Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമൂഹിക അകലമല്ല,...

സാമൂഹിക അകലമല്ല, സാമൂഹിക ഉത്തരവാദിത്തമാണ് വെല്ലുവിളി    

text_fields
bookmark_border
labour
cancel

കോവിഡ്​ കാലത്ത്​ സാമൂഹിക അകലത്തെ കുറിച്ച് ഭരണകൂടവും പൊതുജനങ്ങളും ജാഗ്രത പുലർത്തുമ്പോൾ ഇന്ത്യയിലെ വരേണ്യവിഭാഗത്തി​​െൻറ മാത്രം ആഡംബരം ആകുന്നില്ലേ ഇത്? ശാരീരിക അകലത്തെ സാമൂഹിക അകലമായി വ്യാഖ്യാനിച്ച്​ അത് നടപ്പാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നു. വരേണ്യപ്രധാനമായ ഇന്ത്യൻ രാഷ്​ട്രീയസാഹചര്യത്തിൽ ഈ പദപ്രയോഗത്തിൽതന്നെ പ്രശ്​നമുണ്ട്​. ജാതി-വർഗ-ലിംഗ വിവേചനങ്ങളുടെ ചട്ടക്കൂടിൽ അരികുവത്​കരിക്കപ്പെട്ടവർ സാമൂഹികഘടനയിൽ എന്നും അകറ്റിനിർത്തപ്പെട്ടവർതന്നെ. വൃത്തിയുടെയും കാഴ്​ചയു​െടയുംപേരിൽ ആദ്യം മാറ്റിനിർത്തപ്പെടുന്നവർ അവരാണ്​. ഈ വിഭാഗങ്ങൾക്കുതന്നെയാണ് കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോൾ ആദ്യമായി തൊഴിൽ നിഷേധിക്കപ്പെട്ടത്. ഗാർഹികതൊഴിലാളികളാണ് അതി​​െൻറ ആദ്യ ഇരകൾ. പരിചരണം (care) ഇന്ന് അവശ്യ സേവനമായി മാറുകയും പരിചരണ സാമ്പത്തികശാസ്ത്രം ലോകസമ്പദ്‌ഘടനയുടെ ആണിക്കല്ലായിനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും ഹോങ്കോങ്ങിലും ഇന്ത്യയിലുമൊക്കെ തൊഴിലുടമകൾ രോഗം പടർത്തിയശേഷം ഇറക്കിവിടുന്ന ഗാർഹികതൊഴിലാളികളെ പറ്റിയുള്ള വാർത്തകൾ കേൾക്കുന്നു. സ്വദേശം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പരിചരണത്തൊഴിലിനായി പോയവരാണ് ഇവരൊക്കെ. ഇവരുടെ

ജീവിതസാഹചര്യങ്ങളും വർഗാവസ്ഥകളും കൊണ്ട് രോഗവാഹകരായി പെട്ടെന്ന് ചിത്രീകരിക്കപ്പെടുമ്പോൾ ഈ സാമൂഹിക അകലം സൃഷ്​ടിക്കുന്ന വിടവുകളെപ്പറ്റി ചിന്തിക്കേണ്ടതില്ലേ? 
ഈ രാജ്യത്തിലെ സമ്പത്തി​​െൻറ ഭൂരിഭാഗവും 10 ശതമാനംവരുന്ന അതിസമ്പന്നരുടെ കൈവശമാണെന്നാണ് കണക്കുകളും പഠനങ്ങളും. ഭൂമിയും പണവും തൊഴിലും ഒക്കെ ഇവരുടെ കൈവശമാണെന്നാണ് ഇതിനർഥം. സ്വന്തമായി ഭൂമിയോ കയറിക്കിടക്കാൻ വീടോ ഇല്ലാത്തവരാണ് ഇന്ത്യയിൽ ഭൂരിപക്ഷം എന്നാണിത് വെളിവാക്കുന്നത്. ഇന്ത്യൻ തൊഴിൽശക്തിയുടെ അത്രയും ഭൂരഹിതരും ആണെന്നാണ് കണക്കുകൾ. കൂലിത്തൊഴിൽ മാത്രം മുമ്പിലുള്ളവരാണ് ഈ ഭൂരഹിതരിൽ ഭൂരിഭാഗവും. ഗ്രാമങ്ങളിൽ തൊഴിലില്ലാത്തവർക്ക് നഗരങ്ങളിൽ ജോലി ലഭ്യമാക്കുമെന്ന് ഓരോ സമയവും ഭരണകൂടങ്ങൾ പറയാറുണ്ട്. ഈ തൊഴിലാളികളെയാണ് നമ്മൾ ലോക്ഡൗൺ പ്രഖ്യാപന പിറ്റേന്ന് തെരുവുകളിൽ കണ്ടത്. ഇവരുടെ അധ്വാനത്തി​​െൻറ മികവിലാണ് ഇന്ന് ഇന്ത്യൻസമ്പന്നരും ഭരണകൂടവും പിടിച്ചുനിൽക്കുന്നത്. ജി.ഡി.പിയുടെ 15 ശതമാനത്തിലേറെയും ഇവരുടെ നേരിട്ടുള്ള അധ്വാനഫലങ്ങളാണ്. പരോക്ഷമായി കണക്കാക്കിയാൽ ഇവരുടെ പങ്ക് ഉയരുകയേയുള്ളൂ. പരിചരണ സേവനമേഖലകളിലെ അസംഘടിതരുടെ  തൊഴിലുകളെല്ലാം അദൃശ്യമാണ്. കണക്കുകളിലൊന്നും ഇവ പെടുന്നില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാതിനിധ്യവും  അവരുടെ സംഭാവനകളും. 

സാമൂഹികവിഭജനങ്ങൾ സാമൂഹിക ഇടങ്ങൾ നിർണയിക്കുന്നതിനുള്ള അതിരുകളായി മാറിയപ്പോൾ ദൂരെ മാറ്റിനിർത്തപ്പെടുന്ന ജനതയുടെ പ്രതീകങ്ങളാണ് ഇവരെല്ലാം. ഉപജീവനത്തിനായി എന്തു തൊഴിലും ചെയ്യുന്നതിനുള്ള ഇവരുടെ സന്നദ്ധതയാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നത്. സാമൂഹിക അകലത്തെക്കുറിച്ച് കുണ്ഠിതപ്പെടുന്നവർ ഇവരുടെ ജീവിതാവസ്ഥ അതിജീവന-ആവാസ അവസ്ഥകൾ ആലോചിക്കുന്നുവോ, എന്തോ? 150-200 ചതുരശ്ര അടി സൗകര്യത്തിൽ 10 പേർ താമസിക്കുമ്പോൾ എന്ത് ശാരീരിക അകലത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്? ആർക്കാണ് ഈ രാജ്യത്ത് അത് സാധ്യമാവുക? 

130 കോടി ജനങ്ങളിൽ 70 ശതമാന​െത്തയും ഭരണകൂടം പിന്തുണക്കേണ്ടി വരുമ്പോൾ നാമമാത്ര ക്ഷേമത്തിലേക്ക് അത് ഒതുങ്ങുന്നു. തൊഴിൽശക്തിയിൽ 93 ശതമാനം വരുന്ന അസംഘടിത മേഖലയിലെ ഭൂരിപക്ഷവും തൊഴിൽരഹിതരും വരുമാനരഹിതരുമായി ജീവിക്കുകയാണ്. ജൻധൻ അക്കൗണ്ടിൽ ഇടുന്ന 500 രൂപ കൊണ്ട്, അഞ്ചു കിലോ റേഷൻ കൊണ്ട് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റപ്പെടുമോ? ഗർഭിണികൾ, കൊച്ചു കുട്ടികൾ, രോഗികൾ, പ്രായമായവർ, വ്യത്യസ്തകഴിവുകളുള്ളവർ തുടങ്ങിയവരെല്ലാം വീടുകളിലുള്ളപ്പോൾ അവരുടെ ആവശ്യങ്ങൾ എങ്ങനെ നിവർത്തിക്കപ്പെടും? ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതു ആരോഗ്യസംവിധാനങ്ങൾ ഇവർക്ക് എത്രമാത്രം പ്രാപ്യമാണ്​? ശുദ്ധജലവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാകാത്ത ഒരുപാട് ജനസമൂഹം ഇവിടെയുണ്ട്. വർഗ​േശ്രണിയുടെ മുകളിൽനിൽക്കുന്നവരും താഴെനിൽക്കുന്നവരും ഒരേ വിപണിയിലാണ് ഇടപെടുന്നത്. പൊതുവിതരണസമ്പ്രദായവും സർക്കാർ നൽകുന്ന നാമമാത്ര സബ്സിഡികളും ഒഴിച്ചാൽ വേറെ എല്ലായിടങ്ങളും സമ്പന്നർക്കും പാവപ്പെട്ടവർക്കും പൊതുവാണ്, ഒരേ മാനദണ്ഡമാണ്. ലോക്​ഡൗൺ പ്രഖ്യാപനത്തെ തുടർന്ന്​ ഇന്ത്യൻ തെരുവുകളിൽ കണ്ട 50 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗം പേരും ഈ ക്ഷേമസങ്കൽപനങ്ങളുടെയൊക്കെ പുറത്താണ്. ഭൂരിഭാഗത്തിനും കിലോക്ക്​ 50 രൂപക്ക്​ അരിയും 100 രൂപക്ക്​ പരിപ്പും  വാങ്ങിയേ പറ്റൂ. എല്ലാവർക്കും സാമൂഹികസുരക്ഷ എന്ന ആശയം ഇന്ത്യയിൽ പ്രാവർത്തികമാകാത്തതി​​െൻറ കടമ്പകൾ ഇതൊക്കെത്തന്നെയാണ്. തങ്ങൾക്കുവേണ്ടി എട്ടു മുതൽ 24 മണിക്കൂർവരെ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആഴ്​ചയിൽ ഒരുദിവസം വേതനത്തോടു കൂടി അവധി നൽകണമെന്നു പറയുമ്പോൾ മുഖം തിരിക്കുന്ന തൊഴിൽ ഉടമകളാണ് കൂടുതൽ എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. മുഖ്യധാരാ തൊഴിലാളിപ്രസ്ഥാനങ്ങളുടെ മുൻഗണനകളിൽ പെടാറില്ല പലപ്പോഴും ഈ വിഷയങ്ങൾ.

അന്താരാഷ്​ട്ര തൊഴിലാളി സംഘടനയുടെ റിപ്പോർട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്നു എന്നും അനൗദ്യോഗിക തൊഴിലുകൾ കൂടുതൽ സൃഷ്​ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുമാണ്. ഇന്ത്യ കഴിഞ്ഞ 45 വർഷത്തിനുള്ളിൽ അഭിമുഖീകരിച്ച ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ സാഹചര്യമാണ് ഇപ്പോൾ എന്നാണ് NSSO കണക്കുകൾ പുറത്തു കൊണ്ടുവരുന്നത്​.  ഇതെല്ലാം വെളിവാക്കുന്നത് അസംഘടിത തൊഴിലുകൾ മാത്രമേ ഇനി ഭൂരിഭാഗം പേർക്കും ലഭ്യമാവുകയുള്ളൂ എന്നാണ്. ബൈക്കുകളിൽ ഹോട്ടലുകളിൽനിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും പരിചരണത്തിന് വീടുകളിലേക്ക് പോകുന്ന വിദഗ്​ധ നഴ്സുമാരും ഒക്കെ ഇതി​​െൻറ സൂചനകളാണ്. ഒരുവിധ തൊഴിലവകാശങ്ങളും ഇല്ലാത്ത തൊഴിലാളിവർഗമാണ് രൂപപ്പെടുന്നത്. ഇവരുടെ സേവനങ്ങളുടെ സ്വീകർത്താക്കൾക്ക് ഇവരുടെ നിലനിൽപിന്​ ഒരുതരത്തിലുള്ള ഉത്തരവാദിത്തങ്ങളും ഇല്ലെന്നും അതു തങ്ങളുടെ ബാധ്യതയല്ലെന്നുമുള്ള പൊതുധാരണയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് സാമൂഹിക ഉത്തരവാദിത്തത്തി​​െൻറ പുതിയ മാനങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരമായി ഈ കോവിഡ്കാലത്തെ ഉപയോഗിക്കാൻ കഴിയണം. ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങളും ന്യായമായ കൂലിയും സാമൂഹിക സുരക്ഷയും എല്ലാവരുടേയും അവകാശമാണ്. ദുരന്ത ദുരിതസുരക്ഷയുടെ ഉൾപ്പെടുത്തലുകളെ കുറിച്ച്  നൂതനചർച്ചകൾ ഉയർത്താനുള്ള കാലമായി. മേയ്​ 17 ന് അവസാനിക്കാൻ പോകുന്ന വെല്ലുവിളിയല്ല ഇത്​. ഏറെനാൾ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുന്ന മഹാമാരിയായി കോവിഡ്​ പടരുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു. ലോക്ഡൗൺ കഴിഞ്ഞും ഏറ്റവും സാധാരണക്കാരുടെ ജീവിതമായിരിക്കും കൂടുതൽ ദുരിതത്തിലാവുക. ക്രയവിക്രയ ശേഷിക്കുറവി​​െൻറ ഇരകൾ ഇവരായിരിക്കും.  തൊഴിൽ വലിയൊരു സാമൂഹികപ്രശ്നമായി മാറും എന്നതിൽ സംശയമില്ല. സാമൂഹിക ഉത്തരവാദിത്തത്തി​​െൻറ പുതിയ മാനങ്ങൾ, കാഴ്​ചപ്പാടുകൾ ചിന്തിച്ചു തുടങ്ങാൻ ഇനിയും വൈകിക്കൂടാ.
(സേവ (SEWA) യൂനിയൻ  ജനറൽ 
സെക്രട്ടറിയാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsCoronaviruscovid 19lockdown
News Summary - Social distance and social responsibility-Opinion
Next Story