ശൂന്യാകാശം, തരിശുഭൂമി, നീലക്കടൽ... കടലും വിൽക്കപ്പെടുമ്പോൾ
text_fieldsഎവിടെവിടങ്ങളിൽ ചട്ടിക്കലങ്ങൾ
പുറത്തെടുത്തെറിയപ്പെടുന്നുണ്ടീപ്പാരിടത്തിൽ
അവിടവിടങ്ങളിൽ ചേർത്തുവരക്കുകൊ
ന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ
(കുടിയൊഴിക്കൽ)
അത്യന്തം വിപത്കരമായ നിർദേശങ്ങളുൾക്കൊള്ളുന്ന ദേശീയ ഫിഷറീസ് നയം–2020ന് പിന്നാലെ അതിനെക്കാൾ ഗൗരവമേറിയ മറ്റൊരു നയരേഖയും കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയാറാക്കിയ ബ്ലൂ ഇക്കോണമിയുടെ (സമുദ്ര സമ്പദ്വ്യവസ്ഥ) കരട് ചട്ടക്കൂട് നയരേഖ കഴിഞ്ഞ ഫെബ്രുവരി 17നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. കേന്ദ്ര ഭൗമമന്ത്രാലയം 10 ദിവസത്തിനകം അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് പബ്ലിക് നോട്ടീസും പുറപ്പെടുവിച്ചു. പ്രതികരണമറിയിക്കേണ്ട ഫെബ്രുവരി 27 കഴിഞ്ഞപ്പോഴാണ് പല തീരദേശ സംസ്ഥാന സർക്കാറുകളും മത്സ്യത്തൊഴിലാളി സംഘടനകളും ഇതിനെപ്പറ്റി അറിഞ്ഞതുതന്നെ. സാധാരണ ഗതിയിൽ കേന്ദ്രസർക്കാറിെൻറ ഒരു രേഖയെ സംബന്ധിച്ച് അഭിപ്രായമറിയിക്കുന്നതിന് 60 മുതൽ 90 വരെ ദിവസം സമയം അനുവദിക്കാറുണ്ട്. വളരെ ഗൗരവമേറിയ ഉള്ളടക്കമുള്ള ഏഴു പുസ്തകങ്ങളും ചട്ടക്കൂടുരേഖയും അടങ്ങുന്ന ഈ വിഷയം തിരക്കിട്ട്് അവതരിപ്പിച്ച് അംഗീകരിപ്പിക്കാനുള്ള കേന്ദ്രസർക്കാർനീക്കം ദുരൂഹവും ആശങ്കയുളവാക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വിവിധ വർക്കിങ് ഗ്രൂപ്പുകളിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെയോ തീരസംസ്ഥാനങ്ങളുടെയോ പ്രതിനിധികളില്ല എന്നതും 'ഫിക്കി', പ്രതിരോധ–ഗവേഷണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥമേധാവികൾ എന്നിവർ മാത്രമാണുള്ളത് എന്നതും ആശങ്ക വർധിപ്പിക്കുന്നു.
ഇന്ത്യക്ക് 8129 കിലോമീറ്റർ വരുന്ന സമുദ്രമേഖലയും അതിെൻറ പരിപാലനാവകാശത്തിൻ കീഴിലുള്ള തീരത്ത് 199 ചെറുകിട തുറമുഖങ്ങളും 12 വൻകിട തുറമുഖങ്ങളുമുണ്ട്. അതിലൂടെ പ്രതിവർഷം 1400 ദശലക്ഷം ടൺ ചരക്കുനീക്കവും നടക്കുന്നു. 665ന് മേൽ ഇനം മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ട്, 17 കോടിയോളം ജനങ്ങൾ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും അതിെൻറ കടലിലുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ ഇന്ത്യയുടെ മൊത്തവരുമാനത്തിലും വളർച്ചയിലും സമുദ്ര സമ്പദ്മേഖല സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് നയരേഖ വ്യക്തമാക്കുന്നു.
ബ്ലൂ ഇക്കോണമി
1994ൽ ഐക്യരാഷ്ട്ര സംഘടനയുടെ അക്കാദമിക സെഷനിൽ പ്രഫ. ഗുന്തർ പോളിയാണ് നീല സമ്പദ്വ്യവസ്ഥ എന്ന പരികൽപന മുന്നോട്ടുവെച്ചത്. ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ സമുദ്രമേഖലയുടെ സുസ്ഥിരമായ പരിപാലനവും വളർച്ചയും എന്ന ലക്ഷ്യമിട്ടാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. 1992ൽ റിയോ െഡ ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയുടെ 20ാം വാർഷികവുമായി ബന്ധപ്പെട്ട് 2012ൽ റിയോയിൽതന്നെ ചേർന്ന മൂന്നാം ഉച്ചകോടി നീല സമ്പദ് വ്യവസ്ഥയെ ഹരിത സമ്പദ് വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നത് ചർച്ചചെയ്തു. ഐക്യരാഷ്ട്ര സംഘടനതന്നെ ഈ ആശയം പിന്നീട് ഏറ്റെടുത്തു. തുടർന്ന് അമേരിക്കയും കാനഡയും നോർവേയുമടക്കമുള്ള ആറു രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ദേശീയ സമുദ്ര സമ്പദ്നയം പ്രഖ്യാപിച്ചു. കാനഡയും ആസ്േട്രലിയയും നിയമനിർമാണങ്ങൾ നടത്തി പരിപാലന സ്ഥാപനങ്ങൾ രൂപവത്കരിച്ചു. കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ്വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്വ്യവസ്ഥ വളർന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. യഥാർഥത്തിൽ കരയിലെ വിഭവചൂഷണം പരിധികടന്ന സാഹചര്യത്തിൽ കടലിലേക്ക് മൂലധനശക്തികളുടെ ശ്രദ്ധതിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താൽതന്നെയാണ്.
'കടൽ–സമുദ്രവിഭവങ്ങളെ സുസ്ഥിര വികസനത്തിനായി സംരക്ഷിക്കൂ' എന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യം–14ൽ പറയുന്ന മുദ്രാവാക്യത്തോടെയാണ് രേഖ തുടങ്ങുന്നത്. ദേശീയപതാകയുടെ മധ്യത്തിലുള്ള നീല അശോകചക്രം കടൽ സമ്പദ് വ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും അതിെൻറ കേന്ദ്രസ്ഥാനം വ്യക്തമാക്കുന്നുവെന്നുള്ള പ്രധാനമന്ത്രിയുടെ ആലങ്കാരിക പ്രസ്താവനയും ആമുഖമായി ചേർത്തിട്ടുണ്ട്. സാമുദ്രികവ്യവസ്ഥകളെ ഏഴു മേഖലകളാക്കി തിരിച്ച് ഉൽപന്നങ്ങളുടെ കണക്കെടുപ്പ്, പുറംകടലിൽനിന്ന് വ്യവസായികമായി എണ്ണ–വാതക ഖനനം, ജൈവ–ധാതു–ഖനിജ വസ്തുക്കളുടെ ഉൽപാദനം, തുറമുഖ, കപ്പൽ, ചരക്കുനീക്ക വികസനം, തീരദേശത്തെ വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നീ കാര്യങ്ങളാണ് ഈ രേഖകൾ പരാമർശിക്കുന്നത്. ഇതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് രൂപവത്കരിച്ച വർക്കിങ് ഗ്രൂപ്പുകൾ 2018 ഡിസംബറിൽതന്നെ അതിെൻറ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോവിഡ് വ്യാപനം തുടരുകയും പ്രത്യക്ഷസമരങ്ങൾക്ക് പരിമിതികളുള്ളതുമായ ഒരു സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ആപത്തിനെ അവസരമാക്കുന്ന അധികാരികളുടെ കൗശലമാണ് ഇവിടെ പ്രകടമാകുന്നത്.
ആഴക്കടൽമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്.ഡി.ഐ) രേഖ ശിപാർശ ചെയ്യുന്നുണ്ട്. മീനാകുമാരി റിപ്പോർട്ടിന്റെ ഭാഗമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യൻതീരങ്ങൾ വിട്ടുപോയ മത്സ്യക്കപ്പൽ സമൂഹങ്ങൾ സർവപ്രതാപത്തോടെയും തിരികെവരുന്ന സാഹചര്യമാണൊരുങ്ങുന്നത്. തീരദേശത്ത് മത്സ്യവറുതി നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതുമൂലം യാനങ്ങൾ പലതും കെട്ടിയിട്ടിരിക്കുകയാണ്. ഇന്ത്യക്കായി 75,000ത്തോളം യാനങ്ങൾ മാത്രം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. അതിെൻറ മൂന്നു മടങ്ങ് വരുന്ന 2.5 ലക്ഷം യാനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തീരത്തുനിന്ന് പടിപടിയായി യാനങ്ങളെ ആഴക്കടലിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യമാണ് കേരളമടക്കമുള്ള തീരസംസ്ഥാനങ്ങൾക്കുള്ളത്. ആ പദ്ധതികൾക്കൊക്കെയും ഇത് തിരിച്ചടിയാകുമെന്ന് മാത്രമല്ല, വമ്പിച്ച രൂപത്തിലുള്ള ആഴക്കടൽ മത്സ്യക്കൊള്ളക്കും വഴിയൊരുങ്ങുകയാണ്.
കരട് ചട്ടക്കൂട് രേഖയിൽ മുന്നോട്ടുവെക്കുന്ന മറൈൻ സ്പെഷൽ പ്ലാനിങ്, മത്സ്യബന്ധന സമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. ഒന്നിൽ കൂടുതൽ താൽപര്യങ്ങൾ ഒരുമേഖലയിൽ വരുമ്പോൾ അതിെൻറ മുൻഗണനാക്രമങ്ങൾ നിജപ്പെടുത്താനാണീ സംവിധാനം. കടലിൽ മത്സ്യബന്ധനത്തിനു പുറമെ ഖനനം, ഉൗർജം, കപ്പൽ ഗതാഗതം, ടൂറിസം തുടങ്ങി വ്യത്യസ്ത താൽപര്യങ്ങൾ വരുമ്പോഴാണ് ഈ നിജപ്പെടുത്തൽ വേണ്ടിവരിക. ഇതൊരു അന്താരാഷ്ട്ര ധാരണയാണ്. തീരക്കടലിലും ആഴക്കടലിലും അടിത്തട്ടിലെ വിഭവങ്ങളിലും മുതൽമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് 30 വർഷത്തേക്കെങ്കിലും വിഭവലഭ്യത ഉറപ്പാക്കുന്ന ഒരു നടപടിയാണിത്.
കടലിെൻറ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയും മാംഗനീസ് നൊഡ്യൂൾസ്, കോപ്പർ, നിക്കൽ, പോളിമെറ്റാലിക് ഉൽപന്നങ്ങൾ തുടങ്ങിയവയും ഖനനം ചെയ്തെടുക്കണമെന്ന് രേഖ പറയുന്നു. കേന്ദ്ര–പൊതുമേഖലാസ്ഥാപനങ്ങൾക്കോ വൻ മുതലിറക്കാൻ കഴിയുന്ന കുത്തകകൾക്കോ മാത്രമേ വ്യാപാരാടിസ്ഥാനത്തിൽ ഇവയുടെ ഖനനം സാധ്യമാകൂ. പൊതുമേഖലയെ വിറ്റഴിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കടലിെൻറ അധിപന്മാരായി കുത്തകകമ്പനികൾ വരുകയാണ്.
കടലിലെ ഉൽപന്നങ്ങൾ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഒരു കേന്ദ്ര അതോറിറ്റി രൂപവത്കരിക്കാനാണ് നീക്കം. തീരത്തെ ടൂറിസ വികസനവും ഈ അതോറിറ്റിയുടെ കീഴിൽ വരും. മുത്തുച്ചിപ്പികൾ വളർത്തുന്നതിനും കടൽസസ്യങ്ങളിൽനിന്ന് മരുന്നുണ്ടാക്കുന്നതിനും മാരി കൾചർ അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കരിക്കും. തുറമുഖങ്ങൾ വികസിപ്പിക്കാനും കപ്പൽനിർമാണത്തിനുമായി പി.പി.പി പദ്ധതികൾ നടപ്പാക്കാൻ ഒരു മാരിടൈം ഡെവലപ്മെൻറ് അതോറിറ്റിയുമുണ്ടാകും. തീരക്കടലിലെ ആറ്റമിക് ഖനിജങ്ങൾ ഒഴികെ മറ്റൊന്നും ഖനനം ചെയ്യാൻ തീരദേശ പരിപാലനനിയമം അനുവദിക്കാത്തതിനാൽ അത് പുനരവലോകനം ചെയ്യും. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തൽ കൂടിയാണിത്. സംസ്ഥാനസർക്കാറുകൾക്ക് തീരക്കടലിലെ വിഭവങ്ങളിന്മേലുള്ള അവകാശം നഷ്ടപ്പെടുന്നതിനും അതുവഴി സംസ്ഥാനത്തിെൻറ റവന്യൂ വരുമാനം ഗണ്യമായി കുറയുന്നതിനും ഇതിടയാക്കും. സംസ്ഥാന അതിർത്തിക്കകത്തെ മത്സ്യബന്ധനം നിയന്ത്രിക്കാനുള്ള അവകാശം (മറൈൻ ഫിഷി
ങ് റെഗുലേഷൻ ആക്ട്) പുനരവലോകനം ചെയ്യുമെന്നും രേഖ പറയുന്നു. ഭരണഘടനയുടെ 246ാം അനുച്ഛേദം ഷെഡ്യൂൾ ഏഴ്, ലിസ്റ്റ് രണ്ടു പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അവകാശംവരെ ഇതുവഴി എടുത്തുമാറ്റപ്പെടുകയാണ്.
തീരത്തെ അശാസ്ത്രീയ നിർമാണങ്ങളും തുറമുഖങ്ങളുടെ വർധനവുംമൂലം കടലാക്രമണം രൂക്ഷമാകാനിടയുണ്ട്. ഇതിനുപുറമെ സാഗർമാല പദ്ധതിയുടെ ഭാഗമായി 550 കൂറ്റൻ കെട്ടിടസമുച്ചയങ്ങൾ, 14 കോസ്റ്റൽ ഡെവലപ്മെൻറ് സോണുകൾ, 11 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകൾ, 2000 കിലോമീറ്റർ തീരദേശ റോഡുകൾ... ഇങ്ങനെ വികസനപ്പെരുമഴയാണ് തീരദേശത്ത് വരുന്നത്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കുടിയൊഴിപ്പിക്കലുകൾക്ക് തീരം സാക്ഷ്യംവഹിക്കാൻ പോവുകയാണ്. മനുഷ്യനിർമിത വികസനത്തിെൻറ വില തിരുവനന്തപുരത്തെ വലിയതുറയിലും കൊല്ലത്തെ ആലപ്പാട്ടും കൊച്ചിയിലെ ചെല്ലാനത്തും അനുഭവിക്കുന്ന കേരളീയപശ്ചാത്തലത്തിൽ വരാൻപോകുന്ന ദുരിതങ്ങളെക്കുറിച്ച് വിവരിക്കേണ്ടതില്ല. എന്നാൽ, ഈ വികസനത്തിെൻറ ഫലമായുണ്ടാകുന്ന നഷ്ടപരിഹാരം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് രേഖ മൗനംപാലിക്കുന്നു.
കിഴക്കൻ ആഫ്രിക്ക മുതൽ പടിഞ്ഞാറൻ പസഫിക് വരെയുള്ള വിസ്തൃതമായ സമുദ്രഭാഗത്തുള്ള തന്ത്രപരമായ സഖ്യത്തെ സംബന്ധിച്ചും രേഖ പരാമർശിക്കുന്നുണ്ട്. സീഷെൽസ്–സിംഗപ്പൂർ–സമോവ (എസ്.എസ്.എസ്) എന്ന സമവാക്യത്തിലൂടെ ഇന്ത്യ –അമേരിക്ക–ഇസ്രായേൽ ശക്തികളുടെ ഭാഗമായി മാറുമെന്ന തുറന്ന പ്രഖ്യാപനവും രേഖ നടത്തുന്നു. ചേരിചേരാ നയത്തിൽനിന്നുള്ള രാജ്യത്തിെൻറ മൗലികമായ ചുവടുമാറ്റവും തങ്ങൾ നാറ്റോ സഖ്യത്തിലാണ് എന്ന പരസ്യപ്രഖ്യാപനവുമാണിത്.
വിഭവങ്ങളുടെ പരിപാലനത്തിനുള്ള അവകാശം സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്രം ഏറ്റെടുക്കുകയും അവ കുത്തകകൾക്ക് കൈമാറുകയും ചെയ്യുന്ന നടപടിയാണ് നടക്കുന്നത്. പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്ന കോവിഡ്കാലംതന്നെ ഇതിനായി തെരഞ്ഞെടുത്തത് സൂചിപ്പിക്കുന്നത് രാജ്യം തുറന്ന ഫാഷിസത്തിലേക്ക് പ്രവേശിച്ചു എന്നുതന്നെയാണ്.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി-ടി.യു.സി.ഐ-സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.