സോഷ്യലിസ്റ്റുകളും ഭരണഘടന നിർമാണസഭയും
text_fieldsഭരണഘടന സംബന്ധിച്ച പുതിയ ചർച്ചകൾക്കിടയിൽ സോഷ്യലിസ്റ്റുകളുടെ നിലപാടുകളും പരാമർശിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണഘടന നിർമാണസഭ സംബന്ധിച്ച് സോഷ്യലിസ്റ്റുകൾ നടത്തിയ അധികമാരും ചർച്ചചെയ്യാത്ത ഇടപെടൽ കൂടി ഓർമിക്കുന്നത് ഉചിതമാകുമെന്ന് കരുതുന്നു. 1940 ആഗസ്റ്റ് എട്ടിന്, ഗവർണർ ജനറലിന്റെ എക്സിക്യൂട്ടിവ് കൗൺസിൽ വിപുലീകരിക്കുന്നത് സംബന്ധിച്ച് വൈസ്രോയി ആയിരുന്ന ലിൻലിത്ഗോ (Linlithgow) ഒരു പ്രസ്താവന നടത്തി. ആഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്ന ഈ ഓഫർ ന്യൂനപക്ഷ അഭിപ്രായങ്ങൾക്ക് പൂർണമായ പ്രാധാന്യം നൽകുകയും ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയാറാക്കാൻ അനുവദിക്കുകയും ചെയ്തു.
1946ലെ കാബിനറ്റ് മിഷൻ പദ്ധതിപ്രകാരം ഭരണഘടന നിർമാണസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഭരണഘടന അസംബ്ലിയിലെ അംഗങ്ങളെ, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെ പ്രവിശ്യ അസംബ്ലികൾ ഒറ്റവോട്ടിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഭരണഘടന അസംബ്ലിയിലെ ആകെ അംഗസംഖ്യ 389 ആയിരുന്നു. അതിൽ 292 പേർ പ്രവിശ്യകളുടെ പ്രതിനിധികളും 93 പേർ നാട്ടുരാജ്യങ്ങളെ പ്രതിനിധാനംചെയ്തും നാലുപേർ ഡൽഹി, അജ്മീർ-മേർവാര, കൂർഗ്, ബ്രിട്ടീഷ്- ബലൂചിസ്താൻ എന്നിവയുടെ ചീഫ് കമീഷണർ പ്രവിശ്യകളിൽ നിന്നുള്ളവരുമായിരുന്നു.
തെരഞ്ഞെടുപ്പിന്റെ രീതിയോടുള്ള വിയോജിപ്പിനെ മുൻനിർത്തി അന്ന് കോൺഗ്രസിനുള്ളിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് 'സോഷ്യലിസ്റ്റ് പാർട്ടി' ഘടകം ബഹിഷ്കരിക്കുകയായിരുന്നു. ഭരണഘടന നിർമാണസഭയിലേക്കുള്ള അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കണമെന്നായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്.
സ്വത്തവകാശമുള്ള കരം തീരുവയുള്ളവർ, ബിരുദധാരികൾ തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ വിരാജിക്കുന്ന ജനസംഖ്യയുടെ 15 ശതമാനത്തിന് മാത്രമായിരുന്നു വോട്ടവകാശം. അത്തരമൊരു സഭ രൂപംനൽകുന്ന ഭരണഘടനക്ക് സാധാരണ ജനങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട-അധഃസ്ഥിത വിഭാഗക്കാർ, ആദിവാസികൾ, ദരിദ്രതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ യഥാർഥ താൽപര്യങ്ങളെ പ്രതിനിധാനംചെയ്യാൻ സാധിക്കുകയില്ല എന്നായിരുന്നു സോഷ്യലിസ്റ്റ് പാർട്ടിയുടെ വാദം. പിന്നീട് ഭരണഘടന നിർമാണസഭ നടപടികളോടും നിസ്സഹകരണം തുടർന്നു.
ഐക്യപ്രവിശ്യകൾ എന്നറിയപ്പെട്ടിരുന്ന, ഇന്നത്തെ ഉത്തർപ്രദേശിലെ പ്രവിശ്യ കൗൺസിലിൽനിന്ന് ഭരണഘടന നിർമാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.പി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും സോഷ്യലിസ്റ്റ് പാർട്ടി ദേശീയ നിർവാഹകസമിതി അംഗവുമായിരുന്ന ദാമോദർ സ്വരൂപ് സേത്ത് ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനംചെയ്യാത്തതിനാൽ സഭ പിരിച്ചുവിടണമെന്നും പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഒരു ഭരണഘടന നിർമാണസഭക്ക് രൂപംനൽകണമെന്നും നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഭരണഘടനയുടെ കരടിന് അന്തിമ രൂപംനൽകുന്നത് മാറ്റിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ശിപാർശ. പക്ഷേ, സഭ ആ പ്രമേയം തള്ളി.
ഇന്ത്യയിൽ ഒരു 'സോഷ്യലിസ്റ്റ് ജനാധിപത്യക്രമം' നടപ്പിലാക്കണമെന്ന വസ്തുതക്ക് ഊന്നൽ നൽകിക്കൊണ്ട്, മൗലികാവകാശങ്ങൾക്ക് കീഴിലെ അനുച്ഛേദം 30ന് ഭേദഗതി സേത്ത് നിർദേശിച്ചു. സമൂഹത്തെ ചൂഷകവർഗത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് ഒഴിവാക്കണം. ഒരു സോഷ്യലിസ്റ്റ് ജനാധിപത്യക്രമം സ്ഥാപിച്ച് പൊതു ഉടമസ്ഥതയിലേക്ക് മാറ്റുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. അതിന് ഉൽപാദനോപാധികൾ, വിനിമയം, വായ്പ, കൈമാറ്റം, ധാതുവിഭവങ്ങൾ, പ്രകൃതി-ഊർജവിഭവങ്ങൾ, സാമൂഹികവത്കരണത്തിനായി പാകപ്പെടുത്തിയ മറ്റ് വലിയ സാമ്പത്തിക സംരംഭങ്ങൾ എന്നിവ പൊതു ഉടമസ്ഥതയിലാകണം. പൊതുജനോപയോഗ സേവനങ്ങൾ പ്രാദേശിക സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണം. കൂടാതെ കൃഷി, കാർഷികവായ്പ, വ്യവസായ സംരംഭങ്ങൾ എന്നിവ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന പ്രമേയവും ഭരണഘടന നിർമാണസഭ അംഗീകരിച്ചില്ല.
ഭരണഘടനയുമായി ബന്ധപ്പെട്ട പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് മറ്റൊരവസരത്തിൽ, 'രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതസ്ഥാപനങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നും മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയപാർട്ടികൾ രൂപവത്കരിക്കുന്നതും നിരോധിച്ചിരിക്കുന്നു' എന്നിങ്ങനെ രണ്ട് കൂട്ടിച്ചേർക്കലുകൾ അദ്ദേഹം നിർദേശിച്ചുവെങ്കിലും, ഭരണഘടന നിർമാണസഭ അതും അംഗീകരിച്ചില്ല. ഈ ആശയം നേരത്തെതന്നെ അനുച്ഛേദം19ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെ, മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ അംഗീകരിക്കുക എന്ന ആശയത്തെയും സേത്ത് എതിർത്തു-പകരം, ഭാഷയുടെ അടിസ്ഥാനത്തിൽ മാത്രമേ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാവൂ എന്നായിരുന്നു വാദിച്ചത്. മൗലികാവകാശങ്ങൾക്ക് കീഴിലുള്ള അനുച്ഛേദം 13ന് ഒരു ഭേദഗതി അദ്ദേഹം നിർദേശിച്ചു. അതിൽ സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്നും എന്നാൽ, മാധ്യമസ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകഭാഗം ചേർക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇനിയുള്ളത് മാധ്യമങ്ങളുടെ യുഗമാണ്, അവ ഇന്ന് കൂടുതൽക്കൂടുതൽ ശക്തമാവുകയാണ്.
അതിനാൽ, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഭരണഘടനയിൽ പ്രത്യേകമായും വ്യക്തമായും പരാമർശിക്കുന്നത് അഭികാമ്യവും ഉചിതവുമായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു. പക്ഷേ, സേത്തിന്റെ ഭേദഗതികളും നിർദേശങ്ങളും ഒന്നുംതന്നെ സ്വീകരിക്കപ്പെട്ടില്ല. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിലെ ഇന്ത്യൻ രാഷ്ട്രീയനേതൃത്വത്തിന്റെ ഭ്രമണപഥത്തെയും സ്വഭാവശൈലികളെയും കുറിച്ചറിയുന്നവർക്ക് അതിൽ ഒട്ടുംതന്നെ അസ്വാഭാവികത തോന്നുകയുമില്ല.
(സമാജ് വാദി ജനത പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.