തീവ്രഹിന്ദുത്വയെ വെല്ലാൻ മൃദുഹിന്ദുത്വ
text_fieldsഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനും ബി.ജെ.പിക്കും അഭിമാന പോരാട്ടമാണ് ഏപ്രിൽ -മേയ് മാസങ്ങളിൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാൻഡിലും ത്രിപുരയിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കർണാടകയിൽത്തന്നെയാണ് ദേശീയ മാധ്യമങ്ങളുടെ കണ്ണ്. ദേശീയ രാഷ്ട്രീയത്തിെല മാറ്റങ്ങൾ പലപ്പോഴും ഏശാതെ പോയ മണ്ണാണ് കർണാടകയുടേത്. അടിയന്തരാവസ്ഥക്കാലത്തിനുശേഷം വീശിയടിച്ച കോൺഗ്രസ് വിരുദ്ധ കാറ്റിൽപോലും ആടിയുലയാതെ പാർട്ടിയുടെ മാനംകാത്ത ചരിത്രംകൂടിയുണ്ട് കന്നട നാടിന്. പക്ഷേ, ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഇൗ തെരഞ്ഞെടുപ്പിനോളം പോന്ന മറ്റൊരു അവസരം വേറെയില്ലെന്ന ഉത്തമ ബോധ്യം ബി.ജെ.പിക്കുമുണ്ട്. ബി.ജെ.പിയും കോൺഗ്രസും ജെ.ഡി.എസും ചേർന്നുള്ള ത്രിേകാണ മത്സരത്തിൽ മുൻതൂക്കം കോൺഗ്രസിനു തന്നെയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണ യുദ്ധം നേരത്തേ തുടങ്ങിയ കർണാടകയിൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളെ അതേ ചേരിയിൽനിന്ന് മൃദുഹിന്ദുത്വ വാദങ്ങൾകൊണ്ട് നുള്ളിയെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസിേൻറത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ പരീക്ഷിച്ചുവിജയിച്ച അതേ തന്ത്രം. ബി.ജെ.പിക്കെതിരെ നടൻ പ്രകാശ് രാജ് അടക്കമുള്ള സെക്കുലർ ആക്ടിവിസ്റ്റുകളും പുരോഗമനവാദികളും കർണാടകയിൽ നടത്തുന്ന ഫാഷിസ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലവും ഫലത്തിൽ കൊയ്യുന്നത് കോൺഗ്രസാണ്.
അനിഷേധ്യ നേതാവ്
ജെ.ഡി.എസിൽനിന്ന് ചേക്കേറിയതാണെങ്കിലും കർണാടക കോൺഗ്രസിൽ ഇന്ന് വെല്ലുവിളിയില്ലാത്ത നേതാവാണ് സിദ്ധരാമയ്യ. മുഴത്തിന് മുഴം ചാണിനുചാൺ തങ്ങളെ തുറന്നെതിർക്കുന്ന സിദ്ധരാമയ്യയെ മാത്രമാണ് പ്രചാരണരംഗത്ത് ബി.ജെ.പിയും ഭയക്കുന്നത്. കോൺഗ്രസിെൻറ മൃദുഹിന്ദുത്വവാദം ഗുജറാത്തിൽ പ്രേയാഗിക്കുന്നതിന് മുേമ്പ കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു മുഴം നീട്ടിയെറിഞ്ഞിരുന്നു. പക്ഷേ, അത് മുഖ്യധാരയിൽ കാര്യമായ ചർച്ചയായത് സിദ്ധരാമയ്യയെ എതിരിടാൻ പൈഡ് പൈപ്പറായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡിസംബറിൽ ബി.ജെ.പി അവതരിപ്പിച്ചപ്പോഴായിരുന്നുവെന്നു മാത്രം. കഴിഞ്ഞ ജൂലൈ രണ്ടാംവാരത്തിൽ മൈസൂരുവിൽ നടന്ന പരിപാടിക്കിടെയായിരുന്നു താനും ഹിന്ദുവാണെന്ന പ്രസ്താവനയുമായി സിദ്ധരാമയ്യ രംഗത്തുവന്നത്. തെൻറ പേരിലും രാമനുണ്ടെന്നും നൂറു ശതമാനവും താൻ ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞത് മാധ്യമങ്ങൾ അന്ന് വലിയ ചർച്ചയൊന്നുമാക്കിയില്ല. കോൺഗ്രസ് സർക്കാർ ഹിന്ദുത്വ വിരുദ്ധമാണെന്ന് ആരോപിച്ച ആദിത്യനാഥിന് മറുപടിയായാണ് സിദ്ധരാമയ്യ ‘ഹിന്ദുത്വ നിർവചന’വുമായി വീണ്ടും രംഗത്തുവരുന്നത്. ആരാണ് യഥാർഥ ഹിന്ദു? ഇന്ത്യയിൽ സംഘ്പരിവാറിെൻറ ഉയിർപ്പിനുശേഷം ഉയർന്ന പഴകിപ്പുളിച്ച ആ ചോദ്യം തന്നെയാണ് സിദ്ധരാമയ്യയും ഉയർത്തിയത്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ പക്ഷേ, അത് അദ്ദേഹത്തിന് ഉഗ്രൻ ആയുധമാണെന്നു മാത്രം.
‘ഹിന്ദുത്വത്തിേൻറത് ബി.ജെ.പി അവതരിപ്പിക്കുന്ന സംഹാരാത്മക രൂപമല്ല. യഥാർഥ ഹിന്ദുത്വം ഉൾക്കൊള്ളുന്നത് മനുഷ്യത്വമാണ്. എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നവനാണ് ഹിന്ദു. ഹിന്ദുത്വം എന്നത് ബി.ജെ.പിക്ക് ആരാണ് തീറെഴുതിക്കൊടുത്തത്? ബി.ജെ.പിയോ അതോ ഞങ്ങളോ യഥാർഥ ഹിന്ദുക്കളെന്ന് നിങ്ങൾ തീരൂമാനിക്കൂ...’ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോദ്െസയുടെ ഹിന്ദുത്വത്തിനുപകരം സ്വാമി വിവേകാനന്ദെൻറ ഹിന്ദുത്വ പാത പിന്തുടരാൻ യോഗിക്ക് ഉപദേശം കൊടുക്കാനും അദ്ദേഹം മറന്നില്ല. ട്വിറ്ററിലാണ് ഇരുവരും തമ്മിൽ കൗതുകകരമായ വാഗ്വാദം നടന്നത്. ഗോസംരക്ഷണമായിരുന്നു വിഷയം. ഹിന്ദുക്കളുടെ വിശുദ്ധ മൃഗമായ പശുവിനെ അറുക്കുന്നത് ബി.ജെ.പി അധികാരത്തിലിരിക്കുേമ്പാൾ നിരോധിച്ചിരുന്നത് കോൺഗ്രസ് സർക്കാർ ഒഴിവാക്കിയെന്നും ഹിന്ദുവായിരുന്നെങ്കിൽ സിദ്ധരാമയ്യ അത് അനുവദിക്കില്ലായിരുന്നുവെന്നും യോഗി ട്വിറ്ററിൽ കുറിച്ചു.
പശുസംരക്ഷണത്തെക്കുറിച്ച് ധർമോപദേശം നൽകുന്ന ആദിത്യനാഥ് എന്നെങ്കിലും പശുവിനെ മേച്ചിട്ടുണ്ടോ എന്നു ചോദിച്ചായിരുന്നു സിദ്ധരാമയ്യയുടെ റീട്വീറ്റ്. താൻ പശുവിനെ വളർത്തിയിട്ടുണ്ടെന്നും പുല്ലു തീറ്റിച്ചിട്ടുണ്ടെന്നും അതിെൻറ ചാണകം കോരിയിട്ടുണ്ടെന്നും പറഞ്ഞ സിദ്ധരാമയ്യ പശുവിനെപ്പറ്റി സംസാരിക്കാൻ എന്ത് ധാർമികാവകാശമാണ് യോഗിക്കുള്ളതെന്നും പരിഹസിച്ചിരുന്നു. (കന്നുകാലി വളർത്തൽ കുലത്തൊഴിലായ കുറുബ സമുദായക്കാരനാണ് സിദ്ധരാമയ്യ എന്നത് അറിയാതെയാവും ബി.ജെ.പിയുടെ ‘മഹാനായ യോഗി’ പശുവിെൻറ മഹത്വം അദ്ദേഹത്തെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയത്). തങ്ങളോരോരുത്തരും ഹിന്ദുക്കൾ തന്നെയാണെന്ന് ആണയിടുകയും ഹിന്ദുത്വത്തിെൻറ പേരിൽ ബി.ജെ.പി നടത്തുന്ന വർഗീയ ധ്രുവീകരണത്തെ ഇടതടവില്ലാതെ പൊളിച്ചുകാട്ടുകയുമാണിപ്പോൾ കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ പ്രധാന ജോലി. എന്തായാലും പരോക്ഷ മുസ്ലിം പ്രീണനനയം വിട്ട് പ്രത്യക്ഷ മൃദുഹിന്ദുത്വ സമീപനം അടവുനയമായി കാണുന്ന രാഹുൽകാലത്തെ ബുദ്ധി കോൺഗ്രസിെൻറ രാഹുകാലത്തിെൻറ ആരംഭമാണോ എന്ന് സംശയിക്കുന്നവരുമില്ലാതില്ല.
രാഹുലിെൻറ പര്യടനം
ഫെബ്രുവരി 10 മുതൽ മൂന്നു ദിവസം കർണാടകയിൽ തങ്ങുന്ന രാഹുൽ ഗാന്ധി കർണാടകയിലെ പ്രധാന ക്ഷേത്രങ്ങളും ശൃംഗേരി ശാരദ പീഠം, തുമകുരുവിലെ ആദിചുഞ്ചനഗിരി, സിദ്ധഗംഗ മഠങ്ങൾ, മൈസൂരുവിലെ സുത്തൂർ മഠം, ഹുബ്ബള്ളിയിലെ സിദ്ധരുദ്ധ മഠം തുടങ്ങിയവ സന്ദർശിക്കുമെന്നാണ് വിവരം. മൃദുഹിന്ദുത്വ സമീപനംകൊണ്ട് ബി.ജെ.പി വോട്ടുകളിൽ വിള്ളൽവീഴ്ത്താനുള്ള ശ്രമത്തിനിടെ പരമ്പരാഗത മുസ്ലിംവോട്ടുകളിലെ ചോർച്ച ഭീഷണിയും കോൺഗ്രസിനെ അലട്ടുന്നുണ്ട്. ഇത്തവണ ആദ്യമായി കർണാടക തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറ (എ.െഎ.എം.െഎ.എം) നീക്കം തന്നെയാണ് ഇതിൽ പ്രധാനം. കർണാടകയിലെ അമ്പലങ്ങളും മഠങ്ങളും സന്ദർശിക്കുന്ന രാഹുൽഗാന്ധി പള്ളികൾ സന്ദർശിക്കാത്തതെന്താണെന്നായിരുന്നു ഉവൈസിയുടെ ചോദ്യം.
കലബുറഗി, ബിദർ, റായ്ച്ചൂർ, കൊപ്പാൽ, യാദ്ഗിർ, ബെല്ലാരി, ഹുബ്ബള്ളി- ധാർവാഡ്, ബെളഗാവി, ഗദക്, ബാഗൽകോട്ട്, വിജയപുര, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിലായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 60 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താനാണ് ഉവൈസിയുടെ തീരുമാനം. ൈഹദരാബാദ് മേഖലയോട് ചേർന്നുകിടക്കുന്ന കർണാടകയുടെ അതിർത്തി ജില്ലകളിൽ ഉവൈസിയുടെ പാർട്ടി അക്കൗണ്ട് തുറന്നാൽ അദ്ഭുതപ്പെടാനൊന്നുമില്ല. അതേസമയം, നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിവാദച്ചുഴിയിലെറിഞ്ഞ തൊഗാഡിയൻ വെളിപാടിെൻറ അനുരണനങ്ങൾ കർണാടകയിലും കണ്ടുതുടങ്ങിയത് ബി.ജെ.പിയെയും അസ്വസ്ഥമാക്കുന്നുണ്ട്. കർണാടകയിൽ ബി.ജെ.പിക്കെതിരെ ശിവസേന ടിക്കറ്റിൽ മത്സരിക്കുമെന്ന് മാസങ്ങൾക്കുമുേമ്പ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞിരുന്നു. തൊഗാഡിയ കണ്ണീരൊലിപ്പിച്ച സംഭവത്തിനുശേഷം ആ തീരുമാനം ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന.
നാലുപതിറ്റാണ്ടോളം താൻ പ്രവർത്തിച്ച ആർ.എസ്.എസിെൻറ കൈകളാൽ ഏതു നിമിഷവും താനും കൊല്ലപ്പെേട്ടക്കാമെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. രാഷ്ട്രീയ കാപട്യം കാട്ടുന്ന ബി.ജെ.പിക്ക് പലകാലത്തും ലഭിച്ച തിരിച്ചടി മറക്കേണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് ആശങ്കിക്കുന്ന തീവ്രഹിന്ദുത്വവാദിയായ മുത്തലിക്കിെൻറ ചങ്കിടിപ്പ് വെച്ചുനോക്കുേമ്പാൾ ബി.ജെ.പിയും ആർ.എസ്.എസുമാണ് ഇപ്പോൾ മുഖ്യശത്രുപക്ഷത്ത്. അപ്പോൾ ഇൗ കളിയൊക്കെ കാണുന്ന ചിലർെക്കങ്കിലും അൽപസ്വൽപം സംശയം തോന്നാതില്ല -ആരാണ് യഥാർഥ ‘ഹിന്ദുത്വവാദി’ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.