ഓർമകൾ വർണങ്ങളിൽ കോർത്തുകെട്ടി...
text_fieldsഅവ്യക്തതകൾ തുന്നിക്കെട്ടി വർണംപൂശി പിന്നെയും പിന്നെയും ഓർമച്ചിത്രങ്ങൾ വരച്ചുവെക്കാൻ ഞങ്ങളെ സഹായിച്ചിരുന്നത് വാപിച്ചിയായിരുന്നു. സന്ദേഹമുണരുന്നിടത്ത് കൃത്യതയോടെ ഓർമകൾ പങ്കുവെച്ച് തിരുത്തലുകൾ വരുത്തി അദ്ദേഹം. ആ കൈത്താങ്ങ് ഞങ്ങളെ കണ്ണീരോർമകളിലാഴ്ത്തി കടന്നുപോയിട്ട് ഏപ്രിൽ ആറിന് രണ്ട് വർഷം പൂർത്തിയാവുന്നു. അന്തരിച്ച പ്രഫ. കെ.എ സിദ്ദീഖ് ഹസനെക്കുറിച്ച് മകന്‍റെ കുഞ്ഞുനാളോർമകൾ...
കൊടുങ്ങല്ലൂരിനടുത്ത് സ്കൂൾ അധ്യാപകനായി ജോലി നോക്കവെ, 1979ൽ കേരള യൂനിവേഴ്സിറ്റിയുടെ എം.എ അറബിക് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായതിനെ തുടർന്നാണ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ലെക്ചറർ തസ്തികയിലേക്ക് ഞങ്ങൾ വാപിച്ചി എന്നു വിളിച്ചിരുന്ന പിതാവ് കെ.എ സിദ്ദീഖ് ഹസൻ നിയമിതനായത്. ആ കാലയളവിൽ കുടുംബസമേതം എറിയാട്ടെ തറവാട്ടിലായിരുന്നു ഞങ്ങൾ. കോളജിൽ ജോലി കിട്ടിയതോടെ ഏതാനും മാസങ്ങൾ തിരുവനന്തപുരത്ത് തനിച്ചു താമസിച്ച ശേഷം ഒരു വാടക വീട് സംഘടിപ്പിച്ചാണ് വാപിച്ചി ആ വേനലവധിക്ക് നാട്ടിലെത്തിയത്. അടുത്ത സുഹൃത്തായിരുന്ന ആസാദ് ഹോട്ടൽ കുഞ്ഞ് സാഹിബായിരുന്നു ആ വീട് സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്.
അന്നത്തെ സാധാരണ വേഷമായ മുണ്ടും ഷർട്ടും ധരിച്ച് മാത്രം പുറത്ത് പോയിരുന്ന വാപിച്ചിയെ പാന്‍റ്സ് വേഷത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്. എറിയാട് കേരള വർമ ഹൈസ്കൂളിലെ എന്റെ രണ്ടാം ക്ലാസ് പഠനത്തിന് ശേഷം ഒരു മേയ് മാസത്തിലായിരുന്നു ഞങ്ങളുടെ കുടുംബ സമേതമുള്ള തലസ്ഥാന നഗരിയിലേക്കുള്ള സഞ്ചാരം.
കൊടുങ്ങല്ലൂരിൽനിന്ന് പുലർച്ചെ ആറു മണിക്ക് പുറപ്പെടുന്ന കടും പച്ച നിറത്തിലുള്ള കെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസിലായിരുന്നു ആദ്യയാത്ര. അതിനും ദിവസങ്ങൾക്ക് മുമ്പേ തൃശൂരിലെ ‘മൊയ്തീൻ ഷാ’യിൽനിന്ന് വാപിച്ചി വാങ്ങിക്കൊണ്ടുവന്ന ഭീമൻ തുകൽ പെട്ടി കുറെ കാലം ഞങ്ങളുടെ സഹയാത്രികനും കിടപ്പുമുറിയിലെ അംഗവുമായിരുന്നു. തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനിൽനിന്ന് ഉപ്പളം റോഡിൽ ഏകദേശം 200 മീറ്റർ അകലെയായി റോഡിന് ഇടതു വശത്തായാണ് 'ശോഭാലയം' എന്ന വാടക വീട്. ഒരു മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള ഇളംനീല നിറത്തിലുള്ള ഇരുമ്പ് ഗേറ്റ് കടന്നുചെന്നാൽ വലതു ഭാഗത്ത് ഒറ്റ വരിയിലായി ഓടുമേഞ്ഞ മൂന്ന് വീടുകളിൽ നടുവിലത്തേത്. ആദ്യത്തേതിൽ ഞങ്ങളുടെ നാട്ടുകാരനും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായ ബേഡിയിലെ മമ്മുണ്ണിക്കയും ഭാര്യയുമായിരുന്നു. അദ്ദേഹത്തെ ഞങ്ങൾ മമ്മുണ്ണി മാമയെന്ന് വിളിച്ചു. മൂന്നാമത്തേതിൽ പാലാ സ്വദേശി സെബാസ്റ്റ്യനും കുടുംബവും.
രാവിലെ ധൃതിയിൽ ഞങ്ങളുടെ വീടിനു മുന്നിലൂടെ ഓഫിസിലേക്ക് പോകുന്ന വാപിച്ചിയേക്കാൾ ഉയരമുള്ള സെബാസ്റ്റ്യൻ അങ്കിളും രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള അദ്ദേഹത്തിന്‍റെ മകൾ ഞങ്ങളുടെ കൊച്ചു കളിക്കൂട്ടുകാരി പ്രീതിയും ഇന്നൊരു അവ്യക്ത ചിത്രം മാത്രം.
പുതിയ അധ്യയന വർഷം വഞ്ചിയൂർ യു.പി സ്കൂൾ മൂന്നാം ക്ലാസിലെ ഹാജർ പട്ടികയിൽ എന്‍റെ പേരും ചേർക്കപ്പെട്ടു. എറിയാട് സ്കൂളിലെ ഐഷാബി ടീച്ചറുടെ ക്ലാസിൽനിന്ന് പുതിയ സ്ഥലത്തെത്തിയ എനിക്ക് അവിടുത്തെ കൂട്ടുകാരുടെ സംസാരം മനസ്സിലാക്കിയെടുക്കുക എളുപ്പമായിരുന്നില്ല. എന്തരും എന്തരടെ യുമൊക്കെ കേട്ട് ഞാൻ പകച്ചുനിന്നു. മമ്മുണ്ണി സാഹിബിന് മക്കളുണ്ടായിരുന്നില്ല. ഞങ്ങൾ നാലുപേരും പ്രീതിയുമായിരുന്നു ആ കോമ്പൗണ്ടിലെ കളിക്കൂട്ടുകാർ. നാലാം ക്ലാസിലായപ്പോൾ മമ്മുണ്ണിമാമയുടെ സഹോദരന്‍റെ മകൻ ശീറുവിനെ നാട്ടിൽനിന്ന് കൊണ്ടുവന്ന് സ്കൂളിൽ ചേർത്തതോടെ എന്റെ വല്യേട്ടൻ സ്ഥാനം നഷ്ടമായി.
കോളജ് അധ്യാപനം കഴിഞ്ഞാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിക്ക ദിവസങ്ങളിലും വാപിച്ചിയുടെ ക്ലാസുകളും പ്രഭാഷണങ്ങളും നടക്കാറുണ്ടായിരുന്നു. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും പരമ്പരാഗതമായി ജനങ്ങൾ വെച്ചു പുലർത്തിയ തെറ്റായ രീതികളെയും വിമർശനവിധേയമാക്കുന്ന പരിപാടി യാഥാസ്ഥിതികരായ ആളുകൾ പലപ്പോഴും അലങ്കോലമാക്കുകയും വേദിവിട്ട് ഓടി രക്ഷപ്പെടേണ്ടി വരെ വന്നതുമായ സംഭവങ്ങൾ ആ കാലത്ത് വാപിച്ചിക്കും സഹപ്രവർത്തകർക്കും ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം ഓർമകളിൽ ഒരിക്കലും മറക്കാനാവാത്തതാണ് ഓണം വാരാഘോഷ പരിപാടികൾ. ദീപാലങ്കാരമാണ് അതിൽ എടുത്ത് പറയേണ്ടത്. പ്രധാന നഗരവീഥികളും കനകക്കുന്ന് കൊട്ടാരവും ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെയും മ്യൂസിയത്തിന്റെയും പരിസരവുമെല്ലാം വൈദ്യുത ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച ആ കാലഘട്ടത്തിലെ ദൃശ്യവിസ്മയം തന്നെയായിരുന്നു. ചുവപ്പും പച്ചയും മഞ്ഞയും നീലയും നിറങ്ങളിലുള്ള മാല ബൾബുകൾക്ക് പുറമെ ഇന്ന് വിപണിയിൽ അപ്രത്യക്ഷമായ മഞ്ഞ വെളിച്ചം തൂകുന്ന ഫിലമെന്റ് ബൾബുകളാലായിരുന്നു കെട്ടിടങ്ങളുടെ പാർശ്വഭിത്തികളും താഴികക്കുടങ്ങളും ദീപാലങ്കാരങ്ങൾക്ക് പ്രഭ ചൊരിഞ്ഞിരുന്നത്. കവടിയാർ കൊട്ടാരം അണിഞ്ഞൊരുങ്ങി നിന്നതും ഘോഷയാത്ര കണക്കെ ജനം ഒഴുകിയതുമെല്ലാം അനന്തപുരിയുടെ ഗൃഹാതുര സ്മൃതികളിലെ മങ്ങിയ കാഴ്ചകൾക്ക് മീതെ വെള്ളിവെളിച്ചങ്ങളായി ഇന്നും മിന്നി മറയുന്നു.
ആഘോഷ വേളയിൽ ഗതാഗതം നിരോധിക്കപ്പെട്ട പ്രധാന നിരത്തിൽ സായം സന്ധ്യയോടെ നിറഞ്ഞൊഴുകിയാണ് ജനസഞ്ചയം കാഴ്ചകൾ കണ്ടു നീങ്ങുന്നത്. കൈവിട്ടാൽ പിന്നെ കണ്ടുകിട്ടുക അസാധ്യമെന്നതിനാൽ ഞങ്ങൾ മക്കൾ മൂവരെയും ചേർത്ത് പിടിച്ചു വാപിച്ചി തെരുവുകളിലെ തിക്കും തിരക്കും വകഞ്ഞ് കൂടെ നടന്നു. ഇളയവൻ അനീസ് ഉമ്മയുടെ ഒക്കത്തിരുന്നാണ് കാഴ്ചകൾ ആസ്വദിക്കുന്നത്. ഉച്ചഭാഷിണിയിലൂടെ ജയനും നസീറും അഭിനയിച്ച കറുപ്പും വെളുപ്പും സിനിമകളിലെ അനശ്വര ഗാനങ്ങൾ ഉയർന്നു കേൾക്കാം. ലോട്ടറി വിൽപനക്കാരുടെ നാളെയാണ്, നാളെയാണ് അനൗൺസ്മെന്റുകൾ, സഞ്ചാരികളുടെയും വഴിവാണിഭക്കാരുടെയും ആരവങ്ങളാലും ആർപ്പുവിളികളാലും മുഖരിതമായ പാതകൾ...ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന വിളംബര ശബ്ദങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കോലാഹലങ്ങൾ...
ചന്ത അന്ന് സവിശേഷമായിരുന്നു, ഉപ്പ് തൊട്ട് കർപ്പൂരം വരെ. മരപ്പെട്ടികളിൽ നിറഞ്ഞു തൂവുന്ന മഴവിൽ കാവടികൾ, പല തരത്തിലും നിറങ്ങളിലുമുള്ള മിഠായികൾ വിൽക്കുന്നവർ, കപ്പലണ്ടി വറുക്കുന്നവരുടെ ചട്ടകം കൊണ്ടുള്ള ചട്ടിയടികൾ, ബലൂണുകളുടെ വർണപ്രപഞ്ചം, റോഡിന്നിരു വശവും കളിപ്പാട്ട കച്ചവടക്കാരുടെ ആർപ്പോ ഇർറോ, ശബ്ദഘോഷങ്ങൾ,
ഉത്സവ പറമ്പുകളിൽ കാണാറുള്ള വർണ ശബളമായ കളിപ്പാട്ടങ്ങളുടെ മായാലോകം... അതെ, ഉത്സവാന്തരീക്ഷം ചുറ്റും നിറഞ്ഞാടുകയാണ്.
നിഷ്കളങ്ക ബാല്യത്തിന്‍റെ നൈർമല്യത്തിന് ചാരുത പകർന്ന വാപിച്ചിയുടെ കൈകളിൽ തൂങ്ങിനടന്ന ആ കാലം പിന്നീട് അദ്ദേഹത്തിന് ഞങ്ങൾ കൈത്താങ്ങ് പിടിക്കേണ്ട കാലത്തിന് വഴിമാറി. അപ്പോഴും പഴയ സുന്ദരനിമിഷങ്ങൾ വികാരതരളിതമായ ആ മനസ്സിൽ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു. അവ്യക്തതകൾ തുന്നിക്കെട്ടി വർണംപൂശി പിന്നെയും പിന്നെയും ഓർമച്ചിത്രങ്ങൾ വരച്ചുവെക്കാൻ ഞങ്ങളെ സഹായിച്ചിരുന്നത് വാപിച്ചിയായിരുന്നു. സന്ദേഹമുണരുന്നിടത്ത് കൃത്യതയോടെ ഓർമകൾ പങ്കുവെച്ച് തിരുത്തലുകൾ വരുത്തി അദ്ദേഹം. ആ കൈത്താങ്ങ് ഞങ്ങളെ കണ്ണീരോർമകളിലാഴ്ത്തി കടന്നു പോയിട്ട് ഏപ്രിൽ ആറിന് രണ്ട് വർഷം പൂർത്തിയാവുന്നു. ഈ വിശുദ്ധ ദിനരാത്രങ്ങളിൽ ആ സ്മരണകൾക്കു മുന്നിൽ പ്രാർഥനകളർപ്പിക്കാനേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.