സമരവീര്യത്തിന്റെ വിജയപ്രകാശം
text_fieldsഅടിയന്തരാവസ്ഥയിലെ ഭീകരനാളുകളിൽ രോഗപീഡകൊണ്ട് വേദനിക്കുേമ്പാഴും ജയപ്രകാശ് നാരായൺ പലവട്ടം പറഞ്ഞു: ‘‘വ്യക്തികളെയും സമൂഹത്തെയും അടിച്ചമർത്തുന്ന കിരാതവാഴ്ചക്കെതിരെ അവസാന ശ്വാസംവരെ ഞാൻ അടർക്കളത്തിലുണ്ടാകും.’’ സ്വാതന്ത്ര്യത്തിെൻറയും ജനാധിപത്യമൂല്യങ്ങളുടെയും പുനരുജ്ജീവനത്തിനായുള്ള ജയപ്രകാശ് നാരായണിെൻറ ആഹ്വാനം ഉൾക്കൊണ്ട് രാജ്യമെമ്പാടുമുള്ള യുവാക്കൾ തെരുവിലേക്കൊഴുകിയെത്തിയത് കണ്ട് ലോകം വിസ്മയംകൂറി. വിഭാഗീയതകൾക്കതീതമായി ജനകോടികളെ അണിനിരത്തി സമരമുഖങ്ങളിൽ കരുത്തോടെ നിലകൊണ്ട ജെ.പിയുടെ പോരാട്ടവീര്യത്തിനു മുന്നിൽ കരിനിയമങ്ങൾ അസ്തപ്രഭമാകുകയും സ്വേച്ഛാധിപത്യത്തിെൻറ ഇരുമ്പുമറകൾ തകർന്നടിയുകയും ചെയ്തത് ചരിത്രത്തിെൻറ ഭാഗം. വൈകാരികമായ ശുദ്ധീകരണത്തിലൂടെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന് ധാർമികശോഭ പകർന്ന ജയപ്രകാശിെൻറ നിശ്ചയദാർഢ്യവും നേതൃശേഷിയുമാണ് അടിയന്തരാവസ്ഥയുടെ ഇരുളിൽനിന്ന് രാജ്യത്തെ പ്രകാശമാനമായ മറ്റൊരു സ്വാതന്ത്ര്യപ്പുലരിയിലേക്ക് നയിച്ചത്. ജനശക്തിയുടെ മുന്നിൽ അധികാരശക്തികൾ ഒന്നുമല്ലെന്ന് തെളിയിക്കുകയായിരുന്നു ജെ.പി.
സംഘ്പരിവാർ ഉൾപ്പെട്ട ജനസംഘം, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകാർ, സംഘടന കോൺഗ്രസ് തുടങ്ങി വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുനിർത്തി അടിയന്തരാവസ്ഥക്കെതിരെ ജെ.പി നടത്തിയ പ്രക്ഷോഭം നിർഭയമായി ജീവിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള അവകാശപോരാട്ടമായിരുന്നു. ജനാധിപത്യം കൊലചെയ്യുന്നതിനെതിരെ നയിച്ച പടയോട്ടം സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി. നിർഭാഗ്യകരമെന്നു പറയെട്ട, ആ കരിദിനങ്ങളിൽ പീഡനങ്ങളേറ്റവരും ജെ.പിയോടൊപ്പം നേതൃപരമായ പങ്കുവഹിച്ചവരും അടിയന്തരാവസ്ഥാനന്തര ഇന്ത്യയിൽ മനുഷ്യാവകാശധ്വംസനങ്ങൾക്ക് ബ്ലാങ്ക് ചെക്ക് നൽകുന്നത് കാണേണ്ട ദുർവിധിയും ഇന്നിപ്പോൾ സംഭവിച്ചിരിക്കുന്നു. സമ്പൂർണ വിപ്ലവത്തിെൻറ നേട്ടങ്ങൾ തന്ത്രപരമായി പ്രയോജനപ്പെടുത്തി അധികാരത്തിെൻറ മുഖ്യശ്രേണികളിലേക്കുയർന്നവർക്ക് ജെ.പി ആദർശപുരുഷനല്ലെങ്കിലും അധികാരപങ്കാളിത്തത്തിനുവേണ്ടി മാത്രം അദ്ദേഹത്തിെൻറ ദർശനങ്ങളെ തള്ളിപ്പറയുന്ന സോഷ്യലിസ്റ്റ് ശിഷ്യന്മാരുടെ നിലപാടുമാറ്റങ്ങൾക്ക് എന്തു ധാർമികതയാണുള്ളത്?
അധികാരം ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഭരണം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വേണ്ടിയുള്ളതാകണമെന്നുമായിരുന്നു ജയപ്രകാശിെൻറ മതം. വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം മതേതരത്വവും ജനാധിപത്യവും ഒരു നാണയത്തിെൻറ ഇരുവശങ്ങളാണെന്നു ചൂണ്ടിക്കാട്ടി. മതസൗഹാർദവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നത് സർവനാശത്തിലേക്കുള്ള വഴിതുറക്കലാകുമെന്നും ജെ.പി മുന്നറിയിപ്പു നൽകി.
ആദർശത്തെ വരിക്കുകയും അധികാരത്തോട് അകലം സൂക്ഷിക്കുകയും ചെയ്ത പ്രതിബദ്ധതയുള്ള സോഷ്യലിസ്റ്റായിരുന്നു ജയപ്രകാശ് നാരായൺ. അധികാരക്കസേരകൾക്കായി മൂല്യങ്ങൾ കൈവിടുകയും കുറുക്കുവഴികൾ തേടുകയും ചെയ്യുന്നവർക്കിടയിൽ മോഹിപ്പിക്കുന്ന പ്രധാനമന്ത്രിപദവി ഉൾപ്പെടെയുള്ള എല്ലാ അവസരങ്ങളും ഉപേക്ഷിച്ച ലോക്നായിക് രാജ്യംകണ്ട ഏറ്റവും ത്യാഗധനനായ ജനസേവകനാണ്. ‘‘ഏത് ഉന്നത പദവിയും എന്നെ മോഹിപ്പിക്കുന്നില്ല’’ എന്നു പറയാനുള്ള മനസ്സും ആർജവവും ജെ.പിക്കു സമ്മാനിച്ചത് കലർപ്പില്ലാത്ത ആദർശത്തിലധിഷ്ഠിതമായ വ്യക്തിത്വമാണ്.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള അവസാനത്തെ പൗരനുപോലും വിലക്കുകളില്ലാത്ത സ്വാതന്ത്ര്യമനുഭവിക്കാനാകണം എന്ന് ജയപ്രകാശ് ശഠിച്ചു. അധികാരത്തിെൻറയോ നിയമങ്ങളുടെയോ ഉരുക്കുമുഷ്ടികൊണ്ടല്ല, സഹാനുഭൂതിയിലും സഹവർത്തിത്വത്തിലുംകൂടിയാണ് മനുഷ്യമനസ്സുകളെ കീഴടക്കേണ്ടതെന്ന് സ്വപ്രവർത്തനങ്ങളിലൂടെ അദ്ദേഹം സമർഥിച്ചു. മാനസികപരിവർത്തനമുണ്ടായ ചമ്പൽ താഴ്വരയിലെയും ബുന്ദേൽഖണ്ഡിലെയും കൊള്ളക്കാർ ജെ.പിയുടെ മുന്നിൽ ആയുധങ്ങൾ അടിയറെവച്ച് കീഴടങ്ങിയത് ഉദാഹരണം മാത്രം.
മാനുഷികമുഖം നഷ്ടമായ മുതലാളിത്തത്തിലേക്കുള്ള ചുവടുമാറ്റങ്ങൾ സാമൂഹിക-സാമ്പത്തിക അടിത്തറ തകർത്ത് രാജ്യത്തെ മൂല്യങ്ങളുടെ ശവപ്പറമ്പാക്കുമെന്ന ജെ.പിയുടെ മുന്നറിയിപ്പിനെ കണ്ടില്ലെന്നു നടിച്ചതിെൻറ ദുരന്തങ്ങളാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആഗോളീകരണത്തെ വരിക്കുകവഴി ആരെയും എന്തിനെയും ചൂഷണംചെയ്യാൻ സർവസ്വതന്ത്ര പാസ്പോർട്ട് ലഭിച്ച കോർപറേറ്റ് രാജാക്കന്മാരുടെ തീവെട്ടിക്കൊള്ളയാണ് ജെ.പിയുടെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. രാജ്യസമ്പത്തിെൻറ 25 ശതമാനവും 100 കോർപറേറ്റ് കുടുംബങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. ഇത് ജെ.പിയുടെ സ്വപ്നങ്ങളെ മാത്രമല്ല, സാമൂഹികനീതിയും സാമ്പത്തിക സമത്വവുമെന്ന ഭരണഘടന തത്ത്വങ്ങളെയും അട്ടിമറിച്ചിരിക്കുന്നു.
ജയപ്രകാശ് മുന്നിൽ കണ്ട ഭാരതത്തിെൻറ വികസനമുഖം ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്നതല്ല. തലചായ്ക്കാനോ കൃഷിക്കോ ഒരുപിടി മണ്ണുപോലും സ്വന്തമായില്ലാതെ ജനകോടികൾ നരകിക്കുേമ്പാൾ വികസനത്തിെൻറ മറവിൽ ഭരണാധികാരികളുടെ ഒത്താശയോടെ ഭൂമിയുൾപ്പെടെയുള്ള വിഭവങ്ങൾ വൻകിട കുത്തകകൾ കൈയടക്കുന്നതും ജെ.പി നിന്ദതന്നെ. ആദിവാസികളും ദലിതരും ന്യൂനപക്ഷ-പിന്നാക്കങ്ങളും സ്ത്രീകളും ഉൾപ്പെടെ അടിത്തട്ടിലുള്ള വിഭാഗങ്ങൾക്ക് സുരക്ഷയും വളർച്ചയും ഉറപ്പുവരുത്തുന്ന വികസനമുന്നേറ്റമെന്ന ജെ.പിയുടെ വീക്ഷണത്തിന് ഇന്ന് പ്രസക്തി കൈവന്നിരിക്കുന്നു.
ദേശീയതയുടെ ആണിക്കല്ലായ നാനാത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെടുന്ന സംഭവവികാസങ്ങൾ ജെ.പി ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും ദർശനങ്ങളെയും മുറിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ എല്ലാവരുടേതുമെന്നാണ് ജെ.പി നൽകിയ സന്ദേശം. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും അന്തശ്ഛിദ്രതെകാണ്ട് തകർന്നപ്പോഴും ഇന്ത്യ ഇന്നും കെട്ടുറപ്പോടെ നിലകൊള്ളുന്നത് ജെ.പിയെപ്പോലുള്ള രാജ്യസ്നേഹികൾ കാട്ടിയ വഴികളിലൂടെ സഞ്ചരിച്ചതുകൊണ്ടു മാത്രം.
(സോഷ്യലിസ്റ്റ് നേതാവും മുൻ പി.എസ്.സി അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.