സമരങ്ങൾക്ക് ഇനി സ്പെഷൽ കോവിഡ് പ്രോട്ടോകോൾ
text_fieldsഅനീതിക്കും അഴിമതിക്കുമെതിരെ സമരങ്ങൾ വേണ്ടതുതന്നെ, തർക്കമില്ല. ഈ മാസം 21 മുതൽ നൂറാൾ സമരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചെയ്യാമെന്ന് ഹൈകോടതിയും പറയുന്നു. നിയന്ത്രണങ്ങൾ ഉണ്ടായ നാളുകളിൽപോലും സമര വീര്യം നുരഞ്ഞു പൊന്തിയപ്പോൾ പകർച്ചവ്യാധി ചിട്ടകൾ കാറ്റിൽ പറന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കണ്ടതാണ്.
രോഗത്തിെൻറ കടുത്ത വ്യാപനഘട്ടത്തിൽ സമരം എങ്ങനെ വേണമെന്ന കാര്യത്തിൽ കൂടുതൽ വിവേകം വേണ്ടതല്ലേ? പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും ആളുകൾ കൂടുന്നിടത്ത് കർശനമായും മാസ്ക് ധരിക്കണമെന്നും പറയുന്ന പൊതു പ്രവർത്തകർതന്നെ അതിന് വിരുദ്ധമായ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത് വിരോധാഭാസമല്ലേ?
ജനകീയ സമരങ്ങൾക്ക് ഇനി സ്പെഷൽ കോവിഡ് പ്രോട്ടോകോൾ എഴുതാം. ജല പീരങ്കി ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ സോപ്പുവേണം. പൊതുനിരത്തിലെ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ആൻറിജൻ ടെസ്റ്റ് നടത്തണം. പി.പി.ഇ കിറ്റ് ധരിച്ചുള്ള സമരങ്ങൾ പ്രോത്സാഹിപ്പിക്കണം. ഈ വക തമാശകൾക്കപ്പുറം യാഥാർഥ്യങ്ങൾ കാണാൻ സമരനായകർ തയാറാകുമോ?
പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകളിൽ പങ്കുചേരാനാവാതെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹവേളയിൽ നേരിട്ട് മംഗളം ആശംസിക്കാൻ കഴിയാതെയും എല്ലാവരും വിഷമിച്ചിരിക്കുന്ന വേളയിലാണ് ഈ വൈരുധ്യാത്മക സമര അഴിഞ്ഞാട്ടങ്ങൾ.
കോവിഡ് സാന്നിധ്യം മൂലം അന്നവും തൊഴിലും നഷ്ടപ്പെട്ടവർ വീണ്ടെടുപ്പുകാലത്തിനായി കാത്തിരിക്കുന്ന നാളുകളാണ്. അവരുടെ നെഞ്ചിൽ തീ കോരിയിടുംവിധം രോഗവ്യാപനം വർധിക്കുന്ന വേളയിലാണ് കടിഞ്ഞാൺ വിട്ടുള്ള സമരകോലാഹലങ്ങൾ. അതുണർത്തുന്ന ആശങ്കകൾ കാണാതെ പോകരുത്. കെട്ടിമറിഞ്ഞു നിയന്ത്രിക്കാൻ പോകുന്ന പൊലീസുകാരുടെ ഗതിയെന്താകും?
കോടിക്കണക്കിനാളുകൾ ന്യൂ കൊറോണ വൈറസിന് എതിരെ വ്യക്തിപരമായി സമരം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന മട്ടിലുള്ള വിധമുള്ള കലാപങ്ങൾ വേണോ? ഈ അച്ചടക്കമില്ലായ്മ പൊതുജനശീലങ്ങളിൽ കൂടുതലായി കലരുകയും അതുകൊണ്ട് കോവിഡ് പടർന്നുപിടിക്കുകയും ചെയ്താൽ ജനം പോളിങ് ബൂത്തിെൻറ ഏഴയലത്ത് പോലും വരില്ലെന്ന കാര്യം എന്തേ ആരും ഓർക്കാത്തത്? വോട്ടുചെയ്യാൻ ആളുകുറഞ്ഞാൽ ഗുണം ആർക്കെന്ന് കൂട്ടിയും കിഴിച്ചും ഇരിക്കുന്ന കുറുക്കന്മാരും ഇപ്പോഴേ ഉണ്ടാകുമെന്നുകൂടി ഓർക്കണം.
കോവിഡ് പ്രോട്ടോകോൾ തെറ്റിക്കുന്ന വിധത്തിലുള്ള പ്രതിഷേധങ്ങൾകൊണ്ട് കൂടുതൽ ഗുണം ചെയ്യില്ല. പല അസൗകര്യങ്ങളും സഹിച്ചു മാതൃക ആരോഗ്യപെരുമാറ്റങ്ങൾ പരിപാലിക്കുന്ന ജനങ്ങളെയും അത് പ്രചരിപ്പിക്കുന്ന ആരോഗ്യവിദഗ്ധരെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്. കോവിഡ് പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മനോവീര്യം കെടുത്തുകയും ചെയ്യും.
പൊതുജനത്തിന് ഇത് തെറ്റായ മാതൃകയുമാണ്. കോവിഡിൽ പൊതുസമൂഹത്തിെൻറ ആരോഗ്യ പരിപാലന പെരുമാറ്റം (Health Behaviour) നിർണായക ഘടകമാണ്. അതിൽ അനുസരണക്കേട് കാണിച്ചുണ്ടാകുന്ന കോവിഡ് വ്യാപനം മനുഷ്യെൻറ പെരുമാറ്റ വൈകല്യങ്ങളുടെ സൃഷ്ടിയാണെന്ന് പറയേണ്ടിവരും. അതുകൊണ്ട് രോഗപ്രതിരോധത്തെ തുറന്ന് നിഷേധിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന ഈ പ്രതിഷേധ മാതൃകകൾ അനുചിതമല്ലേ? പൊതുജനാരോഗ്യ വിരുദ്ധമല്ലേ? മനുഷ്യപെരുമാറ്റങ്ങളിലൊക്കെ ഈ കോവിഡ് കാലത്ത് പുതു നോര്മലുകള് എഴുതിച്ചേര്ക്കപ്പെടുമ്പോള് സമരങ്ങള്ക്കും വേണം പൊതു ജനാരോഗ്യ സൗഹൃദമായ തിരുത്ത്.
രണ്ടു ലക്ഷം പേരെങ്കിലും വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നില്ലേ? സമരക്കാർ വീട്ടിൽചെല്ലുമ്പോൾ അവിടെ കോവിഡ് രോഗ റിസ്കുള്ള പ്രായമായവരും മറ്റു രോഗികളും ഉണ്ടാവില്ലേ? രോഷം വന്നാൽ എന്തുമാകാമെന്ന സന്ദേശം നൽകുന്ന പെരുമാറ്റങ്ങൾ ചിലപ്പോൾ ഇതുവഴി ഉന്നംെവക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽപോലും വൈറസ് ബാധ വരുത്തിയേക്കാം.
നീട്ടിവെക്കേണ്ടിയും വരാം. അതുകൊണ്ട് കോവിഡ് പ്രതിരോധ മുൻഗണനകൾ മറന്ന് ഇല്ലം ചുടുന്ന വിധത്തിലുള്ള സമരച്ചൂട് വേണോ എന്ന് ആലോചിച്ചാൽ നല്ലത്. ഹൈകോടതി ഇളവുകൾ കണ്ടു ഇളകി സമരങ്ങളും എതിർസമരങ്ങളുമായി ഇറങ്ങുന്നവർ ഒരു കാര്യം മറക്കരുത്. ഈ കളി ഇപ്പോൾ തീവ്രവ്യാപന ശേഷിയുള്ള വൈറസിനോടാണ്.
(കൊച്ചിയിലെ മാനസികാരോഗ്യവിദഗ്ധനും സാമൂഹികനിരീക്ഷകനുമാണ് ലേഖകന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.