കോഴിക്കോട് സംഗമിച്ചത് മതേതര മനസ്സുകള്‍
text_fieldsലോകമെമ്പാടും ഉയര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും കേരളീയ പൊതുസമൂഹം ഫലസ്തീന് ജനതക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തു വന്നതും ഏറെ ആഹ്ലാദകരമാണ്. പിറന്ന മണ്ണില്‍ അതിജീവനത്തിനായി പോരാടുന്ന ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാൻ കോണ്‍ഗ്രസ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി അക്ഷരാർഥത്തില്‍ മനുഷ്യക്കടലായിരുന്നു.
ഇന്ത്യ എന്നും അധിനിവേശ ശക്തികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടരുന്നത് വംശീയമായി എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന നടപടികളാണ്. വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിനുശേഷമാണ് ഫലസ്തീന് വിഷയത്തില്‍ ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നത്.
മോദിയുടെ ഗുജറാത്തില്‍ നടന്നതുപോലെ വംശീയ ഉന്മൂലനംതന്നെയാണ് ഗസ്സയിലും നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക് ഇന്ധനം പകരുന്ന നിലപാട് മോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.
യു.ഡി.എഫിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും ഗരിമവിളിച്ചോതുന്ന സംഗമം കൂടിയായി പ്രൗഢോജ്ജ്വല സദസ്സും വേദിയും. ഫലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ പ്രശംസിച്ച മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ഫലസ്തീന് ഒപ്പമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
മഹാത്മാ ഗാന്ധിയുടെ കാലംമുതല്‍ ഈ വിഷയത്തില്‍ കലര്‍പ്പില്ലാതെ തുടരുന്ന കോണ്‍ഗ്രസ് നിലപാടിനൊപ്പമാണ് ഇന്ത്യയുടെ മനഃസാക്ഷിയെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് കേരളം ശ്രവിച്ചത്.
ലീഗിന്റെ രാഷ്ട്രീയപാരമ്പര്യം അധികാരത്തിന് വേണ്ടിയുള്ളതല്ലെന്ന് തിരിച്ചറിയാന്‍ സി.പി.എമ്മിന് ഇനിയും യുഗങ്ങള്‍ വേണ്ടിവരും. എന്നും കേരളത്തിന്റെ മതേതര മനസ്സിനൊപ്പം സഞ്ചരിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിംലീഗ് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചത്.
മുസ്ലിംലീഗ് യു.ഡി.എഫിലെ വെറുമൊരു ഘടകകക്ഷിമാത്രമല്ല, ആ സംവിധാനത്തിന് അടിത്തറപാകിയ പാര്‍ട്ടി കൂടിയാണ്. വലിയ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ലീഗിനെ അധികാരത്തിന്റെ തിണ്ണമിടുക്കില്‍ പ്രലോഭനങ്ങളുമായി സ്വാധീനിക്കാന്‍ ഇറങ്ങിത്തിരിച്ച സി.പി.എം നേതാക്കള്‍ ഇപ്പോള്‍ സ്വയം അപഹാസ്യരായിരിക്കുകയാണ്.
ഫലസ്തീന് വിഷയത്തെ കോണ്‍ഗ്രസും ലീഗും മനുഷ്യരാശിയുടെ അവകാശ സംരക്ഷണത്തിന്റെ പ്രശ്നമായി കാണുമ്പോള്‍ സി.പി.എം ഇതിനെ സമുദായിക പ്രശ്നമാക്കി മാറ്റി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അവർ കാണുന്നത് വോട്ട് ചെയ്യാനുള്ള വെറും യന്ത്രം പോലെയാണ്.
സംവരണ വിഷയത്തില്‍ പോലും സി.പി.എം വിവേചനം തുടരുകയാണ്. മുസ്ലിം ജനവിഭാഗത്തിന്റെ അവസ്ഥ പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പോലും ന്യൂനപക്ഷ പ്രേമം നടിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അട്ടിമറിച്ചു.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിദ്യാർഥികള്‍ക്കായി ആവിഷ്കരിച്ച കെടാവിളക്ക് സ്കോളര്‍ഷിപ് മുസ്ലിം, ക്രൈസ്തവ വിദ്യാർഥികള്‍ക്ക് നിഷേധിച്ച പിണറായി വിജയന്റെ ഭരണകൂടവും പ്രീമെട്രിക് സ്കോളര്‍ഷിപ് ഒമ്പതും പത്തും ക്ലാസിലെ വിദ്യാർഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി ഭരണകൂടവും ന്യൂനപക്ഷ വിദ്യാർഥികളോട് കാട്ടുന്നത് കടുത്ത വിവേചനമാണ്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ വിശ്വാസ്യത കുറഞ്ഞെന്ന ബോധ്യത്തിലാണ് ലീഗിന്റെ പിറകെ ഇപ്പോള്‍ കൂടുന്നത്. ഇ.എം.എസ് മുതല്‍ ലീഗിന് വര്‍ഗീയ നിറം ചാര്‍ത്തിനല്‍കാന്‍ ശ്രമിച്ചവരാണ് സി.പി.എമ്മുകാര്‍. അതുകൊണ്ടു തന്നെയാണ് സി.പി.എമ്മിന്റെ സഹകരണ വാഗ്ദാനത്തിലെ പുറംപൂച്ച് തിരിച്ചറിഞ്ഞ് അതിനെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ലീഗിന്റെ നേതൃത്വത്തിന് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.