പുതിയ ഇന്ത്യ ഓർത്തിരിക്കേണ്ട ചില 'പഴഞ്ചൻ' പ്രസംഗങ്ങൾ
text_fieldsനാം സർക്കാറുമായി എത്രമാത്രം സഹകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നുവോ അത്രത്തോളം നമ്മൾ അവരുടെ കുറ്റകൃത്യങ്ങളുടെയും പങ്കുകാരാവുന്നു. സാധാരണ സാഹചര്യങ്ങളിൽ സർക്കാർ ചെയ്യുന്ന തെറ്റുകൾ പൊറുക്കുന്നതിന് വിവേകമുള്ള പൗരന്മാർക്ക് സാധിക്കും. എന്നാൽ, ജനങ്ങളുടെ അഭിലാഷത്തിന് വിപരീതമായി സർക്കാർ കാണിക്കുന്ന അപരാധങ്ങളെ വിവേകമുള്ള ജനങ്ങൾക്ക് പൊറുക്കാനാവില്ല. ഇന്ത്യൻ സർക്കാറും ബ്രിട്ടീഷ് സർക്കാറും ഇന്ത്യൻ ജനതയോട് ഇരട്ടഅപരാധമാണ് കാണിച്ചിരിക്കുന്നതെന്ന് ഈ മഹാസമ്മേളനത്തിൽ തുറന്നുപറയാൻ എനിക്കു മടിയില്ല. നമ്മൾ അവകാശങ്ങളെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും ബോധ്യമുള്ള, സ്വാഭിമാനമുള്ള ജനതയാണെങ്കിൽ സർക്കാർ അടിച്ചേൽപിക്കുന്ന ഈ ഇരട്ട അപമാനം സഹിക്കുക എന്നത് അചിന്ത്യമാണ്.
മഹാത്മാ ഗാന്ധി ആദ്യ കേരള സന്ദർശനവേളയിൽ കോഴിക്കോട്ട് നടത്തിയ പ്രഭാഷണത്തിൽ നിന്ന്
ഇന്ന് ഞാൻ ഇവിടെ വന്നിട്ടുള്ളത്, സ്വാതന്ത്ര്യത്തിന്റെ സാരമായ ഭാഗവും കൈയിലേന്തി തിരിച്ചുപോകാൻ കഴിയുമെങ്കിൽ എന്റെ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന ലക്ഷ്യത്തോടെയാണ്. അല്ലാതെ ഒരു അടിമരാജ്യത്തിലേക്ക് ഞാൻ പോവുകയില്ല. സ്വതന്ത്രമായ ഒരു വിദേശരാജ്യത്ത് മരിക്കാനാണ് എനിക്കാഗ്രഹം. നിങ്ങൾ ഇന്ത്യക്ക് സ്വാതന്ത്ര്യം തരുക, അല്ലാത്തപക്ഷം എനിക്കിവിടെ ഒരു ഖബറിടം നൽകേണ്ടിവരും.
ഇന്ത്യയിൽ ഞങ്ങൾ 32 കോടി ജനങ്ങളുണ്ട്. ജനലക്ഷങ്ങൾ ക്ഷാമംകൊണ്ടും പ്ലേഗ് ബാധിച്ചും മരിക്കുന്നുവെങ്കിൽ ബ്രിട്ടീഷ് വെടിയുണ്ടയേറ്റും മരിക്കാൻ ഞങ്ങൾക്കാവും.ഞങ്ങളുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാൻ സന്നദ്ധരായ, അക്രമരഹിതരും നിരായുധരുമായ ആളുകളുടെ നേർക്ക് ദീർഘനേരം വെടിയുതിർക്കാൻ മാത്രം കഠിനഹൃദയരായ നൂറുപേരെ ഇംഗ്ലണ്ട് മുഴുവൻ തിരഞ്ഞാലും കാണാനാവില്ല.
മൗലാനാ മുഹമ്മദലി ജൗഹർ രണ്ടാം വട്ടമേശ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഒരു പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും.. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍നിന്ന് നാം പുതുമയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്'
ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യം പുലർന്ന അർധരാത്രിയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
ഭരണഘടന ഉണ്ടാക്കിയത് ഞാനാണെന്നാണ് എന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്. അത് കത്തിക്കുന്ന ആദ്യ വ്യക്തിയായിരിക്കുമെന്ന് പറയാനും ഞാന്‍ തയ്യാറാണ്'.ദൈവത്തിനെ പ്രതിഷ്‍ഠിക്കാന്‍ വേണ്ടി ഒരു ക്ഷേത്രം നിർമ്മിച്ചു. എന്നാല്‍ ദൈവത്തെ കുടിയിരുത്തും മുമ്പ് അവിടം പിശാച് കൈവശപ്പെടുത്തിയെങ്കില്‍ ക്ഷേത്രം നശിപ്പിക്കുകയല്ലാതെ നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ മുറിവേൽപ്പിക്കുന്നതായിരിക്കും ഏറ്റവും വലിയ വേദന.
ഡോ. ബി.ആർ. അംബേദ്കർ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
പഞ്ഞവും പട്ടിണിയുമൊക്കെയുണ്ടായെന്നു വരും, ഞങ്ങൾ നിങ്ങൾക്ക് സമാധാനം നൽകി, തീവണ്ടി നൽകി, ഇനിയുമെന്താണ് നിങ്ങൾ കാത്തിരിക്കുന്നത്? ആപത്തുകൾ വരുത്തിവെച്ചത് ഞങ്ങളാണോ എന്നൊക്കെയാണ് സർക്കാർ ചോദിക്കുന്നത്.രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കും വിധം ഭരണം നടത്തുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ സുസ്ഥിതിക്ക് വേണ്ടി ചെയ്യുന്ന ഭരണനിർവഹണ പ്രവർത്തനങ്ങൾ -അത് ഏതൊരു സർക്കാറും ചെയ്യേണ്ടവതന്നെയാണ്.
സമാധാനം മാത്രമല്ല, നാടിന്റെ പുരോഗതിയും ഉറപ്പുവരുത്തേണ്ടത് സർക്കാറിന്റെ കടമയാണ്. നാടിന്റെ സാമ്പത്തിക വിഷയങ്ങൾ പരിഹരിക്കേണ്ടത് ജനങ്ങളല്ല; ജനങ്ങൾക്ക് അതിനു കഴിയുമെന്നാകിൽ സർക്കാറിന്റെ ആവശ്യമേയില്ലല്ലോ. ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതും പട്ടിണിയും മഹാമാരിയും തടയാനുമാണ് സർക്കാർ നോക്കേണ്ടത്, അല്ലാതെ അവക്ക് ന്യായീകരണങ്ങൾ കണ്ടെത്താനല്ല
ബാലഗംഗാധര തിലകൻ കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ പ്രസംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.