ആകയാൽ നാം അഫ്ഗാൻ വിട്ടൊഴിയുന്നു
text_fields2001 ഒക്ടോബറിൽ യു.എസ് സേന അഫ്ഗാനിസ്താനിലെ ഭീകരപരിശീലനകേന്ദ്രങ്ങൾക്കുനേരെ ആക്രമണം ആരംഭിച്ചുവെന്ന് പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷ് രാഷ്ട്രത്തെ അറിയിച്ച വൈറ്റ്ഹൗസിലെ അതേ മുറിയിലിരുന്നാണ് ഞാൻ സംസാരിക്കുന്നത്. 2977 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്ന് ഏതാനും ആഴ്ചകൾക്കകമായിരുന്നു അത്. ആ ആക്രമണം ലോവർ മാൻഹട്ടനെ ഒരു ദുരന്തഭൂമിയാക്കി മാറ്റി, പെൻറഗണിന് ഭാഗികമായി കേടുവരുത്തി, നമ്മൾ മറക്കില്ലൊരിക്കലുമെന്ന അമേരിക്കൻ പ്രതിജ്ഞയെ ജ്വലിപ്പിച്ചു.
അൽഖാഇദയുടെ വേരറുക്കാനാണ്, അവിടെനിന്ന് അമേരിക്കക്കുനേരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീകരവാദി ആക്രമണങ്ങളെ ചെറുക്കാനാണ് നമ്മൾ 2001ൽ അഫ്ഗാനിലേക്കു പോയത്. നമ്മുടെ ലക്ഷ്യം സുവ്യക്തമായിരുന്നു. കാരണം ന്യായമായിരുന്നു. നാറ്റോ സഖ്യവും പങ്കാളികളും നമുക്കൊപ്പം നിലയുറപ്പിച്ചു. അമേരിക്കൻ കോൺഗ്രസിലെ ഭൂരിപക്ഷം അംഗങ്ങൾക്കൊപ്പം ആ സൈനിക നടപടിയെ ഞാനും പിന്തുണച്ചിരുന്നു.
ഏഴു വർഷം പിന്നിട്ടപ്പോൾ 2008ൽ, പ്രസിഡൻറ് ഒബാമയും ഞാനും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങവെ അദ്ദേഹം എന്നോട് അഫ്ഗാൻ സന്ദർശിച്ച് യുദ്ധത്തിെൻറ സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അവിടേക്കു പറന്നു, പാകിസ്താനുമായി അതിരുപങ്കിടുന്ന മലമേടുകൾ നിറഞ്ഞ കുനാർ താഴ്വരയിലേക്ക്. ആ യാത്ര എെൻറ ചിന്താഗതിയെ ഊട്ടിയുറപ്പിച്ചു- അവരുടെ രാജ്യത്തെ നയിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും അഫ്ഗാനികളുടേതു മാത്രമാണ്. അനന്തമായ അമേരിക്കൻ സൈനികബലംകൊണ്ട് ശക്തവും സുസ്ഥിരവുമായ ഒരു സർക്കാർ സ്ഥാപിക്കാനോ നിലനിർത്താനോ ആവിെല്ലന്നും.
നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ അഫ്ഗാനിസ്താൻ ഇനിയും വേദിയായിക്കൂടാ എന്ന ലക്ഷ്യവുമായാണ് നമ്മൾ അവിടേക്കു പോയത്- അതുതന്നെയായിരിക്കണം അഫ്ഗാനിൽ നമ്മുടെ സാന്നിധ്യത്തിെൻറ ഊന്നലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. നമ്മളത് ചെയ്തു, ലക്ഷ്യം സാക്ഷാൽക്കരിച്ചിരിക്കുന്നു.
വേണ്ടിവന്നാൽ നരകവാതിൽ വരെ ഉസാമ ബിൻ ലാദിനെ പിന്തുടരുമെന്ന് മറ്റുള്ളവർക്കൊപ്പം ഞാനും പറഞ്ഞിരുന്നു. നമ്മൾ യഥാർഥത്തിൽ അതുതന്നെയാണ് ചെയ്തത്. നമുക്കയാളെ കിട്ടി. 10 വർഷം മുമ്പ് നമ്മൾ ബിൻ ലാദിനുമേൽ നീതി നടപ്പാക്കി. വീണ്ടും 10 വർഷംകൂടി നമ്മൾ അവിടെ തുടർന്നു. അപ്പോൾ മുതൽ നമ്മൾ അവിടെ തുടരുന്നതിെൻറ സാംഗത്യം കൂടുതൽ അവ്യക്തമായി മാറി. നമ്മൾ എതിരിടാൻ പോയ ഭീകരവാദ ഭീഷണിപോലും. കഴിഞ്ഞ 20 ആണ്ടുകൾക്കിടയിൽ ആ ഭീഷണി ഭൂഗോളത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. സോമാലിയയിൽ അൽ ശബാബ്, അറേബ്യൻ ഉപദ്വീപിൽ അൽഖാഇദ, സിറിയയിൽ അൽ നുസ്റ, ഐ.എസ് സിറിയയിലും ഇറാഖിലും ഖിലാഫത്ത് സ്ഥാപിക്കാൻ ഒരുെമ്പടുന്നു, ആഫ്രിക്കയിലും ഏഷ്യയിലുമുള്ള വിവിധ രാജ്യങ്ങളിൽ സഖ്യങ്ങൾ സ്ഥാപിക്കാൻ നോക്കുന്നു.
ഭീകരതാഭീഷണി പലയിടങ്ങളിലായി പടർന്നുനിൽക്കവെ ഓരോ വർഷവും ബില്യൺ കണക്കിന് പണം ചെലവിട്ട് ആയിരക്കണക്കിന് സൈനികരെ ഒരു രാജ്യത്ത് കേന്ദ്രീകരിച്ചുനിർത്തുന്നത് യുക്തിയല്ലെന്ന് എനിക്കും നമ്മുടെ നേതാക്കൾക്കും വ്യക്തമായി. നമുക്കിനിയും സൈനികസാന്നിധ്യം അവിടെ വ്യാപിപ്പിച്ചുനിർത്താനാവില്ല. ആകയാൽ പിന്മാറ്റത്തിന് അനുകൂലമായ ഒരു സാഹചര്യമൊരുക്കി വ്യത്യസ്തമായ ഒരു ഗുണഫലം പ്രതീക്ഷിക്കുന്നു. അഫ്ഗാനിൽ അമേരിക്ക എത്തിയശേഷമുള്ള നാലാമത്തെ പ്രസിഡൻറാണ് ഞാൻ. അഞ്ചാമതൊരാൾക്കായി ഈ ഉത്തരവാദിത്തം ഞാൻ നീക്കിവെക്കില്ല.
നമ്മുടെ സഖ്യകക്ഷികൾ, പങ്കാളികൾ, സൈനിക നായകർ, നയതന്ത്രജ്ഞർ, രഹസ്യാന്വേഷകർ, വികസന വിദഗ്ധർ, അമേരിക്കൻ കോൺഗ്രസ്, വൈസ് പ്രസിഡൻറ് എന്നിവർക്കു പുറമെ (അശ്റഫ്) ഗനി ഉൾപ്പെടെ പലരുമായും കൂടിയാലോചന നടത്തിയശേഷമാണ് അമേരിക്കയുടെ ഈ സുദീർഘയുദ്ധം അവസാനിപ്പിക്കാൻ നേരമായെന്ന തീരുമാനത്തിലെത്തിയത്.
ഞാൻ അധികാരമേൽക്കുേമ്പാൾ അമേരിക്കയും താലിബാനും തമ്മിൽ നടത്തിയ കൂടിയാലോചനപ്രകാരം രൂപപ്പെട്ട ഒരു നയതന്ത്ര കരാർ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. അതിൻപ്രകാരം 2021 മേയ് ഒന്നിന് യു.എസ് സൈനികർ അഫ്ഗാൻ വിടുമെന്നാണ്. ഒരുപക്ഷേ, ഇത്തരത്തിലായിരുന്നിരിക്കില്ല ഞാൻ എനിക്കുവേണ്ടി ധാരണയുണ്ടാക്കുക, പക്ഷേ ഇത് യു.എസ് സർക്കാർ ഉണ്ടാക്കിയ ഒരു ധാരണയാണ്. എന്നുവെച്ചാൽ പരമപ്രധാനമാണ്. നമ്മുടെ ദേശീയ താൽപര്യപ്രകാരം ഈ ധാരണയുടെ അടിസ്ഥാനത്തിൽ മേയ് ഒന്നു മുതൽ നമ്മുടെ അന്തിമ പിന്മാറ്റം ആരംഭിക്കും.
പിന്മാറ്റത്തിന് നമ്മൾ തിടുക്കവും തിരക്കുമുണ്ടാക്കില്ല, പക്ഷേ ഉത്തരവാദിത്തപൂർവം, ആലോചിച്ചുറപ്പിച്ച് സുരക്ഷിതമായി നമ്മളത് നിർവഹിക്കും. ഒപ്പം ഇന്ന് നമ്മുടേതിനേക്കാളേറെ സൈന്യം അഫ്ഗാനിലുള്ള നമ്മുടെ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചാണ് അത് നടപ്പാക്കുക. താലിബാൻ ഒന്നറിയണം, സേനാപിന്മാറ്റശേഷം ഞങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഞങ്ങളും ഞങ്ങളുടെ പങ്കാളികളും സകലവിധ സന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുകതന്നെ ചെയ്യും.
ഭീകരവാദ ഭീഷണിയിൽനിന്ന് ഞങ്ങളുടെ ശ്രദ്ധവിട്ടുപോവില്ല. ഭീകരവാദികളുടെ തിരിച്ചുവരവ് തടയാൻ ഞങ്ങളുടെ കഴിവും സന്നാഹങ്ങളുമെല്ലാം വിനിയോഗിക്കും. അമേരിക്കക്കും സഖ്യത്തിനുമെതിരെ അഫ്ഗാൻമണ്ണിലിരുന്ന് ഭീഷണി തീർക്കാൻ ഒരു ഭീകരസംഘത്തെയും അനുവദിക്കില്ല എന്ന ഉറപ്പ് താലിബാൻ പാലിക്കേണ്ടിവരും. അഫ്ഗാനിൽ മാത്രമല്ല, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് പോലെ എവിടെയും ഉണ്ടായേക്കാവുന്ന ഭീകരവാദഭീഷണിയും നിരീക്ഷിക്കാനും ഭേദിക്കാനും കഴിയുംവിധത്തിൽ നമ്മുടെ ദേശീയ തന്ത്രങ്ങൾ പരിഷ്കരിക്കുകയാണ്.
പ്രസിഡൻറ് ബുഷിനോട് എെൻറ തീരുമാനം ഇന്നലെ അറിയിച്ചിരുന്നു. നയപരമായി വർഷങ്ങളായി ഞങ്ങൾ തമ്മിൽ പലവിധം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അമേരിക്കൻ സേനകളിൽ സേവനമനുഷ്ഠിക്കുന്ന മനുഷ്യരുടെ ധൈര്യത്തെയും ആത്മാർഥതയെയും വിലമതിക്കുന്ന കാര്യത്തിൽ പൂർണമായും ഒരേ മനസ്സാണ്. ഒരു രാഷ്ട്രം എന്ന നിലയിൽ അവരോടും കുടുംബത്തോടും നാം എക്കാലത്തും കടപ്പെട്ടിരിക്കുന്നു.
രണ്ടു ദശകത്തിനിടെ നാം പരിശീലിപ്പിച്ച് സജ്ജരാക്കിയ മൂന്നു ലക്ഷത്തിലേറെ വരുന്ന അഫ്ഗാനികൾ ഇനിയും എന്തു വിലകൊടുത്തും ധീരരായി പൊരുതുകതന്നെ ചെയ്യും. അവർ താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ യു.എൻ ഒരുക്കുന്ന സമാധാന ഭാഷണങ്ങൾക്ക് പിൻബലമേകും. മാനുഷിക വികസന പിന്തുണ നൽകിക്കൊണ്ട് അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കായി നാം നിലകൊള്ളുകയും ചെയ്യും. മേഖലയിലെ മറ്റു രാജ്യങ്ങളോട്, വിശിഷ്യ പാകിസ്താൻ, റഷ്യ, ചൈന, ഇന്ത്യ, തുർക്കി എന്നിവരോട് ആ രാജ്യത്തെ കൂടുതൽ പിന്തുണക്കാൻ ആവശ്യപ്പെടും. അഫ്ഗാനിസ്താെൻറ സുസ്ഥിര ഭാവിയിൽ അവർക്കെല്ലാം സവിശേഷമായ പങ്കുവഹിക്കാനുണ്ട്.
അഫ്ഗാനിൽ നാം തുടരണമെന്നും പിൻവാങ്ങുന്നത് ലോകത്ത് അമേരിക്കൻ സ്വാധീനത്തിനും വിശ്വസനീയതക്കും ഊനംതട്ടിക്കുമെന്നും വാദിക്കുന്നവരുണ്ട്. അതിെൻറ മറുവശമാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. നാം അവിടെ പോയത് 20 വർഷം മുമ്പ് നടന്ന ഭയാനക അതിക്രമത്തെ തുടർന്നായിരുന്നു. 2021ലും നമ്മളവിടെ തുടരണം എന്നതിന് അത് ന്യായമാവുന്നില്ല.താലിബാനുമായി യുദ്ധത്തിലേക്ക് തിരിയുന്നതിനു പകരം നമുക്കു മുന്നിലെ വെല്ലുവിളികളിൽ നാം ശ്രദ്ധിക്കണം. അഫ്ഗാനിനപ്പുറത്തേക്ക് പരന്നുകിടക്കുന്ന ഭീകരവാദ ശൃംഖലകളെ പിന്തുടരുകയും പൊളിക്കുകയും വേണം.
12 വർഷം മുമ്പ് വൈസ് പ്രസിഡൻറായ അന്നു മുതൽ ഇറാഖിലും അമേരിക്കയിലും കൊല്ലപ്പെടുന്ന അമേരിക്കൻ സൈനികരുടെ കൃത്യമായ എണ്ണം സൂക്ഷിക്കുന്നുണ്ട് ഞാൻ. ഏകദേശ കണക്കല്ല, കൃത്യമായ സംഖ്യ. ഇന്നേക്ക് 2488 സൈനികർക്ക് അഫ്ഗാൻ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. 20,722 പേർക്ക് പരിക്കേറ്റിരിക്കുന്നു. ഇതേ യുദ്ധത്തിൽ സേവനമനുഷ്ഠിച്ച സൈനികരുടെ മക്കൾ അഫ്ഗാനിലിന്ന് ദൗത്യം നിർവഹിക്കുന്നുണ്ട്. 9/11ൽ നമ്മുടെ രാഷ്ട്രം ആക്രമിക്കപ്പെടുേമ്പാൾ ജനിച്ചിട്ടില്ലാത്തവർപോലും നമുക്കായി സേവനമനുഷ്ഠിക്കുന്നുണ്ട്. അഫ്ഗാനിസ്താനിലെ യുദ്ധം തലമുറകൾ നീണ്ടുനിൽക്കുന്ന ഏർപ്പാടായി നാം കണക്കാക്കിയിട്ടില്ല. നമ്മൾ ആക്രമിക്കപ്പെട്ടു. കൃത്യമായ ലക്ഷ്യവുമായി നാം യുദ്ധത്തിനിറങ്ങി. നമ്മളത് നേടി. ബിൻ ലാദിൻ മരിച്ചു, അൽഖാഇദ ഇറാഖിലും അഫ്ഗാനിസ്താനിലും നശിച്ചടിഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.