സംഗീതമേ സന്നിധി
text_fields'സ്റ്റുഡിയോയിൽ ഒരു കൈയിൽ തണുത്ത സോഡയുമായി നിന്നു പാടുന്ന എസ്.പി സാർ ഒരത്ഭുതമാണ്. അദ്ദേഹം പാടുമ്പോൾ പാട്ട് എത്രയോ അനായാസമാകുന്നു...'' ഒരിക്കൽ കെ.എസ്. ചിത്ര ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ശരിയാണ്, നമ്മുടെ കാലത്തെ ഏറ്റവും സ്വാഭാവിക ഗായകനായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. സംഗീതത്തിെൻറ ശാസ്ത്രീയ ചിട്ടകളിൽ നീറ്റിത്തെളിച്ചെടുത്തതായിരുന്നില്ല എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ പാട്ടുകൾ. അതുകൊണ്ടുതന്നെ, നമ്മുടെ കാലത്തെ ഏറ്റവും സ്വാഭാവിക ഗായകൻ എസ്.പി.ബിയല്ലാതെ മറ്റൊരാളല്ല.
എസ്.പി. ബാലസുബ്രഹ്മണ്യം തമിഴനായിരുന്നുവോ? അതോ തെലുങ്കനോ? അതോ മലയാളിയോ?
എസ്.പി.ബി തമിഴനും മലയാളിയും തെലുങ്കനും ഹിന്ദിക്കാരനും പഞ്ചാബിയും കന്നടിഗനുമെല്ലാമായിരുന്നു. എല്ലാ ദേശക്കാരും അവരവരുടെ നെഞ്ചിലേക്ക് ചേർത്തുവെച്ച പാട്ടിെൻറ പേരുകൂടിയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. സംഗീതം ബാലുവിന് സാധനയായിരുന്നില്ല, സിദ്ധിയായിരുന്നു. ജനിച്ചപ്പോഴേ കൂടെ പോന്ന വരം. പാട്ടിെൻറ വഴിയിലൂടെ നടക്കുകയായിരുന്നില്ല ബാലു. പാട്ടിനെ തെൻറ വഴിയിലൂടെ ആനയിക്കുകയായിരുന്നു. പോയ വഴികളിലെല്ലാം പാട്ടുലഞ്ഞുനിന്ന ഒരു വസന്തം.
ആറടിയിലധികം ഉയരം. സുമോ ഗുസ്തിക്കാരേൻറതുപോലെ ഭാരിച്ച ശരീരം. പക്ഷേ, പാട്ടിലേക്കിറങ്ങുമ്പോൾ ബാലു ഓളത്തിലെ ഒരിലപോലെ അനായാസമായങ്ങനെ ഒഴുകിപ്പോകും. ആ ശബ്ദം അനുകരിച്ച അനേകരുണ്ട്. പക്ഷേ, അതിലെ ഭാവവും അനായാസ്യതയും ആരുടെയും അനുകരണത്തിന് വഴങ്ങിയില്ല. കൊച്ചുകുട്ടികളെപ്പോലെ ഐസ്ക്രീം കഴിക്കുകയും ചിലപ്പോൾ പുകവലിക്കുകയും കൂട്ടുകാരുമൊത്ത് വല്ലപ്പോഴും മദ്യപിക്കുകയും ചെയ്യാറുണ്ടെന്നും ആ രീതികൾ ഒരാളും അനുകരിക്കരുതെന്നും എസ്.പി.ബി പറയുമായിരുന്നു. അതൊക്കെ ചെയ്താലും തെൻറ ശബ്ദത്തിനു കുഴപ്പമൊന്നുമില്ല. കാരണം, താനൊരു അപൂർവ ജനുസ്സാണ്...
ചലച്ചിത്രഗാനലോകത്തിൽ അത്യപൂർവമായി മാത്രം പിറക്കുന്ന ജീനിയസ് ആയിരുന്നു എസ്.പി.ബി.
ടൈഫോയിഡെന്ന ഭാഗ്യം
ആന്ധ്രയിലെ നെല്ലൂരിനടുത്ത് കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ നാലിനായിരുന്നു എസ്.പി.ബി. ജനിച്ചത്. എസ്.പി.ബി എന്നാൽ, ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. അമ്മ സാവിത്രി. അച്ഛൻ വി. സാംബമൂർത്തി ഹരികഥാകലാകാരൻ. അഞ്ചു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുള്ള കുടുംബം. കുടുംബത്തിലെ പെൺകുട്ടികളെ മാത്രമേ അച്ഛൻ സംഗീതം പഠിപ്പിച്ചുള്ളൂ. ജ്യേഷ്ഠനെ റേഡിയോ എൻജിനീയറിങ് പഠിപ്പിച്ച അച്ഛെൻറ ആഗ്രഹം അനുജനെയും എൻജിനീയർ ആക്കണമെന്നായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ ചെറുചെറു വേദികളിൽ പാടിനടന്നെങ്കിലും ബാലുവിലെ ഗായകനെ അത്രകണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല.
പഠിക്കാൻ മിടുക്കനായിരുന്നു ബാലു. മെറിറ്റിൽ മാത്രം എൻജിനീയറിങ് പ്രവേശനം കിട്ടുന്ന കാലം. നെല്ലൂരിലെ അനന്തപൂർ ജെ.എൻ.ടി.യു എൻജിനീയറിങ് കോളജിൽ പ്രവേശനം കിട്ടി. പക്ഷേ, ദൗർഭാഗ്യം ടൈഫോയിഡായി ബാലുവിനെ പിടികൂടി. പഠനം തുടരാനായില്ല. പക്ഷേ, അത് ഇന്ത്യൻ സിനിമയുടെ ഭാഗ്യമായി.
നേരെ മദിരാശി നഗരത്തിലേക്കായിരുന്നു ബാലുവിെൻറ യാത്ര. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിൽ പ്രവേശനം നേടി. പഠനത്തിനിടയിലും പാട്ടിലായിരുന്നു ബാലുവിെൻറ കണ്ണുകൾ. പി. സുശീലയും എസ്. ജാനകിയും പാടിയ പാട്ടുകൾ പാടി കോളജിൽ കൈയടി നേടി നടന്ന ബാലുവിനു മുന്നിൽ സാക്ഷാൽ എസ്. ജാനകി തന്നെ ഒരുനാൾ നേരിട്ട് പ്രത്യക്ഷപ്പെട്ടു.
ഒരിക്കൽ നാട്ടിൽ നടന്ന ഒരു സംഗീതമത്സരത്തിൽ സമ്മാനം നൽകാനെത്തിയത് ജാനകിയായിരുന്നു. സമ്മാനം കിട്ടിയത് ബാലുവിനും. പാട്ടുകേട്ട ജാനകിയുടെ ഉപദേശം: ''നല്ല ശബ്ദം. മദ്രാസിലല്ലേ പഠിക്കുന്നത്. കൂട്ടത്തിൽ ഏതെങ്കിലും സംഗീതസംവിധായകനെ പോയി കാണൂ. ചാൻസ് കിട്ടിയേക്കും...'' താൻ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്നും സിനിമയിൽ പാടാനുള്ള ധൈര്യമില്ലെന്നുമായിരുന്നു ബാലുവിെൻറ പേടിച്ചരണ്ട വാക്കുകൾ..
'ഞാനും പഠിച്ചിട്ടില്ല ശാസ്ത്രീയ സംഗീതം...' എന്ന എസ്. ജാനകിയുടെ മറുപടി ബാലുവിന് ആശ്വാസമായി. ഉള്ളിൽ സംഗീതമുണ്ടെങ്കിൽ ശാസ്ത്രീയമായി പഠിക്കുന്നതെന്തിന്? എന്ന ജാനകിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസവുമായി പലരെയും ചെന്നുകണ്ടെങ്കിലും നിരാശ മാത്രം ബാക്കിയായി.
അങ്ങനെയിരിക്കെ ആന്ധ്ര സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് നടത്തിയ സംഗീതമത്സരത്തിൽ ബാലു പങ്കെടുത്തു. സ്വന്തം രചനയും ഈണവുമായിരുന്നു അത്. പാട്ടു കഴിഞ്ഞ് കാണികൾക്കിടയിൽ ഇരിക്കുമ്പോൾ ഒരാൾ തോളിൽ തട്ടി. ''സിനിമയിൽ പാടാൻ താൽപര്യമുണ്ടോ...?'' ഒറ്റയടിക്ക് ഇല്ലെന്നായിരുന്നു മറുപടി. അയാൾ സ്വയം പരിചയപ്പെടുത്തി. 'കോദണ്ഡപാണി' ചലച്ചിത്ര സംഗീതസംവിധായകൻ.
ചില സിനിമാസംവിധായകർക്ക് ബാലുവിനെ കോദണ്ഡപാണി പരിചയപ്പെടുത്തിയെങ്കിലും വീണ്ടും നിരാശ മാത്രമായി. യാതൊരു പിൻബലവുമില്ലാത്ത പുതിയൊരാളെ അവർക്കാർക്കും വേണ്ടായിരുന്നു.
ശ്രീ ശ്രീ മര്യാദരാമൻ
രണ്ടു വർഷത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമെടുവിൽ കോദണ്ഡപാണിയുടെ വിളി വന്നു. ഒരു സിനിമയിൽ പി. സുശീല, പി.ബി. ശ്രീനിവാസ്, രഘുറാം എന്നിവർക്കൊപ്പം ഒരു ചരണം പാടാൻ ചെറിയൊരവസരം. ചിത്രം 'ശ്രീ ശ്രീ മര്യാദരാമണ്ണ (1966)'.
ആദ്യ പാട്ട് ആരും ശ്രദ്ധിച്ചില്ല. കന്നടയിലും തമിഴിലും ഒന്നു രണ്ടു പാട്ടുകൾക്കുകൂടി അവസരം കിട്ടിയെങ്കിലും ക്ലച്ചുപിടിച്ചില്ല. വീണ്ടും പഠനത്തിലേക്കുതന്നെ തിരിഞ്ഞു. തമിഴ് ഭാഷ വശമില്ലാത്തത് തിരിച്ചടിതന്നെയായിരുന്നു. തമിഴ് നന്നായി പഠിച്ചുവന്നാൽ പാടിക്കാമെന്ന് എം.എസ്. വിശ്വനാഥൻ ഒരിക്കൽ പറയുകയും ചെയ്തു.
കഷ്ടപ്പെട്ട് തമിഴ് പഠിച്ചെടുത്ത ബാലുവിന് എം.എസ്.വി 'ശാന്തിനിലയം' എന്ന സിനിമയിൽ പി. സുശീലക്കൊപ്പം പാടാൻ അവസരം നൽകി. പാട്ട് ശ്രദ്ധിക്കപ്പെട്ടു. ബാലുവിെൻറ ശബ്ദത്തിലെ പുതുമ മനസ്സിലാക്കിയ സാക്ഷാൽ എം.ജി.ആർ തെൻറ 'അടിമൈപ്പെൺ' എന്ന സിനിമയിൽ പാടാൻ നേരിട്ടു ക്ഷണിച്ചു. അതൊരു യുഗപ്പിറവിയായിരുന്നു. തമിഴിലും തെലുങ്കിലും പാട്ടിെൻറ തലവര കുറിച്ചിട്ട നാദതാരപ്പിറവി.
അടിമൈപ്പെണ്ണിലെ 'ആയിരം നിലവേ വാ...' എന്ന പാട്ട് ഹിറ്റായതോടെ പാട്ടുകൾ വന്നു ബാലുവിനെ പൊതിയുകയായിരുന്നു. സ്റ്റുഡിയോകളിൽനിന്ന് സ്റ്റുഡിയോകളിലേക്ക്. രാവും പകലും റെക്കോഡിങ്. മലയാളികൾക്ക് യേശുദാസ് എന്നപോലെ തമിഴന് എസ്.പി.ബി പ്രിയമായി.
എം.ജി.ആർ-ശിവാജി ഗണേഷൻ-ജമിനി ഗണേഷൻ തലമുറ പിന്നിട്ട് കമൽഹാസനും രജനികാന്തും കടന്ന് വിജയ്-വിക്രം-അജിത്ത് കാലവും കടന്ന് അരനൂറ്റാണ്ടോളം എസ്.പി.ബി പാടി നിറച്ചു. ടി.എം. സൗന്ദരാജെൻറ പാട്ടുകൾ പ്രതിധ്വനിച്ചിരുന്ന തമിഴ്നാട്ടിലെ ഓരോ കുഗ്രാമങ്ങളും തെരുവുകളും എസ്.പി.ബിയുടെ ശബ്ദത്തെ ഏറ്റെടുത്തു പാടി. ജന്മം കൊണ്ട് തെലുങ്കനാണെന്നതു പോലും മറന്ന് തനിത്തമിഴനായി അവർ ബാലുവിനെ വരവേറ്റു.
ശബ്ദതാരം
റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത സിനിമ 'ഗാന്ധി' തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ മഹാത്മ ഗാന്ധി (ബെൻ കിങ്സ്ലി) തെലുങ്ക് സംസാരിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ശബ്ദത്തിലായിരുന്നു. തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത കമൽഹാസൻ, രജനികാന്ത് ചിത്രങ്ങൾക്ക് പതിവായി ശബ്ദം നൽകിയിരുന്നത് എസ്.പി.ബിയാണ്. കമലിന് ശബ്ദം നൽകുമ്പോൾ അത് കമലിെൻറ ശബ്ദമല്ലെന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻപോലും കഴിയാത്തത്ര തന്മയത്വത്തോടെ എസ്.പി.ബി അത് ഭംഗിയാക്കി.
തിരക്കുപിടിച്ച പാട്ടുജീവിതത്തിനിടയിൽ ഡബ്ബിങ് ആർട്ടിസ്റ്റിെൻറ ജോലിയും ആസ്വദിച്ചു തന്നെ അദ്ദേഹം ചെയ്തുപോന്നു. അതിന് യേശുദാസ് ഒരിക്കൽ ശാസിക്കുകപോലും ചെയ്തിട്ടുണ്ട്. കമലിനും രജനിക്കും വേണ്ടി പാടുമ്പോൾ അവർക്കിടയിലെ വ്യത്യാസം അതിസൂക്ഷ്മമായി പാട്ടിലേക്കു കൊണ്ടുവരാൻ എസ്.പി.ബി ശ്രദ്ധിച്ചിരുന്നു. രണ്ടുപേർക്കുമായി രണ്ടു രീതിയിൽ പാടി. എല്ലാ ഭാവങ്ങളും വികാരങ്ങളും ആ പാട്ടിൽ നിറഞ്ഞൊഴുകി.
മലയാളികളുടെ എസ്.പി.ബി
മലയാളികൾക്ക് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ഇഷ്ടപ്പെടാൻ അദ്ദേഹം മലയാളത്തിൽ തന്നെ പാടണമെന്നില്ലായിരുന്നു. തമിഴിൽ അദ്ദേഹം പാടിയതെല്ലാം മലയാളികൾക്കുവേണ്ടിയുമായിരുന്നു. എന്നിട്ടും നിരവധി മലയാള സിനിമകളിൽ എസ്.പി.ബി പാടി.
1969ൽ 'കടൽപ്പാലം' എന്ന സിനിമയിലൂടെ ദേവരാജൻ മാസ്റ്ററാണ് എസ്.പി.ബിയെ ആദ്യമായി മലയാളത്തിൽ പാടിച്ചത്. എ.ആർ. റഹ്മാെൻറ പിതാവും ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റൻറുമായ ആർ.കെ. ശേഖറായിരുന്നു അതിനു നിമിത്തം.
'സർപ്പം' എന്ന സിനിമയിലെ 'മീനിെൻറ സ്വർണമീനിെൻറ' എന്ന ഖവാലി യേശുദാസുമൊത്ത് ആലപിക്കുകയും അവസാനം വരെനീണ്ട സൗഹൃദമായി മാറുകയും ചെയ്തു. 'താരാപഥം ചേതോഹരം' (അനശ്വരം), കളിക്കളം... (റാംജി റാവു സ്പീക്കിങ്), പാൽനിലാവിലേ... (ബട്ടർഫ്ലൈസ്), കാക്കാല കണ്ണമ്മാ (ഒരു യാത്രാമൊഴി) തുടങ്ങിയ പാട്ടുകൾ ഹിറ്റുകളായി. 150 ഓളം പാട്ടുകൾ മലയാളത്തിനായി എസ്.പി.ബി സമ്മാനിച്ചു.
അഭിനയത്തിലും എസ്.പി.ബി
'മണ്ണിൽ ഇന്ത കാതലൻട്രി യാരുംവാഴ്തൽ കൂടുമോ...' എസ്.പി.ബി പാടിയ പാട്ടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമാണിത്. 'കേളടി കൺമണി' (1990) എന്ന ചിത്രത്തിലെ ആ ഗാനരംഗം വെള്ളിത്തിരയിൽ നായകവേഷത്തിൽ അഭിനയിച്ചത് എസ്.പി.ബിയാണ്. തന്നിൽ ഒരു നടൻകൂടിയുണ്ട് എന്ന് അതിനു മുമ്പുതന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 1994 ലെ സൂപ്പർ ഹിറ്റ് ചിത്രമായ 'കാതലനി'ൽ പ്രഭുദേവയുടെ പിതാവിെൻറ റോളിൽ എസ്.പി.ബി കസറി. 'മാജിക് മാജിക്' എന്ന ത്രീഡി സിനിമയിലും നായകവേഷമിട്ടു.
തികഞ്ഞ കൈയടക്കത്തോടെ ഹാസ്യവേഷങ്ങൾ ചെയ്യാൻ മിടുക്കനായിരുന്നു എസ്.പി.ബി. ഗുണ, തിരുട തിരുട, കാതൽദേശം, അവ്വൈഷൺമുഖി, മിൻസാരകനവ് തുടങ്ങി 70ഓളം സിനിമകളിൽ വേഷമിട്ടു. 2018ൽ 'ദേവദാസ്' എന്ന തെലുങ്കു ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ശങ്കരാഭരണം
ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബിയാണ് ശങ്കരാഭരണത്തിലെ അർധ ശാസ്ത്രീയസംഗീതത്തിലുള്ള പാട്ടുകൾ ആലപിച്ചതെന്ന് വിശ്വസിക്കാനാവില്ല. 1979ൽ ആദ്യമായി എസ്.പി.ബിക്ക് ദേശീയ പുരസ്കാരം ലഭിച്ചതും ഈ തെലുങ്ക് ചിത്രത്തിലെ 'ഓംകാര നാദാനു...' എന്ന പാട്ടിനായിരുന്നു. 'ശങ്കരാ... നാദശരീരാപരാ...' എന്ന ആ ചിത്രത്തിലെ ഗാനം എല്ലാ ഗാനമേളകളിലും പാടാൻ ആസ്വാദകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ഹിന്ദിയിൽ നിരവധി ഹിറ്റുഗാനങ്ങൾ അവതരിപ്പിച്ച എസ്.പിക്ക് 1981ൽ 'ഏക് ദൂജെ കേലിയേ' എന്ന ചിത്രത്തിലെ ഗാനത്തിനും ദേശീയ പുരസ്കാരം ലഭിച്ചു. സാഗരസംഗമം-1983, രുദ്രവീണ -1988 (തെലുങ്ക്), സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായി- 1995 (കന്നട), മിൻസാര കനവ് -1996 എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
ഒരിക്കൽ എസ്. ജാനകിയുടെ കൈയിൽനിന്ന് സമ്മാനം വാങ്ങി തുടങ്ങിയ ആ പാട്ടുസഞ്ചാരം എസ്.പി.ബിയുടെ ഷെൽഫുകളിൽ പുരസ്കാരങ്ങളുടെ പ്രളയം സൃഷ്ടിച്ചു.
2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകിയാണ് ഈ പ്രതിഭയെ രാജ്യം ആദരിച്ചത്.
വിനയത്തിെൻറ ആൾരൂപമായിരുന്നു അദ്ദേഹം. അഹംഭാവങ്ങളില്ലാതെ ജൂനിയർ ആർട്ടിസ്റ്റിനോടുപോലും നമ്രശിരസ്കനായി പെരുമാറിയ അതിശയം. എസ്.പി. ബാലസുബ്രഹ്മണ്യം കടന്നുപോകുമ്പോൾ ഒന്നുറപ്പാണ് ഇങ്ങനെയൊരു പ്രതിഭാസം ഇനി ചലച്ചിത്രഗാനലോകത്തിൽ സംഭവിക്കില്ല. തീർച്ചയായും ആ ശബ്ദം ഇവിടെയുണ്ടാവും, കാലങ്ങളെയും ദേശങ്ങളെയും അതിജയിച്ചുകൊണ്ട്. എല്ലാ ഭാവങ്ങളിലൂടെയും ആ മഹാപ്രതിഭ പാടിവെച്ച പാട്ടുകൾ കാലം ഏറ്റുപാടിക്കൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.