽ കുറേക്കൂടി വികസ്വരമായ കാഴ്ചപ്പാടിലേക്ക് നാം വളർന്നത് ഇപ്പോഴാണ് എന്നതുകൊണ്ടായിരുന്നു ആ കാലതാമസം.
അടുത്ത വിവാദം ടീകോമിന് എന്തിന് നഷ്ടപരിഹാരം നൽകണം എന്നതിനെ ചൊല്ലിയാണ്. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് ഇതു നഷ്ടപരിഹാരമല്ല എന്നതാണ്. ടീകോമിന് സർക്കാറിനേയും സർക്കാറിന് ടീകോമിനേയും വേണ്ട. ടീകോമിന് എത്രകാലം വേണമെങ്കിലും ഇപ്പോഴത്തെ സമീപനം തുടരാം.
അവർ ഉപേക്ഷിച്ച പദ്ധതിയാണിത്. അതുകൊണ്ട് പുതുതായി ഒരു നഷ്ടവും അവർക്ക് സംഭവിക്കാനില്ല. എന്നാൽ, അങ്ങനെയല്ല കേരളത്തിന്റെ കാര്യം. ലോക ഐ.ടി ഭൂപടത്തിൽ ഇടംപിടിക്കുമെന്നു കരുതി നാം കണ്ടെത്തിയ കൊച്ചിയിലെ കണ്ണായ 246 ഏക്കർ തരിശ്ശായി കിടന്നാൽ അതു വലിയ നഷ്ടമാണ്. ടീകോമിനെ വിരട്ടിയും തർക്കിച്ചും മുന്നോട്ടു പോയാൽ ആ ഭൂമി ആ കിടപ്പുതന്നെ കിടക്കും.
അതുകൊണ്ട് നാമാണ് അത്യാവശ്യക്കാർ. അതാണ് പുതിയ സാഹചര്യത്തിലെ വലിയ പൊതുതാൽപര്യവും. വി.എസിന്റെ കാലത്ത് ടീകോമിനെ നിയന്ത്രിക്കലായിരുന്നു പൊതുതാൽപര്യമെങ്കിൽ പിണറായി സർക്കാറിന്റെ കാലത്ത് ടീകോമിനെ എത്രയുംവേഗം ഒഴിവാക്കലാണ് ശരിയായ പൊതുതാൽപര്യം. അതിലേക്ക് പിണറായി സർക്കാർ കടന്നത് അതുകൊണ്ട് സ്വാഗതാർഹവുമാണ്.
ഉഭയകക്ഷി പിന്മാറ്റമെന്നത് തലനാരിഴ കീറിയുണ്ടാക്കിയ സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറിൽ പറയുന്നതല്ല. അതിൽ രണ്ടു സാഹചര്യങ്ങളേയുള്ളൂ. ഒന്നുകിൽ ടീകോം, അല്ലെങ്കിൽ സർക്കാർ വീഴ്ച വരുത്തുന്ന സാഹചര്യം. അതല്ല പുതിയ സാഹചര്യം. അതുകൊണ്ടുതന്നെ പുതിയ പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു. അതിലേക്കാണ് ഇപ്പോൾ സർക്കാർ കടന്നിരിക്കുന്നതും.
ഇരുകൂട്ടർക്കും സമ്മതമായ സ്വതന്ത്ര മൂല്യനിർണയം നടത്തുക. ടീകോമിന് നിക്ഷേപം എന്ന നിലക്കും നിർമാണം എന്ന നിലക്കും ചെലവായത് എത്രയെന്നു കണ്ടെത്തുക. 84 ശതമാനം ഓഹരിയും ശരിക്കും പറഞ്ഞാൽ കെട്ടിടം നിർമിക്കലിലേക്ക് മാത്രമാണ് ചുരുങ്ങിയിരിക്കുന്നത്.
അതുകൊണ്ട് കെട്ടിടത്തിന്റെ മൂല്യം തിട്ടപ്പെടുത്തുന്നതിൽ കാര്യങ്ങൾ തീരേണ്ടതാണ്. കെട്ടിടങ്ങളുടെ കാലപ്പഴക്കം കൂടി പരിഗണിച്ചാൽ ചെലവ് തുക വീണ്ടും കുറയും. ഉണ്ടായ ചെലവ് എത്രയെന്ന് സ്വതന്ത്ര മൂല്യനിർണയ സമിതി തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ അത് അതേപടി അംഗീകരിച്ച് ആ തുക കൈമാറാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്.
അങ്ങനെ ചെയ്യാൻ നിർബന്ധിതമാകുന്നത് ഒരു കൂട്ടരുടെ ഭാഗത്തുനിന്നു മാത്രം വീഴ്ച ഉണ്ടാകുമ്പോഴാണ്. ഇവിടെ അങ്ങനെയൊരു തർക്കം ഒഴിവാക്കലാണ് ലക്ഷ്യം. അതുകൊണ്ട് സമിതി കണ്ടെത്തുന്ന തുക വീണ്ടും കുറച്ച് ടീകോമുമായി ധാരണയിലെത്തുന്നതിനാകും സർക്കാർ തുടർന്നു ശ്രമിക്കുക.
ഈ രണ്ടു ഘട്ടങ്ങളിലും തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടാം. കിട്ടിയത് പോരെന്ന് ടീകോമിന് പറയാം. തർക്കം മൂർച്ഛിച്ചാൽ അവർക്ക് നിയമപരമായ പോംവഴികളിയേക്ക് പോകാം. അത് ഒഴിവാക്കപ്പെടണം. അതിന് ടീകോമിനെ വിശ്വാസത്തിലെടുത്തുവേണം ഓരോ നീക്കവും.
അവർക്ക് വേണ്ടപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി മാത്രമേ അതു സാധ്യമാകൂ. അതുകൊണ്ടാണ് മുമ്പ് ടീകോമിന്റെ സി.ഇ.ഒ ആയിരുന്ന ബാജു ജോർജിനെ സമിതിയുടെ ഭാഗമാക്കിയത്. ബാജു ജോർജിനെ ഉൾപ്പെടുത്തിയതിനെതിരെ രമേശ് ചെന്നിത്തല വലിയ വിമർശനം ഉയർത്തിയിരുന്നു. സർക്കാറിന്റെ താൽപര്യത്തേക്കാൾ ടീകോമിന്റെ താൽപര്യത്തിന് മേൽക്കൈ കിട്ടാൻ സർക്കാർ നടത്തിയ നീക്കമെന്ന നിലക്കായിരുന്നു ആ വിമർശനം.
എന്നാൽ, നാം ഒരുകാര്യം മനസ്സിലാക്കണം. ബാജു ജോർജ് ഇപ്പോൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. സർക്കാറിന് നൂറുശതമാനം ഉടമസ്ഥാവകാശം ഉള്ളതും മുഖ്യമന്ത്രി ചെയർമാനുമായ ഓവർസീസ് കേരളൈറ്റ്സ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ബാജു ജോർജ് ഇപ്പോൾ.
അങ്ങനെയൊരാളുടെ കൂറ് മുമ്പ് പ്രവർത്തിച്ച സ്ഥാപനത്തോടാകുമോ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനത്തോടാകുമോ? മൂന്നംഗ സമിതിയിലെ മറ്റു രണ്ടുപേരാകട്ടെ ഐ.ടി മിഷൻ ഡയറക്ടറും ഇൻഫോപാർക്ക് സി.ഇ.ഒയുമാണ്. അപ്പോൾ ബാജുവിന്റെ കാര്യത്തിൽ യഥാർഥത്തിൽ സംശയം ഉന്നയിക്കേണ്ടത് ടീകോമല്ലേ?
നഷ്ടപരിഹാത്തിന്റെ കാര്യത്തിലേക്കുകൂടി കടക്കാം. ടീകോം പിന്മാറുന്ന വാർത്ത വന്നപ്പോൾ ഈ പദ്ധതിയുടെ ആദ്യ ശിൽപികളിൽ ഒരാളായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇടത് സർക്കാറുകൾ വൻകിട പദ്ധതികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ തെളിവാണ് സ്മാർട്ട് സിറ്റി പ്രതിസന്ധിയെന്ന്. അത് പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ്.
കേരളത്തിന്റെ വൻകിട വ്യവസായ പദ്ധതികളെല്ലാം നടപ്പാക്കിയിട്ടുള്ളത് യു.ഡി.എഫ് സർക്കാറുകളാണ്. അതിനെയെല്ലാം നഖശിഖാന്തം എതിർത്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്.
സ്മാർട്ട് സിറ്റിയുടെ കാര്യം എടുത്താലും സ്ഥിതി അതുതന്നെ. പ്രതിപക്ഷനേതാവായിരുന്ന വി.എസിന്റെ ശാഠ്യത്തിന് വഴങ്ങേണ്ടി വന്നതുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാറിന് അതിൽ മുന്നോട്ടു പോകാൻ കഴിയാതെ പോയത്. തൊട്ടുപിന്നാലെ വന്ന ഭരണമാറ്റത്തോടെ സ്മാർട്ട് സിറ്റി വി.എസിന്റെ പദ്ധതിയായി അഥവാ സർക്കാർ പദ്ധതിയായി.
ദുബൈ ഇന്റർനെറ്റ് സിറ്റിയും മാൾട്ടയിലെ സ്മാർട്ട് സിറ്റിയുംപോലെ ഒന്ന് കൊച്ചിയിൽ എന്ന നിലക്ക് വിഭാവനം ചെയ്ത ഒന്നായിരുന്നില്ല വി.
എസ് തുടക്കമിട്ട സ്മാർട്ട് സിറ്റി. സദാ സർക്കാറിന്റെ സമ്മർദത്തിൽ മാത്രം ചലിക്കേണ്ട ഒന്നായി അത്. സംരംഭകത്വത്തിന്റെ ആകർഷണീയത അതോടെ സ്മാർട്ട് സിറ്റിക്ക് നഷ്ടപ്പെട്ടു. ഗൂഗിളും മൈക്രോസോഫ്റ്റും ഐ.ബി.എമ്മും അടക്കമുള്ള ഐ.ടി ഭീമന്മാർ കൊച്ചിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കാലമിത്ര കഴിഞ്ഞിട്ടും ആകെ എട്ടോളം വിദേശ കമ്പനികൾ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്.
ഇൻഫോപാർക്ക് നന്നായി നടക്കുന്നില്ലേ. പിന്നെന്തുകൊണ്ട് സ്മാർട്ട് സിറ്റിക്കു മാത്രം സംരംഭകരെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. ഇൻഫോപാർക്കല്ല സ്മാർട്ട് സിറ്റി. ഇൻഫോപാർക്ക് സർക്കാർ സംരംഭമെന്ന നിലയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്നു.
അവിടെ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്തടക്കം കമ്പനികൾക്ക് സർക്കാർ പ്രത്യേകാനുകൂല്യങ്ങൾ നൽകി തൊഴിൽനഷ്ടം ഉണ്ടാകാതിരിക്കാൻ ഉദാര സമീപനം സ്വീകരിച്ചിട്ടുണ്ട്. അപ്പോഴും അതൊരു ചെറിയ പാർക്കാണ്. ടെക്നോപാർക്കും അങ്ങനെതന്നെ.
ബംഗളൂരു എന്ന ഐ.ടി ഹബുമായി താരതമ്യം ചെയ്താൽ ഇരുപാർക്കുകളും എത്രയോ ചെറുതാണ്. അതിനോടല്ല സ്മാർട്ട് സിറ്റിയെ താരതമ്യം ചെയ്യേണ്ടത്. സ്മാർട്ട് സിറ്റി വന്നത് ദുബൈ ഇന്റർനെറ്റ് സിറ്റിയോടും മാൾട്ടയിലെ സ്മാർട്ട് സിറ്റിയോടും കിടപിടിക്കാനായിരുന്നു. ടീകോമിന്റെതന്നെ സംരംഭങ്ങളാണ് ഇതുരണ്ടും എന്നത് മറക്കരുത്.
അപ്പോൾ അവർ മറ്റേതെങ്കിലും കേമന്മാരോട് മത്സരിച്ച് ജയിക്കാൻ വന്നവരല്ല. അവരുടെ കേമത്തം കേരളത്തിൽ കൂടി യാഥാർഥ്യമാക്കാൻ വന്നവരാണ്. അതാണ് പാളിപ്പോയത്. അതുകൊണ്ട് സ്മാർട്ട് സിറ്റി നോക്കുകുത്തിയായി നിന്നെന്ന് ഇൻഫോപാർക്ക് വളർന്നതിന്റെ അളവുകോൽവെച്ച് കണക്കാക്കുന്നത് ബാലിശമാണ്.
ടീകോമില്ലാത്ത സ്മാർട്ട് സിറ്റിയെ ആ നിലയിലേക്ക് വളർത്താൻ കഴിയുമോ എന്ന വെല്ലുവിളിയാണ് ഇപ്പോൾ പിണറായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. പിണറായി വന്നശേഷം ഇടതുസർക്കാറുകളുടെ പ്രവർത്തനരീതിയിൽ വന്ന കാതലായ മാറ്റം ഈ ഘട്ടത്തിൽ പ്രസക്തമാണ്.
വൻകിട പദ്ധതികൾ പ്രഖ്യാപിക്കാനും നടപ്പാക്കാനുമുള്ള ഇച്ഛാശക്തി അതു പ്രകടമാക്കുന്നു എന്നതാണ് ആ മാറ്റം. എന്നല്ല, യു.ഡി.എഫ് സക്കാറുകൾക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത കാര്യങ്ങൾ പോലും നടപ്പാക്കിയെന്നും പിണറായി സർക്കാർ അവകാശപ്പെടുന്നുണ്ട്. ഗെയിൽ പദ്ധതിയും ദേശീയപാത വികസനവുമാണ് അതിന് ഉദാഹരണങ്ങളായി പിണറായിതന്നെ എടുത്തെടുത്ത് പറയാറ്.
കൂടാതെ, വിഴിഞ്ഞം വിഷയത്തിൽ അദാനിയോട് പുലർത്തുന്ന സമീപനവും ഇടതു സർക്കാറുകൾ വെച്ചുപുലർത്താറുള്ള പതിവ് രീതിയിലല്ല. കെ-റെയിൽ, കെ- ഫോൺ തുടങ്ങിയ സംരംഭങ്ങളും ഇടതുസർക്കാറുകൾ പഴയമട്ടിൽനിന്നു മാറുന്നതിന്റെ ചുവടുവെപ്പുകളാണ്.
ഇതൊക്കെ പറയുമ്പോഴും ടീകോമിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ഒരു ആശങ്കക്ക് സർക്കാർ വ്യക്തമായ മറുപടി പറഞ്ഞേ തീരൂ. നൂറിലധികം കമ്പനികൾ നിക്ഷേപത്തിനു തയാറായി ക്യൂവിൽ നിൽക്കുന്നു എന്നാണ് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത്.
അവർക്ക് നൽകാൻ ഭൂമിയില്ലെന്നും. എങ്കിൽ ആരാണ് ആ സംരംഭകർ എന്ന പട്ടിക സർക്കാർ ഉടൻ പുറത്തുവിടണം. അല്ലെങ്കിൽ ഇപ്പോഴത്തെ അടിയന്തര സാഹചര്യം എന്തായിരുന്നു എന്നതിൽ ദുരൂഹത തുടരും.
ചില പ്രവാസി മലയാളി വ്യവസായികൾ സ്മാർട്ട് സിറ്റിയിലേക്ക് കണ്ണെറിഞ്ഞിട്ടുണ്ട്. അവരിൽ ചിലർ മുമ്പ് സ്മാർട്ട് സിറ്റി പ്രതിസന്ധി തീർക്കാൻ ഇടപെട്ടിട്ടുള്ളവർ കൂടിയാണ്. സവിശേഷമായ എന്തെങ്കിലും താൽപര്യം സർക്കാറിന് അത്തരക്കാരോടില്ലെന്ന് വ്യക്തമാക്കേണ്ടതും അത്യാവശ്യമാണ്.
പ്രത്യേകിച്ചും ടീകോമിനെ ഒഴിവാക്കുന്നത് ഇഷ്ടക്കാർക്ക് കണ്ണായ സ്ഥലം നൽകാൻ ലക്ഷ്യമിട്ടു നടക്കുന്ന ഭൂമികച്ചവടമാണെന്ന് പ്രതിപക്ഷനേതാവ് തന്നെ ആരോപിച്ചിരിക്കെ.
സ്മാർട്ട് സിറ്റി ഭൂമി പൂർണമായും പ്രത്യേക സാമ്പത്തിക മേഖലയാണ്. സെസ് പദവി അനുവദിക്കുന്നത് കേന്ദ്ര സർക്കാറാണ്. ടീകോമിനെ ഒഴിവാക്കുമ്പോൾ സംഭവിക്കുന്നത് ഉടമസ്ഥാവകാശത്തിലും പദ്ധതിയുടെ ഘടനയിലും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളാണ്.
അപ്പോൾ സെസ് പദവിയുടെ ഭാവി എന്താകും? മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെയാണ് മോദി സർക്കാർ ഒരു പുതിയ കളിക്കാരനായി കളിക്കളത്തിൽ ഇറങ്ങാൻ പോകുന്നത്.
ടീകോമിൽ അവകാശമുള്ള യു.എ.ഇ സർക്കാർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി കേരളത്തിന് മികച്ച സൗഹാർദമാണുള്ളത്. മഹാപ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലായാലും അരികുവത്കരിക്കപ്പെട്ടവർക്ക് പാർപ്പിടസമുച്ചയം കെട്ടിപ്പടുക്കുന്നതിലായാലും ഗൾഫ് രാജ്യങ്ങൾ കേരളത്തിനൊപ്പം കൂടപ്പിറപ്പുപോലെ നിന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആ ബന്ധം പൊളിക്കാനുള്ള നീക്കങ്ങൾ പലവട്ടം നടത്തിയിട്ടുള്ള സർക്കാറാണ് മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പോകണമെങ്കിൽ കേന്ദ്രം കനിയണമെന്ന അനൗദ്യോഗിക വിലക്കിന്റെ സാഹചര്യവും യാദൃച്ഛികമല്ല.
സൗഹാർദം തുടരുന്ന യു.എ.ഇ സർക്കാറനെ പരിഗണിച്ച് കേരളത്തിന് ടീകോമിനോട് മൃദുത്വമാകാം. എന്നാൽ, ശത്രുതാ ഭാവം പുലർത്തുന്ന കേന്ദ്രത്തോട് കേരളം എന്തു സമീപനം സ്വീകരിക്കും? അതാണ് ടീകോം മടങ്ങിക്കഴിഞ്ഞാൽ സ്മാർട്ട് സിറ്റിയെന്ന കളിക്കളം ഉയർത്താൻ പോകുന്ന പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.